Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇതുവരെ ദുരിതസാശ്വാസ നിധിയിലേക്കെത്തിയത് 715 കോടി രൂപ; ഒന്നോ രണ്ടോ ദിവസത്തിനകെ 1000 കോടി കടക്കും; വാഗ്ദാനം നൽകിയ പ്രമുഖരുടെ പണം കൂടി എത്തുന്നതോടെ ദുരിതാശ്വാസ നിധി നിറഞ്ഞ് കവിയും; കേരളം പുനർസൃഷ്ടിക്കാൻ ലോകം എമ്പാടുമുള്ള മലയാളികൾ കൈകോർക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണത്തിന്റെ ഒഴുക്ക്

ഇതുവരെ ദുരിതസാശ്വാസ നിധിയിലേക്കെത്തിയത് 715 കോടി രൂപ; ഒന്നോ രണ്ടോ ദിവസത്തിനകെ 1000 കോടി കടക്കും; വാഗ്ദാനം നൽകിയ പ്രമുഖരുടെ പണം കൂടി എത്തുന്നതോടെ ദുരിതാശ്വാസ നിധി നിറഞ്ഞ് കവിയും; കേരളം പുനർസൃഷ്ടിക്കാൻ ലോകം എമ്പാടുമുള്ള മലയാളികൾ കൈകോർക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണത്തിന്റെ ഒഴുക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 715.37 കോടി രൂപ. ചെക്കായും പണമായും ലഭിച്ചത് 538 കോടി രൂപയാണ്. ഇലക്ട്രോണിക് പണമിടപാടുകളിലൂടെ 132.82 കോടി രൂപയും യുപിഐ ഉൾപ്പെടെയുള്ള പണമിടപാടു രീതികൾ വഴി ലഭിച്ചത് 44.31 കോടി രൂപയുമാണ്. കുറച്ചു ദിവസമായി ബാങ്ക് അവധിയാണ്. ഇന്ന് ബാങ്കുകൾ വീണ്ടും തുറക്കും. ഇതോടെ കേരളത്തെ പുനർനിർമ്മിക്കാനുള്ള ഫണ്ട് 1000 കോടി കവിയും.

ഇതിനൊപ്പം നിരവധി പേർ കേരളത്തിന് സംഭാവന വാഗ്ദാനം ചെയ്തിട്ടുണ്ട്. വൻ വ്യവസായികളും പ്രവാസികളും ഇതിൽ ഉൾപ്പെടും. ഈ തുക കൂടി കിട്ടുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ കരുത്ത് കൂടും. കേരളത്തെ പുനർനിർമ്മിക്കാനുള്ള സഹായം മലയാളി കരുത്തിൽ നേടാമെന്ന പ്രതീക്ഷകളാണ് ഇത് സജീവമാക്കുന്നത്. കേന്ദ്ര സഹായത്തിനൊപ്പം വിദേശ സഹായം കൂടി കിട്ടിയാൽ പുനർനിർമ്മാണം പുതിയ തലത്തിലെത്തും. യുഎഇ അടക്കമുള്ളിടത്ത് നിന്ന് സഹായം ഉറപ്പാക്കാനുള്ള ചർച്ചകൾ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നുണ്ട്.

തമിഴ്‌നാട്ടിലെ വേലമ്മാൾ എജ്യുക്കേഷനൽ ട്രസ്റ്റ് ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം വി മുത്തുരാമലിംഗം മുഖ്യമന്ത്രി പിണറായി വിജയനു ചെക്ക് കൈമാറി. ഇന്ത്യൻ ബാങ്കിന്റെ സംഭാവനയായ 4.01 കോടി രൂപ എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എസ്.രാജീവ് പിണറായി വിജയനു കൈമാറി. ഇതിൽ 3.01 കോടി രൂപ ജീവനക്കാർ സമാഹരിച്ചതാണ്. ഒരു കോടി ബാങ്കിന്റെ വിഹിതവും. ഇങ്ങനെ എല്ലാ കോണിൽ നിന്നും സഹായം പ്രവഹിക്കുകയാണ്.

കേരളത്തെ പുനർനിർമ്മിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്ത സാലറി ചലഞ്ചിന് മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങിന്റെ പിന്തുണയുമെത്തി. തന്റെ ഒരു മാസത്തെ ശമ്പളവും എംപി ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും കേരളത്തിന് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ എല്ലാ മലയാളികളും ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഒരുമിച്ച് നൽകാൻ കഴിയാത്തവർ മാസ തവണകളായി നൽകിയാലും മതിയെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പൊതുസമൂഹത്തിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഗവർണർ, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, വിവിധ രാഷ്ട്രീയ കക്ഷി എംഎ‍ൽഎമാർ തുടങ്ങി നിരവധി പേർ പണം നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും വിവിധ വകുപ്പുതലവന്മാരും ഇതിനായി സന്നദ്ധത അറിയിച്ചു. യു.ഡി.എഫ്. എംഎ‍ൽഎമാർ ഒരുമാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളും മന്ത്രിമാരായ ഇ.പി. ജയരാജൻ, സി. രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളും ഒരുമാസത്തെ ശമ്പളം നൽകും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.കെ. ശൈലജയും ഒരുലക്ഷം രൂപ നേരത്തേ നൽകിയിരുന്നു. ഇങ്ങനെ ഈ സഹായവും സർക്കാരിനെ തേടിയെത്തുകയാണ്. അതുകൊണ്ട് തന്നെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് വരവ് 2000വും കവിയുമെന്നാണ് സർക്കാർ പ്രതീക്ഷ.

അതിനിടെ പ്രളയബാധിതർക്കുള്ള സഹായം എത്രയുംവേഗം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ബാങ്ക് പ്രവർത്തി ദിനം മുതൽ തുക വിതരണം ചെയ്ത് തുടങ്ങണമെന്ന് കലക്ടർമാർക്ക് നിർദ്ദേശം ലഭിച്ചു കഴിഞ്ഞു. ക്യാംപിൽ നിന്നും മടങ്ങുന്നവരുടെ അക്കൗണ്ടിലേക്ക് 10,000 രൂപ നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനായി വിശദാംശങ്ങൾ റവന്യു അധികൃതരെ അറിയിക്കണമെന്നും ക്യാംപിൽ നിന്നും മടങ്ങിയവർക്കും സഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP