Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുത്തങ്ങ അനുസ്മരണം എങ്ങനെ വലിയ ഫണ്ട് ചെലവഴിച്ചുള്ള മേളകളായി? വീണ്ടും കുടിൽകെട്ടൽ സമരം തുടങ്ങിയ സികെ ജാനുവിന് തിരിച്ചടി; ആദിവാസി ഗോത്രമഹാസഭയിൽ നിന്ന് രാജിവച്ചതായി സംസ്ഥാന സെക്രട്ടറി; ജാനുവിന്റെ സമരം സംശയാസ്പദമെന്ന് ഗീതാനന്ദനും

മുത്തങ്ങ അനുസ്മരണം എങ്ങനെ വലിയ ഫണ്ട് ചെലവഴിച്ചുള്ള മേളകളായി? വീണ്ടും കുടിൽകെട്ടൽ സമരം തുടങ്ങിയ സികെ ജാനുവിന് തിരിച്ചടി; ആദിവാസി ഗോത്രമഹാസഭയിൽ നിന്ന് രാജിവച്ചതായി സംസ്ഥാന സെക്രട്ടറി; ജാനുവിന്റെ സമരം സംശയാസ്പദമെന്ന്   ഗീതാനന്ദനും

കെ വി നിരഞ്ജൻ

കൽപറ്റ:  മുത്തങ്ങയിൽ കുടിൽകെട്ടി സമരം തുടങ്ങിയെങ്കിലും സി.കെ. ജാനുവിന്റെ പ്രവർത്തനങ്ങളിലും സംഘപരിവാർ ബന്ധത്തിലും ആദിവാസി ഗോത്രമഹാസഭയിൽ എതിർപ്പ് പടരുന്നു. ജാനുവിന്റെ ഏകാധിപത്യ നിലപാടിലും രാഷ്ട്രീയ മോഹങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനത്തിലും പ്രതിഷേധിച്ച് ആദിവാസി ഗോത്രമഹാസഭയിൽ നിന്ന് രാജിവച്ചതായി സംസ്ഥാന സെക്രട്ടറി ബിജു കാക്കത്തോട് ഇന്നലെ അറിയിച്ചതാണ് ഏറ്റവും ഒടുവിലുണ്ടായ സംഭവം .എൻ.ഡി.എ ജില്ലാകൺവീനർ, ജെ.ആർ.എസ് സംസ്ഥാന കമ്മിറ്റി അംഗത്വം എന്നീ സ്ഥാനങ്ങളും ബിജു ഒഴിഞ്ഞു.

ജാനു ഏകാധിപത്യ സ്വഭാവത്തിലാണ് പെരുമാറുന്നത്. ആദിവാസികളുടെ അടിസ്ഥാന വിഷയങ്ങളിൽ ശ്രദ്ധയൂന്നാതെ സ്വയം നേതാവായി മാറാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. താനടക്കമുള്ളവരുടെ അഭിപ്രായങ്ങൾക്ക് ഒരു വിലയുമില്ല. സി.കെ. ജാനു എൻ.ഡി.എയുടെ ഭാഗമായത് തന്റെ രാഷ്ട്രീയ മൂല്യം ഉയർത്താൻവേണ്ടി മാത്രമാണ്. പാവപ്പെട്ട ആദിവാസികൾക്ക് അതുകൊണ്ട് ഒരു മെച്ചവും ഉണ്ടായിട്ടില്ല. മുത്തങ്ങ അനുസ്മരണം വലിയ ഫണ്ട് ചെലവഴിച്ചുള്ള മേളകളാക്കി മാറ്റി. കഴിഞ്ഞ 13 വർഷവും പ്രവർത്തകരിൽനിന്നും മറ്റും പിരിവെടുത്താണ് മുത്തങ്ങ അനുസ്മരണ പരിപാടികൾ നടത്തിയത്. എന്നാൽ, ഇത്തവണ അതുണ്ടായില്ല. ഫണ്ട് പുറത്തുനിന്നാണ് വന്നത്. ആദിവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഗോത്രമഹാസഭക്ക് സാധിക്കില്‌ളെന്നും ബിജു പ്രതികരിച്ചു.

ഇത്തവന മുത്തങ്ങ അനുസ്മരത്തിന് ഫണ്ട് വന്നത് ബിജെപിയിൽനിന്നാണെന്ന് നേരത്തെതന്നെ വിമർശനം ഉണ്ടായിരുന്നു. അതിനിടെ ജാനുവിനെ ശക്തമായി വിമർശിച്ച് ആദിവാസി ഗോത്രമഹാസഭ  കോഡിനേറ്റർ എം. ഗീതാനന്ദനും  രംഗത്തത്തെി.  മുത്തങ്ങ സമരക്കാർക്ക് നൽകാൻ നീക്കിവച്ച ഭൂമിയിൽ സി.കെ. ജാനു നടത്തുന്ന കുടിൽകെട്ടി സമരം സംശയാസ്പദമാണെന്ന് അദ്ദേഹം പറഞ്ഞു.  കേരളത്തിലെ ഭൂസമരങ്ങൾ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് അതിലേക്ക് വഴിതുറക്കാനുള്ള ശ്രമമാണ് ജാനു നടത്തുന്നതെന്ന് സംശയിക്കണം.

മുത്തങ്ങ പാക്കേജിൽ അനുവദിച്ച ഭൂമിയിൽ അടിക്കാട് തെളിക്കാനുള്ള കരാർ സി.കെ. ജാനുവും ജെ.ആർ.എസ് പ്രവർത്തകരുമാണ് ഏറ്റെടുത്തത്. പണിതീർക്കുന്നതിലുണ്ടായ കാലതാമസവും കുടിയിരുത്തൽ നടപടി വൈകുന്നതിന് കാരണമായിട്ടുണ്ട്. പട്ടയം നൽകിയ ഭൂമിയിൽ സമരത്തിന്് പ്രസക്തിയില്ല. പട്ടയം കിട്ടിയ ആദിവാസികളൂടെ ഭൂമിയിൽ മറ്റുള്ളവരെക്കൊണ്ട് കുടിൽ കെട്ടുന്നത് ന്യായമല്ല. സർവേ പ്രവർത്തനം തീരുന്നതനുസരിച്ച് യഥാർഥ പട്ടയ ഉടമകളായ ആദിവാസികളെ കുടിയിരുത്തുന്ന നടപടി ഗോത്രമഹാസഭ കൈക്കൊള്ളുമെന്നും ഗീതാനന്ദൻ പറഞ്ഞു.

ജെ.ആർ.എസ് എന്ന പാർട്ടി പിരിച്ചുവിട്ട് സി.കെ. ജാനു ഗോത്രമഹാസഭയിലേക്ക് തിരിച്ചുവരണമെന്ന് ഗീതാനന്ദൻ ആവശ്യപ്പെട്ടു. എൻ.ഡി.എയുടെ ഭാഗമാവുന്നതിന്  മാത്രമാണ് ജെ.ആർ.എസ് രൂപവത്കരിച്ചത്. ബിജെപി വഞ്ചിച്ചുവെന്നാണ് ഇപ്പോൾ ജാനു പറയുന്നത്.  മുത്തങ്ങ സമരത്തിന്റെ വാർഷിക ദിനമായ ഫെബ്രുവരി 19ന് ജോഗി അനുസ്മരണം ഇത്തവന ചേരിതിരഞ്ഞാണ് നടന്നത്.

അതേസമയം സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ മുത്തങ്ങയിൽ തുടങ്ങിയ കുടിൽകെട്ടി സമരത്തിന് ഇതുവരെ കാര്യമായ പ്രതികരണവും കിട്ടിയിട്ടില്ല. ചുരൽമലയിലും, വാളാട് ഇല്ലത്ത് മൂലയിലുമാണ് ജാനും സമരം ആരംഭിച്ചത്. 2003ൽ മുത്തങ്ങസമരത്തിൽ പങ്കെടുത്ത 285 കുടുംബങ്ങൾക്ക് ഇതുവരെ ഭൂമി അനുവദിക്കാത്തതിൽ പ്രതിഷേധിച്ചും, കൈവശരേഖ നൽകിയ 16 പേർക്ക് ഇതുവരെ ഭൂമി നൽകാത്തതിൽ പ്രതിഷേധിച്ചുമാണ് സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ വിണ്ടും കൂടിൽ കെട്ടിസമരം ആരംഭിച്ചത്.

മേപ്പാടി ചൂരൽമലയിൽ 20 ഓളം കുടുംബങ്ങളും തലപ്പുഴ വാളാട് ഇല്ലത്ത് മൂലയിൽ 30 ഓളം കുടുംബങ്ങളുമാണ് കൂടിൽകെട്ടി താമസം ആരംഭിച്ചത്. വാളാട് ഇല്ലത്തുമൂലയിൽ സി.കെ. ജാനുവിന്റെ നേതൃത്വത്തിലായിരുന്നു കൂടിൽകെട്ടൽ. വാളാട് വില്ലേജിൽപ്പെട്ട സർവേ നമ്പർ 153ൽ ഉൾപ്പെട്ട 45 ഏക്കർ വനഭൂമിയിലാന്ന് സമരം ആരംഭിച്ചത്. ഈ ഭൂമിയിൽ 16 കുടുംബങ്ങൾക്ക് 2016ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കൈവശരേഖ നൽകിയിരുന്നു. എന്നാൽ, ഭൂമിക്ക് പട്ടയം നൽകുകയോ ഭൂമി അളന്നുതിരിച്ച് നൽകുകയോ ചെയ്തില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇത്തരം ഒരു സമരത്തിന് നേതൃത്വം നൽകിയതെന്ന് സി.കെ. ജാനു പറഞ്ഞു. 

വരും ദിവസങ്ങളിലും സമരം തുടരും. ഒരു കുടുംബത്തിന് ഒരു ഏക്കർഭൂമി എന്ന കണക്കിൽ 45 ഓളം കുടുംബങ്ങൾ വാളാട് ഭൂമിയിൽ താമസം ആരംഭിക്കുമെന്നും ജാനു പറഞ്ഞു. എന്നാൽ, അദിവാസികൾക്ക് നേരത്തെ തന്നെ കൊടുക്കാൻ നീക്കിവച്ച ഭൂമി ആയതിനാൽ കൂടിൽ കെട്ടി സമരം ആരംഭിച്ചവരെ ഭൂമിയിൽനിന്നും റവന്യൂ, വനം വകുപ്പുകൾ ഒഴിപ്പിക്കാൻ സാധ്യതയില്‌ളെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP