Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീണു കിട്ടിയ ഭാ​ഗ്യം പോലെ സി.എം രവീന്ദ്രന് കോവിഡ്; മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി നാളെ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകില്ല; നാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും

വീണു കിട്ടിയ ഭാ​ഗ്യം പോലെ സി.എം രവീന്ദ്രന് കോവിഡ്; മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി നാളെ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകില്ല; നാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവിന്ദ്രനു കോവിഡ് പോസിറ്റീവ്. വെള്ളിയാഴ്ച കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടിസ് നൽകിയിരുന്നു. ഇന്നു വന്ന പരിശോധന ഫലത്തിലാണ് സി.എം. രവിന്ദ്രന് കോവിഡ് പോസിറ്റിവ് ആയത്. രോഗം സ്ഥീരീകരിച്ചതിനാൽ നാളെ ചോദ്യം ചെയ്യലിനു ഹാജരാകില്ല. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാളെ സിഎം രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നാണ് വിവരം. അദ്ദേഹം ഇപ്പോൾ വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് .

ഐടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നൽകിയെന്ന സംശയത്തിലാണ് മൊഴിയെടുക്കാൻ ഇഡി വിളിപ്പിച്ചത്. എം ശിവശങ്കരന്റെ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻഫോഴ്സ്മെന്റ് നടപടി. സ്വർണ്ണക്കടത്ത് കേസും ലൈഫ് മിഷൻ കേസുമായി ബന്ധമുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. ഇതോടെ സ്വർണ്ണ കടത്തിലും ശിവശങ്കർ പ്രതിയാകുമെന്ന് ഉറപ്പായി.

എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ ലഭ്യമായിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. കൂടാതെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട പല രഹസ്യരേഖകളും ശിവശങ്കർ സ്വപ്നസുരേഷിന് വാട്‌സ്‌കൈ ആപ്പ് വഴി കൈമാറിയിട്ടുണ്ടെന്നുമാണ് എൻഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുണ്ടെന്നുമാണ് കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ വ്യക്തമാക്കിയത്. അതായത് സ്വപ്‌നയ്ക്ക് ശിവശങ്കർ വിവരങ്ങൾ ചോർത്തി നൽകിയെന്നതാണ് ചർച്ചയാകുന്നത്.

ലൈഫ് മിഷൻ അടക്കമുള്ളവയിൽ സ്വപ്ന സജീവ പങ്കാളിയാണെന്നും ഇ.ഡി പറയുന്നു. സർക്കാരിന്റെ രഹസ്യവിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് വാട്സ് ആപ്പ് വഴി കൈമാറി. ലൈഫ് മിഷൻ, കെഫോൺ വിവരങ്ങളാണ് കൈമാറിയത്. സർക്കാർ പദ്ധതികളുടെ വിവരങ്ങൾ സ്വപ്നയ്ക്ക് നൽകിയെന്ന് ശിവശങ്കർ ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്നും ഇ.ഡി നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ പശ്ചാത്തലത്തിൽ ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ബുധനാഴ്ച ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. അതുവരെ കസ്റ്റഡിനീട്ടണമെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യം.

കസ്റ്റഡിയിൽ ലഭിച്ച് ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ ശിവശങ്കർ അന്വേഷണ സംഘത്തോട് സഹകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കസ്റ്റഡി കാലാവധി നീട്ടി കിട്ടണമെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യം. കൂടാതെ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് നാളെ ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡികാലാവധി നീട്ടിയ സാഹചര്യത്തിൽ ഇരുവരേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്‌തേക്കുമെന്ന സൂചനയുമുണ്ട്. ഇത് അന്വേഷണത്തിൽ ഏറെ നിർണ്ണായകമാകും. സ്വപ്‌നയുമായി രവീന്ദ്രനും അടുപ്പമുണ്ടായിരുന്നുവെന്നാണ് സൂചന.

കസ്റ്റഡിയിലുള്ള ശിവശങ്കറിൽ നിന്നു ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ വിഷമവൃത്തത്തിലാക്കുന്ന നടപടി. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനു പിന്നാലെ പാർട്ടിയുമായി ഗാഢബന്ധമുള്ള സി.എം. രവീന്ദ്രനിലേക്ക് അന്വേഷണമെത്തുന്നത് ഭരണമുന്നണിയിൽ കടുത്ത രാഷ്ട്രീയസമ്മർദ്ദങ്ങൾക്ക് വഴിവയ്ക്കും. ശിവശങ്കറിനൊപ്പം പല ദുരൂഹ ഇടപാടുകളിലും രവീന്ദ്രൻ പങ്കാളിയാണെന്ന് ഇ.ഡിക്ക് വിവരം കിട്ടിയിരുന്നു. കെ- ഫോൺ അടക്കം വൻകിട പദ്ധതികളിൽ രവീന്ദ്രന്റെ വഴിവിട്ട ഇടപെടലുണ്ടായെന്നാണ് വിവരം. ശിവശങ്കർ ടൂറിസം സെക്രട്ടറിയായിരിക്കെ തന്നെ രവീന്ദ്രന് അടുത്ത ബന്ധമുണ്ടായിരുന്നു.

ഐ.ടി പദ്ധതികളിൽ മലബാറിലെ ഐ.ടി കമ്പനിക്ക് വഴിവിട്ട സഹായം നൽകിയെന്നും ആരോപണമുയർന്നിരുന്നു. ശിവശങ്കറിനെ കാണാൻ സ്വപ്ന സെക്രട്ടേറിയറ്റിലെത്തുമ്പോൾ പല തവണ രവീന്ദ്രനെയും കണ്ടതായും, സ്വപ്ന സംഘടിപ്പിച്ച ആഘോഷ പാർട്ടികളിൽ പങ്കെടുത്തതായും ഇ.ഡി പറയുന്നു. വിസ സ്റ്റാമ്പിങ് ആവശ്യത്തിന് നിരവധി തവണ വിളിച്ചതായി സ്വപ്നയും വെളിപ്പെടുത്തി. സ്വപ്നയുമായി പണമിടപാടുകളുണ്ടെന്നും ഇ.ഡി സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് വിളിച്ചു വരുത്തുന്നത്. വടകര ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന് സ്വർണക്കടകളിലും വസ്ത്ര വ്യാപാരശാലകളിലും ഇലക്ട്രോണിക്‌സ് സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും ബിനാമി നിക്ഷേപമുണ്ടെന്നും വടകരയിലെ ബന്ധുവാണ് പ്രധാന ബിനാമിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

ബിനാമികളെ ഉപയോഗിച്ച് പലേടത്തും ഭൂമി വാങ്ങിക്കൂട്ടി. മൊബൈൽ ഫോൺ വിപണന ഏജൻസി രവീന്ദ്രന്റെ ബിനാമി ഇടപാടാണെന്നും പറയുന്നു. വിദ്യാഭ്യാസ യോഗ്യതയിലും വയസിലും ഇളവു നൽകിയാണ് രവീന്ദ്രനെ പേഴ്‌സണൽ സ്റ്റാഫ് അംഗമാക്കിയത്. രാഷ്ട്രീയ നിയമനമാണ് രവീന്ദ്രന്റേത്. വർഷങ്ങളായി പല സിപിഎം മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫായിരുന്നു.വീട് പുനർനിർമ്മാണ കരാർ ബന്ധവും അന്വേഷിക്കുംപ്രളയത്തിൽ തകർന്ന 150 വീടുകളുടെ പുനർനിർമ്മാണത്തിനുള്ള കരാർ, ബിനീഷിന്റെ ബിനാമിയായ തിരുവനന്തപുരത്തെ കാർ പാലസ് ഉടമയ്ക്ക് നൽകിയതിലും രവീന്ദ്രന്റെ പങ്ക് അന്വേഷിക്കുന്നുണ്ട്.

അതേസമയം, അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വെള്ളിയാഴ്ച ഇഡി ചോദ്യം ചെയ്യുന്നതിൽ സർക്കാരിനു ആശങ്കയില്ലെന്നു വാർത്താ സമ്മേളനത്തിലെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ചിലർക്കു മോഹങ്ങളുണ്ട്. അതിന്റെ ഭാഗമായി ചില പ്രവചനങ്ങളും നടക്കുന്നുണ്ട്. അതിനപ്പുറം അതിൽ കഴമ്പുണ്ടെന്നു തോന്നുന്നില്ല. അന്വേഷണ ഏജൻസിക്കു ചില വിവരങ്ങളറിയാനുണ്ടാകും. അതിന്റെ ഭാഗമായി വിളിപ്പിച്ചതാകാനേ വഴിയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.എം. രവീന്ദ്രൻ വളരെ കാലമായി അടുപ്പമുള്ളയാളാണ്. അതിൽ സംശയമില്ല. പാർലമെന്ററി പാർട്ടി ഓഫിസിൽ പ്രവർത്തിച്ചയാളാണ്. ദീർഘകാലമായി തങ്ങളുമായി നല്ല പരിചയം ഉള്ളയാളാണ്. അതിനാൽ അദ്ദേഹത്തിൽ പൂർണവിശ്വാസമുണ്ട്. അന്വേഷണ ഏജൻസി വിളിക്കുമ്പോൾ ആരും കുറ്റം ചാർത്തികളയണ്ട. അതുകൊണ്ട് അയാൾ അയാളല്ലാതാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP