Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജവെമ്പാലയുടെ ചെറിയ കൂടിന്റെ വാതിൽ അടയ്ക്കാതെ വൃത്തിയാക്കിയത് അപകടത്തിന് ഇടയാക്കി; വ്യക്തമായത് സിസിടിവി ദൃശ്യങ്ങളിലൂടെ; മൃഗശാലയിൽ പാമ്പുകടിയേറ്റ് അനിമൽ കീപ്പർ മരിച്ച സംഭവത്തിൽ വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഡയറക്ടർ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

രാജവെമ്പാലയുടെ ചെറിയ കൂടിന്റെ വാതിൽ അടയ്ക്കാതെ വൃത്തിയാക്കിയത് അപകടത്തിന് ഇടയാക്കി; വ്യക്തമായത് സിസിടിവി ദൃശ്യങ്ങളിലൂടെ; മൃഗശാലയിൽ പാമ്പുകടിയേറ്റ് അനിമൽ കീപ്പർ മരിച്ച സംഭവത്തിൽ വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഡയറക്ടർ;  റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് അനിമൽ കീപ്പർ കാട്ടാക്കട സ്വദേശി എ.ഹർഷാദ് (45) മരിച്ച സംഭവത്തിൽ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിക്കു ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. മൂന്ന് പേജുള്ള റിപ്പോർട്ട് മന്ത്രി, മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

രാജവെമ്പാലയുടെ ചെറിയ കൂടിന്റെ വാതിൽ അടയ്ക്കാതെ വൃത്തിയാക്കിയതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. രണ്ടു കൂടുകളാണു രാജവെമ്പാലയെ പാർപ്പിച്ചിരിക്കുന്ന കെട്ടിടത്തിലുള്ളത്. ഒന്നു വലുതും മറ്റേുതു ചെറുതും. മൃഗശാലയിലെത്തുന്ന ആളുകൾ കാണുന്നതു വലിയ കൂടാണ്. ചെറിയകൂട് ഇതിനു പിന്നിലാണ്.

ഒരു കൂട്ടിൽനിന്ന് മറ്റൊരു കൂട്ടിലേക്കു പാമ്പിനെ മാറ്റി വേണം കൂട് വൃത്തിയാക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ ഇരു കൂടുകളെയും വേർതിരിക്കുന്ന വാതിൽ ലോക്ക് ചെയ്‌തെന്നു ഉറപ്പാക്കണം. വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിച്ച് അപകടം ഉണ്ടാകാതിരിക്കാനാണിത്. ഉച്ചയ്ക്ക് 12.15ന് ഹർഷാദ് വലിയ കൂട്ടിലേക്കു ക്ലീനിങിനായി കയറുമ്പോൾ അതിനുള്ളിൽ പാമ്പില്ലെന്നു ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്

പാമ്പിനെ പിന്നിലെ ചെറിയ കൂട്ടിലേക്കു മാറ്റിയാണു ക്ലീനിങ് നടത്തിയത്. ജീവനക്കാർ ശബ്ദം കേട്ട് എത്തിയപ്പോൾ ഹർഷാദ് പിടയ്ക്കുകയായിരുന്നു. കൈയുടെ തൊട്ടു താഴെ പാമ്പിന്റെ കാഷ്ടത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. ചെറിയ കൂടിന്റെ വാതിൽ അടച്ചിരുന്നില്ല. വലിയ കൂടിലേക്കു പാമ്പിനെ മാറ്റി വാതിൽ ലോക്ക് ചെയ്യാതെ ചെറിയ കൂട്ടിൽ കയ്യിട്ടതാണ് അപകടകാരണമെന്നു റിപ്പോർട്ടിൽ പറയുന്നു.

ചിലപ്പോൾ പാമ്പ് വലിയ കൂട്ടിലേക്കു കയറിയിരിക്കാമെന്ന തെറ്റിദ്ധാരണയാകാം അപകടത്തിലേക്കു നയിച്ചത്. കൂടിനുള്ളിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നുവെങ്കിലും കൂടിന്റെ പിൻഭാഗത്തുള്ള മാറ്റക്കൂടിനടുത്തു കാമറകൾ ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു.

കൂടിനുള്ളിലെ ക്യാമറയിലെ സിസിടിവി ദൃശ്യങ്ങൾ ഉടൻ നൽകണമെന്നു പൊലീസ് നിർദ്ദേശിച്ചു. സ്വന്തമായൊരു വീടെന്ന സ്വപ്നം ബാക്കിയാക്കിയാണു ഹർഷാദ് യാത്രയായത്. കാട്ടാക്കട മാർക്കറ്റ് റോഡിലെ വാടകവീട്ടിലാണു ഹർഷാദിന്റെയും കുടുംബത്തിന്റെയും താമസം. അമ്മ ഐഷാബീവിയും ഒപ്പമുണ്ട്. ഏറെക്കാലം താൽക്കാലിക ജീവനക്കാരനായിരുന്ന ഹർഷാദ് 3 വർഷം മുൻപാണു സ്ഥിര ജീവനക്കാരനായത്.

ഹർഷാദിന്റെ വേർപാടോടെ ഭാര്യ ഷീജയ്ക്കും മകൻ അബിനും ഏക ആശ്രയം ഇല്ലാതായി. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അബിൻ മാറനല്ലൂർ ഗവ. എച്ച്എസിലാണ് പഠിക്കുന്നത്. ഹർഷാദിന്റെ കുടുംബത്തിനു സർക്കാർ ജീവനക്കാർക്കുള്ള ഇൻഷുറൻസ് തുകയായ10 ലക്ഷം രൂപ അനുവദിക്കുമെന്നും ആശ്രിതർക്കു ജോലി നൽകുമെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP