Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ 'ക്രഷ് ദി കർവ്'; ബ്രേക്ക് ദ ചെയിൻ ശക്തമാക്കും; കൂടുതൽ സിഎഫ്എൽടിസികൾ തുറക്കും; സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ല; വാക്‌സിനേഷന് ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കും; കേന്ദ്രത്തിന്റെ വാക്സിൻ നയം തിരിച്ചടിയെന്നും മുഖ്യമന്ത്രി

കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ 'ക്രഷ് ദി കർവ്'; ബ്രേക്ക് ദ ചെയിൻ ശക്തമാക്കും; കൂടുതൽ സിഎഫ്എൽടിസികൾ തുറക്കും; സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ല; വാക്‌സിനേഷന് ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കും; കേന്ദ്രത്തിന്റെ വാക്സിൻ നയം തിരിച്ചടിയെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വ്യാപനത്തെ നേരിടാൻ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നത്. രോഗവ്യാപനം ഏറുന്ന പശ്ചാത്തലത്തിൽ നിയന്ത്രണം കർശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് മുൻഗണന നൽകും. ഒരു താലൂക്കിൽ ഒരു സിഎഫ്എൽടിസി എങ്കിലും ഉണ്ടാകും. സിഎഫ്എൽടിസി ഇല്ലാത്ത താലൂക്കുകളിൽ ഉടനെ സിഎഫ്എൽടിസികൾ സജ്ജമാക്കും. രോഗികളുടെ വർദ്ധനവിനനുസരിച്ച് കൂടുതൽ സിഎഫ്എൽടിസികൾ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡിന്റെ രണ്ടാം തരംഗം നേരിടാൻ 'ക്രഷ് ദി കർവ്' നയമാണ് സംസ്ഥാനത്ത് സ്വീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്ക് തിരിച്ചു പോകണം. ആൾക്കൂട്ടങ്ങൾ, അടഞ്ഞ സ്ഥലലങ്ങളിലെ ഒത്തു ചേരലുകൾ, അടുത്തിടപഴകലുകൾ എന്നിവ ഒഴിവാക്കണം. പരമാവധി ആളുകളിലേക്ക് ഏറ്റവും വേഗത്തിൽ വാക്സിനേഷൻ ഉറപ്പാക്കുക എന്നതാണ് ക്രഷ് ദി കർവ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

11 ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമാണ് ആദ്യ തരംഗത്തിൽ കോവിഡ് ബാധിച്ചത്. വളരെ കുറഞ്ഞ മരണ നിരക്ക് നിലനിർത്താൻ സംസ്ഥാനത്തിനു സാധിച്ചു. സമഗ്രവും സുസജ്ജവുമായ സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ തരംഗത്തിൽ ഡിലെ ദ പീക്ക് നയമാണ് സ്വീകരിച്ചത്. ഇപ്പോൾ ക്രഷ് ദ കർവ് ആണ് സ്വീകരിച്ചിട്ടുള്ളത്. അടിസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകുക എന്നതാണ് ആദ്യ ഘട്ടം.

ഇന്ത്യയിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമായിട്ടും ഇവിടെ ഏറ്റവും അവസാനമാണ് ഉച്ഛസ്ഥായിയിലെത്തിയത്. ഒന്നാം തരംഗം മറികടന്ന് രണ്ടാം ഘട്ടത്തെ നേരിടാൻ ശക്തമായ സംവിധാനം ഒരുക്കി.

35 ശതമാനത്തിൽ കൂടുതൽ കോവിഡ് വ്യാപനമുള്ള സ്ഥലങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടൽ നടത്തും. കോവിഡ് ആശുപത്രികൾ നിരീക്ഷിക്കാൻ സംസ്ഥാന തലത്തിൽ ടാസ്‌ക് ഫോഴ്‌സുകൾ രൂപീകരിക്കും. ഇതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഓരോ ദിവസവും സ്ഥിതിഗതികൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശിച്ചു.

കോവിഡ് ബോധവൽക്കരണം ശക്തിപ്പെടുത്താൻ ക്യാംപയിനുകൾ നടുത്തും. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ പ്രധാനമാണ്. പുതിയ നേതൃത്വങ്ങൾക്ക് ഇതിനുള്ള പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ കഴിയുന്ന രോഗികൾക്ക് നേരത്തേ നൽകിയതിന് സമാനമായ സഹായങ്ങൾ എത്തിക്കുന്നതിൽ ഫലപ്രധമായി ഇടപെടാൻ തദ്ദേശസ്ഥാപനങ്ങങൾക്ക് കഴിയും. വാർഡ് തല സമിതി രൂപീകരിക്കണമെന്നും അതിന്റെ ചുമതല വാർഡിൽ നിന്നുള്ള തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള ജനപ്രതിനിധി ആയിരിക്കും. സാഹചര്യം മനസ്സിലാക്കി ഇടപെടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ല. സംസ്ഥാനത്തിന് ആവശ്യം 74.25 മെട്രിക് ടൺ ഓക്സിജനാണ്. ഉത്പാദനം 219.22 മെട്രിക് ടൺ ആണ്. ഐസിയു കിടക്കകളും വെന്റിലേറ്ററുകളും വേണ്ടത്രയുണ്ട്.

ചില വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യമുണ്ട്. മെയ് ഒന്നിന് ശേഷം 18 വയസ്സ് കഴിഞ്ഞവർക്കുള്ള കോവാക്‌സിൻ കൂടി ലഭ്യമാകുന്നതിനാൽ വലിയ തിക്കും തിരക്കും ഉണ്ടാകാനിടയുണ്ട്. പ്രയാസമില്ലാതെ ആളുകൾക്ക് വാക്‌സിൻ എടുത്തുപോകാനുള്ള സാഹചര്യം ഒരുക്കാൻ തീരുമാനിച്ചു. എല്ലാ സ്ഥലങ്ങളിലും ഓൺലൈൻ ബുക്കിങ് സൗകര്യം ഉണ്ടാകണം. ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവർ മാത്രം കേന്ദ്രത്തിലെത്തുന്ന സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യം.

ഇന്ത്യയിൽ വാക്‌സീൻ ഒട്ടും പാഴാക്കാതെ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഒരു ദിവസം മൂന്നരലക്ഷം ആളുകൾക്ക് വാക്‌സീൻ നൽകാൻ സാധിക്കും. വാക്‌സീനുകളുടെ ദൗർലഭ്യമാണ് പ്രധാന പ്രതിസന്ധി. തക്കസമയത്ത് കേന്ദ്രത്തെ അറിയിച്ചു. പുതിയ വാക്‌സീൻ നയം കേരളത്തിന് ബുദ്ധിമുട്ടാണ്. നിർമ്മാതാക്കളോട് വില കൊടുത്ത് വാങ്ങാനാണ് സംസ്ഥാനത്തോട് പറഞ്ഞിട്ടുള്ളത്. ഇത് വലിയ ബാധ്യതയുണ്ടാക്കും. 150 രൂപയ്ക്ക് കേന്ദ്രത്തിന് നൽകുന്ന കോവിഷീൽഡ് വാക്‌സീൻ 400 രൂപയ്ക്കാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. നിത്യേന 2.5 ലക്ഷം പേർക്ക് വാക്‌സീൻ നൽകാനായിരുന്നു ലക്ഷ്യം. എന്നാൽ സാധിച്ചില്ല.

സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങണമെന്ന കേന്ദ്രസർക്കാർ നയം തിരിച്ചടിയാണ്. പൊതുവിപണിയിൽ നിന്ന് വാക്സിൻ വാങ്ങാവുന്ന സ്ഥിതിയല്ല സംസ്ഥാനത്തിനുള്ളത്. കേന്ദ്രത്തിന് 120 രൂപയ്ക്ക് കിട്ടുന്ന വാക്സിൻ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത് 400 രൂപയ്ക്കാണ് എന്നും അദ്ദേഹം പറഞ്ഞു.

അർഹമായ വാക്‌സിൻ കേന്ദ്രം സംസ്ഥാനത്തിന് നൽകണമെന്നും വാക്‌സിൻ ഉത്പാദനം കേന്ദ്രം അടിയന്തരമായി കൂട്ടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊതുവിപണിയിൽ മത്സരിക്കാനായി സംസ്ഥാനങ്ങളെ തള്ളിവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP