Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളുകൾ തുറക്കുക അടുത്തവർഷം ജനുവരിയിൽ; 14 ഇനം പച്ചക്കറികൾക്ക് തലവില പ്രഖ്യാപിക്കും; ശബരിമലയിൽ 28 കോടി രൂപയുടെ മൂന്നു പദ്ധതികൾ പൂർത്തീകരിക്കും; പത്ത് പുതിയ സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്യും; വയനാട് തുരങ്കപാതയ്ക്ക് നിർണായക തീരുമാനം കൈക്കൊള്ളും; ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി അടുത്ത 100 ദിവസത്തിനുള്ളിൽ 25,000 വീടുകൾ പൂർത്തിയാക്കും; 30 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം തുടങ്ങും; നൂറുദിന പദ്ധതികൾ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ പൂർണരൂപം

സ്‌കൂളുകൾ തുറക്കുക അടുത്തവർഷം ജനുവരിയിൽ; 14 ഇനം പച്ചക്കറികൾക്ക് തലവില പ്രഖ്യാപിക്കും; ശബരിമലയിൽ 28 കോടി രൂപയുടെ മൂന്നു പദ്ധതികൾ പൂർത്തീകരിക്കും; പത്ത് പുതിയ സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്യും; വയനാട് തുരങ്കപാതയ്ക്ക് നിർണായക തീരുമാനം കൈക്കൊള്ളും; ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി അടുത്ത 100 ദിവസത്തിനുള്ളിൽ 25,000 വീടുകൾ പൂർത്തിയാക്കും;  30 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം തുടങ്ങും; നൂറുദിന പദ്ധതികൾ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ പൂർണരൂപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ അടച്ച സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടുത്ത വർഷം ജനുവരിയിൽ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ തുടർദിവസങ്ങളിലെ കർമ്മപദ്ധതികൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് ദിവസത്തേക്ക് നൂറ് പദ്ധതികൾ ആണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. 2021 ജനുവരിയിൽ വിദ്യാലയങ്ങൾ തുറക്കാനായേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

5 കോടി മുടക്കിൽ 35 സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിക്കും. 11,400 സ്‌കൂളുകളിൽ ഹൈടെക് കംപ്യൂട്ടർ ലാബുകൾ. നവീകരിച്ച 10 ഐടിഐകൾ ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 14 ഇനം പച്ചക്കറികൾക്ക് തലവില പ്രഖ്യാപിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശബരിമലയിൽ 28 കോടി രൂപയുടെ മൂന്നു പദ്ധതികൾ പൂർത്തീകരിക്കും. പത്ത് പുതിയ സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്യുമെന്നും വയനാട് തുരങ്കപാതയ്ക്ക് നിർണായക തീരുമാനം കൈക്കൊള്ളുമെന്നും മുക്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയുടെ കീഴിൽ ഇതിനകം 2,25,750 വീടുകൾ പൂർത്തിക്കിയിട്ടുണ്ട്. അടുത്ത 100 ദിവസത്തിനുള്ളിൽ 25,000 വീടുകൾ പൂർത്തിയാക്കും. 30 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ പൂർണരൂപം:

മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നാണ് ഓണസങ്കൽപ്പം. അത്തരമൊരു കാലം നമുക്ക് ഇനിയും ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതേയുള്ളൂ. സമത്വസുന്ദരമായ, മനുഷ്യനും മനുഷ്യനും തമ്മിൽ വേർതിരിവുകളില്ലാത്ത ഒരു കാലം.

എല്ലാവരും സ്നേഹത്തിൽ, സമാധാനത്തിൽ, സമൃദ്ധിയിൽ സന്തോഷപൂർവ്വം കഴിയുന്ന കാലത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളെ യാഥാർത്ഥ്യമാക്കണമെങ്കിൽ ക്രിയാത്മകമായ ഇടപെടലും ആത്മാർത്ഥമായ പ്രവർത്തനവും കൂടിയേ തീരൂ.

ദീർഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലുമുള്ള പ്രവർത്തന പദ്ധതിയുംവേണം. ഈ ലക്ഷ്യം മുൻനിർത്തി ക്ഷേമപദ്ധതികളും വികസന പദ്ധതികളും നടപ്പാക്കുമെന്നാണ് ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ നൽകിയ വാഗ്ദാനം. അത് ഒന്നൊന്നായി പാലിച്ചുവരികയാണ്. നടപ്പിൽ വരുത്തിയ കാര്യങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് എല്ലാ വർഷവും ജനസമക്ഷം സമർപ്പിച്ചിട്ടുമുണ്ട്. ഇന്ന് അടുത്ത 100 ദിവസങ്ങളിൽ പൂർത്തീകരിക്കുന്നതും തുടക്കം കുറിക്കാനാകുന്നതുമായ കർമപദ്ധതി ഓണ സന്ദേശത്തോടൊപ്പം ജനങ്ങൾക്കു മുമ്പാകെ അവതരിപ്പിക്കുകയാണ്. നൂറുദിവസത്തിനുള്ളിൽ നൂറ് പദ്ധതികൾ പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിക്കും.

കർക്കിടകം പഞ്ഞമാസമാണെന്നാണല്ലോ. ആ പഞ്ഞമാസത്തെ നമ്മൾ മറികടക്കുന്നത് അതിനപ്പുറത്ത് ഒരു പൊൻചിങ്ങവും അതിന്റെ ഭാഗമായി തിരുവോണവുമുണ്ട് എന്ന പ്രത്യാശകൊണ്ടാണ്. ഇന്നത്തെ ദുഃഖപൂർണ്ണമായ കോവിഡ് കാലത്തെ നമ്മൾ മറികടക്കുന്നതും ഇതിനപ്പുറത്ത് സൗഖ്യപൂർണ്ണമായ ഒരു നല്ല കാലമുണ്ട് എന്ന പ്രത്യാശ കൊണ്ടാണ്. ആ പ്രത്യാശ തന്നെയാണ് കോവിഡ് മഹാമാരിയെ മുറിച്ചുകടക്കാൻ ഉപയുക്തമാകുന്ന 100 ദിന കർമ്മപരിപാടികളുടെ ആവിഷ്‌കാരത്തിനു പിന്നിലുള്ളത്. ഈ മഹാമാരിക്കിടയിലും സന്തോഷകരമായ ഓണം മലയാളികൾക്ക് ഉറപ്പുവരുത്തുന്നതിന് സർക്കാർ പരമാവധി ശ്രമിച്ചിട്ടുണ്ട്. കോവിഡിനെ പ്രതിരോധിച്ചുകൊണ്ടുതന്നെ ജീവിതത്തെയും മുന്നോട്ടുകൊണ്ടുപോകുകയാണ് നമ്മൾ.

പകർച്ചവ്യാധി നമ്മുടെ സമൂഹത്തിലും സമ്പദ്ഘടനയിലും ഗൗരവമായ തകർച്ച സൃഷ്ടിച്ചു. ഒരു നവകേരളം സൃഷ്ടിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾ ഊർജസ്വലമായി മുന്നേറുമ്പോഴാണ് ഈ മഹാവ്യാധി നേരിടേണ്ടിവന്നത്. അതിനുമുമ്പ് പ്രകൃതിദുരന്തങ്ങളും നാം നേരിട്ടു. അതുമൂലം വേഗം കുറഞ്ഞ പ്രവർത്തനങ്ങൾ വർദ്ധിതോത്സാഹത്തോടെ മുന്നോട്ടുകൊണ്ടുപോയേ മതിയാകൂ. ഇത് സർക്കാരിന്റെ അഞ്ചാം വർഷമാണ്. നാലാം വാർഷികാഘോഷങ്ങൾ കോവിഡ് സാഹചര്യത്തിൽ ഉപേക്ഷിച്ചിരുന്നു. എന്നാൽ, വികസനപ്രവർത്തനങ്ങൾക്ക് അവധി നൽകുന്നില്ല.

സാധാരണക്കാർക്കു സംരക്ഷണം

ഇനിയുള്ള ദിവസങ്ങളിലും കോവിഡ് 19 ശക്തമായി തുടരുമെന്നതിനാൽ സാധാരണക്കാരായ മനുഷ്യർക്ക് നേരിട്ടുതന്നെ പരമാവധി സമാശ്വാസ സഹായങ്ങൾ എത്തിക്കും. ഒരാളും പട്ടിണികിടക്കാൻ പാടില്ല. പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ആവിഷ്‌കരിച്ച് വളരെയേറെ പ്രശംസ നേടിയ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലുമാസം തുടരും. റേഷൻ കടകൾ വഴി ഇപ്പോൾ ചെയ്യുന്നതുപോലെയായിരിക്കും കിറ്റ് വിതരണം.

ഈ സർക്കാരിന്റെ ഏറ്റവും നല്ല പ്രവൃത്തി ഏതെന്നു ചോദിച്ചാൽ ആദ്യം പറയാവുന്നത് സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ എന്നാണ്. യു.ഡി.എഫ് ഭരണം ഒഴിയുമ്പോൾ 35 ലക്ഷം പേർക്ക് 600 രൂപ നിരക്കിൽ ആയിരുന്നു പെൻഷൻ. അത് പോലും കൃത്യമായി വിതരണം ചെയ്യാൻ സാധിച്ചിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രകടന പത്രികയിൽ ജനങ്ങൾക്ക് മുന്നിൽ വച്ച പ്രധാന വാഗ്ദാനമായിരുന്നു സാമൂഹ്യക്ഷേമ പെൻഷനുകളിലെ വർധന. അത് അക്ഷരംപ്രതി പാലിക്കുവാൻ കഴിഞ്ഞു എന്നതിൽ അത്യധികം അഭിമാനമുണ്ട്. പെൻഷൻ തുക 600 രൂപയിൽ നിന്ന് 1000 രൂപയായും തുടർന്ന് 1200 രൂപയായും 1300 രൂപയായും വർധിപ്പിച്ചു.

35 ലക്ഷം ഗുണഭോക്താക്കൾ എന്നത് 58 ലക്ഷമാക്കി ഈ സർക്കാരിന്റെ കാലത്ത് വർധിച്ചു. അർഹരായ 23 ലക്ഷം പേരെ പുതുതായി പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിച്ചു എന്നത് ചെറിയ കാര്യമല്ല. കുടിശികയില്ലാതെ പെൻഷൻ വിതരണം ചെയ്യാനും കഴിയുന്നുണ്ട്. ഇപ്പോൾ ആ രംഗത്ത് രണ്ട് സുപ്രധാന തീരുമാനങൾ എടുക്കുകയാണ്.

ഒന്ന്: സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ 100 രൂപ വീതം വർദ്ധിപ്പിക്കുന്നു.

രണ്ട്: ഇനി പെൻഷൻ മാസംതോറും വിതരണം ചെയ്യും.

ആരോഗ്യ സംരക്ഷണം

കോവിഡിനെതിരെ പൊതു ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തും. സർക്കാർ ആശുപത്രികളുടെ പശ്ചാത്തലസൗകര്യ വികസനം, മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയവയിൽ വലിയ കുതിപ്പാണ് സർക്കാർ കൈവരിച്ചിട്ടുള്ളത്. പകർച്ചവ്യാധി തുടങ്ങിയതിനുശേഷം നാഷണൽ ഹെൽത്ത് മിഷൻ വഴി 9,768 ആരോഗ്യപ്രവർത്തകരെ നിയമിച്ചു. ഇതിനു പുറമെ 1200 ഹൗസ് സർന്മാരെയും 1152 അഡ്ഹോക്ക് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

ഇനിയും ആവശ്യം വന്നാൽ അടുത്ത 100 ദിവസത്തിനുള്ളിൽ വേണ്ട ജീവനക്കാരെക്കൂടി ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കി മാറ്റും. ഫസ്റ്റ്ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷം ആയി ഉയർത്തും.

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സമ്പൂർണ്ണ സൗകര്യമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക സർക്കാരിന്റെ ലക്ഷ്യമാണ്. ഇതുവരെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങൾ പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. വരുന്ന നൂറുദിവസങ്ങളിൽ 153 കുടുംബാംരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യും. ഇവിടങ്ങളിൽ രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും. മെഡിക്കൽ കോളേജ്/ ജില്ലാ/ ജനറൽ / താലൂക്ക് ആശുപത്രികളുടെ ഭാഗമായ 24 പുതിയ കെട്ടിടങ്ങൾ പൂർത്തീകരിക്കും. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ, 9 സ്‌കാനിങ് കേന്ദ്രങ്ങൾ, 3 പുതിയ കാത്ത് ലാബുകൾ, 2 ആധുനിക ക്യാൻസർ ചികിത്സാ സംവിധാനങ്ങൾ എന്നിവ പൂർത്തീകരിക്കും.

പൊതു വിദ്യാലയങ്ങൾ

2021 ജനുവരിയിൽ വിദ്യാലയങ്ങൾ സാധാരണഗതിയിൽ തുറന്നുപ്രവർത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഏതാണ്ട് ഒരു വർഷക്കാലം വിദ്യാലയ അന്തരീക്ഷത്തിൽ നിന്ന് അകന്നു നിന്നതിനുശേഷം സ്‌കൂൾ അങ്കണത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഒരുക്കി വരവേൽക്കും.

500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന എല്ലാ സർക്കാർ സ്‌കൂളുകളിലും കിഫ്ബി ധനസഹായത്തോടെ കെട്ടിട നിർമ്മാണം നടക്കുന്നുണ്ട്. ഓരോ സ്‌കൂളിനും 5 കോടി രൂപ വീതം മുടക്കി നിർമ്മിക്കുന്ന 35 സ്‌കൂൾ കെട്ടിടങ്ങളും 3 കോടി രൂപ ചെലവിൽ പണി തീർക്കുന്ന 14 സ്‌കൂൾ കെട്ടിടങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്‌കൂൾ കെട്ടിടങ്ങളുടെയും പണി പൂർത്തിയാകും. 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ പണി ആരംഭിക്കും.

45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റിയിട്ടുണ്ട്. എല്ലാ എൽപി സ്‌കൂളുകളും ഹൈടെക്കാക്കി മാറ്റാനുള്ള പരിപാടി കിഫ്ബി സഹായത്തോടെ പുരോഗമിക്കുകയാണ്. സ്‌കൂളുകൾ തുറക്കുമ്പോൾ 11,400 സ്‌കൂളുകളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിക്കും.

ഫസ്റ്റ്ബെൽ ഓൺലൈൻ അധ്യയന പരിപാടി കേരളത്തിന് നവീനമായ അനുഭവങ്ങളാണ് നൽകിയത്. കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ അഞ്ചുലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പുകൾ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി 100 ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കും.

18 കോടി രൂപയുടെ ചെങ്ങന്നൂർ ഐടിഐ അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നിർവ്വഹിക്കും.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്സുകൾ അനുവദിക്കും. ആദ്യത്തെ 100 കോഴ്സുകൾ സെപ്റ്റംബർ 15നകം പ്രഖ്യാപിക്കും. എ പി ജെ അബ്ദുൾകലാം സർവ്വകലാശാല, മലയാളം സർവ്വകലാശാല എന്നിവയ്ക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കി ശിലാസ്ഥാപനം നടത്തും. 126 കോടി രൂപ മുതൽമുടക്കിൽ 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർമ്മിക്കുന്ന കെട്ടിടങ്ങൾ പൂർത്തീകരിക്കും.

തൊഴിൽ

ഈ സർക്കാർ നാലുവർഷം കൊണ്ട് 1,41,615 പേർക്ക് തൊഴിൽ നൽകി. ഇതിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് ഉൾപ്പെടുത്തിയിട്ടില്ല. പിഎസ്‌സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾസ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേക ടാസ്‌ക്ഫോഴ്സിനെ നിയമ-ധന-പൊതുഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ സൃഷ്ടിക്കും.

നിയമനം പിഎസ്‌സിയെ ഏൽപ്പിച്ചാലും സ്പെഷ്യൽ റൂൾസിന്റെ അപാകം മൂലം ഉദ്ദേശ്യം പൂർത്തീകരിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പേഴുള്ളത്. ഈ പ്രശ്നം പരിഹരിക്കു എന്നത് ഉദ്യോഗാർത്ഥികളുടെ ഏറെനാളായുള്ള ആവശ്യമാണ്. ഈ സ്ഥാപനങ്ങളുടെ സ്പെഷ്യൽ റൂൾസിന് അവസാനരൂപം നൽകും. ടാസ്‌ക്ക് ഷോഴ്സ് സമയബന്ധിതമായി ഈ വിഷയത്തിന് പരിഹാരം കാണും.

100 ദിവസത്തിനുള്ളിൽ കോളേജ്, ഹയർ സെക്കണ്ടറി മേഖലകളിലായി 1000 തസ്തികകൾ സൃഷ്ടിക്കും. 100 ദിവസത്തിനുള്ളിൽ 15,000 നവസംരംഭങ്ങളിലൂടെ 50,000 പേർക്ക് കാർഷികേതര മേഖലയിൽ തൊഴിൽ നൽകും. പ്രാദേശിക സഹകരണ ബാങ്കുകൾ, കുടുംബശ്രീ, കെഎഫ്സി , ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയായിരിക്കും മുഖ്യ ഏജൻസികൾ. ഒരു പ്രത്യേക പോർട്ടലിലൂടെ ഓരോ ഏജൻസികളും അധികമായി സൃഷ്ടിച്ച തൊഴിലവസരങ്ങൾ പ്രസിദ്ധീകരിക്കും.

ഗതാഗതം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും 961 കോടി രൂപ മുടക്കി 5,000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും റീബിൽഡ് കേരളയുമായി ഭാഗമായി 392.09 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുള്ള ഗ്രാമീണ റോഡുകൾക്കും തുടക്കം കുറിക്കും. 1,451 കോടി രൂപയുടെ 189 പൊതുമരാമത്ത്-കിഫ്ബി റോഡുകൾ ഗതാഗതത്തിന് തുറന്നുകൊടുക്കും. 901 കോടി രൂപയുടെ 158 കിലോമീറ്റർ കെഎസ്ടിപി റോഡുകൾ, കുണ്ടന്നൂർ, വെറ്റില ഫ്ളൈഓവറുകളടക്കം 21 പാലങ്ങൾ എന്നിവയും ഉദ്ഘാടനം ചെയ്യും.

671.26 കോടി രൂപയ്ക്ക് ടെണ്ടർ നൽകിയ 41 കിഫ്ബി പദ്ധതികൾ നവംബറിനകം ഉദ്ഘാടനം ചെയ്യും. പുനലൂർ നഗരറോഡ് നവീകരണം, ചങ്ങനാശ്ശേരി കവിയൂർ, ശിവഗിരി റിങ് റോഡ്, ചെറുന്നിയൂർ-കിളിമാനൂർ റോഡ്, ഇലഞ്ഞിമേൽ ഹരിപ്പാട്, നന്ദാരപ്പടവ് ചേവാർ ഹിൽ ഹൈവേ റീച്ച് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. സ്റ്റേഡിയങ്ങൾ, മോഡൽ റെസിഡന്റ്ഷ്യൽ സ്‌കൂളുകൾ, പ്രീ-മെട്രിക് ഹോസ്റ്റലുകൾ തുടങ്ങിയവയും ഇതിൽപ്പെടുന്നുണ്ട്.

കോവളം ബേക്കൽ ജലപാതയുടെ 590 കിലോമീറ്ററിൽ 453 കിലോമീറ്റർ ഗതാഗതയോഗ്യമാക്കും. ചമ്പക്കുളം, പറശ്ശിനിക്കടവ്, പഴയങ്ങാടി എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളും കല്ലായി പറമാംമ്പിൽ പാലങ്ങളും പൂർത്തീകരിക്കും. കൊച്ചി മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി, സെയ്ഫ് കേരള കൺട്രോൾ റൂം എന്നിവ ഉദ്ഘാടനം ചെയ്യും. ആദ്യത്തെ ഇലക്ട്രിക് ഹൈബ്രിഡ് ക്രൂയിസ് വെസൽ, രണ്ട് കാറ്റമറൻ ബോട്ടുകൾ, രണ്ട് വാട്ടർ ടാക്സികൾ എന്നിവ നീരണിയും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പോർട്ട് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും.

വയനാട് തുരങ്കം റൂട്ടിന് കാങ്കൺ റെയിൽ കേർപ്പറേഷൻ അന്തിമ രൂപം നൽകിയിട്ടുണ്ട്. ഇൻവെസ്റ്റിഗേഷനും ടെണ്ടറിങ്ങും അടക്കമുള്ള നിർവ്വഹണച്ചുമതല കൊങ്കൺ റെയിൽവേയ്ക്കാണ്. തുരങ്കത യാഥാർത്ഥ്യമാക്കുന്നതിനുള്ള നിർണ്ണായക മുന്നേറ്റം നൂറു ദിവസത്തിനകം നടത്താനാകും.

കൃഷി

സുഭിക്ഷ കേരളം പദ്ധതി പച്ചക്കറി ഉൽപ്പാദനത്തിൽ കുതിച്ചുചാട്ടം സൃഷ്ടിച്ചിരിക്കുകയാണ്. വിപണനം പ്രധാനം പ്രശ്നമായി ഉയർന്നു വന്നിരിക്കുന്നു. അടുത്ത കേരളപ്പിറവി ദിനത്തിൽ 14 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറിക്ക് തറവില ഏർപ്പെടുത്തുന്നത്. പച്ചക്കറി ന്യായവിലയ്ക്ക് ഉപഭോക്താവിന് ഉറപ്പുവരുത്തുന്നതിനും കൃഷിക്കാരിൽ നിന്നും സംഭരിക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ കടകളുടെ ശൃംഖല ആരംഭിക്കും.

കൃഷിക്കാർക്ക് തത്സമയം തന്നെ അക്കൗണ്ടിലേയ്ക്ക് പണം നൽകും. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ മിച്ച പഞ്ചായത്തുകളിൽ നിന്നും കമ്മിയുള്ള പഞ്ചായത്തുകളിലേക്ക് പച്ചക്കറി നീക്കുന്നതിനുള്ള ചുമതലയെടുക്കും. തറവില നടപ്പാക്കുമ്പോൾ വ്യാപാര നഷ്ടം ഉണ്ടായാൽ നികത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് പ്ലാൻ ഫണ്ടിൽ നിന്നും നൽകുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. കരട് രൂപരേഖ ചർച്ചയ്ക്കുവേണ്ടി സെപ്റ്റംബർ രണ്ടാംവാരത്തിൽ പ്രസിദ്ധീകരിക്കും.

രണ്ടാം കുട്ടനാട് വികസന പാക്കേജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി പുതുക്കിയ കാർഷിക കലണ്ടർ പ്രകാശിപ്പിക്കും. 13 വാട്ടർഷെഡ്ഡ് പദ്ധതികൾ പൂർത്തീകരിക്കും. 500 ടെക്നീഷ്യന്മാരുടെ പരിശീലനം പൂർത്തിയാക്കി 500 കേന്ദ്രങ്ങളിൽക്കൂടി ആടുകളുടെ ബീജദാന പദ്ധതി നടപ്പിലാക്കും. കേരള ചിക്കൻ 50 ഔട്ട്ലറ്റുകൾകൂടി തുടങ്ങും.

മൺറോതുരുത്തിലും കുട്ടനാട്ടിലും കാലാവസ്ഥ അനുരൂപ കൃഷിരീതി ഉദ്ഘാടനം ചെയ്യും. 250 തദ്ദേശഭരണ സ്ഥാപനങ്ങൾ സമ്പൂർണ്ണ ഖരമാലിന്യ സംസ്‌കരണ പദവി കൈവരിക്കും.

പരമ്പരാഗത വ്യവസായങ്ങൾ

അടുത്ത 100 ദിവസത്തിനുള്ളിൽ കയർ ഉൽപ്പാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം വർദ്ധന നേടും. ഓരോ ദിവസവും ഒരു യന്ത്രവൽകൃത ഫാക്ടറി ഉദ്ഘാടനം ചെയ്യും. തൊഴിലാളികളുടെ കൂലി പരമ്പരാഗത മേഖലയിൽ 350 രൂപയായിരിക്കുന്നത് ഈ യന്ത്രവൽകൃത മേഖലയിൽ ശരാശരി 500 രൂപയായി ഉയരും. കശുവണ്ടി മേഖലയിൽ 3000 തൊഴിലാളികളെക്കൂടി കശുവണ്ടി കോർപ്പറേഷൻ, കാപ്പക്സ് എന്നിവിടങ്ങളിൽ തൊഴിൽ നൽകും. പനമ്പ്, കയർ കോമ്പോസിറ്റ് ബോർഡുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കും.

ഓഫ്ഷോർ ബ്രേക്ക് വാട്ടർ സംരക്ഷണ ഭിത്തികളുടെ നിർമ്മാണം ആരംഭിക്കും. 35 കിലോമീറ്റർ തീരദേശ കടൽഭിത്തി നിർമ്മാണം നടക്കുന്നുണ്ട്. ചെല്ലാനം തീരസംരക്ഷണ പദ്ധതി പൂർത്തീകരിക്കും. 192 കോടി രൂപയുടെ 140 ഗ്രോയിനുകളുടെ നിർമ്മാണം ആരംഭിക്കും. പുനർഗേഹം പദ്ധതിയിൽ 5000 പേർക്ക് ധനസഹായം നൽകും. മത്സ്യഫെഡ്ഡിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. ചെത്തി ഹാർബറിനും തീരദേശ പാർക്കിനും തറക്കല്ലിടും. തീരദേശത്തെ മുഴുവൻ സർക്കാർ സ്‌കൂളുകളുടെയും 60 മത്സ്യ മാർക്കറ്റുകളുടെയും പുനർനിർമ്മാണം ആരംഭിക്കും. 69 തീരദേശ റോഡുകൾ ഉദ്ഘാടനം ചെയ്യും.

അതിഥിത്തൊഴിലാളികൾക്ക് വാടകയ്ക്ക് താമസസൗകര്യം ഏർപ്പെടുത്തുന്ന ഗസ്റ്റ് വർക്കർ ഫ്രണ്ട്ലി റസിഡന്റ്സ് ഇൻ കേരള ഉദ്ഘാടനം ചെയ്യും.

കുടിവെള്ളം

ജലജീവൻ മിഷൻ പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കും. 490 കോടി രൂപയുടെ 39 പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കടമക്കുടി കുടിവെള്ള പദ്ധതി, കാസർകോട് നഗരസഭാ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, കുണ്ടറ കുടിവെള്ള പദ്ധതി നവീകരണം, രാമനാട്ടുകര കുടിവെള്ള പദ്ധതി നവീകരണം, താനൂർ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, തിരുവാലി വണ്ടൂർ കുടിവെള്ള പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങൾ, പൊന്നാനി കുടിവെള്ള പദ്ധതി, തച്ചനാട്ടുകാര ആലനല്ലൂർ കുടിവെള്ള പദ്ധതി, മലമ്പുഴ കുടിവെള്ള പദ്ധതി എന്നീ കിഫ്ബി പദ്ധതികൾ 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. 1.5 ലക്ഷം ആളുകൾക്ക് കുടിവെള്ള കണക്ഷൻ നൽകും.

വൈദ്യുതി

കോതമംഗലം, ചാലക്കുടി, കലൂർ എന്നീ സബ്സ്റ്റേഷനുകൾ നവംബറിനുള്ളിൽ ഉദ്ഘാടനം ചെയ്യും. പുഗലൂർ-മാടക്കത്തറ ഹൈവോൾട്ടേജ് ഡിസി ലൈൻ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും ഈ കാലയളവിൽ നടക്കും.

വ്യവസായവും ടൂറിസവും

ഒറ്റപ്പാലം പ്രതിരോധ പാർക്ക്, പാലക്കാട്ടെയും ചേർത്തലയിലെയും മെഗാഫുഡ് പാർക്കുകൾ എന്നിവ തുറക്കും. കേരള സെറാമിക്സിന്റെ നവീകരിച്ച പ്ലാന്റുകൾ, ആലപ്പുഴ സ്പിന്നിങ് മില്ലിന്റെ വൈവിധ്യവൽക്കരണം എന്നിവയും ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം മെഡിക്കൽ ഡിവൈസ് പാർക്ക്, പാലക്കാട് സംയോജിത റൈസ് ടെക്നോളജി പാർക്ക്, കുണ്ടറ സിറാമിക്സിൽ മൾട്ടി പർപ്പസ് പാർക്ക്, നാടുകാണി ടെക്സ്റ്റയിൽ പ്രോസസിങ് സെന്റർ എന്നിവയുടെ നിർമ്മാണം ആരംഭിക്കും.

വിവിധ ജില്ലകളിലായി 66 ടൂറിസം പദ്ധതികൾ 100 ദിവസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും. ഇതിൽ വേളി മിനിയേച്ചർ റെയിൽവേ, വെള്ളാളർ ക്രാഫ്റ്റ് വില്ലേജ്, ആലപ്പുഴ മെഗാ ടൂറിസം ഹൗസ്ബോട്ട് ടെർമിനൽ, ചമ്രവട്ടം പുഴയോര സ്നേഹപാത, കോഴിക്കോട് ബീച്ച് കൾച്ചറൽ ഹബ്ബ്, തലശ്ശേരി ടൂറിസം പദ്ധതി ഒന്നാംഘട്ടം എന്നിവ ഉൾപ്പെടുന്നു.

സ്പോർട്സും സംസ്‌കാരവും

കൂത്തുപറമ്പ്, ചാലക്കുടി മുനിസിപ്പൽ സ്റ്റേഡിയങ്ങളടക്കം 10 സ്പോർട്സ് സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്യും. നവീകരിച്ച ആലപ്പുഴയിലെ രാജാകേശവദാസ് സ്വിമ്മിങ്പൂൾ തുറന്നുകൊടുക്കും. കനകക്കുന്നിലെ ശ്രീനാരായണഗുരു പ്രതിമയും, ചെറായിയിലെ പണ്ഡിറ്റ് കറുപ്പൻ സ്മാരകവും, ആറ് വിവിധ ഗ്യാലറികളും ഉദ്ഘാടനം ചെയ്യും. ആലപ്പുഴയിലെ മ്യൂസിയം പരമ്പരയിൽ ആദ്യത്തേതായി കയർ യാൺ മ്യൂസിയം പൂർത്തിയാകും. എറണാകുളം ടി കെ പത്മിനി ആർട്ട് ഗാലറിയുടെ നിർമ്മാണം ആരംഭിക്കും. ശബരിമലയിൽ 28 കോടി രൂപയുടെ മൂന്നു പദ്ധതികൾ പൂർത്തീകരിക്കും. നിലയ്ക്കലെ വാട്ടർ ടാങ്ക് നിർമ്മാണം ആരംഭിക്കും.

പട്ടികജാതി-പട്ടികവർഗം

പട്ടികജാതി മേഖലയിൽ 6000 പഠനമുറികൾ, 1000 സ്പിൽ ഓവർ വീടുകൾ, 3000 പേർക്ക് ഭൂമി വാങ്ങാൻ ധനസഹായം, 700 പേർക്ക് പുനരധിവാസ സഹായം, 7000 പേർക്ക് വിവാഹധനസഹായം എന്നിവയാണ് ലക്ഷ്യമിടുന്നത്. 5 ഹോസ്റ്റലുകൾ, 4 ഐടിഐകൾ, 2 മോഡൽ റെസിഡന്റ്ഷ്യൽ സ്‌കൂളുകൾ എന്നിവയുടെ നവീകരണം പൂർത്തിയാക്കും. എല്ലാവിധ സ്‌കോളർഷിപ്പുകളും കുടിശികയില്ലാതെ നൽകും.

പട്ടികവർഗ വികസന വകുപ്പിന്റെ നാല് മെട്രിക് ഹോസ്റ്റലുകൾ പൂർത്തിയാക്കി തുറക്കും. 23 പട്ടികവർഗ കോളനികളിൽ അംബേദ്ക്കർ സെറ്റിൽമെന്റ് വികസന പരിപാടി നടപ്പിലാക്കും.

ഭിന്നശേഷിക്കാർ

7027 ഭിന്നശേഷിക്കാർക്ക് കൈവല്യ പദ്ധതിക്കു കീഴിൽ സഹായം നൽകും. സ്പെഷ്യൽ സ്‌കൂളുകൾക്കുള്ള ഈ വർഷത്തെ ഗ്രാന്റ് നവംബർ മാസം നൽകും.

പാർപ്പിടം

ലൈഫ് മിഷൻ പദ്ധതിയുടെ കീഴിൽ ഇതിനകം 2,25,750 വീടുകൾ പൂർത്തിക്കിയിട്ടുണ്ട്. അടുത്ത 100 ദിവസത്തിനുള്ളിൽ 25,000 വീടുകൾ പൂർത്തിയാക്കും. 30 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം ആരംഭിക്കും.

കുടുംബശ്രീ

1000 ജനകീയ ഹോട്ടലുകൾ പദ്ധതി പൂർത്തീകരിക്കും. 300 കോടി രൂപ പലിശ സബ്സിഡി വിതരണം ചെയ്യും. ഹരിത കർമ്മസേനകളോട് യോജിച്ച് 1000 ഹരിത സംരംഭങ്ങൾ പൂർത്തീകരിക്കും.

തദ്ദേശഭരണം

തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ബൃഹത്തായിട്ടുള്ള പദ്ധതികൾ ബന്ധപ്പെട്ട മേഖലകളിൽ സൂചിപ്പിച്ചുകഴിഞ്ഞു. വിവിധ ഇനങ്ങളിലുള്ള ഗ്രാന്റുകളുടെ വിതരണത്തിൽ ഒരു പരാതിയും ഉണ്ടായിട്ടില്ല. മൂന്നാംഗഡു വികസന ഫണ്ട് പൂർണ്ണമായും അനുവദിക്കും. ചെലവഴിച്ചു തീരുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അടുത്ത ഗഡു ലഭിക്കുന്നതിനു തടസ്സമുണ്ടാവില്ല. കോവിഡ് പ്രതിരോധത്തിനായി ചെലവഴിക്കുന്ന പണം പ്ലാൻ ഫണ്ടിൽ അധികമായി ലഭ്യമാക്കും. അപേക്ഷകളുടെ തീർപ്പാക്കലിനും പരാതി പരിഹാരത്തിനുമായി ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം 100 ദിവസത്തിനുള്ളിൽ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആദ്യഘട്ടമായി നടപ്പാക്കും.

റെഗുലേറ്ററി വകുപ്പുകൾ

15 പൊലീസ് സ്റ്റേഷനുകളും 15 സൈബർ പൊലീസ് സ്റ്റേഷനുകളും 6 എക്സൈസ് റെയ്ഞ്ച് ഓഫീസുകളും ഉദ്ഘാടനം ചെയ്യും. 10,000 ക്രയ സർട്ടിഫിക്കറ്റുകളും 20,000 പട്ടയങ്ങളും വിതരണം ചെയ്യും. 19 സ്മാർട്ട് വില്ലേജുകൾ ഉദ്ഘാടനം ചെയ്യപ്പെടും. റവന്യു രേഖകളുടെ ഡിജിറ്റലൈസേഷൻ പൂർത്തീകരിക്കും. ട്രഷറിയുടെ ഫംഗ്ഷൻ ഓഡിറ്റ് പൂർത്തീകരിച്ച് സോഫ്ട്വെയർ കുറ്റമറ്റതാക്കും.

മറ്റു പരിപാടികൾ

വൻകിട പശ്ചാത്തല സൗകര്യ പദ്ധതികളുടെ ഭാഗമായ ഗെയിൽ പൈപ്പ്ലൈൻ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. പ്രളയാഘാതശേഷി താങ്ങുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കും. ശംഖുമുഖം തീരദേശ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഈ കാലയളവിൽ നടത്തും. 2021 ഫെബ്രുവരിക്കു മുമ്പായി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

നമ്മുടെ സംസ്ഥാനത്തെ യുവാക്കൾക്ക് വിവിധ മേഖലങ്ങളിൽ നേതൃപാടവം കൈവരിക്കാൻ ആവശ്യമായ പരിശീലനം നൽകാൻ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് കോഴ്സുകൾ നടത്താൻ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി ആരംഭിക്കും. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭരണഘടന, നിയമം, പാർലമെന്ററി പരിചയം, ദുരന്തനിവാരണം എന്നിങ്ങനെയുള്ള മേഖലകളിൽ പ്രാവീണ്യമുള്ളവരെ പരിശീലകരായി ക്ഷണിക്കും.

100 ദിവസങ്ങൾകൊണ്ടുള്ള 100 പദ്ധതികളുടെ വിശദാംശങ്ങൾ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. കൊറോണക്കാലത്ത് കേരള സമൂഹവും സമ്പദ്ഘടനയും സ്തംഭിച്ചു നിന്നുകൂടാ. കൊറോണയെ പ്രതിരോധിക്കുന്നതിനൊപ്പം നമ്മുടെ വികസന നേട്ടങ്ങളെ സ്ഥായിയാക്കുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യേണ്ടതുണ്ട്. ഇതിനാണ് സർക്കാർ പരിശ്രമിക്കുന്നത്.

2016ൽ തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്കു മുന്നിൽവെച്ച പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും അക്കമിട്ട് നടപ്പാക്കുക മാത്രമല്ല, പുതിയകാലത്ത് ഉയർന്നുവരുന്ന പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള പദ്ധതികൾ കൂടി ഏറ്റെടുക്കുകയാണ് സർക്കാർ. ഇന്ന് ഇവിടെ പ്രഖ്യാപിച്ച നൂറിന-നൂറുദിന പരിപാടിയുടെ പ്രവർത്തനം എല്ലാ തലത്തിലും വരും ദിവസങ്ങളിൽഅവലോകനം ചെയ്യും. ഈ സർക്കാരിന് ജനങ്ങൾക്കു നൽകാനുള്ള ഓണ സമ്മാനവും സന്ദേശവും പദ്ധതികളുടെ പ്രഖ്യാപനം മാത്രമല്ല, അവ സമയബന്ധിമായി പൂർത്തിയാക്കും എന്ന ഉറപ്പുമാണ്.

മൊറട്ടോറിയം

റിസർവ് ബാങ്ക് പ്രഖ്യാപിച്ച ലോൺ തിരിച്ചടവിന്റെ മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31 നു അവസാനിക്കുകയാണ്. കോവിഡ് കാലയളവിലെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി മൊറട്ടോറിയം കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്തയച്ചു.

സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളും (എം എസ് എം ഇ ) ചെറുകിട വ്യാപാരികളും കടുത്ത പണ ഞെരുക്കം അനുഭവിക്കുന്ന സമയത്ത് മൊറട്ടോറിയം തുടരേണ്ടത് അനിവാര്യമാണ്. മൊറട്ടോറിയം കാലയളവിൽ വന്നു ചേർന്ന ഭീമമായ പലിശയും ഇത്തരക്കാർക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൊറട്ടോറിയം പരിധി 2020 ഡിസംബർ 31 വരെ നീട്ടി നല്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും, പലിശയുടെ കാര്യത്തിൽ ഇളവുകൾ നൽകികൊണ്ടുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കാനും മന്ത്രിയോട് കത്തിലൂടെ അഭ്യർത്ഥിച്ചു.

എല്ലാവർക്കും തിരുവോണാശംസകൾ

കോവിഡ് കാലത്ത് വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും സന്നദ്ധസേനാ പ്രവർത്തകർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ജീവനക്കാർക്കും കോവിഡ് പ്രതിരോധ രംഗത്തുള്ള മറ്റെല്ലാവർക്കും ഹൃദയംഗമായ ആശംസകൾ ഒരിക്കൽക്കൂടി നേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP