Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202227Monday

കേരളത്തിന്റെ തനത് കമ്പ്യൂട്ടർ നിർമ്മിക്കാൻ സർക്കാർ രൂപീകരിച്ചത് പ്രൈവറ്റ് കമ്പനി; കൊക്കോണിക്സിന് പിന്നിലുള്ളത് യു എസ് ടി ഗ്ലോബൽ; ആശയത്തിന് പിന്നിലും 'ശിവശങ്കര ബുദ്ധി'; 2020ൽ മറുനാടൻ പറഞ്ഞത് ശരിവച്ച് വിദ്യാർത്ഥികളുടെ കൂട്ടക്കരച്ചിൽ; വിദ്യാമൃതത്തെ തകർത്തത് 'റാമിനെ' മറന്ന കമ്പ്യൂട്ടറോ?

കേരളത്തിന്റെ തനത് കമ്പ്യൂട്ടർ നിർമ്മിക്കാൻ സർക്കാർ രൂപീകരിച്ചത് പ്രൈവറ്റ് കമ്പനി; കൊക്കോണിക്സിന് പിന്നിലുള്ളത് യു എസ് ടി ഗ്ലോബൽ; ആശയത്തിന് പിന്നിലും 'ശിവശങ്കര ബുദ്ധി'; 2020ൽ മറുനാടൻ പറഞ്ഞത് ശരിവച്ച് വിദ്യാർത്ഥികളുടെ കൂട്ടക്കരച്ചിൽ; വിദ്യാമൃതത്തെ തകർത്തത് 'റാമിനെ' മറന്ന കമ്പ്യൂട്ടറോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വകാര്യ കുത്തകകൾക്ക് സംസ്ഥാനം തീറെഴുതിക്കൊടുക്കുന്നതിന് എന്നും സിപിഎം എതിരായിരുന്നു. ഈ ഇടപാടുകളുടെ പേരിൽ യുഡിഎഫ് ഭരണകാലങ്ങളിൽ സിപിഎം തുറന്ന സമരരമുഖങ്ങൾക്ക് കയ്യും കണക്കുമില്ല. എന്നാൽ പിണറായി ഭരണത്തിൽ സംഭവിച്ചത് എല്ലാം ഇതായിരുന്നു. യുഎസ്‌ടി ഗ്ലോബൽ എന്ന സ്വകാര്യ ഐടി ഭീമന് വേണ്ടി പിണറായി സർക്കാർ ചെയ്ത വഴിവിട്ട സഹായങ്ങളുടെ ചീഞ്ഞളിഞ്ഞ ഒരു അഴിമതി കഥയാണ് കൊക്കോണിക്‌സ്.

ഓൺലൈൻ പഠനത്തിനായി സർക്കാർ നൽകിയ ലാപ്‌ടോപ്പുകൾ കാഴ്ചവസ്തുവായതോടെയാണ് കൊക്കോണിക്‌സ് വീണ്ടും വിവാദത്തിലാക്കുന്നത്. വിദ്യാശ്രീ പദ്ധതിയിൽ ലാപ്‌ടോപ്പ് കിട്ടുന്നില്ലെന്ന പരാതികൾ കൂടുമ്പോഴാണ് കിട്ടിയ ലാപ്‌ടോപ്പുകളിലും പ്രശ്‌നങ്ങളും. മൊബൈൽ ഫോൺ ഉപയോഗത്തിലെ പരിമിതികളിൽ നിന്നും ഓൺലൈൻ പഠനം കാര്യക്ഷമമാക്കാനാണ് ലാപ്‌ടോപ്പുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. 49 ശതമാനം സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്‌സ് കമ്പനി വിതരണം ചെയ്ത ലാപ്‌ടോപ്പുകൾ പക്ഷേ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം. കൊക്കോണിക്‌സിനെതിരെ മുമ്പ് മറുനാടൻ ഉന്നയിച്ച വസ്തുതകൾ ശരിയാണെന്ന് കാലം തെളിയിച്ചിരിക്കുന്നുവെന്നതാണ് വസ്തുത.

സ്വകാര്യ കുത്തകയ്ക്ക് സർക്കാർ സ്വത്തുക്കൾ അടിയറവെച്ച് സംസ്ഥാനത്തിന്റെ ചോരയൂറ്റിക്കുടിച്ച് വളരാൻ എങ്ങനെ സഹായിക്കുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഈ ലാപ്‌ടോപ്പുകൾക്ക് പറാനുള്ളത്. സർക്കാർ വകുപ്പുകൾക്ക് കംപ്യുട്ടറും അനുബന്ധ ഉത്പ്പന്നങ്ങളും സെൻട്രലൈസ്ഡ് സംവിധാനത്തിലൂടെ വാങ്ങിക്കാൻ കഴിഞ്ഞ വർഷം ഇറക്കിയ ഉത്തരവ് സർക്കാർ സ്വത്തുക്കൾ സ്വകാര്യ കമ്പനിക്ക് തീറെഴുതാനും വലിയ അഴിമതിയിക്ക് കളമൊരുക്കാൻ വേണ്ടിയായിരുന്നു. ഒന്നാം പിണറായി സർക്കാരിലായിരുന്നു ഈ ഇടപാട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ സ്വർണ്ണക്കടത്തിനു ഒത്താശ നൽകിയ മുൻ ഐടി സെക്രട്ടറി ശിവശങ്കർ തന്നെയാണ് ഈ ഉത്തരവും ഇറക്കിയിരിക്കുന്നത്. വഴിവിട്ട കാര്യങ്ങളാണ് സ്വകാര്യ കമ്പനിക്ക് വേണ്ടി സർക്കാർ ചെയ്തത്. ഇത് ഒരുവർഷം മുമ്പ് വിശദമായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് പരിഹസിച്ചവർ പോലും ഇന്ന് കൊക്കോണിക്‌സിനെ തള്ളി പറയുന്നു. ഇതോടെ ഈ വിവാദം പുതു തലത്തിലെത്തുന്നു.

ഈ വാർത്ത കഴിഞ്ഞ വർഷം മറുനാടൻ നൽകിയപ്പോൾ പ്രതിരോധം തീർത്തെത്തിയത് സിപിഎം പത്രമായ ദേശാഭിമാനിയായിരുന്നു. കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ കൊക്കോണിക്സിനെതിരെ ബഹുരാഷ്ട്ര ലാപ്ടോപ് കമ്പനികളുടെ നീക്കം സജീവമായി. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ലാപ്ടോപ് പുറത്തിറക്കിയതോടെ ചില ഉദ്യോഗസ്ഥരെയും യുഡിഎഫ് നേതാക്കളെയും മാധ്യമങ്ങളെയും മുൻനിർത്തിയാണ് ലാപ്ടോപ് വിപണിയിലെ കുത്തകൾ രംഗത്തെത്തിയത്. സംസ്ഥാനത്തെ വലിയ വിപണി നഷ്ടപ്പെടുമെന്ന ആശങ്കയിലാണിത്-ഇതായിരുന്നു അന്ന് ദേശാഭിമാനിയുടെ വിശദീകരണം.

2019ൽ ഇതു സംബന്ധിച്ച് ദേശാഭിമാനി നൽകിയ വാർത്തയിൽ തന്നെ ഇടപെടൽ വ്യക്തമാണ്. ആ വാർത്തയിൽ ഇങ്ങനെ പറയുന്നു-- രാജ്യത്ത് ആദ്യമായാണ് സംസ്ഥാന സർക്കാരിനു കീഴിൽ കമ്പനി രൂപീകരിച്ച് ലാപ്ടോപ് നിർമ്മിക്കുന്നത്. സംസ്ഥാനത്തെ അഞ്ചുലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ് നൽകാനുള്ള സർക്കാർ പദ്ധതിയുടെ ടെൻഡറിൽനിന്ന് കൊക്കോണിക്സിനെ ഒഴിവാക്കാൻ ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നീക്കം നടന്നത് ഇതിന്റെ ഭാഗമായാണെന്ന് കരുതുന്നു. കഴിഞ്ഞ മൂന്നുവർഷത്തിൽ, ഒരു ഓർഡറിൽ കുറഞ്ഞത് 10,000 ലാപ്ടോപ് വിറ്റ കമ്പനിക്ക് മാത്രമേ താൽപ്പര്യപത്രം അയക്കാവൂ എന്ന വ്യവസ്ഥ തിരുകിക്കയറ്റിയത് ചില ഉദ്യോഗസ്ഥരുടെ താൽപ്പര്യപ്രകാരമെന്നാണ് സൂചനയെന്നായിരുന്നു ദേശാഭിമാനിയുടെ വിമർശനം.

ഈ വ്യവസ്ഥപ്രകാരം കൊക്കോണിക്സിന് ടെൻഡറിൽ പങ്കെടുക്കാൻ കഴിയില്ല. മുൻവർഷങ്ങളിലൊന്നും ഇങ്ങനെയൊരു വ്യവസ്ഥ ഉണ്ടായിരുന്നില്ല. വിവരം ഐടി സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഈ വ്യവസ്ഥ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും വിശദീകരിച്ചിരുന്നു. അതായതുകൊക്കോണിക്‌സിന്റെ നിലവാരം ചിലർ തിരിച്ചറിഞ്ഞിരുന്നു. അത് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ഇടപെടലുമുണ്ടായി. ഈ ഇടപെടലാണ് ഇന്ന് പാവങ്ങൾക്ക് തിരിച്ചടിയാകുന്നത്. കമ്പ്യൂട്ടർ വാങ്ങിയവർക്ക് അതുകൊണ്ട് ഒരു പ്രയോജനവുമില്ല. എങ്കിലും ലോൺ അടച്ചേ മതിയാകൂ. ഈ സാഹചര്യത്തിൽ പല ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ആർഎസ്എസ് ബന്ധം ഒഴിവാക്കിയാണ് കൊക്കോണിക്‌സ് കേരളത്തിന് വേണ്ടി കമ്പ്യൂട്ടർ നിർമ്മിച്ചതെന്നാണ് പരിഹാസം. അതിന് വേണ്ടി 'റാം'മിനെ തന്നെ ഒഴിവാക്കിയെന്ന പരിഹാസത്തിലൂടെ കൊക്കോണിക്‌സിനെ കളിയാക്കുകയാണ് സോഷ്യൽ മീഡിയ.

കൊക്കോണിക്‌സിന് പിന്നിൽ ശിവശങ്കര ബുദ്ധി

കപ്യുട്ടറും അനുബന്ധ ഉത്പ്പന്നങ്ങളും സെന്ട്രലൈസ്ഡ് സംവിധാനത്തിലൂടെ വാങ്ങിക്കാൻ ഉത്തരവിറക്കും മുൻപ് തന്നെ അണിയറയിൽ കൊക്കോണിക്സ് എന്ന കമ്പനി പിറവിയെടുത്തിരുന്നു. കമ്പനിയിൽ ആദ്യമേ ഡയറക്ടർ ആയതും ശിവശങ്കർ തന്നെ. ഈ കമ്പനിയിൽ നിന്ന് കപ്യുട്ടറുകൾ വാങ്ങാൻ വാങ്ങുക എന്ന ലക്ഷ്യത്തിലാണ് ഉത്തരവ് ഇറക്കിയത്. പിന്നീടുള്ള നീക്കങ്ങൾ മുഴുവൻ കമ്പനിയെ സഹായിക്കാൻ വേണ്ടിയായിരുന്നു. കൊക്കോണിക്സ് എന്ന കമ്പനിക്ക് പിന്നിൽ ഐടി ഭീമനായ യുഎസ്‌ടി ഗ്ലോബലാണ്. 2019 ലെ ബജറ്റ് നിർദ്ദേശങ്ങളിൽ ഏതൊക്കെ സർക്കാർ നടപ്പാക്കി എന്നറിയാൻ ആറന്മുള മുൻ എംഎൽഎ കെ.ശിവദാസൻ നായർ നടത്തിയ അന്വേഷണമാണ് കൊക്കോണിക്സ് അഴിമതി കഥ വെളിയിൽ കൊണ്ടു വന്നത്.

സർക്കാർ വകുപ്പുകൾക്ക് കേരളത്തിന്റെ തനത് ലാപ്ടോപ്പ് നൽകാൻ എന്ന രീതിയിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് കൊക്കോണിക്സ് കമ്പനി രൂപീകരിച്ചത്. എന്നാൽ 51 ശതമാനം ഷെയർ കൊക്കോണിക്സിനും 49 ശതമാനം ഷെയർ സർക്കാരിനുമാണ്. 49 ശതമാനം ഷെയർ ആണ് കൊക്കോണിക്സ് ഉള്ളത്. രണ്ടു ശതമാനം ഷെയർ ആക്സിലറോൺ എന്ന കമ്പനിക്കാണ്. ഇതോടെയാണ് പ്രൈവറ്റ് കമ്പനിക്ക് 51 ശതമാനം ഷെയറുകൾ കൈവശമായത്. സർക്കാർ രൂപീകരിക്കുന്ന കമ്പനിയിൽ സർക്കാരിനു മേജർ ഓഹരി പങ്കാളിത്തമില്ലാത്തത് സംശയമുയർത്തുന്നു. ഇതോടെ തന്നെ സർക്കാർ കമ്പനി എന്ന ലേബൽ തന്നെ ഇല്ലാതായി.

സർക്കാർ ഭൂമിയാണ് കൊക്കോണിക്സിന് നൽകിയിരിക്കുന്നത്. കെൽട്രോണിനു കീഴിലുള്ള തിരുവനന്തപുരം മൺവിളയിലെ 66 സെന്റ് ഭൂമിയാണ് ഈ കമ്പനിക്ക് നൽകിയിരിക്കുന്നത്. ഒരു അസറ്റും സ്ഥാപനത്തിനില്ല. കെട്ടിടം നിർമ്മിച്ച് നല്കിയതും കെൽട്രോൺ. സർക്കാർ ഭൂമി എസ്‌ബിഐയിൽ പണയം വച്ചാണ് ഫണ്ട് കണ്ടെത്തിയത്. സർക്കാർ കമ്പനി എന്ന രീതിയിൽ തന്നെയാണ് കൊക്കോണിക്സ് മുന്നോട്ടു പോകുന്നത്. കെൽട്രോണും കെഎസ്ഐഡിസിക്ക് പങ്കാളിത്തമുണ്ട് എന്നത് മാത്രമാണ് സർക്കാർ പങ്കാളിത്തത്തിനുള്ള തെളിവ്.

നാലായിരം ലാപ്ടോപ്പുകൾ നിർമ്മിച്ച് നൽകി എന്നാണ് കമ്പനി 2020ൽ പറഞ്ഞിരുന്നത്. പക്ഷെ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത പാർട്സുകൾ കൂട്ടി യോജിപ്പിച്ച് ലാപ്ടോപ്പ് ആക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. ഇത് ഒരു അസംബ്ലിങ് യൂണിറ്റ് മാത്രമാണ്. കമ്പനിയാണെങ്കിൽ പൂർണമായും യുഎസ്‌ടി ഗ്ലോബലിന്റെ കീഴിലുമാണ്.

കേരളത്തിന്റെ തനത് കമ്പ്യൂട്ടർ നിർമ്മിക്കാൻ കെൽട്രോൺ ആണ് ടെൻഡർ ക്ഷണിച്ചത്. സർക്കാർ വകുപ്പുകൾ, സ്‌കൂളുകൾ, യൂണിവെഴ്സിറ്റികൾ, പഞ്ചായത്തുകൾ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും സെന്ട്രലൈസ്ദ് പർച്ചേസ് വഴി ഈ കമ്പനിയിൽ നിന്ന് ലാപ്ടോപ്പുകൾ ലഭ്യമാക്കും. കെൽട്രോൺ ഓപ്പൺ ടെൻഡർ ക്ഷണിച്ചപ്പോൾ എത്തിയത് , ലെനോവ, കൊക്കോണിക്സ് എന്നീ കമ്പനികൾ.

കൊക്കോണിക്സ് സ്ഥാപനത്തിനു 50 ശതമാനം ലെനോവ റേറ്റിൽ നൽകാൻ തീരുമാനിച്ചു. ഈ കമ്പനിയുടെ അഞ്ച് ഡയരക്ടർമാരിൽ ഒരാൾ അന്ന് ശിവശങ്കറാണ്. കൊക്കോണിക്സ് കമ്പനി രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ ഇ മെയിൽ വിലാസമാണ് യുഎസ്‌ടി ഗ്ലോബലിലേക്ക് വിരൽ ചൂണ്ടിയത്. ഇതിനു ശേഷം മൂന്നു മാസം കഴിഞ്ഞു ബംഗളൂരിൽ ആക്സിലറോൺ എന്ന പേരിൽ ഒരു സ്റ്റാർട്ട് അപ്പ് കമ്പനി തുടങ്ങി. ഇതെല്ലാം ദുരൂഹമാണ്.

ഇത്തരം വാദങ്ങളെ എല്ലാം ദേശാഭിമാനി 2020ൽ തന്നെ തള്ളിക്കളഞ്ഞിരുന്നു. കൊക്കോണിക്സിന്റെ മറവിൽ കെൽട്രോണിന്റെ രണ്ടേക്കർ ഭൂമി യുഎസ്‌ടി ഗ്ലോബൽ കമ്പനി കൈയടക്കി എന്ന രീതിയിലും ചില മാധ്യമങ്ങൾ വാർത്ത നൽകി. 15,000 ചതുരശ്രയടി കെട്ടിടവും 63 സെന്റ് സ്ഥലവും മൂന്നു വർഷത്തേക്ക് കൊക്കോണിക്സിന് കൈമാറിയതിനെയാണ് വളച്ചൊടിച്ചത്. വാടക നിശ്ചയിച്ച് മൂന്നു വർഷത്തേക്കാണ് സ്ഥലം കരാർ പ്രകാരം കൊക്കോണിക്സിനു കൈമാറിയത്. ഇതിനെയാണ് കെൽട്രോണിന്റെ സ്ഥലം കൈയേറി എന്ന് വാർത്തയാക്കിയത്-ഇതായിരുന്നു ദേശാഭിമാനി വിശദീകരണം.

വിദ്യാർത്ഥികളെ ചതിച്ച പദ്ധതി

വിദ്യാശ്രീ പദ്ധതി വഴി വിതരണം ചെയ്ത കൊക്കോണിക്‌സ് ലാപ്‌ടോപ്പുകളെ ചൊല്ലി പരാതികളും വിവാദങ്ങളും കൊഴുക്കുകയാണ്. ലാപ്‌ടോപ്പുകൾ അപ്പാടെ കൊള്ളില്ലെന്നും എന്തിനാണ് കേരളത്തിനിങ്ങനെയൊരു കമ്പനിയെന്നും വരെ ചോദിക്കുന്ന തരത്തിലാണ് ട്രോളുകൾ. ആക്ഷേപം കനക്കുമ്പോൾ കൊക്കോണിക്‌സ് വിശദീകരണവും നൽകുന്നു. കൊക്കോണിക്‌സ് ആകെ വിതരണം ചെയ്ത്ത് 2130 ലാപ്‌ടോപ്പുകൾ. ഇതിൽ ചില ലാപ്‌ടോപ്പുകൾക്കാണ് സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതും. വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാവാത്ത സ്ഥിതിയുണ്ടായെന്നും പിഴവ് പറ്റിയെന്നും കൊക്കോണിക്‌സ് സമ്മതിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

പരാതികൾ ആദ്യം വന്ന് തുടങ്ങിയപ്പോൾ ലാപ്‌ടോപ്പ് സ്റ്റോർ ചെയ്തതിലെ പ്രശ്‌നമായിരിക്കുമെന്നും ബാറ്ററി കേട് വന്നതായിരിക്കുമെന്നാണ് കരുതിയതെന്ന് കൊക്കോണിക്‌സ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ പിന്നീട് കുടുതൽ പരാതികൾ വന്നപ്പോൾ നടത്തിയ പരിശോധനയിൽ പ്രശ്‌നം ലാപ്‌ടോപ്പിന്റെ പവർ സ്വിച്ചിനാണെന്ന് കണ്ടെത്തി. ഒരു പ്രത്യേക ബാച്ചിൽ പെട്ട ലാപ്‌ടോപ്പുകളാണ് തകരാറായതെന്നും ഇവയുടെ എല്ലാം പവർ സ്വിച്ചിന്റെ സർക്യൂട്ടിലാണ് പ്രശ്‌നമെന്നും കൊക്കോണിക്‌സ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ലാപ്‌ടോപ്പുകൾക്ക് മറ്റൊരു പ്രശ്‌നവും ഇല്ലെന്നും ഇത് മാത്രം പരിഹരിച്ചാൽ മതിയെന്നുമാണ് വിശദീകരണം. പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടത് ജൂണിലാണ്, ജൂൺ മുപ്പതിന് തന്നെ ഈ പ്രശ്‌നം കണ്ടെത്തിയതായി അറിയിച്ച് കൊക്കോണിക്‌സ് ഐടി മിഷനും, കുടുംബശ്രീക്കും, കെഎസ്എഫ്ഇക്കുമായി ഒരു കത്തെഴുതി.

കേടായ ലാപ്‌ടോപ്പുകൾ മാറ്റി നൽകാൻ ബാധ്യസ്ഥരാണെന്നും പ്രശ്‌നം വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞായിരുന്നു കത്ത്. പരാതി രജിസ്റ്റർ ചെയ്ത് 15 ദിവസം കൊണ്ട് ലാപ്‌ടോപ്പ് നന്നാക്കി തിരിച്ചു നൽകുന്നതിൽ വീഴ്ച പറ്റിയാൽ ആ മാസത്തെ 500 രൂപ ഇഎംഐ കമ്പനി തന്നെ അടയ്ക്കുമെന്നും കോക്കോണിക്‌സ് ആ കത്തിൽ വാഗ്ദാനം ചെയ്തിരുന്നു. ആകെ വിതരണം ചെയ്ത ലാപ്‌ടോപ്പുകളിൽ 20 ശതമാനത്തിനാണ് സാങ്കേതിക തകരാറെന്നാണ് കമ്പനി പറയുന്നത്. ഇത് വലിയ അളവിലെ കമ്പ്യൂട്ടറുകാണ്. അതായത് 100 എണ്ണം ഉണ്ടാക്കുമ്പോൾ 20 എണ്ണത്തിൽ തകരാറുണ്ടെന്ന് കമ്പനി തന്നെ സമ്മതിക്കുന്നു. നിലവിൽ ലാപ്‌ടോപ്പ് നിർമ്മാണം നിർത്തി വച്ചിരിക്കുകയാണെന്നും അടുത്ത മൂന്നാഴ്ച കൊണ്ട് പ്രശ്‌നങ്ങൾ പരിഹരിച്ച് ട്രാക്കിലാകാൻ കഴിയുമെന്നുമാണ് കൊക്കോണിക്‌സ് പറയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP