Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എതിർപ്പുകളുടെ പേരിൽ മുൻ സർക്കാരുകൾ ഉപേക്ഷിക്കാൻ ഒരുങ്ങിയ പല പദ്ധതികളും പൂർത്തീകരണ ഘട്ടത്തിൽ; എതിർപ്പിന്റെ പേരിൽ വികസന പദ്ധതികൾ ഉപേക്ഷിക്കുന്ന സർക്കാരല്ല ഇതെന്നും പിണറായി വിജയൻ; കൂടംകുളം ആണവ വൈദ്യുതി നിലയത്തിൽ നിന്നുള്ള ഇടമൺ കൊച്ചി പവർ ഹൈവേ നാടിന് സമർപ്പിച്ചു

എതിർപ്പുകളുടെ പേരിൽ മുൻ സർക്കാരുകൾ ഉപേക്ഷിക്കാൻ ഒരുങ്ങിയ പല പദ്ധതികളും പൂർത്തീകരണ ഘട്ടത്തിൽ; എതിർപ്പിന്റെ പേരിൽ വികസന പദ്ധതികൾ ഉപേക്ഷിക്കുന്ന സർക്കാരല്ല ഇതെന്നും പിണറായി വിജയൻ; കൂടംകുളം ആണവ വൈദ്യുതി നിലയത്തിൽ നിന്നുള്ള ഇടമൺ കൊച്ചി പവർ ഹൈവേ നാടിന് സമർപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: എതിർപ്പുകളുടെ പേരിൽ മുൻ സർക്കാരുകൾ ഉപേക്ഷിക്കാൻ ഒരുങ്ങിയ പദ്ധതികൾ പലതും പൂർത്തീകരണ ഘട്ടത്തിലാണെന്നും എതിർപ്പിന്റെ പേരിൽ കേരളത്തിലെ ഒരു വികസന പദ്ധതിയും ഈ സർക്കാർ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനം ആഗ്രഹിക്കുന്ന സർക്കാരിന് എതിർപ്പുകളെ അതിജീവിച്ചു മുന്നോട്ടു പോകാനെ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. കൂടംകുളം ആണവ വൈദ്യുതി നിലയത്തിൽ നിന്നുള്ള ഇടമൺ കൊച്ചി 400 കെവി ട്രാൻസ്മിഷൻ ലൈനിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കൂടംകുളം ലൈൻ വലിക്കുന്ന കാര്യത്തിൽ അഭിപ്രായ സമന്വയം ഉണ്ടാക്കിയ ശേഷവും ചിലർ തടസ്സവുമായി വന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോൾ സർക്കാർ എന്താണെന്ന് അവർക്കു മനസ്സിലാക്കി കൊടുത്തു. ഇപ്പോൾ ഇക്കാര്യം പറയുന്നത് അവരുടെ പ്രവൃത്തിയെ നിസാരവൽക്കരിച്ചു കാണാനല്ല. ഇനിയും വികസന പദ്ധതികൾ നാട്ടിൽ വരും. അപ്പോൾ സർക്കാരിന്റെ നിലപാട് ഇതാവും എന്നു സൂചിപ്പിക്കാൻ മാത്രമാണ്.

ഗെയിൽ പൈപ്പ് ലൈൻ മൂന്നു കിലോമീറ്റർ കൂടി മാത്രമാണ് പൂർത്തിയാകാനുള്ളത്. ദേശീയപാതയുടെ സ്ഥലമെടുപ്പു കാര്യവും അതു തന്നെ. എല്ലാ സർക്കാരുകളും ഒരുപോലെയാണെന്നും ഇവിടെ ഒന്നും നടക്കില്ലെന്നും ശപിച്ചവർക്ക് ഇപ്പോൾ ഒരു കാര്യം ബോധ്യം വന്നിട്ടുണ്ട്. നാടിന്റെ താൽപര്യം സംരക്ഷിക്കുന്നതിൽ ഈ സർക്കാരിന് മറ്റൊന്നും തടസ്സമായി നിൽക്കില്ലെന്ന് അവർക്കു മനസ്സിലായി.

നാടിന്റെ വികസനം ഉറപ്പു വരുത്തുന്ന പദ്ധതികളിൽ ചില പ്രശ്‌നങ്ങൾ ജനങ്ങൾക്കു നേരിടേണ്ടി വരും. അവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക എന്നതിനപ്പുറം എതിർപ്പിന്റെ പേരിൽ പദ്ധതി ഉപേക്ഷിക്കലല്ല സർക്കാർ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടംകുളം ആണവ നിലയത്തിൽ നിന്നുള്ള വൈദ്യുതി തിരുനൽവേലി ഉദുമൽപ്പെട്ട് മാടയ്ക്കത്തറ വഴിയായിരുന്നു കൊച്ചിയിൽ എത്തിച്ചിരുന്നത്. അത് ദേശീയ ഗ്രിഡിലൂടെ തിരുനൽവേലിയിലെത്തിച്ച് നേരെ ആര്യങ്കാവ് ചുരം കടത്തി പുനലൂരിനടുത്തുള്ള ഇടമൺ സബ് സ്റ്റേഷനിലേക്കു കയറ്റി ഇവിടെ നിന്നു കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളുടെ കിഴക്കന്മലയോരത്തുകൂടെ കൊച്ചി സബ് സ്റ്റേഷനിലെത്തിക്കുന്നതാണ് പുതിയ 400 കെവി ലൈൻ. ഇതു ലൈനിന്റെ ദൈർഘ്യം 250 കിലോമീറ്ററോളം കുറയ്ക്കും. അതുവഴി പ്രസരണ നഷ്ടവും കുറയും.

റോഡു മാർഗം പുനലൂരിൽ നിന്ന് കൊച്ചി പള്ളിക്കരയിലെത്താൻ ഏകദേശം 200 കിമീ ദൂരമുണ്ടെങ്കിൽ ഈ ദൂരം പിന്നിടാൻ പുതിയ വൈദ്യുതി ലൈൻ എടുക്കുന്നത് 148.3 കിമീ മാത്രം. തുടർന്ന് ഉദുമൽപ്പേട്ടയിലേക്ക് എത്താൻ 288.7 കിലോമീറ്റർ കൂടി. അങ്ങനെ തിരുനെൽവേലി-ഇടമൺ കൊച്ചി-ഉദുമൽപെട്ട് 400 കെവി പവർ ഹൈവേ (437 കിമീ)യാണ് യാഥാർഥ്യമായിരിക്കുന്നത്. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു ശാശ്വത പരിഹരമാകുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ചെലവ് 1300 കോടി രൂപയാണ്. കേരളത്തിലെ പ്രസരണ ശൃംഖലയിൽ ശരാശരി രണ്ടു കിലോ വോൾട്ട് വർധനയും സാധ്യമായി.

148 കിമീ നീളവും 447 ടവറുകളും ഉള്ള 400 കെവി ഇടമൺ-കൊച്ചി ലൈൻ കൊല്ലം (22 കിമീ), പത്തനംതിട്ട (47 കിമീ), കോട്ടയം (51 കിമീ), എറണാകുളം (28 കിമീ) എന്നീ ജില്ലകളിൽ കൂടിയാണ് കടന്നുപോകുന്നത്. 16 മീറ്റർ ഇടനാഴിയുള്ള ലൈനിന്റെ റൈറ്റ് ഓഫ് വേ 46 മീറ്ററാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP