Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലഹരി മരുന്നു സാമ്രാജ്യത്തിലെ സർപ്പസുന്ദരിയായ ക്ലൗഡിയയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഫ്‌ളാറ്റിൽ; നൈറ്റ് ക്ലബുകളിൽ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ എത്തിയിരുന്ന സുന്ദരിയെ ലോകം നോക്കിയത് കൗതുകത്തോടെ; സിനലോവ കാർട്ടലെന്ന കൊടും മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായി മാറിയതും ഗുസ്മാന്റെ പ്രിയങ്കരിയായതും ചരിത്രം; യുവാക്കളുടെ ഹരമായത് സമൂഹമാധ്യമങ്ങളിലെ ചൂടൻ ചിത്രങ്ങളിലൂടെ; മെക്‌സിക്കൻ ചരിത്രത്തിലെ അധോലോക നായികയുടെ മരണം വൻ ദുരൂഹത അവശേഷിപ്പിച്ച്

ലഹരി മരുന്നു സാമ്രാജ്യത്തിലെ സർപ്പസുന്ദരിയായ ക്ലൗഡിയയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഫ്‌ളാറ്റിൽ; നൈറ്റ് ക്ലബുകളിൽ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ എത്തിയിരുന്ന സുന്ദരിയെ ലോകം നോക്കിയത് കൗതുകത്തോടെ; സിനലോവ കാർട്ടലെന്ന കൊടും മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായി മാറിയതും ഗുസ്മാന്റെ പ്രിയങ്കരിയായതും ചരിത്രം; യുവാക്കളുടെ ഹരമായത് സമൂഹമാധ്യമങ്ങളിലെ ചൂടൻ ചിത്രങ്ങളിലൂടെ; മെക്‌സിക്കൻ ചരിത്രത്തിലെ അധോലോക നായികയുടെ മരണം വൻ ദുരൂഹത അവശേഷിപ്പിച്ച്

മറുനാടൻ മലയാളി ബ്യൂറോ

മെക്സിക്കോ: മെക്സിക്കൻ ലഹരി മരുന്നു സാമ്രാജ്യത്തിലെ സർപ്പസുന്ദരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് രണ്ട് ദിവസം മുൻപായിരുന്നു. രക്തത്തിൽ അമിത അളവിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയെങ്കിലും വിഷ വാതകമോ മറ്റെന്തെങ്കിലും ശ്വാസ തടസമുണ്ടാക്കുന്ന പദാർഥമോ ബലമായി ശ്വസിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് കരുതുന്നുണ്ട്. ആണുങ്ങളുടെ മാത്രം കുത്തകയായിരുന്ന മെക്സിക്കൻ ലഹരി മരുന്നു സാമ്രാജ്യത്തെ കഴിഞ്ഞ കുറച്ച് കാലങ്ങളായി അടക്കി വാണത് ക്ലൗഡിയ ഓച്ചോവ ഫെലിക്സായിരുന്നു. 'കിം കർദാഷിയാൻ ഓഫ് ഓർഗനൈസ്ഡ് ക്രൈം' എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത് പോലും. റിയാലിറ്റി ഷോ താരം കിം കർദാഷിയാന്റെ രൂപസാദൃശ്യമുള്ളത് കാരണമായിരുന്നു ഇത്. നൈറ്റ് ക്ലബുകളിൽ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെയെത്തുന്ന അവരെ അതുവരെ കൗതുകത്തിന്റെ കണ്ണുകളോടെയായിരുന്നു മെക്സിക്കോക്കാരും കണ്ടിരുന്നത്. പിന്നീട് ലോകം കണ്ട ഏറ്റവും വലിയ ലഹരി മരുന്ന് മാഫിയയിലെ പ്രധാന കണ്ണിയായി ഇവർ മാറിയത് ചരിത്രം.

മരിക്കുന്നതിന് തലേന്ന് നൈറ്റ് പാർട്ടിയിൽ ഒരാൾക്കൊപ്പം ക്ലൗഡിയ പങ്കെടുത്തതിന് തെളിവുകൾ ഉണ്ട്. നൈറ്റ് പാർട്ടിക്കു ശേഷം അപാർട്ട്മെന്റിൽ തിരിച്ചെത്തിയ ക്ലൗഡിയയെ പിറ്റേന്ന് രാവിലെ വിളിച്ചപ്പോൾ എണീക്കാതായതോടെയാണ് പൊലീസിനെ അറിയിച്ചത്. ഇവർക്ക് എന്തു സംഭവിച്ചുവെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിനും വ്യക്തതയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടും വരാനിരിക്കുകയാണ്. 2014 ജൂണിൽ ക്ലൗഡിയ ട്വിറ്ററിൽ പങ്ക് വെച്ച ചിത്രത്തിലൂടെയാണ് ഇവർ ലഹരി മരുന്നു മാഫിയ ലോകത്തേക്കുള്ള വരവറിയിച്ചത്. പിങ്ക് നിറത്തിലും സ്വർണ നിറത്തിലുമുള്ള എകെ 47 തോക്കുകൾ പിടിച്ച് കൊണ്ടുള്ള ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സിനലോവ കാർട്ടലെന്ന കൊടും മാഫിയാ സംഘത്തിലൂടെയാണ് ക്ലൗഡിയ ലോകമെമ്പാടും അറിയപ്പെടാൻ തുടങ്ങിയത്. ഇതിന്റെ പ്രധാന ഘടകമായ വാക്വീൻ ഗുസ്മാൻ അറസ്റ്റിലായതും പിന്നാലെയെത്തിയ ഹോസെ റോഡ്രിഗോ ഏരെചികയെ യുഎസ് കുരുക്കിയതുമെല്ലാം ലഹരിക്കടത്തുകാർക്കു വൻ തിരിച്ചടിയാണു നൽകിയത്.

എന്നാൽ ഇതോടെ സിനലോവ കാർട്ടൽ എന്ന സംഘത്തെ തുടച്ച് നീക്കാമെന്ന് കരുതിയ മെക്സിക്കോയുടേയും യുഎസിന്റെയും കണക്കു കൂട്ടൽ തെറ്റിച്ച് കൊണ്ട് ക്ലൗഡിയ സജീവമായി രംഗത്തെത്തി. പാവപ്പെട്ടവരെ സഹായിച്ചും തന്റെ കീഴിലുള്ള ലഹരി കടത്തു ഗ്രാമങ്ങളിൽ സിനലോവ കാർട്ടൽ കമ്പനിയുടെ സിഎസ്ആർ പരിപാടികൾ മുഖേന വികസന പ്രവർത്തനങ്ങൾ നടത്തിയും നാട്ടുകാരുടെ പിന്തുണ നേടാൻ ഗുസ്മാനെ സഹായിച്ചിരുന്നവരിൽ പ്രമുഖയായിരുന്നു ക്ലൗഡിയ. ഇവിടത്തെ ജനങ്ങളുമായുള്ള ബന്ധം പൊലീസിൽ നിന്ന് പോലും രക്ഷപ്പെടാൻ ഇവരെ സഹായിച്ചു. സിനലോവയുടെ കൊലയാളി സംഘമായ ആന്ത്രാക്സിന്റെ തലവൻ ഹോസെ റോഡ്രിഗോ ഏരെചികയുടെ കാമുകിയായിരുന്നു എന്നും പറയപ്പെടുന്നു. 2014 ൽ ഇവരെ കൊല്ലാനുള്ള ശ്രമവും നടന്നെങ്കിലും ആളുമാറി വെടിയേറ്റു മരിച്ചത് മറ്റൊരു വനിതയായിരുന്നു. വാക്വീൻ ഗുസ്മാൻ എന്ന അധോലോക രാജാവ് കൊടും ക്രൂരതകൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന സുന്ദരമായ മുഖമായിരുന്നു ക്ലൗഡിയ. പക്ഷേ ഗുസ്മാനുമായുള്ള ബന്ധം ക്ലൗഡിയ നിഷേധിച്ചിരുന്നു.

ഗുസ്മാൻ ഇല്ലാതിരുന്ന സമയം സിനലോവ കാർട്ടലിനെയും ആന്ത്രാക്സിനെയും സജീവമായി നിലനിർത്താൻ സഹായിച്ച ഹോസെയുമായും ക്ലൗഡിയക്ക് ബന്ധമുണ്ടായിരുന്നു. സംഘത്തിലെ പ്രമുഖനായിരുന്ന എൽ ചാവോ ഫെലിക്സിനെ വിവാഹം കഴിച്ചപ്പോഴും ഹോസെയുമായുള്ള ബന്ധം ക്ലൗഡിയ തുടർന്നു. ഫെലിക്സുമായുള്ള വിവാഹ ബന്ധത്തിൽ മൂന്നു കുട്ടികളും ക്ലൗഡിയക്കുണ്ട്. ഗുസ്മാന്റെ സാമ്രാജ്യം യുഎസിലേക്കു വ്യാപിക്കാതിരിക്കാൻ അതിർത്തിയിൽ മതിൽ പണിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം മതി സിനലാവോ കാർട്ടൽ എന്ന കുപ്രസിദ്ധ മാഫിയ സംഘവും 'കുള്ളൻ' എന്ന പേരിൽ ലോകം പരിഹസിച്ച ഗുസ്മാനും ആരായിരുന്നു എന്ന് മനസ്സിലാക്കാൻ.

25 വർഷമായി ലഹരി മരുന്ന് കടത്തുകയും എതിരാളികളെ കൊന്നു തള്ളുന്നതും പതിവാക്കിയിരുന്ന ഗുസ്മാൻ രണ്ട് തവണ തടവു ചാടിയിരുന്നു. ജയിൽപ്പുള്ളികളുടെ അലക്ക് തുണിക്കെട്ടിനുള്ളിൽ പതുങ്ങിയിരുന്നാണ് നാലരയടി മാത്രം ഉയരമുള്ള ഗുസ്മാൻ ഒരിക്കൽ രക്ഷപ്പെട്ടത്.ഒന്നര കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെയും ഒരിക്കൽ രക്ഷപ്പെട്ടു. ഗുസ്മാനെ ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജയിലിൽ സന്ദർശിച്ച് അധോലോക ബന്ധങ്ങൾ ശക്തമാക്കാൻ സഹായിച്ചിരുന്നവരിൽ ഒരാൾ ക്ലൗഡിയ ആയിരുന്നു. തന്റെ ജീവിത കഥ സിനിമയാക്കാനുൾപ്പെടെ ഒളിവിൽ ശ്രമം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.എത്ര സുരക്ഷാ സന്നാഹമുള്ള ജയിലിൽ പിടിച്ചിട്ടാലും പുല്ലു പോലെ ചാടിപ്പോരുന്ന കുറ്റവാളിയെ തളയ്ക്കാൻ യുഎസിനു മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവും ആ നാടുകടത്തലിനു പിന്നിലുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങൾ വിധിയെഴുതി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഗുസ്മാൻ യുഎസിൽ തടവിലാണിപ്പോൾ. ജീവപര്യന്തത്തിനൊപ്പം 30 വർഷം തടവും യുഎസ് കോടതി ഗുസ്മാന് വിധിച്ചിരുന്നു.

ആഡംബര ജീവിതത്തോട് അതിയായ താല്പര്യമുണ്ടായിരുന്ന ക്ലൗഡിയ മെക്സിക്കോയിൽ മോഹ വിലയുള്ള മോഡൽ ആയിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ ഫോട്ടോകളിലൂടെയും അവർ വിവാദങ്ങളിൽ ഇടംപിടിച്ചു. സ്വന്തം മകനെ കിടക്കയിൽ കെട്ടുകണക്കിന് ഡോളറുകൾക്കിടയിലിട്ടുള്ള ചിത്രമായിരുന്നു അതിലൊന്ന്. ബിഎംഡബ്ല്യു കാറിൽ എകെ 47 സൂക്ഷിച്ച ചിത്രവും വൈറലായി. ആഡബംര കാറുകൾക്കും സിംഹത്തിനും ചീറ്റപ്പുലിക്കുമെല്ലാം ഒപ്പം ക്ലൗഡിയയെടുത്ത ചിത്രങ്ങളും അവർക്ക് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ആരാധകരെ സൃഷ്ടിച്ചു.നീന്തൽ വേഷത്തിലും ആഡംബര വസ്ത്രത്തിലുമെല്ലാമുള്ള ചൂടൻ ചിത്രങ്ങൾ വഴി മെക്സിക്കൻ യുവാക്കളുടെയും ഹരമായിരുന്നു ക്ലൗഡിയ. ബിക്കിനി ധരിച്ച അഴകളവുകളുള്ള കൊലയാളി, സർപ്പ സുന്ദരി എന്നിങ്ങനെയായിരുന്നു രാജ്യാന്തര മാധ്യമങ്ങൾ ക്ലൗഡിയയെ വിശേഷിപ്പിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിലെയും താരങ്ങളിലൊരാളായിരുന്നു ക്ലൗഡിയ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP