Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രി ക്ഷോഭിച്ചിട്ടും 'സൂപ്പർ മുഖ്യമന്ത്രി' പദവി കൈവിടാൻ ചീഫ് സെക്രട്ടറി ഒരുക്കമല്ല; ജേക്കബ് തോമസിനെതിരെയുള്ള സമരത്തിൽ നിന്നും വിട്ടുനിന്നതിന്റെ വാശി തീർക്കാൻ കളക്ടർ ബ്രോയ്ക്കെതിരെ നടപടിയുമായി വിജയാനന്ദ്; കുന്നംകുളം മാപ്പ് ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിയെടുക്കാൻ കോഴിക്കോട് കളക്ടർക്ക് നോട്ടീസ്

മുഖ്യമന്ത്രി ക്ഷോഭിച്ചിട്ടും 'സൂപ്പർ മുഖ്യമന്ത്രി' പദവി കൈവിടാൻ ചീഫ് സെക്രട്ടറി ഒരുക്കമല്ല; ജേക്കബ് തോമസിനെതിരെയുള്ള സമരത്തിൽ നിന്നും വിട്ടുനിന്നതിന്റെ വാശി തീർക്കാൻ കളക്ടർ ബ്രോയ്ക്കെതിരെ നടപടിയുമായി വിജയാനന്ദ്; കുന്നംകുളം മാപ്പ് ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിയെടുക്കാൻ കോഴിക്കോട് കളക്ടർക്ക് നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ പ്രതിഷേധമായി ഐഎഎസുകാർ നടത്തിയ പരാജയപ്പെട്ട സമരത്തിൽ പങ്കെടുക്കാതിരുന്നതിനു കോഴിക്കോട് കളക്ടർ എൻ. പ്രശാന്തിനെതിരെ നടപടി വരുന്നു. കോഴിക്കോട് എംപി എം.കെ. രാഘവനുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരിൽ ആണ് അച്ചടക്ക നടപടി എങ്കിലും യഥാർത്ഥ വിഷയം ഐഎഎസുകാരുടെ സമരം തന്നെയാണെന്ന് ഉന്നത വൃത്തങ്ങൾ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. അച്ചടക്ക നടപടി എടുക്കാൻ പറ്റിയ ഒരു കാരണവും ഇല്ലാത്തതിനാൽ പൊടി പിടിച്ചു കിടന്ന പ്രശാന്തിനെതിരെയുള്ള ഫയൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ കണ്ടു മടങ്ങിയ അന്ന് തന്നെ വിളിപ്പിച്ചു നടപടിക്ക് ശുപാർശ ചെയ്യുക ആയിരുന്നു.

ചീഫ് സെക്രട്ടറി അയച്ച നോട്ടീസ് കഴിഞ്ഞ ദിവസം കളക്ടർ ബ്രോയുടെ ഓഫീസിൽ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴു മാസം മുമ്പ് കോഴിക്കോട് എംപി എം.കെ. രാഘവനുമായുണ്ടായ പ്രശ്‌നത്തിൽ മോശം പരാമർശങ്ങൾ നടത്തിയെന്നും ഇത് അച്ഛടക്ക ലംഘനമാണെന്നും വിശദീകരണം നല്കണമെന്നുമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എം.കെ. രാഘവനുമായുള്ള വാദപ്രതിവാദത്തിൽ കളക്ടർ തൃപ്തികരമായ മറുപടി നല്കാൻ കളക്ടർക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനാൽ സർവീസ് ചട്ടം അനുസരിച്ച് നടപടി നേരിടേണ്ടിവരുമെന്നും നോട്ടീസിൽ മുന്നറിയിപ്പു നല്കുന്നു. 15 ദിവസത്തിനകം നോട്ടീസിനു മറുപടി നല്കാനാണ് കളക്ടർക്കു ലഭിച്ചിരിക്കുന്ന നിർദ്ദേശം.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ ഐഎഎസ് അസോസിയേഷൻ ജനുവരി 11നു നടത്തിയ പണിമുടക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണു പൊളിച്ചത്. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി കർശനമായി ശാസിക്കുകയും ചെയ്തിരുന്നു. ജേക്കബ് തോമസിനെതിരായ സമരത്തിൽ പങ്കെടുക്കില്ലെന്ന് കളക്ടർ പ്രശാന്ത് പരസ്യമായിത്തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യം അദ്ദേഹം മേലുദ്യോഗസ്ഥരെ അറിയിച്ചു. അതിനാൽത്തന്നെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തിൽനിന്ന് വിട്ടു നിൽക്കുകയും ചെയ്തു. ഇതാണ് ചീഫ് സെക്രട്ടറി വിജയാനന്ദിനെ പ്രകോപിപ്പിച്ചത്. കളക്ടർക്കെതിരേ പകരംവീട്ടാൻ എം.കെ. രാഘവൻ എംപിയുമായുള്ള പ്രശ്‌നത്തിന്റെ ഫയൽ ജനുവരി 11നു തന്നെ ചീഫ് സെക്രട്ടറി തപ്പിയെടുക്കുകയായിരുന്നു.

ഏഴു മാസം മുമ്പാണ് കളക്ടർ പ്രശാന്തും എം.കെ. രാഘവനും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായത്. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എം പിക്കെതിരെയുള്ള കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദം സൃഷ്ടിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് കളക്ടർ പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പത്ര സമ്മേളനം നടത്തിയിരുന്നു. ഇതിന് കുന്നംകുളത്തിന്റെ 'മാപ്പ്' പോസ്റ്റ് ചെയ്തായിരുന്നു കളക്ടറിന്റെ മറുപടി.

ഏറെ താമസിച്ച് ഈ വിഷയത്തിൽ കാരണം കാണിക്കൽ നോട്ടീസ് നല്കിയ ചീഫ് സെക്രട്ടറിയുടെ നടപടി പ്രതികാരംതീർക്കൽ തന്നെയാണെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഇത്തരമൊരു നോട്ടീസിന് നിലനിൽപ്പില്ലെന്ന് നിയമവൃത്തങ്ങൾ പറയുന്നത്. കളക്ടർ കോടതിയിൽ പോയാൽ ചീഫ് സെക്രട്ടറിക്ക് മാപ്പു ചോദിക്കേണ്ട അവസ്ഥയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ചീഫ് സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരുദ്യോഗസ്ഥന് ഇക്കാര്യം വ്യക്തമായി അറിയുകയും ചെയ്യാം. എന്നാൽ അച്ഛടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ കളക്ടർ പ്രശാന്തിന്റെ പ്രമോഷൻ തടയാൻ ഇതുമൂലം സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP