Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊവിഡ് ബാധിത ജില്ലകൾ അടച്ചിടാൻ കേന്ദ്രസർക്കാർ നിർദ്ദേശമുണ്ടെങ്കിലും തീരുമാനം എടുക്കാതെ സംസ്ഥാന സർക്കാർ; ഏഴു ജില്ലകൾ അടച്ചിടാൻ തീരുമാനിച്ചു എന്ന വാർത്ത തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്; കാസർകോട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും; സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം വേണമെന്നും പിണറായി പ്രധാനമന്ത്രിയോട്

കൊവിഡ് ബാധിത ജില്ലകൾ അടച്ചിടാൻ കേന്ദ്രസർക്കാർ നിർദ്ദേശമുണ്ടെങ്കിലും തീരുമാനം എടുക്കാതെ സംസ്ഥാന സർക്കാർ; ഏഴു ജില്ലകൾ അടച്ചിടാൻ തീരുമാനിച്ചു എന്ന വാർത്ത തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്; കാസർകോട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും; സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം വേണമെന്നും പിണറായി പ്രധാനമന്ത്രിയോട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് 19 രോഗബാധ തടയാൻ രോഗം ബാധിച്ച രാജ്യത്തെ 75 ജില്ലകൾ അടച്ചിടാനുള്ള കേന്ദ്രസർക്കാർ നിർദ്ദേശത്തിൽ തീരുമാനം കൈക്കൊള്ളാതെ സംസ്ഥാന സർക്കാർ. കേരളത്തിലെ ഏഴ് ജില്ലകൾ പൂർണ്ണമായി അടച്ചിടാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇത് സംബന്ധിച്ചു പുറത്തുവന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏർപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല. എന്നാൽ നേരത്തേ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുമുണ്ട്. കാസർഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കാസർകോട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ 75 ജില്ലകൾ അടച്ചിടാനാണ് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചത്. ഇതിൽ കേരളത്തിൽ നിന്നുള്ള ഏഴ് ജില്ലകളും ഉൾപ്പെടുന്നുണ്ട്്. ഈ ജില്ലകൾ അടച്ചിടാൻ പോകുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.

വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകൾ അടച്ചിടാനാണ് കേന്ദ്രം സംസ്ഥാനത്തോട് നിർദ്ദേശിച്ചത്. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കേന്ദ്രത്തിന്റെ നിർദ്ദേശത്തിൽ പറയുന്നു. രാജ്യത്ത് എല്ലാ ട്രെയിൻ സർവീസുകളും മാർച്ച് 31 വരെ നിർത്തിവെച്ചതിന് പുറമേ കോവിഡ് ബാധിത പ്രദേശങ്ങളായ 75 ജില്ലകൾ അടച്ചിടാനാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയത്. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ യോഗത്തിലാണ് നിർദ്ദേശം. അന്തർസംസ്ഥാന സർവീസുകൾ നിർത്തിവെയ്ക്കാനും കേന്ദ്രത്തിന്റെ നിർദ്ദേശത്തിൽ പറയുന്നുണ്ട്.

അതിനിടെ ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നല്കിയിട്ടുണ്ട്
നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ജില്ലാ മജിസ്ട്രേറ്റായ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നൽകിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കളക്ടർക്ക് നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും നാളെ മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.

അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കൊവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് മെഡിക്കൽ ഉപകരണങ്ങൾ, സാനിറ്റൈസർ അടക്കമുള്ള സാമഗ്രികൾ ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള അധികാരം താൽക്കാലികമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

വൈറസ് പരിശോധനക്ക് കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങളുടെയും കേന്ദ്രസഹായം ഉള്ള ഗവേഷണ ലാബുകളുടെയും സൗകര്യം ഉപയോഗിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകണം. കൊവിഡ് പ്രതിരോധ നടപടികൾക്ക് ഡ്രോൺ ഉപയോഗിക്കാൻ സംസ്ഥാന പൊലീസിന് അനുമതി നൽകണം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

കൊവിഡ് വ്യാപനം തടയാൻ ഉപയോഗിക്കുന്ന മാസ്‌ക് ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില നിശ്ചയിക്കുന്നതിനും ഉൽപാദനം നിയന്ത്രിക്കാനുമുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകണം. കൊവിഡ് പ്രതിരോധത്തിനും ഗവേഷണത്തിനും രോഗവ്യാപനം തടയാനുള്ള നടപടികൾക്കും പൊതുമേഖലാ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP