Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ചായയിൽ രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്താൽ ആരോഗ്യം ഉറപ്പെന്ന് ബ്രിട്ടീഷുകാർ; വെളിച്ചെണ്ണ തേച്ചു കുളി ശീലമാക്കി സായിപ്പന്മാരും; വെന്ത വെളിച്ചെണ്ണയ്ക്കു വൻ ഡിമാന്റ്: അവസരം മുതലാക്കി ഏഷ്യൻ രാജ്യങ്ങൾ വെളിച്ചെണ്ണ കച്ചവടക്കാരായപ്പോൾ കേരം തിങ്ങും കേരള നാട്ടിൽ തെങ്ങും തേങ്ങയുമില്ല

ചായയിൽ രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്താൽ ആരോഗ്യം ഉറപ്പെന്ന് ബ്രിട്ടീഷുകാർ; വെളിച്ചെണ്ണ തേച്ചു കുളി ശീലമാക്കി സായിപ്പന്മാരും; വെന്ത വെളിച്ചെണ്ണയ്ക്കു വൻ ഡിമാന്റ്: അവസരം മുതലാക്കി ഏഷ്യൻ രാജ്യങ്ങൾ വെളിച്ചെണ്ണ കച്ചവടക്കാരായപ്പോൾ കേരം തിങ്ങും കേരള നാട്ടിൽ തെങ്ങും തേങ്ങയുമില്ല

കെ ആർ ഷൈജുമോൻ

ലണ്ടൻ: പാട്രിക് ഹെർമൻ ബ്രിട്ടനിലെ ഒരു സാധാരണ അകൗണ്ടന്റ് ആണ്. പുരുഷ സൗന്ദര്യം നിലനിർത്താൻ 35 ലെത്തിയിട്ടും കാമുകിയെ തേടാത്ത നിത്യഹരിത നായകൻ. ഓഫീസും ജിമ്മുമാണ് പാട്രിക്കിന്റെ ലോകം. പാട്രിക്കിന്റെ ശീലങ്ങൾ ഏറെ രസകരമാണ്. രാവിലെ ചായയിൽ രണ്ടു സ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്താണ് ദിവസം ആരംഭിക്കുന്നത്. ആരോഗ്യം നിലനിർത്താനും ശരീര സൗന്ദര്യത്തിനും വേണ്ടി ഒരാഴ്ചയിൽ 15 പൗണ്ടിന്റെ വെന്ത വെളിച്ചെണ്ണ ബ്രിട്ടീഷ് ഭാഷയിൽ വിർജിൻ ഓയിൽ ഉപയോഗിക്കുന്നതാണ് പാട്രിക്കിന്റെ ശീലം.

ജിമ്മിലെ പതിവ് സന്ദർശനം കഴിഞ്ഞാൽ വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ചുള്ള കുളിയും ഭക്ഷണം ഏതായാലും അൽപം വെളിച്ചെണ്ണ കൂടി തളിച്ചാലേ തൃപ്തിയാകൂ. ഒരു കാലത്തു ശുദ്ധമായ കട്ടൻ കാപ്പി തയ്യാറാക്കുമ്പോൾ നറും നെയ് ചേർത്ത് അമ്മമാർ മക്കൾക്ക് നൽകിയിരുന്ന കേരള ശീലത്തിന്റെ പുതിയ പതിപ്പാകാം പാൽ ചായയിൽ വെളിച്ചെണ്ണ ചേർക്കുന്ന ബ്രിട്ടന്റെ പുത്തൻ ശീലം.

ഇത് ബ്രിട്ടന്റെ പുതിയ ശീലങ്ങളിൽ ഒന്നു മാത്രമാണ്. ഇതോടെ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരും ഏറുന്നു. ഇതിന്റെ ഫലമായി ടെസ്‌കോയിലും അസ്ദയിലും മാത്രമല്ല ബഡ്ജറ്റ് കടകളായ ആൽഡിയിലും ലീഡിലിൽ പോലും വെളിച്ചെണ്ണ ബ്രാൻഡുകൾ നിരക്കുകയാണ്. അതും തീ വില നൽകിയാണ് വെളിച്ചെണ്ണയുടെ ആരാധകർ ''മാജിക് ഓയിൽ'' സ്വന്തമാക്കുന്നത്.

വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ ഏറിയതോടെ ബ്രിട്ടനിലെ ഏതു കടകളിലും വെളിച്ചെണ്ണ ലഭിക്കും എന്ന അവസ്ഥയായി. ഓൺലൈൻ ഷോപ്പിങ്ങിലും വെളിച്ചെണ്ണ തന്നെയാണ് ഏതാനും വർഷമായി താരം. ഇത്രയും പോപ്പുലാരിറ്റി വർദ്ധിച്ച മറ്റൊരു ഭക്ഷ്യ എണ്ണയും ഓൺലൈൻ വിപണിയിൽ കണ്ടെത്താൻ ആകില്ല. ഇതോടെ നാട്ടിൽ നിന്നും അവധിക്കാലം കഴിഞ്ഞു മടങ്ങുമ്പോൾ രണ്ടു പായ്ക്കറ്റ് വെളിച്ചെണ്ണ കൂടി കരുതുന്ന യുകെ മലയാളിയുടെ ശീലത്തിനും ശമനമാകുകയാണ്.

മലയാളികളെ സംബന്ധിച്ചിടത്തോളം വെളിച്ചെണ്ണ എന്നു കേൾക്കുമ്പോൾ ഒപ്പം കൊളസ്‌ട്രോൾ എന്ന വാക്ക് കൂടി ഓർമ്മയിൽ എത്തുമ്പോൾ ബ്രിട്ടീഷുകാർ തുറന്നു ചോദിക്കാൻ തയാറാകും, ആരാണ് നിങ്ങളെ ഈ വിഡ്ഢിത്തം പഠിപ്പിച്ചതെന്ന്. പാം ഓയിൽ വിപണിക്ക് കരുത്തു നൽകാൻ ഒരു പറ്റം ഡോക്ടർമാരും മാധ്യമങ്ങളും ചേർന്ന് എഴുതിയ തിരക്കഥയിൽ തകർന്നു പോയതു മലയാളിയുടെ ആരോഗ്യ ശീലങ്ങൾ കൂടിയാണ്. കോഴിക്കോട്ടെ കൂരാച്ചുണ്ട് ഗ്രാമക്കാർ വെളിച്ചെണ്ണയെ രക്ഷിക്കാൻ രംഗത്ത് ഉണ്ടായെങ്കിലും അതൊക്കെ ശക്തമായ മറ്റു സസ്യ എണ്ണയുടെ കടന്നു കയറ്റത്തിൽ നിശ്ചലമാകുന്നതാണ് കേരളം കണ്ടത്.

അതേ തിരക്കഥ പോർച്ചുഗലിലും പിന്നീടു സംഭവിച്ചു. തെങ്ങിനെ പോലെ പോർച്ചുഗീസുകാർ സ്‌നേഹിക്കുന്ന ഒലിവ് വൃക്ഷത്തെയാണ് പാം ഓയിൽ ലോബി കണ്ണു വച്ചത്. ഒലിവ് ഓയിൽ ഹാനികരമാണെന്ന പ്രചാരണവും ഒലിവ് കൃഷി ഉപേക്ഷിച്ചാൽ നൽകിയിരുന്ന സബ്‌സിഡിയും ഒക്കെ ചേർന്നപ്പോൾ കേരളത്തിന് സംഭവിച്ച ദുരന്തം തന്നെ അവിടെയും ഉണ്ടായി. ഇപ്പോൾ വെളിച്ചെണ്ണ ദോഷമല്ലെന്നു വ്യക്തമാക്കാൻ ആളുണ്ടായതുപോലെ പോർച്ചുഗലിൽ അടക്കം ഒലിവ് ഓയിൽ ഏറ്റവും മികച്ച എണ്ണകളിൽ ഒന്നാണെന്ന് ലോകം അറിഞ്ഞു തുടങ്ങിയിരിക്കുകയാണ്.

അതേ സമയം യൂറോപ്പ് അടക്കം വിദേശ രാജ്യങ്ങളിൽ വെളിച്ചെണ്ണ ഹിറ്റ് ആയി മാറിയതോടെ അതിന്റെ നേട്ടം എടുക്കാൻ കേരത്തിന്റെ സ്വന്തം നാട്ടുകാരായ മലയാളികൾക്ക് യോഗമില്ലാതെ പോവുകയാണ്. യൂറോപ്പിലേക്കുള്ള വെളിച്ചെണ്ണ കയറ്റുമതി ഏതാനും വർഷമായി കനത്ത ഡിമാൻഡ് ആവശ്യപ്പെടുകയാണ്. ശ്രീലങ്ക, തായ്‌ലൻഡ്, ഫിലിപ്പീൻസ് മുതലായ രാജ്യങ്ങളാണ് ഇതിന്റെ നേട്ടം എടുക്കുന്നത്. വളരെ കുറഞ്ഞ നിലയിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ ബ്രാൻഡുകൾക്കു യൂറോപ്യൻ കയറ്റുമതി ഓർഡർ ലഭിക്കുന്നുണ്ട്.

എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കളിൽ എല്ലാം മായം ഉണ്ടെന്ന പ്രചാരണം ശക്തമായതോടെ വെളിച്ചെണ്ണയിലും മായം കണ്ടേക്കാം എന്ന ഭീതിയാണ് കേരള ബ്രാൻഡുകളെ യൂറോപ്യൻ വിപണിയിൽ നിന്നും ആട്ടി അകറ്റുന്നത്. പല യൂറോപ്യൻ രാജ്യങ്ങളിലും തേങ്ങയും കൊപ്രയും എത്തിച്ചു മായം കലരാതെ വെളിച്ചെണ്ണ നിർമ്മിക്കുന്ന രീതിയും സജീവം ആയിട്ടുണ്ട്. ഫിലിപ്പീൻസ് യൂറോപ്യൻ രാജ്യങ്ങൾ മൊത്തമായി വെളിച്ചെണ്ണ എത്തിക്കുമ്പോൾ ബ്രിട്ടൻ ആണ് ശ്രീലങ്കയുടെ പ്രധാന നോട്ടം.

അതിനിടെ കേരളത്തിൽ നിന്നുള്ള വിർജിൻ വെളിച്ചെണ്ണയുടെ കയറ്റുമതിയിൽ 586 ശതമാനം വർദ്ധനയാണ് കോക്കനട് ബോർഡിന്റെ കണക്കുകളിൽ ഉള്ളത്. കഴിഞ്ഞ വർഷം മാത്രം അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ജപ്പാനിലേക്കും മാത്രമായി ഉണ്ടായ കയറ്റുമതിയിലെ കണക്കാണ് ബോർഡ് പുറത്തു വിട്ടിരിക്കുന്നത്. ഡിമെൻഷ്യ രോഗത്തിനടക്കം വെളിച്ചെണ്ണ ഉപയോഗം ശമനം ഉണ്ടാക്കാൻ നല്ലതു ആണെന്ന പാശ്ചാത്യ മാധ്യമങ്ങളുടെ തുടർച്ചയായ പ്രചാരണമാണ് ബ്രിട്ടനിലും അമേരിക്കയിലും ഡിമാൻഡ് ഉയരാൻ പ്രധാന കാരണമെന്നു ബോർഡ് വൃത്തങ്ങൾ പറയുന്നു. ഓരോ വർഷവും വെളിച്ചെണ്ണ വിപണി പാശ്ചാത്യ നാടുകളിൽ ഇരട്ടിയായി ഉയരുകയാണ്. ഈ ട്രെന്റ് തുടർന്നാൽ കേരളമടക്കം വെളിച്ചെണ്ണ കിട്ടാക്കനി ആകുന്ന കാലവും അധികമാകില്ല.

മുൻപ് ഹെൽത്ത് പ്രൊഡക്ടുകൾ മാത്രം വിൽക്കുന്ന കടകളിൽ ആയിരുന്നു വിർജിൻ വെളിച്ചെണ്ണയുടെ വിൽപ്പനയെങ്കിലും ഇപ്പോൾ എല്ലാ കടകളും വെളിച്ചെണ്ണ എത്താൻ കാരണം യൂറോപ്യൻ നിയമം അനുസരിച്ചു പ്രത്യേക ലൈസൻസിൽ വിൽക്കേണ്ട ഒന്നല്ല വെന്ത വെളിച്ചെണ്ണ എന്നതാണ് പ്രധാനമായും ജനശ്രദ്ധ കിട്ടാൻ കാരണം. എന്നാൽ ബ്രക്‌സിറ്റ് ഉണ്ടാകുമ്പോൾ യൂറോപ്യൻ നിയമത്തിനു പകരം ബ്രിട്ടീഷ് റീറ്റെയ്ൽ നിയമ വ്യവസ്ഥയിൽ വിർജിൻ വെളിച്ചെണ്ണ ആരോഗ്യ ഹേതുവാകുന്ന വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടാൽ ഇപ്പോൾ ഉണ്ടായ വിപണി നഷ്ടപ്പെടാനും ഇടയുണ്ട്.

വെളിച്ചെണ്ണയ്ക്ക് വേണ്ടി ലോബിയിങ് നടത്താൻ ആരും ഉണ്ടാകില്ല എന്നതിനാൽ ബ്രിട്ടനിലെ വെളിച്ചെണ്ണ വിപണിയുടെ ഭാവിയിൽ അതിനാൽ തന്നെ ആശങ്കയുമുണ്ട്. കഴിഞ്ഞ നാല് വർഷമായി വിപണിയിൽ വെളിച്ചെണ്ണയുടെ ഉപയോഗം ഏറെ ഉയർന്നിരിക്കുകയാണ്. ബോഡി ബിൽഡിങ് വെയർഹൗസ് നൽകുന്ന കണക്കിൽ കഴിഞ്ഞ ഒരു വർഷത്തിൽ ഉപയോഗത്തിൽ 67 ശതമാനം വർധനയാണ് കാണിക്കുന്നത്.

ഭാവിയിൽ വെളിച്ചെണ്ണയ്ക്ക് യൂറോപ്പിൽ തിരിഞ്ഞു നോക്കേണ്ടത്ത സാഹചര്യമാണ് മുന്നിൽ ഉള്ളതെന്ന് വ്യക്തം. മനുഷ്യരേക്കാൾ ശ്രദ്ധ ലഭിക്കുന്ന വളർത്തു മൃഗങ്ങളായ പട്ടിക്കും പൂച്ചയ്ക്കും വെളിച്ചെണ്ണ ചെറിയ അളവിൽ നൽകുന്നത് നല്ലതാണെന്ന പ്രചാരണം ഉണ്ടായതോടെ പൊന്നും വില നൽകി വിർജിൻ വെളിച്ചെണ്ണ വാങ്ങാൻ ആളുണ്ടാകും എന്നുറപ്പാണ്. കൂട്ടത്തിൽ മറ്റു സസ്യ എണ്ണകളെ പോലെ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ ബ്രെഡ് സ്‌പ്രെഡുകൾ വിപണിയിൽ എത്തിയതോടെ ഭഷ്യ രംഗത്ത് യൂറോപ്പിൽ വെളിച്ചണ്ണയുടെ സാദ്ധ്യതകൾ അനന്തമായി ഉയരുകയാണ്. ഏറ്റവും ശുദ്ധമായ എണ്ണ എന്ന പേരോടെയാണ് വെളിച്ചെണ്ണ വിപണി പിടിച്ചടക്കുന്നത്. ഇതോടൊപ്പം സൗന്ദര്യ വർധക വസ്തുക്കളിലും ബിസ്‌ക്കറ്റ് പോലെയുള്ള പലഹാരങ്ങളിലും കേക്കിലും വരെ തേങ്ങയുടെയും വെളിച്ചെണ്ണയും സാന്നിധ്യം ആസ്വദിക്കുകയാണ് ബ്രിട്ടീഷുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP