Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിൽ അഭിപ്രായം പോലും രേഖപ്പെടുത്താതെ കൈമാറി ഡിജിപി തലയൂരി; ഉപദേഷ്ടാവ് ശ്രീവാസ്തവ നിർദ്ദേശിച്ചതും നടപടി അരുതെന്ന്; ചൈത്രക്കെതിരെ നടപടിയെടുക്കാൻ ഒരു പഴുതും ഇല്ലെന്ന് ഉറപ്പായപ്പോൾ വിളിച്ചു വരുത്തി താക്കീതു നൽകി മുഖ്യമന്ത്രി; ഒരു കുലുക്കവുമില്ലാതെ ഉറച്ച നിലപാട് വ്യക്തമാക്കി യുവ ഐപിഎസുകാരി; പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം തുടരുന്നതു കൊണ്ട് അപ്രധാന തസ്തികയിലേക്ക് മാറ്റി മുഖം രക്ഷിച്ചേക്കും

മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിൽ അഭിപ്രായം പോലും രേഖപ്പെടുത്താതെ കൈമാറി ഡിജിപി തലയൂരി; ഉപദേഷ്ടാവ് ശ്രീവാസ്തവ നിർദ്ദേശിച്ചതും നടപടി അരുതെന്ന്; ചൈത്രക്കെതിരെ നടപടിയെടുക്കാൻ ഒരു പഴുതും ഇല്ലെന്ന് ഉറപ്പായപ്പോൾ വിളിച്ചു വരുത്തി താക്കീതു നൽകി മുഖ്യമന്ത്രി; ഒരു കുലുക്കവുമില്ലാതെ ഉറച്ച നിലപാട് വ്യക്തമാക്കി യുവ ഐപിഎസുകാരി; പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം തുടരുന്നതു കൊണ്ട് അപ്രധാന തസ്തികയിലേക്ക് മാറ്റി മുഖം രക്ഷിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചട്ടങ്ങളും നിയമങ്ങളും എല്ലാം പാലിച്ചാണ് വനിതാ സെൽ എസ്‌പി ചൈത്ര തെരേസ ജോൺ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തത് എന്നാണ് അന്വേഷണം നടത്തി എഡിജിപി മനോജ് എബ്രഹാം നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് പൂർണമായും ശരിവെച്ച് യാതൊരു നടപടികളും വേണ്ടെന്ന് നിർദ്ദേശിച്ച് ഡിജിപി ലോകനാഥ് ബെഹ്‌റ മുഖ്യമന്ത്രിക്ക് നൽകുകയും ചെയ്തു. എന്തെങ്കിലും നടപടി കൈക്കൊള്ളാൻ പറ്റുമോ എന്ന സാധ്യത തേടി ഉപദേശകന് രമൺ ശ്രീവാസ്തവയോട് മുഖ്യമന്ത്രി കാര്യങ്ങൾ തിരക്കിയപ്പോൾ അദ്ദേഹം നിർദ്ദേശിച്ചതും അരുതെന്ന് തന്നെ. എന്നാൽ പാർട്ടിക്കാരെ സമാധാനിപ്പിക്കാൻ വഴിതേടിയ പിണറായി വിജയൻ എന്തെങ്കിലും ഒരു നടപടി ചൈത്രക്കെതിരെ കൈക്കൊണ്ടേ തീരൂ എന്ന നിലപാടിലാണ്. അതിനുള്ള സാധ്യത തേടി നിയമവിദഗ്ധരുമായി ആലോചിക്കുകയാണ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി. പൊലീസ് സേനയുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കുമ്പോൾ തന്നെയാണ് ഇതെല്ലാം നടക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.

സിപിഎമ്മുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് സർക്കാർ ഇപ്പോൾ ഇങ്ങനെ നീങ്ങുന്നത്. ചൈത്ര തെരേസാ ജോണിനെതിരേ സ്വീകരിക്കേണ്ട നടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ചു സർക്കാർ തീരുമാനിക്കും. ഇതു സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകും. എസ്‌പിക്കെതിരേ നടപടി വേണ്ടെന്ന റിപ്പോർട്ട് എ.ഡി.ജി.പി: മനോജ് ഏബ്രഹാം സമർപ്പിച്ചെങ്കിലും മുഖ്യമന്ത്രി അതിൽ തൃപ്തനായിരുന്നില്ല. നടപടി കൈക്കൊല്‌ളാൻ കഴിയില്ലെന്ന് വ്യക്തമായപ്പോഴായിരുന്നു പിണറായി വിജയൻ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി ശാസിച്ചത്. എന്ാൽ. സിപിഎം. സംസ്ഥാന നേതൃത്വം ചൈത്രയ്ക്കെതിരേ കടുത്ത നടപടി വേണമെന്ന നിലപാടിലാണ്.

കടുത്ത നടപടി വേണമോയെന്നും മറ്റൊരു അന്വേഷണത്തിനുശേഷം നടപടി സ്വീകരിച്ചാൽ പോരെയെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കാനുള്ള സാധ്യതയും സർക്കാർ ആരായുന്നുണ്ട്. എന്തായാലും ചൈത്ര തെരേസ ജോൺ കടുത്ത നടപടി നേരിടേണ്ടിവരുമെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്ന സൂചന. നേരത്തെ, ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നു ചൈത്രയെ സർക്കാർ താക്കീത് ചെയ്തിരുന്നു. അതു പോരെന്നു പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ചൈത്രയുടെ നടപടി ശരിയാണെന്ന് ഐപിഎസ് അസോസിയേഷനിൽ ഭൂരിപക്ഷത്തിനും അഭിപ്രായമുണ്ട്. എന്നാൽ, അവർ ആരും തന്നെ സർക്കാറിന്റെ രോഷം ഭയന്ന് നടപടി കൈക്കൊള്ളുന്നില്ലെന്ന് മാത്രം. എന്നാൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതികൾക്കായി നിയമപ്രകാരം പരിശോധന നടത്തിയ വനിതാ എസ്‌പിക്കെതിരെ നടപടിയെടുത്താൽ തിരിച്ചടിയാകുമെന്നാണു പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ അടക്കം ചില ഉന്നതർ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചതെന്നാണു സൂചന. എസ്‌പി നടത്തിയ പരിശോധന ക്രമപ്രകാരമായിരുന്നതിനാൽ അന്വേഷണത്തിനു പഴുതില്ലെന്നും ഇവർ വ്യക്തമാക്കി. അതേസമയം ഇനി കാക്കി ധരിക്കാത്ത വിധത്തിൽ അപ്രധാന വകുപ്പിലേക്ക് ചൈത്രയെ സ്ഥലം മാറ്റാനുള്ള തീരുമാനവും കൈക്കൊണ്ടേക്കും. സിപിഎമ്മിന്റെ മുഖം രക്ഷിക്കലിന്റെ ഭാഗമായാകും അപ്രധാന തസ്തികയിലേക്ക് ഉദ്യോഗസ്ഥയെ മാറ്റുക.

പഴുതടച്ചുകൊണ്ടാണ് എഡിജിപി റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിൽ എസ്‌പി ചൈത്ര സ്വീകരിച്ച നടപടികൾ അക്കമിട്ടു നിരത്തുന്നു. കോടതിയിൽ മുൻകൂട്ടി അറിയിച്ചത്, ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയത്, പ്രതികൾ പാർട്ടി ഓഫിസിൽ ഉണ്ടെന്നു സ്ഥിരീകരിച്ചത് എല്ലാം ഇതിലുണ്ട്. റിപ്പോർട്ട് ശരിവച്ചു മുഖ്യമന്ത്രിക്കു കൈമാറുക മാത്രമായിരുന്നു ബെഹ്‌റയുടെ മുന്നിലെ വഴി. എന്നാൽ സർക്കാരിന്റെ അപ്രീതി വേണ്ടെന്നു കരുതി അദ്ദേഹം അതു ശരിവയ്ക്കാതെ അതേപടി കൈമാറി. റിപ്പോർട്ടിൽ വിയോജിപ്പ് അറിയിച്ചാൽ കാര്യകാരണങ്ങൾ വിശദീകരിക്കേണ്ടി വരും. സ്വന്തം ജോലി നിർവഹിച്ച യുവ ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ തെറ്റായ ശുപാർശ നൽകാനുമാകില്ല. ഇതും കണക്കിലെടുത്താണു ഡിജിപി മൗനം പാലിച്ചത്.

എങ്കിലും സിപിഎം ഭരണത്തിലിരിക്കെ പാർട്ടി ഓഫിസിൽ രാത്രി പൊലീസ് കയറിയതു പൊറുക്കാനാകാത്ത തെറ്റായാണു മുഖ്യമന്ത്രിയും പാർട്ടിയും കാണുന്നത്. അതിനാൽ മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി പാർട്ടിയും കാക്കുന്നു. കഴിഞ്ഞ 24 ന് രാത്രിയാണു തിരുവനന്തപുരം ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന വനിതാ സെൽ എസ്‌പി ചൈത്രയുടെ നേതൃത്വത്തിൽ പൊലീസ് സിപിഎം ഓഫിസിൽ കയറി പരിശോധിച്ചത്.

''നിങ്ങൾ പറഞ്ഞതെല്ലാം ശരി, പക്ഷേ പാർട്ടി ഓഫിസിൽ കയറിയത് ഒട്ടും ശരിയായില്ല'' തന്നെ വന്നു കണ്ട എസ്‌പി ചൈത്ര തെരേസ ജോണിനോടു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണിത്. പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാരെ പിടിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയതു വിവാദമായതിനു പിന്നാലെയാണു സംഭവം വിശദീകരിക്കാൻ അവർ മുഖ്യമന്ത്രിയെ കണ്ടത്. എസ്‌പി പറഞ്ഞതെല്ലാം കേട്ട ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തലശ്ശേരി എഎസ്‌പി ആയിരിക്കുമ്പോൾ മുതൽ അറിയാമെന്നും ചൈത്രയോടു മുഖ്യമന്ത്രി പറഞ്ഞു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണു നിയമസഭയിൽ എസ്‌പിയുടെ നടപടിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്.

എന്തായാലും സത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ തൽക്കാലും ആരെയും കൂസേണ്ടെന്ന നിലപാടിലാണ് ചൈത്ര. ഏതു നടപടിയും സ്വീകരിക്കാൻ താൻ തയ്യാറാണെന്ന നിലപാടും അദ്ദേഹം കൈക്കൊള്ളും. മുഖ്യമന്ത്രിയുടെ താക്കീതിന് പിന്നാലെ അവരെ വിമൺസ് സെല്ലിലേക്ക് മടക്കി അയച്ചിരുന്നു. നട്ടെല്ല് വളയ്ക്കാതെ നടപടിയെടുത്ത ചൈത്രയ്ക്കു സാമൂഹിക മാധ്യമങ്ങളിലൂടെ സല്യൂട്ട് പ്രവഹിക്കുകയാണ്. അതിനിടെ അവർക്കെതിരേ നടപടിയെടുക്കുന്നതു സർക്കാരിന്റെ പ്രതിഛായ കൂടുതൽ മോശമാക്കുമെന്നതിനാലാണു തൽക്കാലം താക്കീതിൽ നിർത്തുന്നത്. പൊലീസ് തെരയുന്ന ചിലർ പാർട്ടി ഓഫീസിലുണ്ടെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നു ചൈത്ര വിശദീകരണം നൽകിയിരുന്നു.

ക്രമസമാധാനത്തിന്റെ അധികച്ചുമതല മാത്രമാണു ചൈത്രയ്ക്കുണ്ടായിരുന്നതെന്നും റെയ്ഡിനു മുമ്പ് ഐ.ജിയെയോ കമ്മിഷണറെയോ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറെയോ അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ 22-നു തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു ഡിവൈഎഫ്ഐ. പ്രവർത്തകർ കല്ലെറിഞ്ഞിരുന്നു. പോക്സോ കേസിൽ അറസ്റ്റിലായ രണ്ടു പ്രവർത്തകരെ കാണാൻ അനുവദിക്കാതിരുന്നതായിരുന്നു പ്രകോപനം. ഇവർക്കായുള്ള തെരച്ചിലാണ് സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. പരിശോധനയിൽ അക്രമികളെ കണ്ടെത്താനായില്ല. ഇന്റലിജൻസ് പോലും അറിയാതെയായിരുന്നു റെയ്ഡ് നടത്തിയതെങ്കിലും വിവരം സിപിഎം. നേതൃത്വത്തിനു ചോർത്തിക്കിട്ടിയിരുന്നെന്നു സംശയിക്കുന്നു. ഒരു ഡിവൈ.എസ്‌പിയാണു ചോർത്തിയതെന്നാണു സൂചന.

ജില്ലാ പൊലീസ് മേധാവി/എസ്‌പി. തലത്തിൽ വലിയ അഴിച്ചുപണിക്കു സർക്കാർ തയ്യാറെടുക്കുകയാണ്. പത്തു ജില്ലാ പൊലീസ് മേധാവിമാർക്കു മാറ്റമുണ്ടായേക്കും. ഇക്കൂട്ടത്തിൽ ചൈത്രയെ ഏതെങ്കിലും അപ്രധാന സ്ഥാനത്തേക്കു നീക്കാനിടയുണ്ട്. കടുത്ത നടപടിയാണ് സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP