Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊളംബോയിലെ സ്‌ഫോടന പരമ്പരയിൽ എട്ട് ഇന്ത്യാക്കാരുടെ ജീവൻ പൊലിഞ്ഞതായി സ്ഥിരീകരണം; കരളുരുക്കുന്ന വാർത്ത ട്വിറ്ററിലൂടെ പുറത്ത് വിട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്; മരിച്ചവരിൽ നാലു പേർ ജനതാദൾ പ്രവർത്തകരാണെന്ന് കർണാടകാ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ട്വീറ്റ്; സ്‌ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290

കൊളംബോയിലെ സ്‌ഫോടന പരമ്പരയിൽ എട്ട് ഇന്ത്യാക്കാരുടെ ജീവൻ പൊലിഞ്ഞതായി സ്ഥിരീകരണം; കരളുരുക്കുന്ന വാർത്ത ട്വിറ്ററിലൂടെ പുറത്ത് വിട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്; മരിച്ചവരിൽ നാലു പേർ ജനതാദൾ പ്രവർത്തകരാണെന്ന് കർണാടകാ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ട്വീറ്റ്; സ്‌ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ഈസ്റ്റർ ദിനത്തിലെ സ്‌ഫോടന പരമ്പരയിൽ ശ്രീലങ്കയിലെ കൊളംബോയിൽ എട്ട് ഇന്ത്യാക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ടരുടെ പേരുകൾ: എച്ച്.ശിവകുമാർ, വെമുരൈ തുൾസിറാം, എസ്.ആർ. നാഗരാജ്, കെ.ജി. ഹനുമന്തരയപ്പ, എം.രംഗപ്പ, കെ.എം. ലക്ഷ്മി നാരായണൻ, നാരായൺ ചന്ദ്രശേഖർ, ലക്ഷ്മണ ഗൗഡ രമേഷ്. മരിച്ച ഇന്ത്യക്കാരിൽ നാലുപേർ ജനതാ ദൾ പ്രവർത്തകരാണെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. കർണാടകത്തിൽ നിന്ന് പോയ ഏഴംഗ സംഘത്തിലുള്ളവരാണ് ഇവരെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മലയാളിയായ കാസർഗോഡ് സ്വദേശി റസീന ഖാദർ മരിച്ചെന്ന് കുടുംബാഗങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ശ്രീലങ്കയിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അധികൃതരിൽ നിന്നുള്ള സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. റസീന ഖാദറിൻ ശ്രീലങ്കൻ പൗരത്വമുണ്ട്. അതിനിടെ, സ്‌ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയിട്ടുണ്ട്. അഞ്ഞൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്‌ഫോടന പരമ്പരയെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച അർധരാത്രി മുതൽ അടിയന്തരാവസ്ഥ പ്രബാല്യത്തിൽ വരും.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശിക തീവ്ര ഇസ്ലാമിക സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശിയിക്കുന്നതായാണ് ശ്രീലങ്കൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. ശ്രീലങ്കയിൽ 290 പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ സ്ഫോടനപരമ്പരയ്ക്ക് പിന്നിൽ തദ്ദേശീയ ഭീകരസംഘടനയായ നാഷണൽ തവ്ഹീദ് ജമാത്ത് ആണെന്ന് സർക്കാർ വക്താവ് അറിയിച്ചത്. സ്ഫോടനപരമ്പരയിൽ 500 ലേറെ പേർക്കാണ് പരിക്കേറ്റത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

എൽടിടിയുമായുള്ള ആഭ്യന്തര യുദ്ധം അവസാനിച്ചതിന് ശേഷം ഇതാദ്യമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇന്ന് അർദ്ധരാത്രി മുതലാണ് അടിയന്തരാവസ്ഥ നിലവിൽ വരുന്നത്. കൊളംബോ ബസ്സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. 87 ഡിറ്റൊണേറ്ററുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ ഇനിയും സ്ഫോടനങ്ങൾ ഉണ്ടാകുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. സ്ഫോടനങ്ങളിൽ ഉൾപ്പെട്ട എല്ലാ ചാവേറുകളും ശ്രീലങ്കൻ പൗരന്മാരാണെന്ന് കരുതുന്നതായും ആരോഗ്യമന്ത്രിയും വക്താവുമായ രാജിത സേനരത്നെ പറഞ്ഞു.

ഏപ്രിൽ 11 ന് മുമ്പ് തന്നെ ദേശീയ ഇന്റലിജൻസ് മേധാവി പൊലീസ് ഇൻസ്പകടർ ജനറലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിൽ നാലിന് വിവരം കിട്ടിയതിനെ തുടർന്ന് 9ന് പൊലീസ മേധാവിയെ ആക്രമണസാധ്യത ധരിപ്പിച്ചിരുന്നു. തദ്ദേശീയ ഭീകരസംഘടനയാണ് ആക്രമണം നടത്തിയതെങ്കിലും അന്താരാഷ്ട്ര ശൃംഖലയുടെ സഹായമില്ലാതെ ഈ ഭീകരാക്രമണം നടക്കില്ലെന്നും സേനരത്നെ പറഞ്ഞു. സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ പൊലീസ് മേധാവി പുജിത് ജയസുന്ദരയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്നറിയിപ്പ് കിട്ടിയിട്ടും കരുതൽ നടപടികൾ എടുക്കാതിരുന്നതിനെ മന്ത്രിയും ശ്രീലങ്ക മുസ്ലിം കോൺഗ്രസ് നേതാവുമായ റൗഫ് ഹക്കീം വിമർശിച്ചു. ശ്രീലങ്കയിലെ രണ്ടുമുസ്ലിം ഗ്രൂപ്പുകൾ-ഓൾ സിലോൺ ജമായത്തുൾ ഉലമ, നാഷണൽ ഷൂര കൗൺസിൽ എന്നീ ഗ്രുപ്പുകൾ സംഭവത്തെ അപലപിച്ചിട്ടുണ്ട്. ഞാറാഴ്ചത്തെ ആക്രമണപരമ്പരയുടെ ഉത്തരവാദിത്വം ഇതുവരെ ഒരുസംഘടനയും ഏറ്റെടുത്തിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. 24 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

ദക്ഷിണ കൊളംബോയിലെ പാണ്ടുറ എന്ന സ്ഥലത്തെ രഹസ്യതാവളത്തിൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി നടന്ന ആസൂത്രണത്തിനും തയ്യാറെടുപ്പുകൾക്കും ഒടുവിലാണ് കൊളംബോ സ്ഫോടന പരമ്പരകൾ അരങ്ങേറിയതെന്ന് സർക്കാർ അറിയിക്കുന്നു. അതിനിടെ ഇന്ത്യയിലേക്ക് ചാവേറുകൾ കടക്കുമെന്ന മുന്നറിയിപ്പ് കി്ട്ടിയിട്ടുണ്ട്. ഇതേ തുടർന്ന് ഇന്ത്യൻ തീരത്ത് കോസ്റ്റ് ഗാർഡ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. കേരള തീരത്ത് സുരക്ഷ കൂട്ടി. നാവികേസനയും സുരക്ഷാസേനയും തീരസുരക്ഷ കൂട്ടിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP