Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഹെഡ് മാസ്റ്റർ സ്ഥലത്ത് ഇല്ലാത്തതിനാൽ മാസ്റ്റർമാരായ തങ്ങൾ സംസ്ഥാനം ചുറ്റുകയാണെന്ന മന്ത്രി കെ. രാജുവിന്റെ മുന വച്ച പരാമർശം വരുമ്പോൾ മുഖ്യമന്ത്രിയും സംഘവും എട്ടാമത് വിദേശ പര്യടനം തുടരുന്ന തിരക്കിൽ; വരവില്ലാതെ ചെലവേറുന്ന കേരളത്തിൽ മുഖ്യമന്ത്രി എത്ര രാജ്യങ്ങളിൽ പോയെന്നും ചെലവ് എത്രയെന്നും വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ മറുപടി 'ഡോണ്ട് നോ'; ജപ്പാൻ-കൊറിയ യാത്രയ്ക്ക് മാത്രം ചെലവാകുക ഏകദേശം 80 ലക്ഷം

'ഹെഡ് മാസ്റ്റർ സ്ഥലത്ത് ഇല്ലാത്തതിനാൽ മാസ്റ്റർമാരായ തങ്ങൾ സംസ്ഥാനം ചുറ്റുകയാണെന്ന മന്ത്രി കെ. രാജുവിന്റെ മുന വച്ച പരാമർശം വരുമ്പോൾ മുഖ്യമന്ത്രിയും സംഘവും എട്ടാമത് വിദേശ പര്യടനം തുടരുന്ന തിരക്കിൽ; വരവില്ലാതെ ചെലവേറുന്ന കേരളത്തിൽ മുഖ്യമന്ത്രി എത്ര രാജ്യങ്ങളിൽ പോയെന്നും ചെലവ് എത്രയെന്നും വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ മറുപടി 'ഡോണ്ട് നോ'; ജപ്പാൻ-കൊറിയ യാത്രയ്ക്ക് മാത്രം ചെലവാകുക ഏകദേശം 80 ലക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വരവില്ലാതെ ചെലവേറുന്നതാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണം. കേന്ദ്രം പിടിച്ചുവച്ചിരിക്കുന്ന ജിഎസ്ടി കുടിശ്ശിക അടക്കം പല കാരണങ്ങളുമുണ്ട്. ശമ്പളവും പെൻഷനും പലിശച്ചെലവും താങ്ങാനാവുന്നില്ല. പദ്ധതി ചെലവും അനാവശ്യചെലവും ഒഴിവാക്കുകയാണ് ഇപ്പോൾ സർക്കാരിന്റെ മുന്നിലുള്ള പോംവഴി. അതുകൊണ്ടാണ് ഖജനാവ് ചോരുന്ന മുഖ്യമന്ത്രിയുടെ ജപ്പാൻ-ദക്ഷിണ കൊറിയ യാത്രയ്‌ക്കെതിരെ വിമർശനം ഉയരുന്നത്. 11 ദിവസത്തെ സന്ദർശനത്തിൽ 13 അംഗ പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം 9 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾ സന്ദർശിച്ചതുകൊണ്ട് കേരളത്തിന് എന്ത് നേട്ടമുണ്ടായി. എത്ര കരാറുകൾ ഒപ്പിട്ടു, വിദേശയാത്രകൾക്ക് എത്ര തുക ചെലവഴിച്ചു? ഇതൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. ടൈംസ് ഓഫ് ഇന്ത്യ നൽകിയ വിവരാവകശാശ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിലും വിവരങ്ങൾ ലഭ്യമല്ല എന്നാണ് പറയുന്നത്.

മുഖ്യമന്ത്രി ആയ ശേഷം യുഎഇയിലേക്ക് മൂന്നുതവണയും യുഎസിലേക്ക് രണ്ടുതവണയും പിണറായി വിജയൻ യാത്ര ചെയ്തു. ഭാര്യയും മകളും പേരക്കുട്ടിയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ രണ്ടുതവണ വിദേശയാത്ര നടത്തി. അതെല്ലാം ഗൾഫിലേക്കായിരുന്നു. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ, വിദേശയാത്രകൾ ഒന്നും നടത്തിയിട്ടില്ല.

മുഖ്യമന്ത്രിയുടെ വിദേശയാത്രകളെ കുറിച്ച് പലവട്ടം വിവരാവകാശപ്രകാരവും നിയമസഭയിലും ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും ഇടതുസർക്കാരിന് ചെലവായ തുകയെ കുറിച്ച് മിണ്ടാട്ടമില്ല. പൊതുഭരണവകുപ്പിന്റെ മറുപടി അനുസരിച്ച് അവരുടെ പക്കൽ യാത്രാച്ചെലവിന്റെ വിവരങ്ങൾ ഇല്ല. അതുപോലെ തന്നെ ഒപ്പിട്ട കരാറുകളെ കുറിച്ചും ഒരറിവുമില്ല. 2016 നും 2019 നും ഇടയിൽ മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകളുടെ ടിക്കറ്റ് ചാർജിനായി ചെലവാക്കിയ തുക തിരികെ നൽകിയ കണക്കുമാത്രമാണ് പൊതുഭരണ വകുപ്പിന്റെ പക്കലുള്ളത്.

നിയമസഭയുടെ 15ാം സമ്മേളനത്തിൽ പിസി ജോർജും എൻഎ നെല്ലിക്കുന്നു മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും വിദേശയാത്ര, ഉദ്ദേശ്യം. ചെലവായ തുക എന്നിവയെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ, ചെലവായ തുകയെ കുറിച്ച് ഇരുവർക്കും മറുപടിയൊന്നും കിട്ടിയില്ല. നവംബർ ആറിന് ഇറക്കിയ (GO (Rt) No. 6433/2019/GAD യിൽ മുഖ്യമന്ത്രിയുടെ യാത്രാ ഷെഡ്യൂളും, ഒരുക്കുന്ന വിവിധ സൗകര്യങ്ങളും വിശദീകരിക്കുന്നുണ്ട്. ഇതുപ്രകാരം വിമാനയാത്രാനിരക്ക്. വിമാനത്താവള നികുതി, ബിസിനസ് ഹോട്ടൽ താമസം, പ്രാദേശിക ഗതാഗത സൗകര്യം, ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ യാത്ര, കമ്യൂണിക്കേഷൻ സംവിധാനങ്ങളുടെ ചെലവ്, എയർപോർട്ട് ലോഞ്ച്, വൈദ്യസഹായം എന്നിങ്ങനെയാണ് പട്ടിക. ഇതെല്ലാം സംസ്ഥാന സർക്കാരിന്റെ ചെലവിൽ ആയിരിക്കും. വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടപ്രകാരമുള്ള ഡെയ്‌ലി അലവൻസും അധികമായി നൽകും. 100 ഡോളറാണ് ഒരാൾക്ക് അനുവദിച്ചിരിക്കുന്നത്. പ്രതിനിധികൾ 11 ദിവസം വിദേശത്ത് താമസിക്കുമ്പോൾ ഈയിനത്തിൽ ഗണ്യമായ തുക ചെലവഴിക്കേണ്ടി വരും.

പ്രതിനിധി സംഘം ടോക്യോയിൽ എത്തിയ ശേഷം പൊതുഭരണ വകുപ്പ് മറ്റൊരു ഉത്തരവ് ഇറക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഏതെങ്കിലും അടിയന്തര ആവശ്യത്തിനായി 10 ലക്ഷം രൂപ കൂടി പ്രതിനിധി സംഘത്തിന്റെ ഭാഗമായ ശുചിത്വ മിഷൻ ഡയറക്ടർ മിർ മുഹമ്മദ് അലിയുടെ അക്കൗണ്ടിൽ ഇട്ടുനൽകി. വിദേശയാത്രകളുമായി ബന്ധപ്പെട്ട് സർക്കാരിറക്കിയ ഉത്തരവുകളും വിശദാംശങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിൽ കാണുന്നുമില്ല. ഇതെല്ലാം പൊതുജനമധ്യത്തിൽ പരസ്യമാക്കുമെന്ന നിലപാട് ഇടതുസർക്കാർ സ്വീകരിച്ചിരിക്കുമ്പോഴാണ് ഈ ഒളിച്ചുകളി.

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്കു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു നൽകുന്നതു 'തർക്കുത്തരങ്ങളാണെന്ന ആരോപണം നേരത്തെയുണ്ട്. പല ചോദ്യങ്ങൾക്കും ഉത്തരമില്ലെന്നു മാത്രമല്ല, മറ്റു വകുപ്പുകളിൽ പോയി ചോദിക്കാനുമാണു മറുപടി. വി എസ്.അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ എത്ര റിപ്പോർട്ടുകൾ ലഭിച്ചു, എന്തു നടപടിയെടുത്തു എന്ന ചോദ്യത്തിനു കമ്മിഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസറോടു ചോദിക്കാനായിരുന്നു മറുപടി. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ കെ.ഗോവിന്ദൻ നമ്പൂതിരിയുടെ അപേക്ഷയിലാണു മുഖ്യമന്ത്രിയുടെ ഓഫീ്‌സ് കൃത്യമായ മറുപടി നൽകാതിരുന്നത്. മുഖ്യമന്ത്രി എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു, എത്ര ചെലവ്, നേട്ടങ്ങൾ എന്തൊക്കൈയന്ന ചോദ്യത്തിന് ഉത്തരം ഇവിടെ ലഭ്യമല്ല എന്നായിരുന്നു മറുപടി. അപേക്ഷ പൊതുഭരണ വകുപ്പിനു കൈമാറിയെന്നും പറഞ്ഞു. പൊതുഭരണ വകുപ്പിൽ ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്രയുടെ ചെലവ് അവർക്കും അറിയില്ലെന്നായിരുന്നു മറുപടി. യൂറോപ്യൻ രാജ്യങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തിയപ്പോൾ എത്ര ധാരണാപത്രം ഒപ്പിട്ടുവെന്ന് ചോദിച്ചപ്പോൾ, ഇവിടെ അറിയില്ല. ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ ചോദിക്കൂ എന്നും മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന്റെ ചെലവ് എത്ര. എത്ര ജീവനക്കാരെ നിയോഗിച്ചുവെന്ന ചോദ്യത്തിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഓഫിസിൽ ചോദിക്കൂ എന്നുമൊക്കെയായിരുന്നു മറുപടികൾ.

നിലവിൽത്തന്നെ നിയമസഭാ ചോദ്യങ്ങൾക്ക് ഏറ്റവും കുറച്ച് ഉത്തരം നൽകുന്ന വകുപ്പുകൾ മുഖ്യമന്ത്രിയുടേതാണെന്ന് വി.ടി.ബൽറാം അടുത്തിടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. സ്പീക്കർക്ക് പോലും പലതവണ ഇത് ഓർമ്മപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും ബൽറാം പറഞ്ഞിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പരിഹസിച്ച് വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ പരാമർശവും വിവാദമായി. ഹെഡ് മാസ്റ്റർ സ്ഥലത്ത് ഇല്ലാത്തതിനാൽ മാസ്റ്റർമാരായ ഞങ്ങൾ സംസ്ഥാനം ചുറ്റുകയാണെന്നാണ് മന്ത്രി കെ. രാജു പറഞ്ഞത്. പയ്യന്നൂർ വെള്ളൂർ ക്ഷിരോത്പാദക സഹകരണസംഘത്തിന്റെ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇടത് സർക്കാർ അധികാരമേറ്റപ്പോൾ മന്ത്രിമാരെല്ലാം ആഴ്ചയിൽ അഞ്ചുദിവസം തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ ഉത്തരവ് കാരണം തലസ്ഥാനം വിട്ട് പുറത്തുപോകാൻ സാധിക്കുമായിരുന്നില്ല. എന്നാൽ ഹെഡ് മാസ്റ്റർ സ്ഥലത്ത് ഇല്ലാത്തിനാൽ ഇപ്പോൾ സംസ്ഥാനമാകെ മാസ്റ്റർമാരാർ ചുറ്റു സഞ്ചരിക്കുകയാണെന്നും മന്ത്രി കെ. രാജു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രി-ഉദ്യോഗസ്ഥതല സംഘം ജപ്പാൻ, കൊറിയ എന്നിവിടങ്ങൾ സന്ദർശിച്ചുവരികയാണ്. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ, ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംഘത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP