Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലണ്ടൻ ഓഹരി വിപണി തുറന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ; കിഫ്ബി മസാല ബോണ്ട് ലിസ്റ്റിങ് കേരള വികസനത്തിന് പണം സ്വരൂപിക്കാൻ; കിഫ്ബിയുടെ വരവ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന ഖ്യാതിയോടെ; പ്രവാസി ചിട്ടി ഉദ്ഘാടനം മോണ്ട് കാം റോയൽ ലണ്ടൻ ഹൗസിൽ ഉച്ചയ്ക്ക് ശേഷം; മുഖ്യമന്ത്രിയുടെ ലണ്ടനിലെ ചടങ്ങുകൾ മറുനാടനിൽ തൽസമയം കാണാം

ലണ്ടൻ ഓഹരി വിപണി തുറന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ; കിഫ്ബി മസാല ബോണ്ട് ലിസ്റ്റിങ് കേരള വികസനത്തിന് പണം സ്വരൂപിക്കാൻ; കിഫ്ബിയുടെ വരവ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന ഖ്യാതിയോടെ; പ്രവാസി ചിട്ടി ഉദ്ഘാടനം മോണ്ട് കാം റോയൽ ലണ്ടൻ ഹൗസിൽ ഉച്ചയ്ക്ക് ശേഷം; മുഖ്യമന്ത്രിയുടെ ലണ്ടനിലെ ചടങ്ങുകൾ മറുനാടനിൽ തൽസമയം കാണാം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവി ഇനി കിഫ്ബിക്കു സ്വന്തം. ഇന്ന് വ്യാപാരത്തിനായി ലണ്ടൻ ഓഹരിവിപണി തുറന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. പരമ്പരാഗത രീതിയിൽ റിങ് ദ ബെൽ (മണിയടിച്ച്) മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.. 1571ൽ തുറന്ന ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ നേതാവ് തുറക്കുന്നത്.. ഇന്ന് രാവിലെ എട്ടിനാണ് (ഇംഗ്ലണ്ട് സമയം)ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ കിഫ്ബിക്കു വേണ്ടി മസാല ബോണ്ട് ലിസ്റ്റിങ് ചടങ്ങ്. ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള കേരളത്തിൽ നിന്നെത്തിയ ഔദ്യോഗിക സംഘവും ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് പ്രതിനിധികളുമാണ് പ്രധാനമായും ചടങ്ങിൽ പങ്കെടുക്കുക. കേരള വികസനത്തിന് പണം സ്വരൂപിക്കുക എന്ന ലക്ഷ്യവുമായാണ് കിഫ്ബി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ എത്തിയിരിക്കുന്നത്

ഒരു കാലത്ത് ഇത്തരം പണം കടമെടുക്കൽ എതിർത്തിരുന്ന സിപിഎം നയമാറ്റം ഇന്ത്യയിൽ ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കേരള സർക്കാരിന്റെ വലിയൊരു പ്രവർത്തന നേട്ടമായാണ് ഇതിനെ ഇപ്പോൾ പാർട്ടിയും സർക്കാരും വിലയിരുത്തുന്നത്. പ്രളയ നാടിനു കൈത്താങ്ങാകാൻ ധനമന്ത്രി തോമസ് ഐസക് രൂപം നൽകിയ പദ്ധതിയിൽ രണ്ടായിരം കോടി രൂപയോളമാണ് സമാഹരിക്കപ്പെടുക.

ഉച്ച കഴിഞ്ഞാണ് പ്രവാസി ചിട്ടിക്ക് തുടക്കമാകുക. ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ ലണ്ടനിലെ മോണ്ട് കാം റോയൽ ലണ്ടൻ ഹൗസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിക്കും. പ്രധാനമായും മലയാളി നിക്ഷേപകരെയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. ഏതാനും മാധ്യമ പ്രവർത്തകർക്കും സംഘടനാ പ്രതിനിധികൾക്കും ക്ഷണം എത്തിയിട്ടുണ്ട്. പരിപാടിയുടെ ലൈവ് സംപ്രേഷണം ബ്രിട്ടീഷ് മലയാളിയിലും മറുനാടൻ മലയാളിയിലും ഉണ്ടായിരിക്കുന്നതാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30 മുതൽ തൽസമയം കാണാം.

ധമനകാര്യ മന്ത്രി തോമസ് ഐസക് സ്വാഗത പ്രസംഗം നടത്തും. കിഫ്ബി സിഇഒയുടെ ആമുഖ പ്രസംഗവും പ്രവാസി ചിട്ടിയെ കുറിച്ച് ചെയർമാൻ സംസാരിക്കുകയും ചെയ്തതിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുക. കെഎസ്എഫ്ഇ എംഡി നന്ദി അർപ്പിക്കും. Accademic and Investor's Session on Agenda for Kerala Development എന്ന വിഷയത്തെ കുറിച്ച് തോമസ് ഐസക് സംസാരിക്കും. തുടർന്ന് ടെക്നിക്കൽ പ്രസന്റേഷനും ഉണ്ടായിരിക്കും.

കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ നെടുംതൂണായ കിഫ്ബി മസാലബോണ്ട് വിൽപ്പനയിലൂടെ 2150 കോടി രൂപയാണ് ഇതിനകം സമാഹരിച്ചത്. ലോകത്തിൽ ഏറ്റവുമധികം മസാല ബോണ്ടുകൾ വിൽപ്പന നടക്കുന്നത് ലണ്ടൻ എക്‌സ്‌ചേഞ്ച് വഴിയാണ്. കിഫ്ബിയുടേതുൾപ്പെടെ 51,000 കോടി രൂപയിലേറെ മൂല്യമുള്ള ബോണ്ടുകളാണ് ഇവിടെ ഇതുവരെ വിൽപ്പന നടന്നത്.

ലോക് കേരള സഭ അംഗങ്ങൾ വഴി പ്രവാസി ചിട്ടിക്ക് നിക്ഷേപകരെ കണ്ടെത്താൻ ഉള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. യുകെയിൽ നിന്നും നൽകുന്നവരുടെ പേരുകൾ ഉൾപ്പെടുത്തി കെഎസ്എഫ്ഇ വഴി കേരളത്തിൽ നിന്നും ക്ഷണം അയക്കുകയാണ് ഇപ്പോൾ. ഏകദേശം ഇരുനൂറോളം പേരെ കണ്ടെത്താൻ ആണ് ശ്രമം നടക്കുന്നത്. ചിട്ടിയിൽ ചേരാൻ താൽപ്പര്യം ഉള്ളവരാണ് യോഗത്തിന് എത്തേണ്ടത് എന്ന സൂചനയും സംഘാടകർ നൽകുന്നുണ്ട്.

പ്രവാസി ചിട്ടിയെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം വിവിധ പ്രെസന്റേഷനുകൾ നടക്കുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക്, കെ എസ് എഫ് ഇ ചെയർമാൻ എന്നിവർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രവാസി ചിട്ടിയുടെ യൂറോപ്പ് ലോഞ്ചിങ് എന്ന നിലയിലാണ് ചടങ്ങു പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞവർഷം നവംബറിലാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി ആരംഭിച്ചത്.

തുടക്കത്തിൽ നിസ്സാര തുക മാത്രം ആകർഷിക്കാൻ കഴിഞ്ഞ ചിട്ടിയിൽ മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശന ശേഷം പാർട്ടി അനുഭാവികൾ വഴി നടത്തിയ ശ്രമത്തിനു ശേഷം സാമാന്യം തരക്കേടില്ലാത്ത തുക ചിട്ടിയിൽ എത്തിയിട്ടുണ്ട്. ഇത്തരം ശ്രമം തന്നെയാകും യുകെയിലും അനുവർത്തിക്കപ്പെടാൻ സാധ്യത. ഗൾഫ് മലയാളികളുടേതിനേക്കാൾ കൂടുതൽ ഉയർന്ന തുകയുടെ നിക്ഷേപകരാകാൻ യുകെ മലയാളികൾക്ക് സാധിക്കും എന്നതാണ് സർക്കാരിന്റെ വിലയിരുത്തലും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP