Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

കമ്പനിക്ക് കടം 7000 കോടിയെങ്കിൽ കോഫി ബിസിനസ് തമ്പുരാന് വ്യക്തിപരമായുണ്ടായിരുന്നത് 2000 കോടി കടം! കഫേ കോഫീ ഡേ സ്ഥാപകൻ വി.ജി സിദ്ധാർത്ഥ മരിച്ച് മണിക്കൂറുകൾക്കകം പുത്തൻ കടങ്ങളുടെ കണക്കും പുറത്ത്; ഇന്ത്യയുടെ കോഫി കിങ്ങിന്റെ മരണത്തിന് പിന്നിൽ കടം മാത്രമോ എന്നതിൽ ദുരൂഹത

കമ്പനിക്ക് കടം 7000 കോടിയെങ്കിൽ കോഫി ബിസിനസ് തമ്പുരാന് വ്യക്തിപരമായുണ്ടായിരുന്നത് 2000 കോടി കടം! കഫേ കോഫീ ഡേ സ്ഥാപകൻ വി.ജി സിദ്ധാർത്ഥ മരിച്ച് മണിക്കൂറുകൾക്കകം പുത്തൻ കടങ്ങളുടെ കണക്കും പുറത്ത്; ഇന്ത്യയുടെ കോഫി കിങ്ങിന്റെ മരണത്തിന് പിന്നിൽ കടം മാത്രമോ എന്നതിൽ ദുരൂഹത

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു: രാജ്യത്തെ ബിസിനസ് ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു കഴിഞ്ഞ ഏതാനും ദിവസമായി നാം കേട്ടുകൊണ്ടിരുന്നത്. ഇന്ത്യയുടെ കോഫി ബിസിനസിൽ വിപ്ലവം സൃഷ്ടിച്ച കഫേ കോഫി ഡേ സ്ഥാപകൻ വി.ജി സിദ്ധാർത്ഥയുടെ മരണത്തിന് പിന്നാലെ നടുക്കുന്ന പിന്നാമ്പുറ കഥയാണ് പുറത്ത് വരുന്നത്. കഫേ കോഫി ഡേയ്ക്ക് 7000 കോടിയുടെ കട ബാധ്യതയുണ്ടായിരുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് 2000 കോടി രൂപയുടെ വ്യക്തിഗത വായ്പയും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന വാർത്തയും പുറത്ത് വരുന്നത്.

നഷ്ടത്തിലായിരുന്നു കമ്പനിയെ രക്ഷിക്കാൻ സ്വന്തം പേരിലെടുത്ത വായ്പയാണ് ഇതെന്നായിരുന്ന ആദ്യം വാർത്തകൾ പുറത്ത് വന്നിരുന്നത്. മാർച്ച് വരെ കമ്പനിയുടെ മൊത്തം കടം 6,547.38 കോടി രൂപയായിരുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കമ്പനിയുടെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തിഗത വായ്പകളിൽ ഭൂരിഭാഗവും സിദ്ധാർത്ഥയുടെയും കുടുംബത്തിന്റെയും സ്വകാര്യ സ്വത്തായ പ്ലാന്റേഷൻ ബിസിനസിൽ നിക്ഷേപിക്കാനാണ് ഉപയോഗിച്ചിരുന്നതെന്നും സൂചനകൾ വ്യക്തമാക്കുന്നു.

കമ്പനിയുടെ കുടിശ്ശികയുള്ള കടം തീർക്കാനുള്ള പണം ബിസിനസ്സിൽ നിന്ന് കിട്ടിയിരുന്നില്ല. ഇതോടെ പലിശ വർദ്ധിച്ച് കടം ഇരട്ടിയായി ഉയർന്നു. എന്നാൽ കൂടുതൽ പണം നൽകാൻ സാമ്പത്തിക സ്ഥാപനങ്ങൾ തയ്യാറാകുന്നതോടെ പുതിയ കടം എടുക്കുന്നതിലും പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ സിദ്ധാർത്ഥയുടെ തിരോധാനത്തിനും മരണത്തിനും വർദ്ധിച്ചുവരുന്ന കടബാധ്യതയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

എന്നിരുന്നാലും അദ്ദേഹം ബോർഡിനും സിസിഡി ജീവനക്കാർക്കും എഴുതിയ ഒരു കത്തിൽ കട ബാധ്യത സംബന്ധിച്ച ചില കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കടക്കാരിൽ നിന്നുള്ള വർദ്ധിച്ചു വരുന്ന സമ്മർദ്ദം അദ്ദേഹത്തെ അലട്ടിയിരുന്നതായി കത്തിൽ പറയുന്നു. തന്നെ ആശ്രയിച്ചിരുന്ന എല്ലാവരെയും ഇറക്കിവിട്ടതിൽ ഞാൻ ഖേദിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു. സ്വകാര്യ ഓഹരി പങ്കാളികളിൽ നിന്ന് കൂടുതൽ സമ്മർദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നും ഓഹരികൾ തിരികെ വാങ്ങാൻ തന്നെ നിർബന്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. ആറുമാസം മുൻപ് ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് കടം വാങ്ങിയ വലിയ തുകയുടെ സമ്മർദ്ദവും തനിക്ക് താങ്ങാനാകില്ലെന്നും കത്തിൽ പറയുന്നു.

ആദായ നികുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് വല്ലാത്ത പീഡനമുണ്ടായി എന്നും കത്തിൽ സിദ്ധാർത്ഥ ആരോപിക്കുന്നുണ്ട്. ഇൻകം ടാക്‌സ് ഡയറക്ടർ ജനറൽക്കെതിരെയും സിദ്ധാർത്ഥ ആരോപണം ഉന്നയിക്കുന്നു. എന്നാൽ സിദ്ധാർത്ഥയുടേതെന്ന് പറയുന്ന കത്ത് വ്യാജമാണെന്നാണ് അധികൃതരുടെ വാദം. സിദ്ധാർത്ഥയുടെ ഒപ്പ് വ്യാജമാണെന്നും ടാക്‌സ് അധികൃതർ പറയുന്നു. 2017ൽ ആദായനികുതി വകുപ്പ് 20 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡ് സിദ്ധാർത്ഥ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായിരുന്നു. ജനുവരിയിൽ, ആദായനികുതി വകുപ്പ് സിദ്ധാർത്ഥയുടെ കൈവശമുള്ള മൈൻട്രീയുടെ രണ്ട് മില്യൺ ഓഹരികൾ താൽക്കാലികമായി അറ്റാച്ചു ചെയ്തിരുന്നു.

ഈ വർഷം മാർച്ചിൽ, ബെംഗളൂരു ആസ്ഥാനമായ എൽആൻഡ്ടി കമ്പനിക്ക് തന്റെ 20.32 ശതമാനം ഓഹരികൾ 3,200 കോടി രൂപയ്ക്ക് വിറ്റിരുന്നു. ഈ തുക കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ ബാലൻസ് ഷീറ്റിലെ കടം കുറയ്ക്കുന്നതിനാണ് ഉപയോ?ഗിച്ചത്. നേരത്തേ വിവരങ്ങൾ പങ്കു വച്ച ആളുകൾ പറയുന്നതനുസരിച്ച് സിദ്ധാർത്ഥ, തന്റെ കമ്പനിയുടെ മോശമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിരുന്നെന്നും തന്റെ ബിസിനസ് മക്കൾക്ക് കൈമാറുന്നതിനു മുമ്പ് കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചിരുന്നതായുമാണ് വിവരം. 7,000 കോടി രൂപ മൂല്യമുള്ള കഫേ കോഫി ഡേയുടെ ഓഹരികൾ പൂർണ്ണമായോ ഭാ?ഗികമായോ വിൽക്കാനും അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു.

സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തത് വെല്ലുവിളികളെ നേരിട്ട്

മംഗളൂരു സർവകലാശാലയിൽ നിന്ന് മാനേജ്മെന്റിൽ പി.ജി. നേടിയ ശേഷം, 1983ൽ അദ്ദേഹം ജെ.എം. ഫിനാൻഷ്യൽ കമ്പനിയിൽ മാനേജ്മെന്റ് ട്രെയിനായി ചേർന്ന് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. 1984ൽ അദ്ദേഹം ശിവൻ സെക്യൂരിറ്റീസ് എന്ന ധനകാര്യ സ്ഥാപനത്തെ വാങ്ങി. 2000ൽ കമ്പനിക്ക് വേ2 വെൽത്ത് എന്ന പേര് നൽകി. ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് ആൻഡ് ബ്രോക്കിങ് കമ്പനിയായി അതിനെ വളർത്തി.1992.കോഫീ ഡേ ഗ്‌ളോബൽ കമ്പനിക്ക് 1992ൽ സിദ്ധാർത്ഥ തുടക്കമിട്ടു. കാപ്പി സംഭരണം, സംസ്‌കരണം, റീട്ടെയിൽ വില്പന എന്നിവയായിരുന്നു പ്രവർത്തനം.

1996ൽ കഫേ കോഫീ ഡേ ആദ്യശാഖ തുറന്നു. നിലവിൽ, ശാഖകൾ 1,752. ഓഹരി ലോകത്തേക്ക്2015 ഒക്ടോബറിൽ കഫേ കോഫീ ഡേ എന്റർപ്രൈസസ് പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) ഓഹരി വിപണിയിലെത്തി. 1,150 കോടി രൂപയാണ് സമാഹരിച്ചത്. മൂന്നുവർഷത്തിനിടെയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരുന്നു അത്. ഓഹരി വില നിർണയിച്ചത് 328 രൂപയായിരുന്നു.2006.കോഫീ ഡേ ഹോട്ടൽസ് ആൻഡ് റിസോർട്ട് ബിസിനസിനും തുടക്കമിട്ടു. 'ദി സേറായ്' ബ്രാൻഡിൽ ബംഗളൂരുവിൽ റിസോർട്ട് തുറന്നു.

കാപ്പിയായിരുന്നു പ്രവർത്തന മണ്ഡലമെങ്കിലും ഐ.ടിയോട് മങ്ങാത്ത ആഭിമുഖ്യം സിദ്ധാർത്ഥയ്ക്കുണ്ടായിരുന്നു. 1999ൽ പ്രമുഖ ഐ.ടി വിദഗ്ദ്ധനായ ആശോക് സൂട്ടയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പം അദ്ദേഹം മൈൻഡ് ട്രീ ഐ.ടി കമ്പനിക്ക് തുടക്കമിട്ടു. ഈ കമ്പനിയാണ്, പിന്നീട് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. റെയ്ഡും ഹവാലയും മൈൻഡ് ട്രീയിൽ ഉണ്ടായിരുന്ന 20.43 ശതമാനം ഓഹരികൾ അടുത്തിടെ സിദ്ധാർത്ഥ എൽ ആൻഡ് ടിക്ക് 3,300 കോടി രൂപയ്ക്ക് വിറ്റു. ഈ വില്പന പക്ഷേ, അദ്ദേഹത്തിന്റെ അടുപ്പക്കാർ പോലും അറിഞ്ഞിരുന്നില്ല.

ഇടപാട് പ്രകാരം, മിനിമം ഓൾട്ടർനേറ്റ് നികുതിയായി (മാറ്റ്) 300 കോടി നികുതി അടയ്ക്കേണ്ടതായിരുന്നു. അദ്ദേഹം 46 കോടി രൂപ മാത്രമാണ് അടച്ചത്. ക്രമക്കേട് ആരോപിച്ച് കഫേ കോഫീ ഡേയുടെ 20 കേന്ദ്രങ്ങൾ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. കണക്കിൽപ്പെടാത്ത പണങ്ങൾ കണ്ടെത്തി. കർണാടക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളിലും അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു.

ഓഹരി വീഴ്ച സിദ്ധാർത്ഥയുടെ തിരോധാനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം കഫേ കോഫീ ഡേയുടെ ഓഹരിമൂല്യം 20 ശതമാനം ഇടിഞ്ഞ് 154.05 കോടി രൂപയിലെത്തി. 2019ൽ ഇതുവരെ 30 ശതമാനവും 2018ൽ 26 ശതമാനവും നഷ്ടം ഓഹരി വിലയിലുണ്ടായി. ഉപസ്ഥാപനമായ സിക്കൽ ലോജിസ്റ്റിക്സിന്റെ ഓഹരികളും ഇന്നലെ 20 ശതമാനം ഇടിഞ്ഞു; മൂല്യം 72.8 രൂപയായി. 800 കോടി ഇന്നലെ മാത്രം കഫേ കോഫീ ഡേയുടെ ഓഹരി മൂല്യത്തിൽ 800 കോടി രൂപ കുറഞ്ഞു.

2,250 കോടികഫേ കോഫീ ഡേ 2017-18ൽ 1,777 കോടി രൂപയും 2018-19ൽ 1,814 കോടി രൂപയും വിറ്റുവരവ് നേടിയിരുന്നു. നടപ്പുവർഷം ഇത് 2,250 കോടി രൂപയാകുമെന്ന് സിദ്ധാർത്ഥ പറഞ്ഞിരുന്നു.10,000 കോടിബിസിനസ് വിപുലീകരിക്കാനായി കഫേ കോഫീ ഡേയുടെ നിശ്ചിത ഓഹരികൾ നൽകി കൊക്ക-കോള, ഐ.ടി.സി എന്നിവയുമായി സഹകരിക്കാൻ സിദ്ധാർത്ഥ ശ്രമിച്ചിരുന്നു. കമ്പനിക്ക് 10,000 കോടി രൂപ മൂല്യം നിശ്ചയിച്ചായിരുന്നു ചർച്ചകൾ. പക്ഷേ,, ചർച്ചകൾ പൂർത്തിയാകും മുമ്പേ അദ്ദേഹം മറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP