Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം; ഗവർണർ ഇടപെടുന്നു; മുഖ്യമന്ത്രി ഗവർണറെ കണ്ടു; ഉദ്യോഗാർത്ഥികളുമായി മന്ത്രിമാർ നാളെ ചർച്ച നടത്തിയേക്കും; പ്രശ്‌നപരിഹാരത്തിന് വ്യക്തമായ ഫോർമുല കണ്ടെത്താൻ ആകാതെ സർക്കാർ; നിയമ പ്രശ്‌നങ്ങളുമായി കോടതി കയറിയ റാങ്ക് ലിസ്റ്റുകളടക്കം കീറാമുട്ടി

പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം; ഗവർണർ ഇടപെടുന്നു; മുഖ്യമന്ത്രി ഗവർണറെ കണ്ടു; ഉദ്യോഗാർത്ഥികളുമായി മന്ത്രിമാർ നാളെ ചർച്ച നടത്തിയേക്കും; പ്രശ്‌നപരിഹാരത്തിന് വ്യക്തമായ ഫോർമുല കണ്ടെത്താൻ ആകാതെ സർക്കാർ; നിയമ പ്രശ്‌നങ്ങളുമായി കോടതി കയറിയ റാങ്ക് ലിസ്റ്റുകളടക്കം കീറാമുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ സമരഭൂമിയാക്കി, തലസ്ഥാനത്ത് പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ സമരം കത്തിപ്പടരുന്നതിനിടെ വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തി.

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനൊപ്പം ഉദ്യോഗാർത്ഥികൾ ഗവർണറെ ഇന്ന് കണ്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാൻ ഗവർണർ തയ്യാറായെന്നാണ് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കിയത്.

ഇടപെടാവുന്ന തരത്തിലെല്ലാം പ്രശ്‌നത്തിൽ ഇടപെടാമെന്ന് ഗവർണർ ഉറപ്പ് നൽകിയെന്നും ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. 

അതിനിടെ, ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിന് കൈമാറി.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. സൗഹൃദ സന്ദർശനമെന്നും ഭരണപരമായ കാര്യങ്ങളൊന്നും ചർച്ചയായില്ലെന്നും രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

സർക്കാരിനോട് ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും നിർദ്ദേശിച്ചിരുന്നു. സമരം കത്തിപ്പടരുന്നതിനിടെ പ്രതിപക്ഷം ഇത് സർക്കാരിനെതിരെ വലിയ ആയുധമാക്കുന്നുവെന്നും, ഇത് തെരഞ്ഞെടുപ്പ് കാലത്ത് തെറ്റായ സന്ദേശം നൽകുമെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി.

പുതുതായി തസ്തികകൾ സൃഷ്ടിക്കുന്നതിലും, നിയമനങ്ങൾ നടത്തുന്നതിലും സർക്കാർ നടത്തിയ ഇടപെടലുകൾ ഉദ്യോഗാർത്ഥികളെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

മന്ത്രിമാരെ ചുമതലപ്പെടുത്തി ഉടൻ ചർച്ച നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. നാളെത്തന്നെ ചർച്ച നടക്കാനും സാധ്യതയുണ്ട്. ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിവരങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാനാണ് സാധ്യത.

സർക്കാർ ചർച്ചക്ക് ഒരുങ്ങുമ്പോഴും പ്രശ്‌നപരിഹാരത്തിന് വ്യക്തമായ ഫോർമുല ഇല്ല എന്നതാണ് സർക്കാരിനെ കുഴയ്ക്കുന്നത്. സമരം ചെയ്യുന്ന വിവിധ വിഭാഗം ഉദ്യോഗാർത്ഥികളുടേയും ആവശ്യം സർക്കാർ അംഗീകരിക്കുമോ എന്നതിലും ആശയക്കുഴപ്പമുണ്ട്.

സിപിഒ റാങ്ക് ലിസ്റ്റ് അടക്കം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകളുടെ കാര്യത്തിൽ ഇനിയും ധാരണയായിട്ടില്ല. നിയമപ്രശ്‌നവുമായി കോടതി കയറിയ റാങ്ക് ലിസ്റ്റുകളുമുണ്ട്. ഇതെല്ലാം സർക്കാർ എങ്ങനെ പരിഹരിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

സെക്രട്ടേറിയറ്റ് പരിസരത്തെ സമരച്ചൂടിന് കുറവില്ല. തലമുണ്ഡനം ചെയ്ത കായികതാരങ്ങൾ ഇന്ന് തലകുത്തിമറിഞ്ഞും ശയനപ്രദക്ഷിണം നടത്തിയും പ്രതിഷേധിച്ചു. പ്രതീകാത്മക മീൻ വിൽപ്പന നടത്തിയായിരുന്നു പതിമൂന്നാം ദിവസത്തിലേക്ക് കടന്ന സിപിഒ ഉദ്യോഗാർത്ഥികളുടെ ഇന്നത്തെ സമരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP