Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കേരളത്തിൽ കോവിഡ് മരണഭീതി ഉയരുന്നു; തീവ്രപരിചരണം പാളുന്ന അവസ്ഥയിൽ; സർക്കാർ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്ററുകൾ നിറയുന്നു; സ്വകാര്യ മേഖലയിലെ 85 ശതമാനം വെന്റിലേറ്ററുകളും നിറഞ്ഞു; ഓക്സിജൻ ക്ഷാമത്താൽ ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ മാറ്റി; സഹായം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കേരളത്തിൽ കോവിഡ് മരണഭീതി ഉയരുന്നു; തീവ്രപരിചരണം പാളുന്ന അവസ്ഥയിൽ; സർക്കാർ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്ററുകൾ നിറയുന്നു; സ്വകാര്യ മേഖലയിലെ 85 ശതമാനം വെന്റിലേറ്ററുകളും നിറഞ്ഞു; ഓക്സിജൻ ക്ഷാമത്താൽ ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ മാറ്റി; സഹായം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് മരണഭീതി ഉയരുന്ന അവസ്ഥയിൽ. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കേരളത്തിൽ വെന്റിലേറ്ററുകൾക്കും വലിയ ക്ഷാമമാണ് നേരിടുന്നത്. ഐസിയുകളും രോഗികളെ കൊണ്ട് നിറയുന്ന ഘട്ടത്തിൽ എത്തിയതോടെ സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് കുത്തനെ ഉയരുന്ന ഘട്ടത്തിലാണ്. സ്ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്ന കേരളത്തിൽ ചികിത്സയ്ക്ക് കേന്ദ്രസഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.ദ്രവീകൃത ഓക്സിജൻ, വെന്റിലേറ്റുകൾ എന്നിവ ഉടൻ ലഭ്യമാക്കണമെന്നാണ് കത്തിലെ ആവശ്യം.

അതിനിടെ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ന്യൂറോ, കാർഡിയാക് വിഭാഗങ്ങളിൽ ശസ്ത്രക്രിയ നിർത്തിവച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിച്ചതോടെ, സർക്കാർ ആശുപത്രികളിൽ ഐസിയു, വെന്റിലേറ്ററുകൾ നിറഞ്ഞു. സ്വകാര്യ മേഖലയിലെ 85 ശതമാനം കോവിഡ് കിടക്കകളും നിറഞ്ഞതായാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എല്ലാ കോവിഡ് ഐസിയുവിലും രോഗികൾ ചികിത്സയിലാണ്. ഇനി നാല് വെന്റിലേറ്റർ മാത്രമാണ് ഒഴിവുള്ളത്. 90 ശതമാനം ഓക്സിജൻ കിടക്കകളും നിറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പാരിപ്പള്ളിയിലും കോഴിക്കോട്ടും സമാനമായ സ്ഥിതിയാണ് നിൽക്കുന്നത്. പാരിപ്പള്ളിയിൽ 52 കോവിഡ് ഐസിയു കിടക്കകളിലും രോഗികൾ ചികിത്സയിലാണ്. 38 വെന്റിലേറ്ററുകളിൽ 26 എണ്ണത്തിലും രോഗികളെ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ 7 ഐസിയു കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജിൽ 40 വെന്റിലേറ്ററുകളിൽ 31 ലും രോഗികളാണ്. 22 ഓക്സിജൻ കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്. അതേസമയം ശ്രീചിത്രയിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് പെസോ അറിയിച്ചു. രാവിലെ 42 സിലിണ്ടറുകൾ എത്തിച്ചതായും പെസോ അറിയിച്ചു.

ആലപ്പുഴയിലും സ്ഥിതി വ്യത്യസ്തമല്ല. 76 ഐസിയു കിടക്കകളിൽ 34 എണ്ണത്തിൽ രോഗികൾ. വെന്റിലേറ്ററുകളിൽ 11പേർ. 138 ഓക്‌സിജൻ കിടക്കകളും നിറഞ്ഞു. ജില്ലാ ജനറൽ ആശുപത്രികളിലുള്ള ഐസിയു വെന്റിലേറ്ററുകളുടെ എണ്ണം വളരെ കുറവാണ്. ഇതിലും നിറയെ രോഗികൾ. ഇതോടെ സർക്കാർ മേഖലയിലേക്ക് ഇനി രോഗികളെത്തിയാൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണ്. കൂടുതൽ കിടക്കകൾ സജ്ജീകരിക്കാനാണ് നിർദ്ദേശമെങ്കിലും പരമാവധി സ്ഥലവും വാർഡുകളും കോവിഡ് ചികിൽസക്കായി മാറ്റിക്കഴിഞ്ഞു.

ഇനിയും ഓക്‌സിജൻ കിടക്കകൾ തയാറാക്കിയാൽ ഓക്‌സിജൻ പമ്പ് ചെയ്യുന്നതിന്റെ ശക്തി കുറയുമെന്ന ആശങ്കയുമുണ്ട്. സ്വകാര്യ ആശുപത്രികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഭൂരിഭാഗം ആശുപത്രികളിലും ഐസിയു വെന്റിലേറ്റർ കിട്ടാനില്ല. ഓക്‌സിജൻ കിടക്ക കിട്ടണമെങ്കിലും നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. ഇക്കണക്കിന് പോയാൽ തീവ്രപരിചരണം കിട്ടാത്ത സാഹചര്യം ഉണ്ടാകും. നിലവിൽ 28115 രോഗികളാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത് . ഇതിൽ1975 രോഗികൾ ഐസിയുകളിലും 756 രോഗികൾ വെന്റിലേറ്ററുകളിലുമുണ്ട്.

അതേസമയം രാജ്യത്ത് മെയ്‌ ഒന്നുമുതൽ 18 വയസിനും 44 വയസിനുമിടയിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ വാക്സിൻ നൽകിത്തുടങ്ങിയത് വെറും ഒൻപത് സംസ്ഥാനങ്ങൾ മാത്രമാണ്. കേന്ദ്ര സർക്കാരിന് ലഭിച്ച വിവരം അനുസരിച്ച് ബാക്കിയുള്ള 21 സംസ്ഥാനങ്ങൾ ഇനിയും വാക്സിൻ വിതരണം തുടങ്ങാനിരിക്കുന്നതേയുള്ളു. കൂടുതൽ വാക്സിൻ ആവശ്യമായതിനാലാണ് ഈ സംസ്ഥാനങ്ങൾക്ക് വാക്സിനേഷൻ നടത്താനാകാത്തത്. ഈ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനോട് കൂടുതൽ വാക്സിനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൽഹി, മഹാരാഷ്ട്ര,ഛത്തീസ്‌ഗഡ്,ഗുജറാത്ത്, ജമ്മു കാശ്മീർ,കർണാടക, ഒഡീഷ,രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നിലവിൽ 18 വയസിനും 44 വയസിനുമിടയിലുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങിയത്. ഈ സംസ്ഥാനങ്ങൾക്ക് മെയ്‌ മാസത്തിലേക്കുള്ള വാക്സിൻ കേന്ദ്രം നൽകിയിട്ടുണ്ട്.കർണാടക,മഹാരാഷ്ട്ര,ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മൂന്ന് ലക്ഷം ഡോസ് വാക്സിനും, ഡൽഹിയിലേക്ക് നാലര ലക്ഷം ഡോസ് വാക്സിനുമാണ് നൽകിയത്. ജമ്മു കാശ്മീർ,ഒഡീഷ, ഛത്തീസ്‌ഗഡ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലേക്ക് നൽകിയത് ഒന്നരലക്ഷം ഡോസ് വാക്സിൻ ആണ്.

കേന്ദ്രം ഈ സംസ്ഥാനങ്ങൾക്ക് ആകെ അനുവദിച്ചത് 22,50,000 വാക്സിൻ ഡോസുകളാണ്.ഈ സംസ്ഥാനങ്ങളിൽ ഗുജറാത്താണ് ഏറ്റവുമധികം ആളുകൾക്ക് വാക്സിനേഷൻ നടപ്പാക്കിയത്.1,08, 191 ഡോസുകൾ. രാജസ്ഥാൻ 76,151 ഡോസുകളും മഹാരാഷ്ട്ര 73,714 ഡോസുകളും ഡൽഹി 40,028 ഡോസുകളും വിതരണം ചെയ്തു. ഡൽഹിക്കൊഴികെ മറ്റ് സംസ്ഥാനങ്ങൾക്ക് ഈ മാസം മുഴുവനും ആവശ്യമായ വാക്സിൻ സ്റ്റോക്കുണ്ട്.45 വയസിന് മുകളിലുള്ള 20 കോടി ജനങ്ങൾക്ക് കൂടി രണ്ടാം ഡോസ് വാക്സിൻ നൽകേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP