Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പ്രിയസഖാവിന് ജന്മ​ദിനാശംസകൾ നേർന്ന് പിണറായി വിജയൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ; 97ന്റെ നിറവിൽ വി എസ്

പ്രിയസഖാവിന് ജന്മ​ദിനാശംസകൾ നേർന്ന് പിണറായി വിജയൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ; 97ന്റെ നിറവിൽ വി എസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 97ാം ജന്മദിനം ആഘോഷിക്കുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ആശംകൾ നേർന്ന് പ്രമുഖർ. സിപിഎമ്മിന്റെ സ്ഥാപക നേതാവ് കൂടിയായ വി എസിന് മുഖ്യമന്ത്രി പിണറായി വിജയൻ ജന്മദിനാശംസകൾ നേർന്നു. പ്രിയസഖാവ് വി എസ്സിന് ജന്മദിനാശംസകൾ എന്ന ക്യാപ്ഷനോടെ വിഎസിന്റെ ഫോട്ടോയോടൊപ്പമാണ് പിണറായി വിജയൻ വിഎസിന് ജന്മദിനാശംസകൾ നേർന്നത്. ആശംസയറിയിക്കുന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് മിനിറ്റുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി.

വി എസ് അച്യുതാനന്ദന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജന്മദിനാശാംസകൾ നേർന്നു. വി എസിന്റെ മകൻ അരുൺകുമാറിനെ ഫോണിൽ വിളിച്ച് ചെന്നിത്തല ആശംസകൾ അറിയിച്ചു. വി എസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് നടൻ സുരാജ് വെഞ്ഞാറമൂടും രം​ഗത്തെത്തി. ഫേസ്‌ബുക്കിൽ വിഎസിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം പ്രിയ നേതാവിന് ജന്മദിനാശംസകൾ നേർന്നത്.

വി എസ് അച്യുതാനന്ദന് സംവിധായകൻ ഡോ.ബിജു ജന്മദിനാശംസകൾ നേർന്നു. ഫേസ്‌ബുക്ക് കുറിപ്പിലാണ് അദ്ദേഹം ആശംസകൾ നേർന്നത്.

കുറിപ്പ് ഇങ്ങനെ-

ഏറെ ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് , ഏറെ പ്രിയപ്പെട്ട സഖാവ് . ജനകീയ വിഷയങ്ങളിൽ , പരിസ്ഥിതി വിഷയങ്ങളിൽ ഒക്കെ സാധാരണക്കാരനൊപ്പം നിന്ന ഭരണാധികാരി ..പരിസ്ഥിതി വിഷയങ്ങളിൽ സഖാവ് വി എസ് പുലർത്തിയിരുന്ന ദീർഘ വീക്ഷണമുള്ള കാഴ്ചപ്പാടുകളും ശക്തമായ നിലപാടുകളും കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറെ പ്രസക്തമാകുന്നു ..അത് ശക്തിപ്പെടുത്തുവാനോ തുടരാനോ പിന്നീട് സാധിച്ചില്ല എന്നതാണ് കേരളത്തിന്റെ പരിസ്ഥിതി മേഖലയിലെ ഏറ്റവും വലിയ ദുര്യോഗം ...ജനകീയ വിഷയങ്ങളിൽ നിന്നും അകന്നു പോകുന്ന രാഷ്ട്രീയ നേതാക്കൾക്കും ഭരണാധികാരികൾക്കും ഇടയിൽ എന്നും എപ്പോഴും സാധാരണക്കാരായ മനുഷ്യർക്കൊപ്പം അവരുടെ പ്രശ്നങ്ങൾക്കൊപ്പം നിന്നിരുന്ന സഖാവിന് ജന്മദിനാശംസകൾ ....

എന്റെ രണ്ടു സിനിമകളുടെ ആദ്യ പ്രദർശനം കാണുവാൻ സഖാവ് വി എസ് എത്തിയിരുന്നു .. അമേരിക്കൻ അധിനിവേശത്തിനെതിരായ സിനിമയായ രാമൻ ആദ്യ പ്രദർശനം കാണുവാൻ കലാഭവൻ തിയറ്ററിൽ 2009 ൽ അദ്ദേഹം എത്തിയിരുന്നു . പിന്നീട് 2015 ൽ കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ എൻഡോസൾഫാൻ വിഷയം പ്രമേയമാക്കിയ വലിയ ചിറകുള്ള പക്ഷികൾ സിനിമയുടെ ആദ്യ പ്രദർശനം കാണുവാനും വി എസ് എത്തി . കാസർഗോട്ടെ എൻഡോസൾഫാൻ വിഷയത്തിൽ സജീവമായി ഇടപെടുകയും വളരെ അനുഭാവപൂർണമായ നിലപാടുകൾ എടുക്കുകയും ചെയ്തിരുന്നു വി എസ് . വലിയ ചിറകുള്ള പക്ഷികൾ സിനിമയിൽ സഖാവ് വി എസിനെ പരാമർശിക്കുകയും ചെയ്യുന്നുണ്ട്. കേരളം ചലച്ചിത്ര മേളയിൽ വി എസ് സിനിമ കാണാനെത്തുമ്പോൾ തിയറ്റർ തിങ്ങി നിറഞ്ഞു കാണികൾ നിലത്തിരുന്നു കാണുന്നത്ര തിരക്കായിരുന്നു. സിനിമയിൽ വി എസിന്റെ പേര് പരാമർശിക്കുമ്പോൾ കാണികൾ ഇടിമുഴക്കം പോലെ ആണ് തിയറ്ററിൽ മുദ്രാവാക്യം വിളിച്ചത്. സിനിമ കണ്ടിറങ്ങിയ വി എസിനെ പൊതിഞ്ഞ മാധ്യമങ്ങൾ സിനിമയിൽ സഖാവിന്റെ ഇടപെടലുകളും പരാമർശിക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ സ്വതസിദ്ധമായ ആ ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു.. അതൊക്കെ സത്യമാണല്ലോ ...
അതെ അതൊക്കെ സത്യം തന്നെയാണ്. എൻഡോസൾഫാൻ വിഷയത്തിൽ എപ്പോഴും ഏറെ അനുഭാവത്തോടെ ആണ് വി എസ് ഇടപെട്ടിരുന്നത്.

പിന്നീട് 2016 ഡിസംബറിൽ മാവോയിസ്റ്റ് , യു എ പി എ വിഷയങ്ങൾ കൈകാര്യം ചെയ്ത കാട് പൂക്കുന്ന നേരം എന്ന സിനിമ കേരള ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുമ്പോൾ വി എസ് കാണാൻ എത്തും എന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ തുടർച്ചയായി രണ്ടു മണിക്കൂർ ഇരിക്കുന്നതിനുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം വരാൻ സാധിച്ചില്ല. 2016 നവംബർ 24 ന് നിരോധിക്കപ്പെട്ട ഒരു കമ്യൂണിസ്റ്റ് വിപ്ലവ സംഘടനയുടെ രണ്ടു രാഷ്ട്രീയ പ്രവർത്തകരെ മാവോയിസ്റ്റുകൾ എന്ന പേരിൽ നിലമ്പൂരിൽ പൊലീസ് വെടി വെച്ച് കൊന്നു .. കാട് പൂക്കുന്ന നേരം എന്ന സിനിമയിൽ പരാമർശിച്ച കാര്യങ്ങൾ അവിശ്വസനീയമായ രീതിയിൽ സത്യമായി മാറിയ സാഹചര്യത്തിൽ സഖാവ് വി എസ് ആ സിനിമ കണ്ടിരുന്നെങ്കിൽ എന്താകും അദ്ദേഹത്തിന്റെ പ്രതികരണം എന്നത് കൗതുകത്തോടെ ഞാൻ ഇപ്പോഴും ആലോചിക്കാറുണ്ട് .. ഒരുപക്ഷെ ശക്തമായ മാനവികമായ ഒരു രാഷ്ട്രീയ പ്രതികരണം അദ്ദേഹം തീർച്ചയായും നടത്തിയേനെ എന്നാണ് ഞാൻ വിശ്വസിക്കുന്നത് ...
ഈ ജന്മദിനത്തിൽ ഏറെ പ്രിയപ്പെട്ട സഖാവിന് , ഏറെ പ്രിയപ്പെട്ട കമ്യൂണിസ്റ്റിന് ,ഏറെ പ്രിയപ്പെട്ട നേതാവിന് ..ഏറെ പ്രിയപ്പെട്ട മനുഷ്യന് , ഹൃദയത്തിൽ തൊട്ട ജന്മദിനാശംസകൾ.

ജീവിച്ചിരിക്കുന്ന ഏറ്റവും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവ്, വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന് ആയുരാരോഗ്യം നേർന്ന് നിരവധി ഫോൺകോളുകളാണ് തിരുവനന്തപുരത്തെ 'കവടിയാർ' ഹൗസിലേക്ക് എത്തുന്നത്. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷന്റെ ഔദ്യോഗിക വസതിയിൽ നിന്ന് വി എസ് പുറത്തേക്ക് ഇറങ്ങിയിട്ട് ഒരു വർഷമാകുന്നു. കോവിഡ് നിയന്ത്രണങ്ങളും പ്രായാധിക്യവും കാരണം വസതിയിൽ തന്നെയാണ് മുഴുവൻ സമയം.

വി.എസിന് ജന്മദിനാഘോഷങ്ങൾ പതിവില്ലായിരുന്നെങ്കിലും മാധ്യമങ്ങളിൽ അത് വാർത്തയായതോടെ ജന്മദിനത്തിൽ വീട്ടിലെത്തുന്നവർക്ക് പായസം പതിവായി. കഴിഞ്ഞ ഒക്‌റ്റോബർ 20ന് ഭാര്യ വസുമതി വി.എസിന് കേക്ക് നൽകി. പൊതുപ്രവർത്തനത്തിൽ സജീവമായതിനുശേഷം തിരക്കില്ലാത്ത പിറന്നാൾ ഇത്തവണയാവും. മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായും എൽഡിഎഫ് കൺവീനറായും ഇതുവരെ ആകെ തിരക്കിന്റെ നാളുകളായിരുന്നല്ലോ.

കഴിഞ്ഞ പിറന്നാൾ കഴിഞ്ഞാണ് വി.എസിന്റെ ആരോഗ്യനില മോശമായത്. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. താനൊരു പോരാളിയാണെന്ന് തെളിയിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതിനിടയിലാണ് കോവിഡ് നാടിനെയാകെ പിടികൂടിയത്. മാറിമറിയുന്ന മഴയും തണുപ്പും ചൂടും... ആ കാലാവസ്ഥാ വ്യതിയാനം വി.എസിനെയും ബാധിച്ചു. പതിവ് നടത്തം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലായിരുന്നെങ്കിലും ഇപ്പോൾ അങ്ങോട്ടുപോവാറില്ല. വീട്ടിൽ പരസഹായത്തോടെ നടക്കും. വെയിൽ കൊള്ളും. ലോകം മുറികൾക്കുള്ളിലേക്ക് ചുരുങ്ങിയപ്പോൾ വി.എസിനും അങ്ങനെതന്നെയായി. അണുബാധ ഉണ്ടാകാതിരിക്കാനായി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടയിലും, ഭരണപരിഷ്‌കാര കമ്മിഷൻ കാര്യങ്ങളിൽ വി എസ് ഇടപെടുന്നുണ്ട്. മെംബർ സെക്രട്ടറി ഷീല തോമസ് ഇടയ്ക്കിടെ ഔദ്യോഗികവസതിയിലെത്തി ചർച്ച നടത്തും. വി.എസിന്റെ നിർദ്ദേശപ്രകാരമുള്ള റിപ്പോർട്ടുകൾ തയാറായി വരികയുമാണ്. രാവിലെ പത്രവാർത്തകൾ അറിയണമെന്ന ശീലത്തിൽ മാറ്റമില്ല. മുമ്പ് നേരിട്ടു വായിക്കുകയാണെങ്കിൽ ഇപ്പോൾ വായിച്ചുകേൾക്കുകയാണ്. രാവിലെ പത്രങ്ങളും വൈകിട്ട് പ്രധാന ആനുകാലികങ്ങളുമാണ് വായിച്ചുകേൾക്കുക. ഇടനേരങ്ങളിൽ ടെലിവിഷൻ കാണും. വൈകുന്നേരം ടിവിയിലെ പാട്ടുപരിപാടികളാണ് ഇപ്പോൾ പ്രിയങ്കരമായിട്ടുള്ളത്.

കുറേ വർഷങ്ങളായി സസ്യാഹാരിയായിരുന്നെങ്കിലും ഡോക്റ്റർമാരുടെ നിർദ്ദേശപ്രകാരം ചെറിയ മീനുകൾ കഴിക്കുന്നുണ്ട്. ഡോക്റ്റർ പറഞ്ഞാൽ അതെന്തായാലും കൈയോടെ അനുസരിക്കുക എന്നതാണ് വി.എസിന്റെ ശീലം. ഡോ. കെ.എൻ. പൈയാണ് വി.എസിനോട് പുകവലി നിർത്താൻ നിർദ്ദേശിച്ചത്. അതുവരെ ചെയ്ൻ സ്‌മോക്കറായിരുന്ന വി എസ് അതിനുശേഷം പുകവലിച്ചിട്ടില്ല.

ഇപ്പോഴാണെങ്കിൽ വീട്ടിൽ ഡോക്റ്റർമാരുടെ എണ്ണം കുറവല്ല. ഐഎച്ച്ആർഡി അഡീഷണൽ ഡയറക്റ്ററായ മകൻ വി.എ. അരുൺകുമാറിന്റെ ഭാര്യ ഡോ. രജനി ഇഎൻടി സർജനാണ്. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞയായ മകൾ ഡോ. വി.വി. ആശയുടെ ഭർത്താവ് ഡോ. തങ്കരാജ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചീഫ് കൺസൽറ്റന്റ്. ആശ- തങ്കരാജ് ദമ്പതിമാരുടെ മക്കളായ ആതിരയും ആനന്ദും ഡോക്റ്റർമാരാവുകയാണ്. ഇതിൽ അച്ചു എന്നു വിളിക്കുന്ന ആനന്ദ് അവസാനവർഷ എംബിബിഎസ് വിദ്യാർത്ഥി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP