Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് അടക്കം സർക്കാരിന്റെ എല്ലാ കൺസൾട്ടൻസി കരാറുകളും പരിശോധിക്കാൻ സിപിഎം നിർദ്ദേശിച്ചെങ്കിലും നിയമനങ്ങൾ പൂർണമായി ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രി; ഒരുവർഷത്തേക്ക് ചില പ്രത്യേക സാഹചര്യത്തിൽ ഇത്തരം നിയമനങ്ങൾ ആവശ്യം; യോഗ്യതാ ക്രമക്കേടുകൾ കണ്ടാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാർ മടി കാട്ടില്ല; സ്വർണക്കടത്ത്‌കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം വിവാദമായിട്ടും നിലപാടിൽ മാറ്റമില്ലാതെ പിണറായി

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് അടക്കം സർക്കാരിന്റെ എല്ലാ കൺസൾട്ടൻസി കരാറുകളും പരിശോധിക്കാൻ സിപിഎം നിർദ്ദേശിച്ചെങ്കിലും നിയമനങ്ങൾ പൂർണമായി ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രി; ഒരുവർഷത്തേക്ക് ചില പ്രത്യേക സാഹചര്യത്തിൽ ഇത്തരം നിയമനങ്ങൾ ആവശ്യം; യോഗ്യതാ ക്രമക്കേടുകൾ കണ്ടാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാർ മടി കാട്ടില്ല; സ്വർണക്കടത്ത്‌കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം വിവാദമായിട്ടും നിലപാടിൽ മാറ്റമില്ലാതെ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതിയിൽനിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ (പിഡബ്ല്യുസി) സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്. എന്നാൽ, കൺസൾട്ടൻസി നിയമനങ്ങൾ പൂർണമായി ഒഴിവാക്കാനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അദ്ദേഹം അർത്ഥശങ്കയില്ലാതെ വ്യക്തമാക്കിയത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം വിവാദമായിട്ടും കൺസൾട്ടൻസി നിയമനങ്ങൾ ഒരുവർഷത്തേക്ക് ചില പ്രത്യേക സാഹചര്യത്തിൽ അനിവാര്യമെന്നും പറയുന്നുണ്ട്.

കൺസൾട്ടന്റ് സ്ഥാനത്തുനിന്നാണ് പിഡബ്ല്യുസിയെ നീക്കിയത്. സമയപരിധിക്കുള്ളിൽ പദ്ധതിയുടെ കരട് രേഖ കമ്പനി സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയെ ഒഴിവാക്കിയത്.

ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാർക്ക് കൺസൾട്ടന്റ് സ്ഥാനത്തുനിന്ന് നേരത്തെ പിഡബ്ല്യുസിയെ ഒഴിവാക്കിയിരുന്നു. കൺസൾട്ടൻസി കരാറുകൾക്കെതിരെ സിപിഎം കേന്ദ്രനേതൃത്വവും രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ എല്ലാ കൺസൾട്ടൻസി കരാറുകളും പരിശോധിക്കണമെന്നും കരിമ്പട്ടികയിലുള്ള സ്ഥാപനങ്ങൾക്ക് കരാർ നൽകരുതെന്നും സിപിഎം നിർദേശിച്ചു. ഇതോടെ മറ്റ് കൺസൾട്ടൻസികളും സർക്കാർ പരിശോധിക്കുമെന്നാണ് സൂചന. കരാർ/ കൺസൾട്ടൻസി നിയമനങ്ങൾ പരമാവധി ഒരുവർഷക്കാലത്തേക്ക് ചില പ്രത്യേക സാഹചര്യത്തിൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനുള്ള കത്തിൽ സൂചിപ്പിക്കുന്നു. പശ്ചാത്തല സൗകര്യ പ്രോജക്ടുകളിലും നൂതന സാങ്കേതികവിദ്യ വിനിയോഗം ചെയ്യപ്പെടുന്ന മേഖലയിലും പ്രത്യേക പരിജ്ഞാനവും പ്രാവീണ്യവുമുള്ള ആളുകൾ ആവശ്യമായി വരുമ്പോൾ കൺസൾട്ടൻസി സ്ഥാപനങ്ങൾ വഴി പ്രക്രിയ സുതാര്യത(Process Integrity)ഉറപ്പുവരുത്തിക്കൊണ്ട് ഹ്രസ്വകാല നിയമനങ്ങൾ നടക്കാറുണ്ട്. അവ സർക്കാർ നിയമനങ്ങളല്ല. പി.എസ്.സിക്ക് നോട്ടിഫൈ ചെയ്യേണ്ട തസ്തികകളുമല്ല.

ഐ.ടി മേഖലയിലും പശ്ചാത്തല സൗകര്യ പ്രോജക്ടുകൾക്കും കൺസൾട്ടന്റുകൾ ഹ്രസ്വകാല കൃത്യനിർവ്വഹണത്തിനായി നിയമിക്കപ്പെടുന്ന കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രശ്‌നം ഉണ്ടായിട്ടില്ല. ഇതിൽ തന്നെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയോ ഏതെങ്കിലും അനഭിലഷണീയമായ പ്രവർത്തനങ്ങൾ പങ്കുണ്ടെന്ന് സംശയമുണ്ടാവുകയോ ചെയ്താൽ അവരുടെ സേവനം അവസാനിപ്പിക്കാനും ആവശ്യമെന്നു കണ്ടാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാർ മടി കാണിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി

പ്രിയപ്പെട്ട ശ്രീ. രമേശ് ചെന്നിത്തല,

14.07.2020 തീയതിയിലെ താങ്കളുടെ കത്ത് കിട്ടി. കത്തിൽ താങ്കളുടെ പരാമർശം പ്രധാനമായും താഴെ പറയുന്ന വിഷയങ്ങളെപ്പറ്റിയാണ്:

1. സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃത നിയമനങ്ങൾ നൽകുന്നതായുള്ള വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

2. പി.എസ്.സി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംവിധാനങ്ങളെ മറികടന്ന് ആയിരക്കണക്കിന് ആളുകളെയാണ് കഴിഞ്ഞ നാലുവർഷക്കാലയളവിൽ എൽ.ഡി.എഫ് സർക്കാർ നിയമിച്ചിട്ടുള്ളത്.

3. വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള കൃത്രിമ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരിൽ പലരും നിയമനങ്ങൾ തരപ്പെടുത്തിയിട്ടുള്ളത്.

4. ലോവർ ഡിവിഷൻ ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് എന്നീ തസ്തികകളിലേക്ക് അടക്കമുള്ള നിരവധി പി.എസ്.സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. റാങ്ക് ലിസ്റ്റുകളിൽ നിന്നും പരിമിതമായ നിയമനം മാത്രമേ നടന്നിട്ടുള്ളൂ. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെയും ഉദ്യോഗാർത്ഥികളുടെയും ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല.

5. ഉമാദേവി കേസിലുള്ള ബഹു. സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് സ്ഥിരനിയമനങ്ങളും അനധികൃത നിയമനങ്ങളും നടത്തുന്നു.

6. എല്ലാ അനധികൃത കരാർ/ ദിവസവേതന നിയമനങ്ങളും അടിയന്തിരമായി റദ്ദാക്കി അവരുടെ വിദ്യാഭ്യാസ യോഗ്യത അടക്കമുള്ള കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണം.

ഇപ്പോഴത്തെ സർക്കാരിന്റെ വ്യക്തമായ നിലപാട് നിയമന പ്രക്രിയയിൽ സുതാര്യത ഉണ്ടാകണം എന്നു തന്നെയാണ്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സി വഴിയുള്ള സുതാര്യമായ നിയമനങ്ങൾ നടത്താനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനും അവ നികത്തുവാനും സർക്കാർ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

2016 ൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2020 ഏപ്രിൽ 30 വരെ പബ്ലിക് സർവ്വീസ് കമ്മീഷൻ വഴി 1,33,132 ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചിട്ടുണ്ട്. മുൻ യു.ഡി.എഫ് സർക്കാർ നാലുവർഷം പിന്നിട്ടപ്പോൾ 2015 ജൂൺ 4 ന് നിയമസഭയിൽ അന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതു പ്രകാരം 1,23,104 പേർക്കാണ് പി.എസ്.സി നിയമനം നൽകിയിട്ടുള്ളത്.

ആരോഗ്യ-സാമൂഹ്യനീതി മേഖലയിൽ നാളിതുവരെ 5985 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്റെ ഭാഗമായി പുതുതായി 1990 തസ്തികകളിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ വഴി നിയമനം നടത്തിയിട്ടുണ്ട്. പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ 4933 തസ്തികകൾ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഈ രംഗത്ത് ഹയർസെക്കണ്ടറി തലത്തിൽ മാത്രം 3540 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്.

അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള നിയമനം ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സർക്കാർ സ്ഥാപനങ്ങളിൽ സ്‌പെഷ്യൽ റൂളുകൾ തയ്യാറാക്കാനും നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുമുള്ള പ്രക്രിയ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ, ഐ.എം.ജി, ഹൗസിങ് കമ്മീഷണറേറ്റ്, കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം, ന്യൂനപക്ഷ ക്ഷേമ ഡയറക്ട്രേറ്റ്, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ, യുവജനക്ഷേമ ബോർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ സ്‌പെഷ്യൽ റൂൾ രൂപീകരിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. കമ്പനി, ബോർഡ്, കോർപ്പറേഷൻ തുടങ്ങിയ 52 സ്ഥാപനങ്ങളിൽ നിയമനം ഇതിനകം പി.എസ്.സിക്ക് വിടുകയും നിയമന ചട്ടം ബന്ധപ്പെട്ട സ്ഥാപനങ്ങൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയമന ചട്ടം രൂപീകരിക്കാനും പി.എസ്.സിക്ക് വിടാനുമുള്ള നടപടിക്രമങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളുടെ കാര്യത്തിൽ അത് സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും. നിയമന-പ്രൊമോഷൻ കാര്യത്തിൽ എല്ലാ സ്ഥാപനങ്ങൾക്കും സ്‌പെഷ്യൽ റൂൾ ഉണ്ടാകണമെന്നതാണ് സർക്കാരിന്റെ നയം. ഇവിടെ എല്ലാ വിവരങ്ങളും പ്രത്യേകം പ്രതിപാദിക്കുന്നില്ല. (വിശദവിവരങ്ങൾ പബ്ലിക് സർവ്വീസ് കമ്മീഷനിൽ നിന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര കമ്മീഷനിൽ നിന്നും ലഭ്യമാകുന്നതാണ്.)

സംസ്ഥാന ബജറ്റ് രേഖകളുടെ ഭാഗമായി വിവിധ വകുപ്പുകളിൽ വരുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ സംക്ഷിപ്ത കണക്ക് പ്രസിദ്ധീകരിക്കുന്നുണ്ട്. താഴെ കാണുന്ന പട്ടികയിൽ പ്രസക്തമായ കണക്കുകൾ ഉദ്ധരിക്കുകയാണ്.


സാമ്പത്തിക
വർഷം, താൽക്കാലിക
ജീവനക്കാരുടെ എണ്ണം എന്നീ ക്രമത്തിൽ

1. 2011-12 ...31,899
2. 2012 -13 ....25,136
3. 2020 -21...11,674

ഇതിൽ നിന്നും വ്യക്തമാകുന്നത് കരാർ/ ദിവസവേന അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ എണ്ണം യു.ഡി.എഫ് ഭരണകാലത്ത് ഇപ്പോൾ ഉള്ളതിന്റെ മൂന്നിരട്ടിയായിരുന്നു എന്നതാണ്. ഇത് പരിഗണിക്കാതെ എൽ.ഡി.എഫ് ഭരണകാലത്ത് പി.എസ്.സിയെ നോക്കുകുത്തിയാക്കി അനധികൃത നിയമനങ്ങൾ നടത്തി എന്നു പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി 2015 നവംബർ 30 ന് നിയമസഭയിൽ നൽകിയ മറുപടിയിൽ ന്യൂഡൽഹി കേരള ഹൗസിൽ മൂന്നുവർഷം സർവ്വീസ് പൂർത്തിയാക്കിയ 40 പേരെ സ്ഥിരപ്പെടുത്തിയതായി അറിയിച്ചിട്ടുണ്ട്. ഈ സർക്കാർ കേരള ഹൗസിലെ നിയമനങ്ങൾ മെരിറ്റ്-സംവരണ തത്വങ്ങൾ പാലിച്ചുകൊണ്ട് നടത്താൻ ഈ മേഖലയിൽ വൈദഗ്ദ്ധ്യമുള്ള ഏജൻസിയെ ഏൽപ്പിക്കുകയും പരസ്യം ചെയ്ത് പരീക്ഷയും ഇന്റർവ്യൂവും നടത്തി നിയമിക്കാനുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

താങ്കൾക്ക് അറിവുള്ളതുപോലെ, കരാർ/ കൺസൾട്ടൻസി നിയമനങ്ങൾ പരമാവധി ഒരുവർഷക്കാലത്തേക്ക് ചില പ്രത്യേക സാഹചര്യത്തിൽ അനിവാര്യമാണ്. പശ്ചാത്തല സൗകര്യ പ്രോജക്ടുകളിലും നൂതന സാങ്കേതികവിദ്യ വിനിയോഗം ചെയ്യപ്പെടുന്ന മേഖലയിലും പ്രത്യേക പരിജ്ഞാനവും പ്രാവീണ്യവുമുള്ള ആളുകൾ ആവശ്യമായി വരുമ്പോൾ കൺസൾട്ടൻസി സ്ഥാപനങ്ങൾ വഴി പ്രക്രിയ സുതാര്യത(ജrocess Integrity)ഉറപ്പുവരുത്തിക്കൊണ്ട് ഹ്രസ്വകാല നിയമനങ്ങൾ നടക്കാറുണ്ട്. അവ സർക്കാർ നിയമനങ്ങളല്ല. പി.എസ്.സിക്ക് നോട്ടിഫൈ ചെയ്യേണ്ട തസ്തികകളുമല്ല.

താങ്കളുടെ കത്തിൽ ചൂണ്ടിക്കാണിച്ച സ്റ്റേറ്റ് ഓഫ് കർണ്ണാടക ഢ െഉമാദേവി & അദേഴ്‌സ് എന്ന കേസിലെ സുപ്രീംകോടതി വിധിയുടെ അന്തഃസത്ത ഇപ്രകാരമാണ്:

'. . . . . . . . . . . .of duly qualified persons in duly sanctioned vacant posts might have been made and the employees have continued to work for ten years or more but without the intervention of orders of courts or of tribunals. The question of regularization of the services of such employees may have to be considered on merits in the light of the principles settled by this Court in the cases above referred to and in the light of the judgment.''

ഇതിൽ നിന്നും വ്യക്തമാകുന്നത് ബഹു. സുപ്രീംകോടതിയുടെ മേൽപ്പറഞ്ഞ വിധിന്യായത്തിൽ പ്രതിപാദിക്കപ്പെടുന്ന വിഷയം താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ സംബന്ധിച്ചാണ്. ഇവിടെ ഐ.ടി മേഖലയിലും പശ്ചാത്തല സൗകര്യ പ്രോജക്ടുകൾക്കും കൺസൾട്ടന്റുകൾ ഹ്രസ്വകാല കൃത്യനിർവ്വഹണത്തിനായി നിയമിക്കപ്പെടുന്ന കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രശ്‌നം ഉണ്ടായിട്ടില്ല. ഇതിൽ തന്നെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയോ ഏതെങ്കിലും അനഭിലഷണീയമായ പ്രവർത്തനങ്ങൾ പങ്കുണ്ടെന്ന് സംശയമുണ്ടാവുകയോ ചെയ്താൽ അവരുടെ സേവനം അവസാനിപ്പിക്കാനും ആവശ്യമെന്നു കണ്ടാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാർ മടി കാണിച്ചിട്ടില്ല. ഐ.ടി മേഖലയിൽ 52.44 ലക്ഷം സ്‌ക്വയർ ഫീറ്റ് തൊഴിലിടം സൃഷ്ടിക്കാൻ ഇതിനകം സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം, 35.5 ലക്ഷം സ്‌ക്വയർ ഫീറ്റ് തൊഴിലിടത്തിന്റെ പ്രവൃത്തി നടന്നുവരുന്നു. ഇതെല്ലാം ഈ മേഖലയിലെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്.

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കുന്നതിനെപ്പറ്റി താങ്കൾ സൂചിപ്പിരുന്നല്ലോ. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലുണ്ടായിരുന്ന അലംഭാവവും വീഴ്ചയും കാരണം റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്ന അവസ്ഥ ഉണ്ടായ സാഹചര്യത്തിൽ മുൻ യു.ഡി.എഫ് സർക്കാർ 11 തവണ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിച്ചിട്ടുണ്ടെന്നാണ് നിയമസഭാ രേഖകൾ തന്നെ വ്യക്തമാക്കുന്നത്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുകയും ലിസ്റ്റുകളിൽ നിന്നും കാലാവധിക്കുള്ളിൽ നിയമനം നടത്തുകയും ചെയ്യണമെന്നതാണ് ഈ സർക്കാരിന്റെ നയം. ഒരു ലിസ്റ്റിന്റെ കാലാവധി ദീർഘിപ്പിക്കുമ്പോൾ പ്രായപരിധിയുടെ അറ്റത്ത് നിൽക്കുന്ന അനേകായിരങ്ങൾക്ക് പി.എസ്.സി പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുന്നു എന്ന വസ്തുത എന്തിന് ഈ അവസരത്തിൽ മറച്ചുവയ്ക്കണം?

അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള തൊഴിൽ ലഭ്യമാക്കാൻ സർക്കാർ സർവ്വീസിലെ ഒഴിവുകളിൽ പി.എസ്.സി വഴിയുള്ള നിയമനം ഉറപ്പാക്കുന്നതിനു പുറമെ, കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റി ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഈ സർക്കാരിന്റെ ലക്ഷ്യമാണ്. എന്നാൽ, സങ്കുചിത താൽപ്പര്യങ്ങൾ മുൻനിർത്തി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉയർത്തുമ്പോൾ സംസ്ഥാനത്ത് വരാൻ താൽപ്പര്യം പ്രകടിപ്പിക്കുന്ന പല നിക്ഷേപകരും പിന്തിരിയും എന്ന കാര്യം അങ്ങേയ്ക്ക് അറിയാവുന്നതാണല്ലോ. വിവാദങ്ങൾ വസ്തുതകളെ തമസ്‌കരിക്കുന്ന സാഹചര്യമുണ്ടായാൽ കേരളത്തിന്റെ പുതിയ വികസന പരിപ്രേക്ഷ്യ നിർമ്മിതിക്ക് തിരിച്ചടി നേരിടും. വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതും വിമർശിക്കുന്നതും ക്രിയാത്മകമായി ചെയ്യുന്നതോടൊപ്പം മേൽപ്പറഞ്ഞ വസ്തുത കൂടി മനസ്സിൽ വയ്ക്കണമെന്ന് താങ്കളോട് അഭ്യർത്ഥിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP