Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ പരിഷ്‌ക്കരിക്കുന്നതോടെ ആരോഗ്യപരിശോധനാ രംഗത്ത് ആയിരക്കണക്കിന് ചെറുകിട ലാബുകൾക്ക് പൂട്ടുവീഴും; സംസ്ഥാന സർക്കാർ ചുവപ്പ് പരവതാനി വിരിക്കുന്നത് കോർപ്പറേറ്റ് ഭീമന്മാർക്ക്; വരാൻ പോകുന്നത് ലക്ഷത്തോളം കുടുംബങ്ങളെ പട്ടിണിയിലാക്കാൻ പോകുന്ന തൊഴിൽ നഷ്ടം

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ പരിഷ്‌ക്കരിക്കുന്നതോടെ ആരോഗ്യപരിശോധനാ രംഗത്ത് ആയിരക്കണക്കിന് ചെറുകിട ലാബുകൾക്ക് പൂട്ടുവീഴും; സംസ്ഥാന സർക്കാർ ചുവപ്പ് പരവതാനി വിരിക്കുന്നത് കോർപ്പറേറ്റ് ഭീമന്മാർക്ക്; വരാൻ പോകുന്നത് ലക്ഷത്തോളം കുടുംബങ്ങളെ പട്ടിണിയിലാക്കാൻ പോകുന്ന തൊഴിൽ നഷ്ടം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സംസ്ഥാനത്തെ ആയിരക്കണക്കിന് ചെറുകിട സ്വകാര്യ മെഡിക്കൽ ലബോറട്ടറികൾ പൂട്ടാൻ തക്കതായ രീതിയിൽ സർക്കാർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ പരിഷ്‌കരിക്കുന്നു. നിത്യച്ചെലവിന് മാത്രം കിട്ടുന്ന ലബോറട്ടറികൾക്ക് ഒരിക്കലും നടപ്പാക്കാൻ കഴിയാത്ത നിബന്ധനകൾ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിൽ തിരുകി കയറ്റാനാണ് നീക്കം. ഇതോടെ ആയിരക്കണക്കിന് ലബോറട്ടറി ടെക്നിഷ്യന്മാർക്ക് തൊഴിൽ നഷ്ടമാകും.

ലക്ഷത്തിലധികം ആളുകൾ പട്ടിണിയും തൊഴിൽ നഷ്ടവും നേരിടേണ്ടി വരും. കോർപ്പറേറ്റ് ഭീമന്മാർക്ക് വേണ്ടി ആരോഗ്യമേഖല തീറെഴുതാനുള്ള നീക്കം ഈ സർക്കാർ അവസാന നാളുകളിൽ യാഥാർഥ്യമാകുമെന്ന് ഏതാണ്ടുറപ്പായി. മെഡിക്കൽ ലാബ് ഉടമകളുടെയും ടെക്നിഷ്യന്മാരുടെയും സംഘടനകളെ സിപിഎമ്മിന്റെ കൊടിക്കീഴിൽ കൊണ്ടു കെട്ടിയ നേതാക്കളും പെട്ടു. ഇനി സർക്കാരിനെതിരേ സമരം നടത്തുക മാത്രമാണ് പോംവഴി. ഇതിന്റെ ഭാഗമായി നാളെ 14 ജില്ലകളിലും ഡിഎംഓ ഓഫീസ് അസോസിയേഷൻ നേതൃത്വത്തിൽ പിക്കറ്റ് ചെയ്യും.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് നടപ്പാക്കിയിരുന്നു. എല്ലാത്തരം ആരോഗ്യ സ്ഥാപനങ്ങളും അത് സർക്കാർ ആയാലും സ്വകാര്യ മേഖലയിലായാലും രജിസ്റ്റർ ചെയ്യണമായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രികൾ, പിന്നാലെ സ്വകാര്യ ലാബുകൾ, ഏറ്റവുമൊടുവിലായി ആയുർവേദ, യുനാനി, ഹോമിയോ, ദന്തൽ ക്ലിനിക്ക് എന്നിങ്ങനെയായിരുന്നു രജിസ്ട്രേഷൻ. ആദ്യം എടുക്കുന്ന രജിസ്ട്രേഷൻ താൽകാലികമായിരിക്കും. ഇതിനായി ഗ്രാമീണ മേഖലയിൽ 2000 രൂപയും നഗരമേഖലയിൽ 4000 രൂപയും വീതം ലാബ് ഉടമകൾ ഫീസ് അടയ്ക്കണമായിരുന്നു.

ഓൺലൈൻ ആയിട്ടുള്ള അപേക്ഷയ്ക്കൊപ്പം ലാബിന്റെ എല്ലാ വിവരങ്ങളും നിശ്ചിത ഫോർമാറ്റിൽ ചേർക്കണം. ഇതെല്ലാം കൃത്യമായി ചെറുകിട ലാബുടമകൾ പാലിക്കുകയും ചെയ്തു. താൽകാലിക രജിസ്ട്രേഷൻ കാലാവധി രണ്ടു വർഷമാണ്. ഇതിനോടകം പരിശോധനാ സംഘം ലാബുകൾ പരിശോധിച്ച് മാറ്റങ്ങളും നവീകരണങ്ങളും നിർദേശിക്കും. അതെല്ലാം നടത്തിയ ശേഷം സ്ഥിര രജിസ്ട്രേഷൻ എടുക്കണം. അതിന് ഗ്രാമീണ മേഖലയിൽ 4000, നഗരത്തിൽ 6000 എന്നിങ്ങനെയാണ് ഫീസ്. മൂന്നു വർഷത്തിലൊരിക്കൽ ഇത്രയും തന്നെ തുക അടച്ച് ഇത് പുതുക്കുകയും വേണം.

പ്രാഥമിക രജിസ്ട്രേഷൻ മുഖേനെ കോടികൾ സർക്കാർ ഖജനാവിൽ എത്തിക്കഴിഞ്ഞു. പോരെങ്കിൽ എല്ലാ ലാബുകളുടെയും അടിസ്ഥാന വിവരങ്ങളും കൈവശപ്പെടുത്തി. ഇതിന് ശേഷമാണ് പുതിയ നീക്കവുമായി സർക്കാർ രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ കൈവശമിരിക്കുന്ന ലാബുകളുടെ വിവരങ്ങൾ മനസിലാക്കിയ ശേഷം അവർക്ക് ഒരിക്കലും നടപ്പാക്കാൻ കഴിയാത്ത വിധമുള്ള നിബന്ധനകൾ ക്ലിനിക്കൽ ബില്ലിൽ ചേർക്കാനാണ് ലക്ഷ്യമിടുന്നത്.

മെഡിക്കൽ ലാബുകൾക്ക് മിനിമം ഗുണനിലവാരം നിശ്ചയിക്കുന്നുവെന്നാണ് സർക്കാർ പറയുന്നത്. കരട്ബില്ലിന്മേൽ സർക്കാരിന്റെ നിർദേശങ്ങൾ നവംബർ 14 ന് അകം ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് കൗൺസിലിനെ അറിയിക്കണം. ലാബുകളെ ലവൽ 1,2,3 എന്നിങ്ങനെ തരംതിരിച്ച് ഓരോന്നിനും പ്രത്യേക അടിസ്ഥാന സൗകര്യങ്ങളാണ് കരടിൽ നിർദേശിച്ചിരിക്കുന്നത്. ഓരോ ലാബിനും കുറഞ്ഞ സ്ഥലപരിധി എന്നതാണ് പ്രധാന നിർദ്ദേശം. ലെവൽ ഒന്നിലുള്ള ലാബുകൾ പ്രവർത്തിക്കാൻ കുറഞ്ഞത് 500 ചതുരശ്രയടി സ്ഥലം വേണമെന്നതാണ് ഏറ്റവും പ്രധാന നിബന്ധന. ലെവൽ രണ്ടിൽ 1500, മൂന്നിൽ 2000 ചതുരശ്രയടി വീതം വേണം.

നിലവിൽ ചെറുകിട ലാബുകൾക്കൊന്നിനും ഇത്രയും സ്ഥലപരിധിയില്ല. 150 മുതൽ 350 വരെ ചതുരശ്രയടി സ്ഥലമാണ് മിക്ക ലാബുകൾക്കുമുള്ളത്. ഇതിന് തന്നെ വൻ തുകയാണ് വാടക ഇനത്തിൽ നൽകേണ്ടി വരുന്നത്. ലക്ഷങ്ങളും ഡെപ്പോസിറ്റും കൊടുക്കണം. ആ സ്ഥിതിക്ക് ലെവൽ ഒന്ന് ലാബുകൾക്ക് പോലും പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും. നിലവിലുള്ളതിന്റെ മൂന്നിരട്ടിയെങ്കിലും വാടകയും നൽകണം.

എല്ലാ ലാബുകളിലും വെയിറ്റിങ് ഏരിയ, ഇരിപ്പിടങ്ങൾ, കുടിവെള്ളം, ടോയ്ലറ്റ് എന്നി അടിസ്ഥാന സൗകര്യങ്ങൾ നിർബന്ധമാണ്. ആദ്യ ലെവലിലുള്ള ലാബുകളിൽ രക്തപരിശോധനകൾക്കും നിയന്ത്രണമുണ്ട്. സിബിസി, പ്രമേഹം, കൊളസ്ട്രോൾ, യൂറിയ, ക്രിയാറ്റിനിൻ തുടങ്ങിയ ചെറിയ നിരക്കുള്ള ടെസ്റ്റുകൾ മാത്രമേ പറ്റു. 500 ചതുരശ്രയടിയാക്കി നിർണയിച്ചു കഴിഞ്ഞ് പരിശോധനകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയാൽ പിന്നെ ആ ലാബ് അടച്ചു പൂട്ടുക മാത്രമാണ് ഏക പോംവഴി. കേരളത്തിലെ 90 ശതമാനം സ്വകാര്യ ലാബുകളും ഈ ഗണത്തിൽപ്പെടുന്നു. 500 ചതുരശ്രയടിയെന്ന കരട് നിർദ്ദേശം പ്രാവർത്തികമായാൽ 5000 ലാബുകൾക്ക് താഴു വീഴും.

ലെവൽ രണ്ടിൽ ലാബുകളിൽ എംബിബിഎസ് ഡോക്ടർമാർ വേണമെന്ന് നിർദേശമുണ്ട്. ലിവർ ഫങ്ഷൻ ടെസ്റ്റ്, ലിപിഡ് പ്രൈാഫൈൽ, എച്ചബിഎ1സി, സോഡിയം, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ പരിശോധനകളാണ് ഇവിടെ നടത്താൻ കഴിയുക. പിജി യോഗ്യതയുള്ള ടെക്നിഷ്യന്മാർ വേണമെന്നും നിർബന്ധമുണ്ട്. ഈ ഗണത്തിലുള്ള ലാബുകളും പൂട്ടുകയല്ലാതെ വേറെ മാർഗമില്ല. എംബിബിഎസ് ഡോക്ടറെ നിയമിച്ചാൽ വൻ തുക ശമ്പളം നൽകണം. പിജിയുള്ള ടെക്നിഷ്യന് പ്രതിമാസം 25,000 രൂപ ഏറ്റവും കുറഞ്ഞ ശമ്പളം നൽകേണ്ടി വരും. 1500 ചതുരശ്രയടിയുള്ള കെട്ടിടത്തിനുമാകും 15,000 രൂപ മാസവാടക. ഒരു കാരണവശാലും ഇത്തരം ലാബുകൾക്ക് പ്രവർത്തിക്കാൻ കഴിയില്ല. പിന്നെയുള്ള പോംവഴി നിരക്കുകൾ വർധിപ്പിക്കുക എന്നതാണ്. അപ്പോൾ ആൾക്കാർ കയറാതെ വരികയും ചെയ്യും.

ലെവൽ മൂന്നിൽ ഫുള്ളി ഓട്ടോമാറ്റിക് മെഷിനുകൾ ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ എല്ലാം വേണം. ഇത്തരം വൻകിടലാബുകൾക്ക് കേരളത്തതിൽ എവിടെ വേണമെങ്കിലും സാമ്പിൾ കളക്ഷൻ സെന്റർ ഇടാം. ഇതിന് സ്ഥലപരിമിതി പ്രശ്നമാവുകയുമില്ല.
ചുരുക്കിപ്പറഞ്ഞാൽ വൻകിട ഡയഗ്നോസ്റ്റിക്സ് സെന്ററുകൾക്ക് മാത്രമാകും പ്രവർത്തിക്കാൻ കഴിയുക. ചെറുകിട ലാബുകൾ ഇല്ലാതാകുന്നതോടെ പരിശോധനാ നിരക്കിൽ മൂന്നിരട്ടി വരെ വർധനവും ഉണ്ടാകും.

ലബോറട്ടറികൾ പൂട്ടുന്നതോടെ ഉടമ, അവിടെ ജോലി ചെയ്യുന്ന ടെക്നിഷ്യൻ, ക്ലിനിങ് സ്റ്റാഫ്, റീ ഏജന്റുകൾ, മെഷിനറികൾ സപ്ലൈ ചെയ്യുന്ന ഏജൻസികൾ, ഇവ നിർമ്മിക്കുന്ന കമ്പനികൾ, ലാബുകൾക്ക് ആവശ്യമായ സോഫ്ട്വെയർ നൽകുന്ന ഐടി കമ്പനികൾ, റിസൾട്ട് ഷീറ്റുകൾ പ്രിന്റ് ചെയ്യുന്ന പ്രസുകൾ തുടങ്ങി ലക്ഷക്കണക്കിന് ആൾക്കാരെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും.

സിപിഎമ്മിനൊപ്പമാണ് നിൽക്കുന്നതെങ്കിലും ലാബ് ഉടമകളുടെ സംഘടനകൾ സർക്കാരിനെതിരേ സമരം ചെയ്യാൻ തയാറായി കഴിഞ്ഞു. ഇത്തരമൊരു കരിനിയമം കൊണ്ടു വന്നാൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി തന്നെ സർക്കാരിന് നേരിടേണ്ടി വരികയും ചെയ്യുമെന്ന സൂചനകളാണ് സംഘടനകൾ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP