Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കോവിഡ് പിൻവാങ്ങുന്നു എന്ന തോന്നലുകൾക്ക് ശാസ്ത്രീയ അടിത്തറയില്ല; കോവിഡ് വ്യാപനം കാട്ടുതീ പോലെയാണ്; തീയൽപം ശമിക്കുന്നു എന്നത് അടുത്ത കാട്ടിലേക്ക് തീ പടരുന്നതിനു മുൻപുള്ള താൽക്കാലിക ശാന്തത മാത്രമാകാം; രോഗം പടരാതിരിക്കാനുള്ള കരുതൽ കൂടുതൽ ജാഗ്രതയോടെ തുടരുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി

കോവിഡ് പിൻവാങ്ങുന്നു എന്ന തോന്നലുകൾക്ക് ശാസ്ത്രീയ അടിത്തറയില്ല; കോവിഡ് വ്യാപനം കാട്ടുതീ പോലെയാണ്; തീയൽപം ശമിക്കുന്നു എന്നത് അടുത്ത കാട്ടിലേക്ക് തീ പടരുന്നതിനു മുൻപുള്ള താൽക്കാലിക ശാന്തത മാത്രമാകാം; രോഗം പടരാതിരിക്കാനുള്ള കരുതൽ കൂടുതൽ ജാഗ്രതയോടെ തുടരുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പിൻവാങ്ങുന്നു എന്ന തോന്നലിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയതലത്തിൽ കോവിഡ് വ്യാപനം അതിന്റെ ഉയർന്ന തോതിൽ പിന്നിട്ടു എന്നൊരു പ്രചരണം നടന്നുവരുന്നുണ്ട്. എന്നാൽ, കോവിഡ് രോഗവ്യാപനത്തിന്റെ ലോകമൊന്നാകെയുള്ള പ്രത്യേകത പരിഗണിക്കുമ്പോൾ പലയിടങ്ങളിലും രോഗികളുടെ എണ്ണം പരമാവധിയിലെത്തിയതിനു ശേഷം കുറയുകയും, ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കുത്തനെ ഉയരുകയും ചെയ്യുന്നത് കാണാനായിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം സമാനമായ സ്ഥിതിവിശേഷം കാണുകയുണ്ടായി.

അതുകൊണ്ടുതന്നെ പരമാവധിയിലെത്തിയതിനു ശേഷം കുറഞ്ഞു വരുന്നു എന്ന തോന്നൽ രോഗവ്യാപനം പിൻവാങ്ങുന്നതിന്റെ സൂചനയാണെന്ന് ഉറപ്പിക്കാനാവില്ല എന്നാണ് വിദഗ്ധാഭിപ്രായം. വീണ്ടും രോഗവ്യാപനം പീക്ക് ചെയ്യുന്നതിന്റെ മുന്നോടിയായുള്ള ഒരു ഇടവേള മാത്രമായിരിക്കാം അത്. നിലവിലെ സാഹചര്യത്തിൽ കോവിഡ് മഹാമാരി പിൻവാങ്ങുന്നു എന്ന തോന്നലുകൾക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ല. കോവിഡ് വ്യാപനം കാട്ടുതീ പോലെയാണ്. തീയൽപം ശമിക്കുന്നു എന്നത് അടുത്ത കാട്ടിലേക്ക് തീ പടരുന്നതിനു മുൻപുള്ള താൽക്കാലിക ശാന്തത മാത്രമാകാം. അതുകൊണ്ട്, തീ പടരാനുള്ള സാഹചര്യമൊഴിവാക്കാനുള്ള ശ്രമമാണ് നമ്മൾ നടത്തേണ്ടത്. രോഗം പടരാതിരിക്കാനുള്ള കരുതൽ കൂടുതൽ ജാഗ്രതയോടെ നമ്മൾ തുടരുകയാണ് വേണ്ടത്.

കോവിഡ് വന്നു പോകുന്നതാണ് നല്ലതെന്നുള്ള ഒരു തെറ്റിദ്ധാരണ സമൂഹത്തിൽ പ്രബലമാകുന്നുണ്ട്. എന്നാൽ, നമ്മൾ മനസ്സിലാക്കേണ്ടത് പലരിലും രോഗം വന്നുപോകുന്നത് നല്ല ഫലമല്ല സൃഷ്ടിക്കുന്നത് എന്നതാണ്.

കോവിഡ് വിമുക്തി നേടിയാലും അവശതകൾ ദീർഘകാലം നീണ്ടുനിൽക്കുന്ന അവസ്ഥ നല്ലൊരു ശതമാനം രോഗികളിൽ കാണുന്നുണ്ട്. സാധാരണ ഗതിയിൽ രോഗം ബാധിച്ചാൽ പത്തു ദിവസങ്ങൾക്കപ്പുറം വൈറസ് മനുഷ്യശരീരത്തിൽ നിലനിൽക്കുന്നില്ല. എങ്കിലും ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയെന്നുറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് നമ്മൾ കോവിഡ് വിമുക്തി കൈവരിച്ചു എന്ന് ഔദ്യോഗികമായി അംഗീകരിക്കുന്നത്.

അങ്ങനെ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയെന്നുറപ്പു വരുത്തിയവരുടെ ശരീരത്തിൽ വൈറസുകൾ നിലനിൽക്കുന്നുണ്ടാകില്ലെങ്കിലും, പലരിലും രോഗത്തിന്റെ ഭാഗമായി വൈറസ് ബാധയേറ്റ അവയവങ്ങൽ അവശത നേരിടാനുള്ള സാധ്യതയുണ്ട്. ശ്വാസകോശം, വൃക്കകൾ തുടങ്ങിയ അവയവങ്ങളിൽ കോവിഡ് ബാധയേൽപിച്ച വ്യതിയാനങ്ങൾ മാറാൻ പലപ്പോളും കുറച്ചു കാലമെടുക്കും. അത്തരക്കാരിൽ ദീർഘകാലം നീണ്ടു നിൽക്കുന്ന ക്ഷീണവും ഹൃദ്രോഗ സാധ്യതകൾ കൂടുന്നതും മറ്റും കണ്ടുവരുന്നുണ്ട്. ചെറുതല്ലാത്ത ഒരു ശതമാനം ആളുകളിൽ പോസ്റ്റ് കോവിഡ് സിൻഡ്രോം എന്നറിയപ്പെടുന്ന ഈ സ്ഥിതിവിശേഷം കാണുന്നുണ്ട്. അതുകൊണ്ട്, പത്തു ദിവസം കഴിഞ്ഞു ടെസ്റ്റുകൾ നെഗറ്റീവ് ആയാലും ഒരാഴ്ച കൂടെ ക്വാറന്റൈൻ തുടരാൻ എല്ലാവരും ശ്രദ്ധിക്കണം.

ആവശ്യത്തിനു വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ഈ സമയം വിനിയോഗിക്കണം. അവശത നീണ്ടുനിൽക്കുന്നു എന്നു തോന്നുന്നവർ ഡോക്ടർമാരെ വിവരം ധരിപ്പിക്കാനും അവരുടെ ഉപദേശം സ്വീകരിക്കാനും തയ്യാറാകാണം. ഹൈപ്പർ ടെൻഷൻ മുതലായ ദീർഘസ്ഥായിയായ രോഗങ്ങളുള്ളവർ കോവിഡിനു ശേഷം രോഗാവസ്ഥ മോശമാകാതെ ശ്രദ്ധിക്കാനുള്ള പ്രത്യേക കരുതലും കാണിക്കണം. അവശ്യമായ വിശ്രമം നേടിയതിനു ശേഷമേ കായികാദ്ധ്വാനങ്ങളിൽ ഏർപ്പെടാൻ പാടുള്ളൂ. ശബരിമല തീർത്ഥാടനത്തിനു പോകുന്നവരും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ചവരിൽ ഇത്തരം ബുദ്ധിമുട്ടുള്ളവർ മല കയറുന്നതു പോലെയുള്ള കഠിനമായ പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കുന്നതാകും അവരുടെ ആരോഗ്യസംരക്ഷണത്തിന് ഉചിതമായ കാര്യം.

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നു ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനാവശ്യമായ നടപടികളും സർക്കാർ സ്വീകരിച്ചു വരുന്നുണ്ട്. വിദഗ്ധരുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ശാസ്ത്രീയമായ മാനദണ്ഡങ്ങൾ മുൻ നിർത്തിയാണ് കോവിഡ് ടെസ്റ്റിങ്. സർക്കാർ നിർദ്ദേശ പ്രകാരം സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്കുകളിൽ വലിയ കുറവ് ഇന്നലെ മുതൽ വരുത്തിയിട്ടുണ്ട്. കൂടുതലാളുകൾക്ക് ഈ സൗകര്യം ഉപയോഗിച്ചു ടെസ്റ്റ് ചെയ്യാവുന്നതാണ്.

വിജയദശമി ദിവസമായ തിങ്കളാഴ്ച വിദ്യാരംഭ ചടങ്ങുകൾ ഉണ്ടാകും. കുട്ടികളുടെ താൽപര്യവും ആരോഗ്യവും സംരക്ഷിക്കാനായി ഇത്തവണ വിദ്യാരംഭം വീടുകളിൽ തന്നെ നടത്തുന്നതാണ് ഉചിതം. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടു മാത്രമേ മാതാപിതാക്കളും വളരെ അടുത്ത ബന്ധുക്കളും വീടുകളിൽ നടക്കുന്ന എഴുത്തിനിരുത്ത് ചടങ്ങുകളിൽ പങ്കെടുക്കാവൂ.

തുലാമാസ പൂജയോടനുബന്ധിച്ച് വെർച്വൽ ക്യു സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത ഭക്തരെ മാത്രമാണ് ശബരിമലയിലേയ്ക്ക് കടത്തിവിട്ടിരുന്നത്. അഞ്ചുദിവസത്തെ തീർത്ഥാടനകാലത്ത് ദിവസേന 250 പേർ വീതം 1250 പേരെ ദർശനത്തിന് പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഇക്കാലയളവിൽ വെർച്വൽ ക്യു വഴി രജിസ്റ്റർ ചെയ്ത 673 ഭക്തരാണ് ദർശനത്തിനെത്തിയത്. ആദ്യ ദിവസം 146 പേരും രണ്ടാം ദിവസം 164 പേരും മൂന്നാം ദിവസം 152 പേരും വെർച്വൽ ക്യു സംവിധാനം പ്രയോജനപ്പെടുത്തി ശബരിമലയിലെത്തി. നാലാമത്തെ ദിവസം 122 പേരും അവസാന ദിവസം 89 പേരുമാണ് ദർശനത്തിനെത്തിയത്.

ദർശനത്തിന് എത്തിയവരിൽ ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയായ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പെരുനാട് കോവിഡ് ചികിൽസാകേന്ദ്രത്തിലേയ്ക്ക് മാറ്റി. ബംഗളൂരുവിൽ നിന്നു വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP