Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കോവിഡ് പ്രതിരോധം 100 മീറ്ററോ 200 മീറ്ററോ ഓടി തീർക്കുന്നത് പോലെ ഓടിതീർക്കാൻ പറ്റില്ല; മാരത്തൺ പോലെ ദീർഘമായ പരീക്ഷണഘട്ടം; ബിബിസി റിപ്പോർട്ടിലെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി; പി.ആർ. വർക്കുകൊണ്ടാണ് ബിബിസി ആദ്യം പുകഴ്‌ത്തി എഴുതിയതെന്നാണ് മുമ്പ് ആരോപിച്ചിരുന്നത്; പൊതുവിൽ കേരളം നന്നായി കോവിഡിനെ കൈകാര്യം ചെയ്തുവെന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നതെന്നും പിണറായി വിജയൻ

കോവിഡ് പ്രതിരോധം 100 മീറ്ററോ 200 മീറ്ററോ ഓടി തീർക്കുന്നത് പോലെ ഓടിതീർക്കാൻ പറ്റില്ല; മാരത്തൺ പോലെ ദീർഘമായ പരീക്ഷണഘട്ടം; ബിബിസി റിപ്പോർട്ടിലെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി; പി.ആർ. വർക്കുകൊണ്ടാണ് ബിബിസി ആദ്യം പുകഴ്‌ത്തി എഴുതിയതെന്നാണ് മുമ്പ് ആരോപിച്ചിരുന്നത്; പൊതുവിൽ കേരളം നന്നായി കോവിഡിനെ കൈകാര്യം ചെയ്തുവെന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നതെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപപെട്ട് ബിബിസിയിൽ വന്ന ലേഖനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധ പ്രവർത്തനം ഹ്രസ്വദൂര ഓട്ടമത്സരമല്ല. 100 മീറ്ററോ 200 മീറ്ററോ ഓടുന്നതുപോലെ ഒറ്റയടിക്ക് ഓടിത്തീർക്കാൻ പറ്റുന്നതല്ല കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനം. മാരത്തൺ പോലെ ദീർഘമായ പരീക്ഷണ ഘട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

പി.ആർ. വർക്കുകൊണ്ടാണ് ബിബിസി ആദ്യം പുകഴ്‌ത്തി എഴുതിയതെന്നാണ് മുമ്പ് ആരോപിച്ചിരുന്നത്. അത് മറന്നുപോകാൻ പാടില്ല. ഇപ്പോൾ കേരളത്തിനെന്തൊ തിരിച്ചടി നേരിട്ടു എന്ന തരത്തിലാണ് അത്തരം ആളുകൾ ഈ വാർത്തകളെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിൽ കേരളം നന്നായി കോവിഡിനെ കൈകാര്യം ചെയ്തുവെന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലേത്. രോഗികളുടെ എണ്ണക്കൂടുതൽ കൊണ്ട് ആശുപത്രികൾ വീർപ്പുമുട്ടിയിട്ടില്ലെന്നും ആ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്. നൂറുകണക്കിന് ഗ്രാമങ്ങളിലാണ് സർക്കാർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റുമെന്റ് സെന്ററുകൾ ആരംഭിച്ചിട്ടുള്ളതെന്ന റിപ്പോർട്ടിലെ പരാമർശങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
100 മീറ്ററോ 200 മീറ്ററോ ഓടുന്നതുപോലെ ഒറ്റയടിക്ക് ഓടിത്തീർക്കാൻ പറ്റുന്നതല്ല കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനം. മാരത്തൺ പോലെ ദീർഘമായ പരീക്ഷണ ഘട്ടമാണ്. ആരോഗ്യസംവിധാനങ്ങളുടെയും ജനങ്ങളുടെയും ക്ഷമയും സഹന ശക്തിയും പരീക്ഷിക്കപ്പെടുകയാണ്. ഈ ബോധം നമുക്ക് ഓരോരുത്തർക്കും ആവശ്യമുണ്ട്. എങ്കിൽ മാത്രമേ അവസാനം വരെ വീഴാതെ ഓടിത്തീർക്കാൻ സാധിക്കുകയുള്ളു.

ഇക്കാര്യത്തിൽ ശാരീരിക ക്ഷമത ഉറപ്പുവരുത്തുന്നതോടൊപ്പം അവസാനം വരെ പോരാടാനുള്ള മാനസികമായ കരുത്തുകൂടിയാണ് ഒരു സമൂഹമെന്ന നിലയിൽ നമുക്ക് ഇപ്പോൾ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന
പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. പ്രതിപക്ഷം നടത്തുന്ന തെറ്റായ പ്രചാരണങ്ങൾ. ചില മാധ്യമങ്ങൾ ഏറ്റെടുക്കുകയാണ്. തെറ്റായതെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഇക്കൂട്ടരുടെ പ്രചാരണം-മുഖ്യമന്ത്രി പറഞ്ഞു

ബിബിസി ലേഖനത്തിൽ നിന്ന്

കേരള മോഡലിന് എവിടെയോ പിഴച്ചു എന്നാണ് ജൂലൈ അവസാനവാരത്തിലെ വിലയിരുത്തലുകൾ. ആഘോഷങ്ങൾ നേരത്തെ ആയോ.? India coronavirus: How Kerala's Covid 'success story' came undone എന്ന പുതിയ ലേഖനത്തിൽ ബിബിസിയുടെ ഇന്ത്യ കറസ്‌പോണ്ടന്റ് സൗതിക് ബിശ്വാസ് ചോദിക്കുന്നതും അതുതന്നെ.

പൂന്തുറ അടക്കമുള്ള തീരദേശമേഖല ക്രിട്ടിക്കൽ കണ്ടെയ്‌മെന്റ് സോണിലാണ്. ഒരുവലിയ ജനവിഭാഗത്തെ വീണ്ടും അടച്ചുപൂട്ടിയിരിക്കുന്നു. ആളുകൾക്ക് ആശയക്കുഴപ്പം. ഒറ്റപ്പെട്ടത് പോലെ. ആകെ സംഘർഷഭരിതം. പ്രാദേശിക വികാരി ഫാ.ബെബിൻസണെ ഉദ്ധരിച്ച് ബിബിസി ലേഖകൻ പറയുന്നതും മറ്റൊന്നല്ല. എന്താണ് പൊടുന്നനെ തങ്ങൾക്ക് സംഭവിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ അടക്കമുള്ള സമൂഹത്തിന് ആദ്യം മനസ്സിലായില്ല.

രണ്ടുമാസം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ വേറിട്ട വിജയഗാഥയുമായി കേരളം തിളങ്ങുകയായിരുന്നു
ഇപ്പോഴാകട്ടെ, രാജ്യത്ത് തന്നെ ഇതാദ്യമായി സമൂഹവ്യാപനം സംഭവിച്ചു എന്ന് പരസ്യമായി സമ്മതിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുന്നു. അതിർത്തികൾ അടച്ചിട്ടിരുന്ന നിയന്ത്രിത സാഹചര്യത്തിൽ വൈറസിനെ നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞു. എന്നാൽ, ഇപ്പോൾ വൈറസ് വ്യാപനം കുതിപ്പിലാണ്, വാഷിങ്ടൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോ.ലാൽ സദാശിവനെ ഉദ്ധരിച്ച് ബിബിസി ലേഖകൻ പറയുന്നു.

ആഘോഷങ്ങൾ നേരത്തെയായി

ലോക് ഡൗണിൽ ഇളവുകൾ വരുത്തി ഗൾഫിൽ നിന്നുള്ള പ്രവാസികളുടെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു. രണ്ടുലക്ഷത്തിലേറെ പ്രവാസികളാണ് മടങ്ങിയെത്തിയത്. ആഘോഷങ്ങൾ നേരത്തെയായി എന്ന് പലർക്കും തോന്നിയ സമയം. ആദ്യ ആയിരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ കേരളം 110 ദിവസമെടുത്തു. ജൂലൈ മധ്യത്തോടെ ഒരുദിവസം 800 ഓളം കേസുകളും, ജൂലൈ 20 ന് കേരളത്തിലെ കേസുകൾ 12,000 കടന്നു. 43മരണം. 1,70,000 പേർ ക്വാറന്റൈനിലും.

എന്താണ് കേസുകൾ കുതിച്ചുയരാൻ കാരണം?

ബിബിസി റിപ്പോർട്ട് പ്രകാരം ഒരുകാരണം, ഗൾഫിൽ നിന്നുള്ള പ്രവാസികളുടെയും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും മടങ്ങി വരവ് തന്നെ. റിപ്പോർട്ട് ചെയത 7000 ത്തോളം കേസുകൾക്ക് യാത്രാപശ്ചാത്തലമുണ്ട്. പ്രവാസികൾ മടങ്ങി എത്തിയതോടെ, രോഗബാധിതരെ നിയന്ത്രിക്കുക, അസാധ്യമായി മാറിയെന്ന് ശശി തരൂർ. താനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സംഭാഷണവും തരൂർ ഓർത്തെടുക്കുന്നു.വിമാനയാത്രയ്ക്കിടെ വൈറസ് ബാധിതർ സഹയാത്രികർക്ക് അത് പകർത്താനിടയുള്ള സാഹചര്യത്തെ കുറിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. എന്നാൽ, അത് ഒഴിവാക്കാൻ ആകില്ലെന്നാണ് തരൂരിന്റെ അഭിപ്രായം. ഓരോ പൗരനും രാജ്യത്തേക്ക് മടങ്ങിവരാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട്. അവർ രോഗബാധിതരാണെങ്കിൽ പോലും. എന്നാൽ, അത് കേരളത്തിന്റെ രോഗ നിയന്ത്രണത്തിൽ വലിയ വ്യത്യാസമുണ്ടാക്കി, തരൂർ സൗതിക് ബിശ്വാസിനോട് പറഞ്ഞു.

മടങ്ങിവരവ് പ്രാദേശിക സാമൂഹിക വ്യാപനത്തിന് കാരണമായി

മെയ് ആദ്യത്തോടെ, യാത്രാപശ്ചാത്തലമില്ലാത്ത കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 821 പുതിയ കേസുകളിൽ 640 ഉം സമ്പർക്കത്തിലൂടെയായിരുന്നു. 43 പേരുടെ ഉറവിടവും വ്യക്തമല്ല. എന്നാൽ, സമ്പർക്കത്തിലൂടെയുള്ള കേസുകളുടെ കുതിപ്പ് മത്സ്യത്തൊഴിലാളി സമൂഹത്തിലാണ് കൂടുതലായി കാണുന്നത്. ലോക് ഡൗണിൽ ഇളവ് വരുത്തിയതോടെ ആളുകൾ അധികം മുൻകരുതലുകൾ എടുക്കാതെ വീടിന് പുറത്തിറങ്ങാൻ തുടങ്ങി. ജോലിക്കും മറ്റും പോകേണ്ടതിനാൽ നിയന്ത്രണങ്ങളിൽ കുറച്ച് അയവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സുരക്ഷിതരായിരിക്കാൻ അവരെ ബോധവത്കരിച്ച് വരികയാണ്, വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള വിദഗ്ധസമിതി തലവൻ ഡോ.ബി.ഇക്‌ബാൽ ബിബിസി ലേഖകനോട് പറഞ്ഞു.

ടെസ്റ്റുകൾ കുറവെന്ന വിമർശനം

കേസുകളുടെ എണ്ണം കുറഞ്ഞതോടെ ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞത് പോരായ്മയായി എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഏപ്രിലിൽ ദിവസം 663 ടെസ്റ്റുകളായിരുന്നത് ഇപ്പോൾ 9,000 സാമ്പിളുകളായി ഉയർന്നിട്ടുണ്ട്. എന്നാൽ ജനസംഖ്യയുടെ പത്തു ലക്ഷം പേർ എന്ന പരിശോധനാ നിരക്കിൽ കണക്കാക്കുമ്പോൾ ആന്ധ്രയേക്കാളും തമിഴ്‌നാടിനേക്കാളും പിറകിലാണ് കേരളത്തിലെ പരിശോധനാ നിരക്ക്. എന്നാൽ, രാജ്യത്ത് ഏറ്റവും വലിയ ഹോട്ട്‌സ്‌പോട്ടായ മഹാരാഷ്ട്രയിലെ പരിശോധനാ നിരക്കിനേക്കാൾ കൂടുതലാണ് കേരളത്തിന്റെ പരിശോധനാ നിരക്ക്. പരിശോധനകൾ കൂട്ടിയിട്ടുണ്ടെങ്കിലും അതൊരിക്കലും മതിയാകില്ല, എറണാകുളം മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ വകുപ്പ് മേധാവി ഡോ. എ ഫത്താഹുദ്ദീൻ പറയുന്നു. രാജ്യത്തെ ഒരു സംസ്ഥാനത്തും ആവശ്യമായ ടെസ്റ്റുകൾ നടക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP