Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സസ്‌പെൻഡ് ചെയ്തിട്ടും വിമർശനം തുടരുന്നതിൽ ജേക്കബ് തോമസിനെതിരെ ക്ഷുഭിതനായി പിണറായി വിജയൻ; സസ്‌പെൻഷനെതിരെ ചെറുവിരൽ അനക്കാത്ത ഡിജിപിയെ സർവ്വീസിൽ നിന്നും പിരിച്ചു വിടാൻ ആലോചന സജീവം; ജേക്കബ് തോമസിന്റെ നടപടി അതീവ ഗുരുതരമായ കൃത്യ വിലാപം എന്നുറപ്പിച്ചു കുറ്റപത്രം തയ്യാറാക്കി ചീഫ് സെക്രട്ടറി

സസ്‌പെൻഡ് ചെയ്തിട്ടും വിമർശനം തുടരുന്നതിൽ ജേക്കബ് തോമസിനെതിരെ ക്ഷുഭിതനായി പിണറായി വിജയൻ; സസ്‌പെൻഷനെതിരെ ചെറുവിരൽ അനക്കാത്ത ഡിജിപിയെ സർവ്വീസിൽ നിന്നും പിരിച്ചു വിടാൻ ആലോചന സജീവം; ജേക്കബ് തോമസിന്റെ നടപടി അതീവ ഗുരുതരമായ കൃത്യ വിലാപം എന്നുറപ്പിച്ചു കുറ്റപത്രം തയ്യാറാക്കി ചീഫ് സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സസ്‌പെൻഡ് ചെയ്തിട്ടും സർക്കാരിനെതിരെ രൂക്ഷ വിമർശനം തുടരുന്ന ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രിയുടെ ക്ഷോഭം. സംസ്ഥാന ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന രീതിയിലുള്ള ഡിജിപിയുടെ പരാമർശമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചത്. കൃത്യ വിലോപത്തിന് സസ്‌പെൻഡ് ചെയ്തിട്ടും നിരുപാധികം സർ്ക്കാരിനെതിരെ കടന്നാക്രമണം നടത്തുന്ന ഡിജിപിയെ സർവീസിൽ നിന്നുനം പിരിച്ചു വിടാനും നീക്കം നടക്കുന്നുണ്ട്. ജേക്കബ് തോമസിന്റെ നടപടി അതീവ ഗുരുതരമായ കൃത്യ വിലാപം എന്നുറപ്പിച്ചുള്ള കുറ്റപത്രം ചീഫ് സെക്രട്ടറി തയ്യാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ജേക്കബ് തോമസിനെതിരെ നടപടിയുണ്ടാകും.

ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഭരണകൂടത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ ബാധ്യസ്ഥതയുള്ളയാളാണ് ഉന്നത ഉദ്യോഗസ്ഥനായ ഡിജിപി. എന്നിട്ടും അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ പ്രവർത്തിച്ചു. സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായി തകർന്നുവെന്ന ഐ.എം.ജി. മേധാവി ജേക്കബ് തോമസിന്റെ അഭിപ്രായ പ്രകടനം മാപ്പർഹിക്കാത്ത കുറ്റമാണെന്നും സർക്കാർ ജേക്കബ് തോമസിന് നൽകിയ വിശദമായ കുറ്റപത്രത്തിൽ പറയുന്നു.

സംസ്ഥാനത്ത് നിയമ വാഴ്ച തകർന്നെന്നും അതിനാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടതായ സാഹചര്യം കേരളത്തിലുണ്ടെന്നുമാണ് ജേക്കബ് തോമസ് തന്റെ പ്രസംഗത്തിൽ പരോക്ഷമായി പറഞ്ഞ് സ്ഥാപിച്ചത്. . സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത അഭിപ്രായപ്രകടനമാണിതെന്നും സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി പോൾ ആന്റണി നൽകിയ കുറ്റപത്രത്തിൽ പറയുന്നു.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഡിസംബർ ഒമ്പതിന് നടന്ന അഴിമതിവിരുദ്ധ ദിനാചരണയോഗത്തിലെ പ്രസംഗത്തിലായിരുന്നു ജേക്കബ് തോമസിന്റെ വിവാദ പരാമർശം. പരാമർശങ്ങൾ സർക്കാരിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നു വിലയിരുത്തിയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. അതിനുശേഷവും സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശനം തുടർന്നു. ഈ സാഹചര്യങ്ങൾകൂടി പരിഗണിച്ചാണ് കടുത്ത അച്ചടക്കനടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്.

'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ജേക്കബ് തോമസിന്റെ പുസ്തകത്തിലും സർക്കാരിനെതിരെ രൂക്ഷ വിമർശനമുണ്ട്. ഈ പുസ്തകത്തിൽ സർവീസ് നിയമം ലംഘിച്ചെന്നാരോപിച്ച് ജേക്കബ് തോമസിനെതിരേ ക്രിമിനൽ നപടിക്കും വകുപ്പുതല നടപടിക്കും ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിരുന്നു.

ജേക്കബ് തോമസിന്റെ പ്രസംഗത്തിന്റെ ചുരുക്കം

സംസ്ഥാനത്ത് നിയമവാഴ്ചയില്ല. അഴിമതിക്കാർ ഇവിടെ ഐക്യത്തിലാണ്. അവർക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. 51 വെട്ടു വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കും. ഭീകരരുടെ രീതിയാണിത്.

സുനാമി ദുരിതാശ്വാസ പാക്കേജിലെ കോടികൾ കട്ടുകൊണ്ടുപോയി. 1400 കോടിയുടെ സുനാമി ഫണ്ട് വിനിയോഗിച്ചത് ശരിയായ രീതിയിലല്ല. ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനത്തിലും പാളിച്ചകളുണ്ട്.

ഓഖി ദുരന്തത്തിൽ എത്രപേർ മരിച്ചുവെന്നോ എത്രപേർ കടലിൽ കുടുങ്ങിയിട്ടുണ്ടെന്നോ ആർക്കുമറിയില്ല. ഇക്കാര്യത്തിൽ ആർക്കും ഉത്തരവാദിത്വമില്ല. പണക്കാരുടെ മക്കളാണ് കടലിൽപ്പോയതെങ്കിൽ ഇതാകുമായിരുന്നോ അധികാരികളുടെ പ്രതികരണം. ജനങ്ങളുടെ കാര്യം നോക്കാൻ കഴിയാത്തവർ എന്തിന് അധികാരത്തിൽ തുടരുന്നു എന്നാണ് ജനം ചോദിച്ചത്.

ജനവിശ്വാസമുള്ള ഭരണാധികാരികൾക്ക് ജനത്തിന്റെ അടുത്തുപോയി നിൽക്കാം. ജനങ്ങളാണ് യഥാർഥ അധികാരികൾ. ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. സുതാര്യതയെക്കുറിച്ച് ഇപ്പോൾ ആരും മിണ്ടുന്നില്ല.

കുറ്റപത്രത്തിലെ പ്രധാന ആരോപണങ്ങൾ:

ജേക്കബ് തോമസിന്റെ അഭിപ്രായപ്രകടനം യാദൃച്ഛികമായി സംഭവിച്ചതോ പ്രസംഗത്തിന്റെ ഒഴുക്കിൽ അറിയാതെ കടന്നുവന്നതോ അല്ല. എഴുതിത്ത്ത്ത്ത്ത്തയ്യാറാക്കിയ പ്രസംഗം വായിക്കുകയായിരുന്നു. സർക്കാരിന്റെ പ്രതിച്ഛായ തകർക്കണമെന്ന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണിത്, ഗുരുതരമായ കൃത്യവിലോപമാണിത്.

ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഭരണകൂടത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ട്. ജേക്കബ് തോമസ് അതിനു മുതിർന്നില്ല.

ഏറ്റവും മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ വ്യക്തി ആ പദവിയുടെ അന്തസ്സ് നശിപ്പിച്ചു.

അഴിമതിക്കാരുമായി ഭരണാധികാരികൾ സന്ധിചെയ്യുന്നുവെന്ന ആരോപണമുന്നയിച്ച ഗുരുതര കുറ്റകൃത്യത്തിന് നടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റുദ്യോഗസ്ഥർ മാതൃകയാക്കാനിടയുണ്ട്.

ഓഖി ദുരിതബാധിതരുടെയിടയിൽ സർക്കാർവിരുദ്ധവികാരം ആളിക്കത്തിക്കാനും അതുവഴി തീരപ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചു.

ഔദ്യോഗിക ചുമതലകളുടെ ഭാഗമല്ലാത്ത പരിപാടിയിൽ പങ്കെടുക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല. അഖിലേന്ത്യാ സർവീസ് ചട്ടങ്ങളുടെ ലംഘനമാണിത്.

പൊലീസ് സേനയുടെ ഭാഗമായിനിന്ന് സേനയുടെ മുഴുവൻ അന്തസ്സ് തകർക്കുന്ന നടപടിയുണ്ടായി. ഇത് അനുസരണക്കേടും സ്വഭാവദൂഷ്യവുമാണ്.

മറുപടി ബോധിപ്പിക്കാനുണ്ടെങ്കിൽ 15 ദിവസത്തിനകം നൽകണം. ഇല്ലെങ്കിൽ തടസ്സവാദങ്ങൾ ഇല്ലെന്ന നിഗമനത്തിൽ സർക്കാർ നടപടികളെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP