Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

500 ലോഡ് കരിങ്കൽ കടത്താൻ പാസ് നൽകിയ ശേഷം ഒത്താശ ചെയ്തത് 18000 ലോഡ് അനധികൃതകടത്തിന്; അന്വേഷിച്ച് കേസ് ചാർജ് ചെയ്തത് കോട്ടയം വിജിലൻസ്; വിജിലൻസ് റെയ്ഡിൽ വീട്ടിൽ നിന്നും പൊക്കിയത് 33 ലക്ഷത്തോളം രൂപയും; ബൈജുവിനെ ബിജുവാക്കിയശേഷം പി എച്ച് കുര്യനെതിരെ നൽകിയത് നിരന്തര പരാതികളും; വിവരാവാകാശം നൽകിയപ്പോൾ സീൽ മോഷണപ്പരാതി നൽകി പ്രതികാരം; മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി സി കെ ബൈജു എത്തുമ്പോൾ നിറയുന്നത് വിവാദം

500 ലോഡ് കരിങ്കൽ കടത്താൻ പാസ് നൽകിയ ശേഷം  ഒത്താശ ചെയ്തത് 18000 ലോഡ് അനധികൃതകടത്തിന്; അന്വേഷിച്ച് കേസ് ചാർജ് ചെയ്തത് കോട്ടയം വിജിലൻസ്; വിജിലൻസ് റെയ്ഡിൽ വീട്ടിൽ നിന്നും പൊക്കിയത് 33 ലക്ഷത്തോളം രൂപയും; ബൈജുവിനെ ബിജുവാക്കിയശേഷം പി എച്ച് കുര്യനെതിരെ നൽകിയത് നിരന്തര പരാതികളും; വിവരാവാകാശം നൽകിയപ്പോൾ സീൽ മോഷണപ്പരാതി നൽകി പ്രതികാരം; മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി സി കെ ബൈജു എത്തുമ്പോൾ നിറയുന്നത് വിവാദം

എം മനോജ് കുമാർ

തിരുവനന്തപുരം: അഴിമതിയാരോപണങ്ങളും വിജിലൻസ് കേസുകളും അനധികൃത സ്വത്ത് സമ്പാദനകേസുമെല്ലാം നേരിടുന്ന ഉദ്യോഗസ്ഥനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡയറക്ടറായി നിയമിച്ച നടപടി വിവാദമാകുന്നു. വിജിലൻസ്, ലോകായുക്ത കേസുകൾ നേരിടുകയും അഴിമതി നടത്തിയതിനെ തുടർന്നു ഇൻക്രിമെന്റ് പിഎസ് സി വെട്ടിക്കുറയ്ക്കുകയുമൊക്കെ ചെയ്ത സി.കെ.ബൈജുവിനെയാണ് മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ ഇൻചാർജായി വ്യവസായവകുപ്പ് നിയമിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം ഇരിക്കുന്ന പോസ്റ്റിലാണ് ഐഎഎസുകാരനല്ലാത്ത അഴിമതിക്കേസുകൾ നേരിടുന്ന ഉദ്യോഗസ്ഥനെ ചുമതലയേൽപ്പിച്ചിരിക്കുന്നത്.

സീനിയർ ജിയോളജിസ്റ്റ് ആയിരിക്കുമ്പോൾ തന്നെ വിജിലൻസ് കേസുകളിലും അനധികൃത സ്വത്ത് സമ്പാദന കേസിലും പെട്ട ബൈജു ഒരു കുഴപ്പവും സംഭവിക്കാതെയാണ് അസിസ്റ്റന്റ്‌റ് ഡയറക്ടറും തുടർന്നു ഡെപ്യൂട്ടി ഡയറക്ടറും ഇപ്പോൾ ഡയറക്ടറുടെ പോസ്റ്റിലും എത്തിപ്പെട്ടിരിക്കുന്നത്. പി.എച്ച്.കുര്യൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ ഒരു കാരണവശാലും ബൈജുവിനു ഡെപ്യൂട്ടി ഡയറക്ടറുടെ പോസ്റ്റിലേക്ക് നിയമനം നൽകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. പക്ഷെ കുര്യന്റെ സ്ഥാനചലനത്തിനും വിരമിക്കലിനും ശേഷം ബൈജു ഈ പോസ്റ്റിലേക്ക് അനായാസം എത്തിപ്പെടുകയായിരുന്നു. ഇതെല്ലാം വകുപ്പിൽ ഈ ഉദ്യോഗസ്ഥന്റെ സ്വാധീനത്തിന്റെ തെളിവായി മാറുന്നു.

കള്ളന്റെ കയ്യിൽ താക്കോൽ ഏൽപ്പിച്ച നടപടിയായാണ് വ്യവസായവകുപ്പിന്റെ നടപടി വിശേഷിപ്പിക്കപ്പെടുന്നത്. 500 ലോഡ് കരിങ്കൽ കടത്താൻ പാസ് നൽകിയ ശേഷം 18000 ലോഡ് കരിങ്കൽ കടത്താൻ കൂട്ട് നിന്നതിനു വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ബൈജു.. ഇതേ ബൈജുവിന്റെ വീട്ടിൽ എറണാകുളത്തെ വിജിലൻസ് സ്‌പെഷ്യൽ ടീം റെയ്ഡ് നടത്തി പിടിച്ചത് 33 ലക്ഷത്തോളം രൂപയാണ്. ഈ കേസും ബൈജു നേരിട്ടുകൊണ്ടിരിക്കുകയാണ്. അനധികൃത ഘനനം നടത്തിയതായി തെളിഞ്ഞാൽ ലക്ഷക്കണക്കിന് രൂപയാണ് സർക്കാരിനു പിഴ നൽകേണ്ടി വരുന്നത്. ഈ തുകയാണ് സർക്കാർ ഖജാനവിലെ പ്രധാന വരുമാന മാർഗം.

ഈ രീതിയിൽ കോടിക്കണക്കിനു രൂപയാണ് സർക്കാർ ഖജനാവിലേക്ക് ഒഴുകേണ്ടത്. ബിജുവിനെ പോലുള്ള ഒരുദ്യോഗസ്ഥൻ വകുപ്പിൽ ഡയറക്ടറായി ഇരുന്നാൽ എങ്ങനെ സർക്കാർ ഖജനാവിലേക്ക് പണമെത്തുമെന്ന ചോദ്യവും ഒപ്പം മുഴങ്ങുന്നുണ്ട്.

ഒത്താശ അനധികൃത ഖനനത്തിന്; പിഎസ് സി കട്ട് ചെയ്തത് രണ്ടു ഇൻക്രിമെന്റുകൾ

ബൈജു സീനിയർ ജിയോളജിസ്റ്റ് ആയിരിക്കെ തന്നെ ബൈജുവിന്റെ അഴിമതി തിരിച്ചറിഞ്ഞു ബിജുവിനെതിരെ പോരാട്ടം തുടരുന്ന പൊതുപ്രവർത്തകൻ പൗലോസ് മുളക്കുളത്തിനു വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ മറുപടിയിൽ തന്നെ ബിജുവിന്റെ അഴിമതിക്കഥകൾ അക്കമിട്ടു പറയുന്നുണ്ട്. ബിജുവിനെതിരെയുള്ള വിജിലൻസ് കേസിനെ തുടർന്നു പിഎസ്‌സി നിർദ്ദേശ പ്രകാരം ബിജുവിന്റെ രണ്ടു ഇൻക്രിമെന്റ് തടഞ്ഞു നടപടിയെടുത്തിരുന്നു. ബിജുവിനു നേരെ അച്ചടക്ക നടപടി ശുപാർശ ചെയ്തതിനെ തുടർന്നു ഡിപ്പാർട്ട്‌മെന്റ്ൽ പ്രൊമോഷൻ കമ്മറ്റി ബിജുവിന് പകരം ടി.കെ.രാമകൃഷ്ണനെ ഡയറക്ടർ ആക്കി മാറ്റിയിട്ടുണ്ട്.

വിജിലൻസ് ബൈജുവിനു പകരം ബിജു എന്ന് വിജിലൻസ് ഉത്തരവിൽ പറഞ്ഞതിനാൽ ആശയക്കുഴപ്പമുണ്ടായിരുന്നു. അത് പിന്നെ വിജിലൻസ് തന്നെ തിരുത്തിയതിനാൽ ബൈജുവിനെതിരെ തുടർ നടപടികൾ വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. പക്ഷെ പിന്നീട് ക്രമക്കേടുകൾ കണ്ടെത്താത്തതിനാൽ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. പാലയിൽ അനധികൃത ഘനനത്തിനു ഒത്താശ ചെയ്തു കൊടുക്കുകയാണ് ബൈജു ചെയ്തത്. ഈ വിജിലൻസ് കേസ് ബൈജു നേരിടുന്നുണ്ട്. കോട്ടയം ജില്ലാ ജിയോളജിസ്റ്റ് ആയിരിക്കെയാണ് അനധികൃത മൈനിംഗിന് ബൈജു ഒത്താശ ചെയ്തത്. ഈ കേസിൽ ബൈജുവിന് കുറ്റാരോപണ മെമോയും കുറ്റാരോപണപത്രികയും നൽകിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദനവും ഈ ഉദ്യോഗസ്ഥൻ നേരിടുന്നുണ്ട്. ഇതിലും വകുപ്പ്തല നടപടികൾ തുടരുന്നുണ്ട്. ബൈജുവിനെതിരെ ശിക്ഷണ നടപടി സ്വീകരിക്കാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. പക്ഷെ ഈ കേസിൽ ബൈജു ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. ഇതിന്റെ നിലവിലേ അവസ്ഥ എന്തെന്ന് അഡ്വക്കേറ്റ് ജനറലിനോട് അന്വേഷിക്കുന്നുണ്ട്. ഇതാണ് നിലവിലെ ഡയറക്ടറുടെ കാര്യത്തിൽ വകുപ്പ് നടത്തിയ നടപടികൾ-പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കുന്നു.

ലോകായുക്തയിലും കേസ്:

ബെന്നി ജോസഫ് ആണ് സി.കെ.ബൈജുവിനെതിരെ ലോകായുക്തയിൽ പരാതി നൽകിയത്. ഖനനത്തിനു ഒരിക്കലും നൽകാത്ത അപേക്ഷയുടെ പേരിൽ ഖനനം അനുവദിക്കുകയും കൂടുതൽ മണ്ണ് എടുത്തതിന്റെ പേരിൽ രണ്ടര ലക്ഷത്തോളം രൂപ പിഴയായി അടയ്ക്കണമെന്നാണ് ബെന്നി ജോസഫിന് സി.കെ.ബൈജു നോട്ടീസ് നൽകിയത്. ഇയാൾ വിദേശത്തായിരിക്കെയാണു നോട്ടീസ് വന്നത്. വേറൊരാൾ ബെന്നി ജോസഫിന്റെ ഒപ്പിട്ടു നൽകിയ പരാതിയിലാണ് ഖനനത്തിനു ബൈജു അനുമതി നൽകിയത്. ബെന്നി ജോസഫ് വിറ്റുപോയ സ്ഥലത്തിൽ നിന്നാണ് ഖനനം നടന്നത്. ബെന്നി ജോസഫിന്റെ പേരിലാണ് ഖനനത്തിൻ അനുമതിക്കായി അപേക്ഷ നൽകപ്പെട്ടത്. സ്ഥല പരിശോധനയും വസ്തു ആരുടെതെന്നും പരിശോധിക്കാതെ ബൈജു അനുമതി നൽകുകയായിരുന്നു. തുടർന്നു രണ്ടര ലക്ഷത്തോളം പിഴ വന്നത് ബെന്നി ജോസഫിന്റെ പേരിൽ. ഇതിനെ തുടർന്നാണ് ബെന്നി ജോസഫ് ലോകായുക്തയിൽ പരാതി നൽകിയത്. ഖനനം നടത്തിയ ലിനോദ് വി. അലക്‌സിനു ഒരു സമ്മതപത്രവും ബെന്നി ജോസഫ് നൽകിയിരുന്നില്ല എന്നാണ് ലോകായുക്തയിൽ നൽകിയ പരാതിയിൽ പറയുന്നത്. ബെന്നി ജോസഫിന്റെ ഒപ്പും വ്യാജമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ബൈജുവിനെതിരെ നടപടി ആവശ്യപ്പെട്ടു വിവരാവകാശ കമ്മിഷനും

മൈനിങ് ഓഫീസിലെ സീൽ നഷ്ടമായത് പത്രവാർത്ത വന്നപ്പോൾ വിവരാവകാശം നൽകിയ പൗലോസ് മുളക്കുളത്തിനെ കുടുക്കാൻ സീൽ മോഷ്ടിച്ചു എന്ന പേരിൽ പൊലീസിൽ വ്യാജ പരാതി നൽകിയതിനാണ് ബൈജുവിനെതിരെ നടപടിക്ക് വിവരാവകാശ കമ്മിഷൻ നിർദ്ദേശിച്ചത്. സീൽ നഷ്ടമായ കാര്യത്തിൽ വിവരാവാകാശം തേടിയപ്പോൾ കോട്ടയത്തെ ജിയോളജിസ്റ്റ് ആയ ബൈജുവിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയിരുന്നു. സീൽ മോഷണക്കേസിൽ പൗലോസിനെ സംശയദൃഷ്ടിയിൽ നിർത്തിയാണ് ബൈജു കോട്ടയം എസ്‌പിക്ക് പരാതി നൽകിയത്. വിവരാവാകാശ പ്രകാരം വിവരങ്ങൾ തിരക്കിയതിനാൽ കള്ളപ്പരാതി നൽകിയതിനു നടപടി ആവശ്യപ്പെട്ടാണ് പൗലോസ് വിവരാവാകാശ കമ്മിഷനെ സമീപിച്ചത്. വിവരാവാകാശ നിയമപ്രകാരം വിവരങ്ങൾ നല്കാതിരിക്കാനാണ് ഇത്തരം പരാതികൾ എന്നാണ് കമ്മിഷൻ കണ്ടെത്തിയത്. ഈ കാര്യത്തിൽ ബൈജു നൽകിയ വിശദീകരണം കമ്മിഷൻ തള്ളുകയായിരുന്നു. ഇതിനെ തുടർന്നാണ് വകുപ്പ് തല നടപടികൾക്കായി ബൈജുവിനെതിരെ കമ്മിഷൻ സർക്കാരിനു എഴുതിയത്.

ക്വാറി മുതലാളിമാർ കൊഴുക്കുമ്പോൾ സർക്കാർ മെലിയുന്നു

രാമപുരത്ത് സി.കെ.ബിജുവിനെതിരെ പരാതി വന്നപ്പോൾ അതിൽ വിജിലൻസ് അന്വേഷണം വന്നു. പാല രാമപുരം വില്ലേജിൽ ബ്ലോക്ക് നമ്പർ 28ൽ പ്പെട്ട സർവേ നമ്പറിലാണ് പാറ പൊട്ടിക്കാൻ ജോബി മാത്യുവിനു അനുമതി നൽകപ്പെട്ടത്. 500 പാസുകൾ ആണ് ലോഡ് കൊണ്ടുപോകാൻ ആകെ അനുവദിക്കപ്പെട്ടത്. എന്നാൽ കൂടുതൽ സ്ഥലത്ത് പാറ പൊട്ടിക്കുന്നതായി വിജിലൻസിന് പരാതി വന്നു. വിജിലൻസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഈ പരാതിയിലാണ് അനധികൃത പാറ പൊട്ടിക്കലിന് ബൈജു ഒത്താശ നൽകിയതായി വിജിലൻസ് കണ്ടെത്തുന്നത്. 500 പാസ് നൽകുമ്പോൾ 500 ലോഡ് കൊണ്ടുപോകാൻ മാത്രമാണ് അനുമതി. എന്നാൽ 18000 ലോഡാണ് ഇവിടെ നിന്നും കടത്തിയത്. വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായ കാര്യമാണിത്. സർവേ നമ്പർ 200/6 ൽ പ്പെട്ട സ്ഥലത്ത് മാത്രമാണ് ഖനനം നടത്താൻ അനുമതി നൽകിയതെങ്കിൽ 209/5ൽപ്പെട്ട സ്ഥലത്തും ഖനനം നടത്തിയതായി വിജിലൻസ് കണ്ടെത്തി. ഈ രീതിയിൽ ഖനനം നടന്നതിൽ ഗുരുതരമായ വീഴ്ചയും ചട്ടലംഘനവും ചട്ടലംഘനവും നടന്നതിനാൽ ജിയോളജിസ്റ്റ് ബൈജുവിനെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് വിജിലൻസ് ശുപാർശ ചെയ്തത്. 500 ലോഡ് കടത്തിയതിന് പകരം 18000 ലോഡ് കടത്തപ്പെട്ടപ്പോൾ കോടികളാണ് സർക്കാർ ഖജനാവിന് നഷ്ടമായത്. വിജിലൻസ് കേസുമായി ബന്ധപ്പെട്ടു ബൈജുവിന്റെ കഴക്കൂട്ടത്തെ വീട്ടിൽ വിജിലൻസ് വിഭാഗം റെയിഡ് നടത്തിയിരുന്നു. ഈ റെയിഡിൽ ഒട്ടേറെ രേഖകൾ പിടിച്ചെടുത്തുവെന്ന് വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. ബൈജുവിന്റെ വീട്ടിൽ എറണാകുളത്തെ വിജിലൻസ് പ്രത്യേകവിഭാഗം ത്തിയ റെയിഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 33 ലക്ഷം രൂപയോളമാണ് പിടിച്ചെടുത്തത്.

പ്രമോഷന് ഒത്താശ നടത്തിയത് വിജിലൻസ്: കുര്യനെതിരെ മുഖ്യമന്ത്രിക്ക് പരാതിയും

സീനിയർ ജിയോളജിസ്റ്റ് ആയിരിക്കെ അസിസ്റ്റന്റ് ജിയോളജിസ്റ്റ് ആകാൻ വിജിലൻസ് കേസുകൾ തടസം നിന്നിരുന്നു. പക്ഷെ ബൈജുവിന്റെ പേര് ബിജു എന്നാക്കിയാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. ബിജു എന്ന ഉദ്യോഗസ്ഥൻ ജിയോളജിസ്റ്റ് ആയി ഇല്ലാത്തതിനാൽ ബൈജുവിന്റെ പ്രമോഷൻ നടപടികൾ മുന്നോട്ടു പോകുകയും അസിസ്റ്റന്റ് ഡയറക്ടർ ആയി നിയമനം ലഭിക്കുകയും ചെയ്തു. ഇതിനെ തുടർന്നു പൗലോസ് മുളക്കുളം വകുപ്പിന് പരാതി നൽകിയതിനെ തുടർന്നാണ് ബിജുവല്ല ബൈജു തന്നെയാണെന്ന് വിജിലൻസ് തിരുത്തി വീണ്ടും റിപ്പോർട്ട് നൽകിയത്. ഇങ്ങനെ അസിസ്റ്റന്റ് ഡയറക്ടർ ആയി മുന്നോട്ടു പോകുമ്പോഴാണ് ഡെപ്യൂട്ടി ഡയറക്ടർ ആയി നിയമനം ലഭിക്കാൻ ഇയാൾ കരുക്കൾ നീക്കിത്തുടങ്ങിയത്. എന്നാൽ വകുപ്പിലെ പ്രിൻസിപ്പൾ സെക്രട്ടറി ആയിരുന്ന പി.എച്ച്.കുര്യൻ ഉടക്കിട്ടു.

വിജിലൻസ് കേസുകളും അനധികൃത സ്വത്ത് സമ്പാദനവും നിലനിൽക്കുന്നതിനാൽ ഡെപ്യൂട്ടി ഡയറക്ടർ ആക്കാൻ കഴിയിലല്ലെന്നാണ് കുര്യൻ തീരുമാനമെടുത്തത്. ഇതിനെ തുടർന്നു അമ്മയെക്കൊണ്ട് കുര്യനെതിരെ പരാതി എഴുതിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു. അഡീഷണൽ ഡയറക്ടറായ നിയമനം പി.എച്ച്.കുര്യൻ ഇടപെട്ടു തടഞ്ഞു എന്നാണ് അമ്മ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പ്രമോഷൻ നൽകണമെന്നു ആവശ്യപ്പെട്ടാണ് പരാതി നൽകപ്പെട്ടത്. അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയ പട്ടികജാതി-വർഗ വകുപ്പ് മന്ത്രിയായ എ.കെ.ബാലന് ബൈജു നേരിട്ട് പരാതിയും നൽകി. കുര്യൻ ഇടപെട്ടാണ് തന്റെ ഡെപ്യൂട്ടി ഡയറക്ടർ ആയ പ്രമോഷൻ തടഞ്ഞത് എന്നാണ് ബാലന് നൽകിയ പരാതിയിൽ ബൈജു പറയുന്നത്. വകുപ്പ് ഡയറക്ടർ ആയിരുന്ന കെ.ബിജുവിനെ സർക്കാർ മാറ്റിയതോടെയാണ് സി.കെ.ബൈജുവിനു താത്കാലിക ഡയരക്ടർ ആകാൻ അവസരം ഒരുങ്ങിയത്.

ഐഎഎസുകാരനെ തെറുപ്പിച്ചത് കരിമണൽ ലോബി:

മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ശക്തമായ ഇടപെടൽ നടത്തിയതോടെയാണ് കെ.ബിജുവിനെ ഡയറക്ടർ സ്ഥാനത്ത് നിന്നും തെറുപ്പിക്കുന്നത്. ബിജുവിനെ ഡയരക്ടർ സ്ഥാനത്ത് മാറ്റിയ നടപടി വിവാദമായി തുടരുകയാണ്. കരിമണൽ ലോബിയുടെ ഇടപെടലാണ് ഇതിനു പിന്നിൽ എന്നാണ് ആക്ഷേപം വന്നത്. കൊച്ചി ആസ്ഥാനമായ ഒരു കമ്പനി കരിമണൽ ഖനനത്തിനു അനുമതി നൽകിയിരുന്നു. സ്വകാര്യ കമ്പനി ആയതിനാൽ ഖനനത്തിനു അനുമതി നൽകാനാവില്ലെന്ന് ബിജു ഫയലിൽ കുറിച്ചു. കരിമണൽ ഖനനത്തിനു സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകരുതെന്ന് കേന്ദ്രനിയമമുണ്ട്. ഇതിനു ചുവട് പിടിച്ചാണ് സ്വകാര്യ കമ്പനിയുടെ നീക്കം ബിജു തടഞ്ഞത്. വേളി ഇൻഡസ്ട്രിയൽ എസ്റ്റെറ്റിൽ ഒരു സ്വകാര്യ കമ്പനിക്ക് അഞ്ചേക്കർ ഭൂമി പതിച്ചു നല്കാൻ നീക്കം വന്നിരുന്നു. വ്യവസായ ആവശ്യത്തിനു നൽകിയ ഭൂമി ഉപയോഗിക്കാതിരുന്നതിനെ തുടർന്നു സർക്കാർ തിരികെ പിടിക്കുകയായിരുന്നു. ഈ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകണമെന്ന് താത്പര്യങ്ങൾ ശക്തമായിരുന്നു. ഏതിനും ബിജു തടസം നിന്നതോടെയാണ് ബിജുവിന്റെ ഡയറക്ടർ പദവി തെറുപ്പിച്ചത്. ഇതിനെ തുടർന്നു ഹരിത.വി.കുമാറിനെ ഡയറക്ടർ ആയി നിയമിച്ചിരുന്നു. പക്ഷെ ഹരിതയും മുന്നോട്ടു പോകാൻ താത്പര്യം കാട്ടിയില്ല. ഇതിനെ തുടർന്നാണ് ബൈജുവിനു താത്കാലിക ഡയറക്ടർ ആയി നിയമനം ലഭിച്ചത്.

ആരോപണങ്ങളും കേസുകളുമായി ബന്ധപ്പെട്ട് സി.കെ.ബൈജുവിനോട് മറുനാടൻ പ്രതികരണം പ്രതികരിക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ തയ്യാറായില്ല. വകുപ്പിന്റെ തലപ്പത്തുള്ള മുഹമ്മദ് ഹനീഷുമായി ബന്ധപ്പെടാനായിരുന്നു പ്രതികരണം. പക്ഷെ ഡയറക്ടറുമായി ബന്ധമുള്ളവർ പക്ഷെ ആരോപണങ്ങൾ നിഷേധിക്കുകയാണ്. ബൈജുവിന്റെ പേരിൽ ഒരു വിജിലൻസ് കേസും നിലവിലില്ല. അതിനാലാണ് ബിജുവിനെ ഡയറക്ടർ ആക്കിയതെന്നാണ് അടുപ്പമുള്ളവർ വിരൽ ചൂണ്ടുന്നത്. അനധികൃത സ്വത്ത് സമ്പാദനം വകുപ്പ് തള്ളിയതാണ്. മൈനിങ് വകുപ്പിൽ ഏതൊക്കെ ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും ആരോപണം ഉയരും. വിജിലൻസ് അന്വേഷണവും പതിവ്.സസ്‌പെൻഷൻ തന്നെ പല ജിയോളജിസ്റ്റുകൾക്കും ലഭിച്ചിട്ടുണ്ട്. പക്ഷെ ബൈജുവിന് സസ്‌പെൻഷൻ ലഭിച്ചിട്ടില്ല. അന്വേഷണവും കേസുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ജാതിപരമായി താഴ്ന്ന സമുദായം ആയതിനാൽ ബൈജു ഡയറക്ടർ ആകരുതെന്ന് വകുപ്പിലെ ചിലർക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആരോപണങ്ങൾ ഉയർത്തുന്നവർക്ക് വകുപ്പിൽ നിന്ന് ചില പിന്തുണകൾ ഒക്കെ ലഭിച്ചിട്ടുണ്ടാകാം. ഞങ്ങൾക്ക് അതേക്കുറിച്ച് തീർച്ചയില്ല. ഡയറക്ടർ ഇതുമായി ബന്ധപ്പെട്ടു പരസ്യ പ്രതികരണം നടത്തുകയുമില്ല- അടുപ്പമുള്ളവർ വിരൽ ചൂണ്ടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP