Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ക്ഷേത്രത്തിനടുത്തു കൂടി വഴിനടക്കാൻ പോലും അനുവാദമില്ലാതിരുന്ന ജനതക്ക് ക്ഷേത്രത്തിൽ കടക്കാനുള്ള അനുമതി ലഭിച്ചത് ചരിത്രപരമായ നേട്ടമാണ്;അരുവിപ്പുറം പ്രതിഷ്ഠയുടേയും ക്ഷേത്ര പ്രവേശന വിളംബരത്തിന്റേയും പാതയിലാണ് സംസ്ഥാന സർക്കാർ ശ്രീകോവിൽ പ്രവേശനം നടപ്പിലാക്കിയത്; ഒരു ജാതി ഒരു മതം, ഒരു ദൈവം എന്നാൽ ഗുരു സങ്കൽപം പ്രത്യേക ജാതിയല്ല; തലസ്ഥാനത്ത് ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ അനാഛാദനം ചെയ്ത് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം :അരുവിപ്പുറം പ്രതിഷ്ഠയുടേയും ക്ഷേത്ര പ്രവേശന വിളംബരത്തിന്റേയും പാതയിലാണ് സംസ്ഥാന സർക്കാർ ക്ഷേത്ര ശ്രീകോവിൽ പ്രവേശനവും നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കാലത്ത് ക്ഷേത്രത്തിനടുത്തു കൂടി വഴിനടക്കാൻ പോലും അനുവാദമില്ലാതിരുന്ന ജനതക്ക് ക്ഷേത്രത്തിൽ കടക്കാനുള്ള അനുമതി ലഭിച്ചത് ചരിത്രപരമായ പ്രത്യേകതയാണ്. അപ്പോഴും ആ വിഭാഗത്തിന് ശ്രീകോവിൽ നിഷിദ്ധമായിരുന്നു. ശ്രീകോവിലിൽ ആ സമുദായത്തിൽപെട്ട ശാന്തിക്കാർക്ക് കയറാമെന്നും പൂജചെയ്യാമെന്നുമുള്ള അവസ്ഥയുണ്ടാക്കിയത് ഈ സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്നതു കൊണ്ട് ഒരു പ്രത്യേക മതം, പ്രത്യേക ജാതി എന്നതല്ല ഗുരു ഉദ്ദേശിച്ചത്. ജാതിക്കും മതത്തിനുമല്ല മനുഷ്യത്വത്തിനാണ് പ്രാധാന്യം എന്നാണ് ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:-

കേരളത്തിന്റെ സാമൂഹിക ചരിത്രത്തെ തന്നെ പുരോഗമനപരമായി വഴിതിരിച്ചുവിട്ട ആചാര്യനാണ് ഗുരു. നമ്മുടെ ജനജീവിതം മനുഷ്യസമൂഹത്തിനു നിരക്കുന്നതാക്കി പരിവർത്തിപ്പിച്ചെടുക്കുന്നതിൽ നെടുനായകത്വം വഹിച്ച മഹനീയവ്യക്തിയാണ് ഗുരു. എന്നാൽ കേരളസർക്കാരിന്റേതായി ഗുരുവിന്റെ പ്രതിമ എവിടെയും ഉയർന്നു വന്നിട്ടില്ല. ഇത് വലിയ പോരായ്മയാണ്. ഈ തിരിച്ചറിവാണ് തലസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനങ്ങളെ ആകർഷിക്കുന്ന കേന്ദ്രത്തിൽ തന്നെ ഗുരു പ്രതിമ സ്ഥാപിക്കണമെന്ന് സർക്കാർ നിശ്ചയിച്ചത്.

ഗുരുവിനുള്ള ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ മഹത്തായ സന്ദേശങ്ങളാണ്. ഗുരുവിനോടുള്ള ആദരാഞ്ജലി ആ സന്ദേശങ്ങൾ പഠിക്കുകയും പ്രാവർത്തികമാക്കുകയുമാണ്. ഇത് സർക്കാരിനറിയാം. എന്നാലതെല്ലാം അമൂർത്തമായ സ്മാരകമാണ്. അമൂർത്തമായ സ്മാരകത്തിനൊപ്പം മൂർത്തമായ സ്മാരകത്തിനും പ്രധാന്യമുണ്ട്. പ്രതിമ മൂർത്തമായ സ്മാരകമാണ്. പുതിയ തലമുറയും വിദേശത്തു നിന്നെത്തുവരും ഈ പ്രതിമ കാണും, അവരന്വേഷിക്കും. സാർവ്വദേശീയവും സാർവ്വകാലികവുമായ പ്രസക്തിയുള്ള ഗുരുസന്ദേശങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കാൻ ഇതിലൂടെ കഴിയും.

ആ മഹദ് സന്ദേശങ്ങൾ പുതുതലമുറ ഉൾക്കൊള്ളുമ്പോൾ ഗുരു പറഞ്ഞപോലെ നരനും നരനും തമ്മിൽ സാഹോദര്യമുണ്ടാക്കുന്ന പുതുസമൂഹം പിറക്കും. ജാതിഭേദമോ മതദ്വേഷമോ ഇല്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന ആ സമൂഹത്തിന്റെ പിറവിക്കുവേണ്ടിയാണ് ജീവിതകാലം മുഴുവൻ ഗുരു അവിശ്രമം പോരാടിയത്.

ഗുരു പോയി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സങ്കൽപത്തിലെ സമൂഹം പൂർണ്ണമായ അർഥത്തിൽ സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. സാധ്യമായിട്ടില്ല എന്നതുകൊണ്ട് തന്നെ അത് സാധ്യമാക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്. ഇതാണ് ഗുരു പ്രതിമ സ്ഥാപിക്കുന്നതിലെ പ്രസക്തി. എല്ലാ കാലത്തിനും എല്ലാ ലോകത്തിനും ബാധകമായ സാർവ്വജനീന പ്രസക്തിയുള്ള മൂല്യങ്ങളാണ് ഗുരു സന്ദേശത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എല്ലാവരും സഹോദരങ്ങളാണെന്ന ചിന്ത ലോകത്തിലേക്ക് പടർത്താൻ കഴിഞ്ഞാൽ വർഗ്ഗീയതമുതൽ വംശീയതയുടെ പേരിലുള്ള വിദ്വേഷങ്ങളും കലാപങ്ങളും നരമേധങ്ങളും ലോകത്തുണ്ടാവില്ല.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്നതു കൊണ്ട് ഒരു പ്രത്യേക മതം, പ്രത്യേക ജാതി എന്നതല്ല ഗുരു ഉദ്ദേശിച്ചത്. ജാതിക്കും മതത്തിനുമല്ല മനുഷ്യത്വത്തിനാണ് പ്രാധാന്യം എന്നാണ് ഉദ്ദേശിച്ചത്. ഇല്ലായിരുന്നെങ്കിൽ മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറയുമായിരുന്നില്ല. ജാതിക്കും മതത്തിനും അതീതമായ മാനവിക വീക്ഷണമാണ് ഗുരു ഉദ്ദേശിച്ചത്. ചാതുർവർണ്യത്തിന്റെ തേർവാഴ്ചയിൽ നിന്ന് ജനതയെ മോചിപ്പിച്ച് മനുഷ്യത്വത്തിലേക്ക് ഉയർത്തുകയാണ് ഗുരു ചെയ്തത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP