Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂൾ- കലാലയ അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് പ്രാവർത്തികമാക്കും; രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളർത്തിയെടുക്കാനാണ് തീരുമാനം; കലാലയ യൂണിയനുകളിൽ 50 ശതമാനം വനിതാ സംവരണവും നടപ്പിൽ വരുത്തും; സംസ്ഥാന ദുരന്ത നിവാരണ സേനയിൽ വിദ്യാർത്ഥി പങ്കാളിത്തവും; വിദ്യാർത്ഥി സംഘടന നേതാക്കളോട് സംവദിച്ച ശേഷം കുറിപ്പുമായി മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്‌കൂൾ- കലാലായ അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് പ്രാവർത്തികമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളർത്തിയെടുക്കുന്നതിനായിട്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം പറയുന്നു.  ഭരണഘടനയും അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഭീഷണി നേരിടുന്ന വർത്തമാനകാല ഇന്ത്യയിൽ ഭരണഘടനാ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന കലാലയ വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ ആവശ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. വിദ്യാർത്ഥി നേതാക്കളുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. കലാലയ യൂണിയൻ തിരിഞ്ഞെടുപ്പുകളിൽ 50 ശതംമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനെ കുറിച്ച് പരിഗണിക്കുമെന്നും അദ്ദേഹം പ്രതികരിക്കുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം:-

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളർത്തിയെടുക്കുന്നതിനായി സ്‌കൂൾ- കോളേജ് അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഭരണഘടനയും അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഭീഷണി നേരിടുന്ന വർത്തമാനകാല ഇന്ത്യയിൽ ഭരണഘടനാ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന കലാലയ വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ ആവശ്യത്തോട് പ്രതികരിച്ചു.

സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേരിട്ടറിയാൻ യൂണിവേഴ്സിറ്റി- കോളെജ് വിദ്യാർത്ഥി യൂണിയൻ നേതാക്കളോട് നേരിട്ട് സംവദിക്കുന്നതിനായി കോഴിക്കോട് ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോൺക്ലേവിലാണ് ഇക്കാര്യം പറഞ്ഞത്.

കോളെജ് വിദ്യാർത്ഥി യൂണിയനുകളിൽ 50 ശതമാനം വനിതാ സംവരണം പ്രാവർത്തികമാക്കാൻ കഴിയുമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കും. കലാലയങ്ങളിൽ വിദ്യാർത്ഥിനികളുടെ അംഗസംഖ്യ വലിയ തോതിൽ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥി നേതാക്കളുടെ ഈ ആവശ്യത്തിന് പ്രസക്തിയുണ്ട്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. കാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിയമ നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കലാലയങ്ങളിൽ ഇന്റേണൽ മാർക്കിന്റെ പേരിൽ ആരെയും തോൽപ്പിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭാവിയിൽ ഇന്റേണൽ മാർക്ക് തന്നെ ഒഴിവാക്കാൻ ഉദ്ദേശമുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ചെയ്യുന്നതിന് അവസരം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുകയാണ്. പെൺകുട്ടികൾക്ക് ഉൾപ്പെടെ നിയന്ത്രണം ഇല്ലാത്ത വിധം യൂണിവേഴ്സിറ്റി ലൈബ്രറികൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകി. യൂണിവേഴ്സിറ്റി പരീക്ഷകൾ യഥാസമയം നടത്തുന്നതിന് നടപടി ആയിട്ടുണ്ട്. കാമ്പസുകൾ ലഹരി മുക്തമാക്കുന്നതിന് കൂട്ടായ പരിശ്രമം വേണം. ഇതിന് വിദ്യാർത്ഥി യൂണിയനുകളുടെയും പി.ടി.എകളുടെയും ശക്തമായ പിന്തുണ ആവശ്യമാണ്.

പാരിസ്ഥിതിക വിഷയങ്ങൾ, ജലസംരക്ഷണം, മാലിന്യ നിർമ്മാർജനം, നൂതന കൃഷി രീതികൾ, ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങൾക്ക് പാഠ്യപദ്ധതികളിൽ സ്‌കൂൾ തലം മുതൽ മതിയായ പ്രാധാന്യം നൽകണമെന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങളെ തുറന്ന മനസ്സോടെ അംഗീകരിക്കുന്നു. മാലിന്യ മുക്തമായ പരിസരം സൃഷ്ടിക്കുന്നതിന് വീടുകളിൽ തന്നെ മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കുന്നതിനും സംസ്‌കരിക്കുന്നതിനുള്ള പാഠങ്ങൾ പഠിക്കണം. കൃഷി ലാഭകരമല്ലെന്ന ധാരണ തിരുത്തുന്നതിന് ആധുനിക രീതിയിലുള്ള കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കപ്പെടണം. ജലസ്രോതസ്സുകൾ വൃത്തിയായി സംരക്ഷിക്കുകയും മഴവെള്ളം ശേഖരിക്കുന്നതിനായി മഴക്കുഴികളും സംഭരണികളും സ്ഥാപിക്കുകയും കിണറുകളിലേക്ക് വെള്ളം ആഴ്ന്നിറങ്ങാൻ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണം.

സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന ജനകീയ ദുരന്ത നിവാരണ സേനയിൽ വിദ്യാർത്ഥികൾക്ക് മതിയായ അവസരം നൽകും. ഓരോ 100 പേർക്കും ഒരാൾ എന്ന രീതിയിൽ വിദഗ്ധ പരിശീലനം നൽകുന്ന വളണ്ടിയർ ടീമിൽ 18 വയസ്സ് പൂർത്തിയായവർക്ക് പങ്കെടുക്കാം. എൻ.സി.സി, എൻ.എസ്.എസ്, വിദ്യാർത്ഥികൾ, യുവജനങ്ങൾ, വിമുക്ത ഭടന്മാർ തുടങ്ങിയവരെ പദ്ധതിയിൽ ഉൾപ്പെടുത്തും.

സംസ്ഥാനത്തിന്റെ വികസന നയം രൂപീകരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കോഴിക്കോട് ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തിൽ രണ്ടാം സ്റ്റുഡന്റ് ലീഡേഴ്സ് കോൺക്ലേവ് സംഘടിപ്പിച്ചത്. നവകേരള നിർമ്മിതി സംബന്ധമായ വിദ്യാർത്ഥികളുടെ ആശയങ്ങൾ എന്ന മെയിലിലേക്ക് അയക്കാം. [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP