Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്മളല്ലാതെ മറ്റാര് സഖാക്കളെ! കൊവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങൾക്ക് താങ്ങും തണലുമായി ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ; വേട്ടയാടപ്പെട്ട ഇടങ്ങളിൽ പോലും സേവന സന്നദ്ധരായി എത്തുന്നത് മാനവ രാശിയെ തുടച്ചു നീക്കാനെത്തിയ മാരക വൈറസിനെ ചെറുത്ത് തോൽപ്പിക്കാൻ; ഇറാഖിലും സിറിയയിലും ഉൾപ്പെടെ ജനങ്ങൾക്ക് ഭക്ഷണസാധനങ്ങളുമായി കമ്മ്യൂണിസ്റ്റുകാർ

നമ്മളല്ലാതെ മറ്റാര് സഖാക്കളെ! കൊവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങൾക്ക് താങ്ങും തണലുമായി ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ; വേട്ടയാടപ്പെട്ട ഇടങ്ങളിൽ പോലും സേവന സന്നദ്ധരായി എത്തുന്നത് മാനവ രാശിയെ തുടച്ചു നീക്കാനെത്തിയ മാരക വൈറസിനെ ചെറുത്ത് തോൽപ്പിക്കാൻ; ഇറാഖിലും സിറിയയിലും ഉൾപ്പെടെ ജനങ്ങൾക്ക് ഭക്ഷണസാധനങ്ങളുമായി കമ്മ്യൂണിസ്റ്റുകാർ

മറുനാടൻ മലയാളി ബ്യൂറോ

ലോകമാകെ കൊവിഡ്19 മഹാമാരിയെ ഭയന്ന് തങ്ങളിലേക്ക് ഒതുങ്ങുമ്പോൾ സഹായഹസ്തവുമായി ജനങ്ങളിലേക്ക് പടരുകയാണ് ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ. കൊവിഡ് ബാധയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ ഭക്ഷണ സാധനങ്ങൾക്ക് പോലും വലയുന്ന ജനങ്ങൾക്കടുത്തേക്കാണ് ഭക്ഷണ സാധനങ്ങളടങ്ങുന്ന കിറ്റുകളുമായി കമ്മ്യൂണിസ്റ്റുകാർ എത്തുന്നത്.

ലോകത്തിന്റെ എല്ലാ ഭാ​ഗത്തും അതത് രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ സേവന സന്നദ്ധരായി രം​ഗത്തെത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭരണകൂടങ്ങളുടെ വേട്ടയാടലുകളെ അതിജീവിച്ചും നിലനിൽക്കുന്ന കമ്മ്യൂണിസ്റ്റ് ​ഗ്രൂപ്പുകളും കൊവിഡിനെതിരായ പ്രവർത്തനങ്ങളിൽ മുന്നിലുണ്ട്. ഇടത് അനുകൂല വാട്സാപ്-ഫേസ്‌ബുക്ക് ​ഗ്രൂപ്പുകൾ ഇത്തരം ചിത്രങ്ങളും വാർത്തകളും വ്യാപകമായി ഷെയർ ചെയ്താണ് ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.

അമേരിക്കയുടെ അധിനിവേശത്തിൽ തകർന്ന് തരിപ്പണമാകുകയും പിന്നീട്, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈകളിൽ പെടുകയും ചെയ്ത രാജ്യമാണ് ഇറാഖ്. സദ്ദാം ഹുസൈന്റെ കാലം മുതൽ തന്നെ കമ്മ്യൂണിസ്റ്റുകാർ വേട്ടയാടപ്പെട്ട രാജ്യമാണ് ഇറാഖ്. ആ രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ഈ കൊറോണക്കാലത്ത് സ്വന്തം നാട്ടിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുകയാണ്. ബാബിലോണിലും ദിവാനിയയിലുമെല്ലാം പാർട്ടി പ്രവർത്തകർ പാവപ്പെട്ട കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്.

1950 കളിൽ ഇറാഖ് രാഷ്ട്രീയത്തിലെ നിർണായകശക്തിയായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ സദ്ദാം ഹുസൈനും അദ്ദേഹത്തിന്റെ ബാത്ത് പാർട്ടിയും ചേർന്ന് അടിച്ചമർത്താൻ ശ്രമിച്ചു. ഇതിനെതിരെ സായുധപോരാട്ടങ്ങൾ സംഘടിപ്പച്ച ഇറാഖി കമ്മ്യൂണിസറ്റ് പാർട്ടി ഒളിവിലിരുന്നും അതിന്റെ ചെമ്പടയെ നിലനിർത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കൊലപാതകങ്ങൾ സദ്ദാം ഭരണത്തിൽ തുടർക്കഥയായപ്പോൾ പല പ്രമുഖനേതാക്കളും വിദേശത്തു പ്രവാസികളായാണ് പാർട്ടിയെ നയിച്ചത്.

 സദ്ദാം ഹുസൈന്റെ പതനത്തോടെ മുസ്‌ലിം ദേശാഭിമാന‑മതേതര ശക്തികളുമായി കൈകോർത്ത് ഐഎസ് ഭീകരർക്കെതിരെ ആയുധമെടുത്ത കമ്മ്യൂണിസ്റ്റുകാർ യുഎസ് അധിനിവേശത്തിനും കൊള്ളയ്ക്കുമെതിരെയും പടപൊരുതി ദ്വിമുഖ ആക്രമണം സംഘടിപ്പിക്കുകയായിരുന്നു. പരിചയസമ്പത്തും യുവത്വവും സ്ത്രീശക്തിയും സമന്വയിപ്പിക്കുന്ന ഇറാഖ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ 39 ശതമാനവും യുവാക്കളാണ്. 42 ശതമാനം പാർട്ടി അംഗങ്ങളും സ്ത്രീകൾ. കർഷകരും തൊഴിലാളികളുമടക്കമുള്ള ജനവിഭാഗങ്ങൾ പാർട്ടിയെ ശക്തിപ്പെടുത്താനും കൂടുതൽ ജനകീയമാക്കാനും രം​ഗത്തുണ്ട്.

സിറിയയിലും ബംഗ്ലാദേശിലും ഹോളണ്ടിലുമെല്ലാം കമ്യൂണിസ്റ്റുകാർ അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം കൊറോണക്കാലത്ത് ആശുപത്രികളിൽ രക്തത്തിന് ക്ഷാമമില്ലാതിരിക്കാനും കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട്. ഗ്രീസിലടക്കം കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഈ സമയത്ത് രക്തദാനം ചെയ്യാൻ ആഹ്വാനം നൽകിയിരുന്നു.

ദീർഘകാലം അമേരിക്കൻ പിന്തുണയോടെയുള്ള വിമതർ കയ്യടക്കിവെച്ച സിറിയയിലെ അലെപ്പോയിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ സാനിറ്റൈസറുകളും അണുനാശിനികളും വിതരണം ചെയ്തതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. 1500ഓളം അഭയാർഥികൾ താമസിക്കുന്ന സ്ഥലമാണ് അലെപ്പൊ. ഇവിടെ കഴിഞ്ഞ ആഴ്ചയടക്കം തുർക്കിയുടെ പിന്തുണയോടെ നടന്ന ഷെല്ലാക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിരുന്നു. അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ സിറിയക്ക് തടസം സൃഷ്ടിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.

റഷ്യയിലും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ജനങ്ങൾക്ക് സഹായവുമായി രം​ഗത്തുണ്ട്. ആളുകൾക്ക് അവശ്യസാധനങ്ങളെത്തിക്കുന്നതിനും ആശുപത്രികളിൽ സാനിറ്റൈസറുകളും മാസ്കുകളും വിതരണം ചെയ്യുന്നതിനും കമ്യൂണിസ്റ്റ് പാർട്ടിയും പാർട്ടിയുടെ യുവജന വിഭാഗവും റഷ്യയിലെല്ലാ ഭാഗത്തും മുന്നിൽ തന്നെയുണ്ട്. മുഴുവൻ പ്രവർത്തകരും തങ്ങളാലാവുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്കിറങ്ങണമെന്ന് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. ചൈനീസ് ഭരണകൂടം റഷ്യയിലേക്ക് കയറ്റിയയച്ച മെഡിക്കൽ സഹായത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. " ഈ വൈറസ് പരാജയപ്പെടും, അന്തിമ വിജയം നമ്മുടേതായിരിക്കും.."

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP