Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിന് കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു; അപ്രതീക്ഷിത പ്രതിഷേധം രാജ്യമാകെ വ്യാപിക്കുമ്പോൾ ദേശീയ ജനാധിപത്യ സഖ്യത്തിലും വിള്ളൽ; പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പിനുള്ള വഴികൾ തേടി ബിജെപി; ചട്ടങ്ങൾ രൂപീകരിക്കുക വിദഗ്ധരുമായി കൂടിയാലോചിച്ച് മാത്രം; നിബന്ധനകളിൽ ഇളവ് വരുത്താനും ആഭ്യന്തരമന്ത്രാലയം; മതനേതാക്കളുമായും സർക്കാർ പ്രതിനിധികൾ കൂടിക്കാഴ്‌ച്ച നടത്താനും ആലോചന; ദേശീയ ജനസംഖ്യാ സെൻസസ് നിർത്തിവെച്ച് കേരളവും

പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിന് കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു; അപ്രതീക്ഷിത പ്രതിഷേധം രാജ്യമാകെ വ്യാപിക്കുമ്പോൾ ദേശീയ ജനാധിപത്യ സഖ്യത്തിലും വിള്ളൽ; പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പിനുള്ള വഴികൾ തേടി ബിജെപി; ചട്ടങ്ങൾ രൂപീകരിക്കുക വിദഗ്ധരുമായി കൂടിയാലോചിച്ച് മാത്രം; നിബന്ധനകളിൽ ഇളവ് വരുത്താനും ആഭ്യന്തരമന്ത്രാലയം; മതനേതാക്കളുമായും സർക്കാർ പ്രതിനിധികൾ കൂടിക്കാഴ്‌ച്ച നടത്താനും ആലോചന; ദേശീയ ജനസംഖ്യാ സെൻസസ് നിർത്തിവെച്ച് കേരളവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഒത്തുതീർപ്പിനുള്ള വഴികൾ തേടുന്നു. നിയമത്തിൽ നിന്ന് പിൻവാങ്ങുന്ന പ്രശ്‌നമില്ലെന്ന് വ്യക്തമാക്കുന്ന കേന്ദ്ര സർക്കാർ പക്ഷെ നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ച് പ്രതിഷേധം തണുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് പ്രതിഷേധക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും നിർദ്ദേശങ്ങളുണ്ടെങ്കിൽ അത് ചട്ടം രൂപീകരിക്കുമ്പോൾ ഉൾപ്പെടുത്താമെന്നുമുള്ള നിർദ്ദേശമാണ് ആഭ്യന്തര വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്.

ബില്ലിനെ പാർലമെന്റിൽ പിന്തുണച്ചവർ തന്നെ ജനവികാരം എതിരാണെന്ന് കണ്ടതോടെ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കാനാകില്ലെന്ന നിലപാട് എടുത്തതോടെയാണ് ബിജെപിയും കേന്ദ്രസർക്കാരും കൂടുതൽ പ്രതിരോധത്തിലായത്. ബിഹാറിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കില്ലെന്ന് നിതീഷ് കുമാർ കൂടി വ്യക്തമാക്കിയിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളും തങ്ങളുടെ ആശങ്കകൾ ദേശീയ നേതൃത്വവുമായി പങ്കുവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിഷേധങ്ങളെ എങ്ങനെ തണുപ്പിക്കാം എന്നതാണ് കേന്ദ്രസർക്കാർ നോക്കി കാണുന്നത്.

പൗരത്വ നിയമ ഭേദഗതി ഇരുസഭകളിലും പാസാകുകയും രാഷ്ട്രപതി ഒപ്പിടുകയും ചെയ്‌തെങ്കിലും ഇതുവരെയും ചട്ടം രൂപീകരിക്കാത്തത് ഇതിന്റെ ഭാഗമായാണ്. ചട്ടം രൂപീകരിക്കുന്നതിന് മുമ്പ് പ്രതിഷേധക്കക്കാരുടെ നിർദ്ദേശങ്ങളും കൂടി ചർച്ച ചെയ്യാമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രാബല്യത്തിൽ വന്നിട്ടില്ല. ചട്ടം രൂപീകരിക്കുന്നത് വൈകിപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ ആലോചനയെന്നാണ് വിവരം. ചട്ടം രൂപീകരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടാൻ ഒരു ഉന്നതതല സമിതി രൂപീകരിക്കാനും സാധ്യതയുണ്ട്. അക്രമവും പ്രതിഷേധവും വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റത്തിന് കേന്ദ്ര സർക്കാർ തയ്യാറാകുന്നത്.

ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുന്നോടിയായി വിദഗ്ധരുമായി കൂടിയാലോചനകൾ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ പൗരത്വ നിയമം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ തീർപ്പുണ്ടാകുന്നതുവരെ കാത്തിരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. പൗരത്വ നിയമത്തിനെതിരെ സമർപ്പിച്ചിരിക്കുന്ന ഹർജികൾ ജനവരി 28-നാണു കോടതി പരിഗണിക്കുക. കോടതി എന്ത് തീരുമാനം എടുക്കും എന്ന് നോക്കിയ ശേഷം മുന്നോട്ടു നീങ്ങാം എന്നാണു വിലയിരുത്തൽ. നിയമഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കും.

അതേസമയം, പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാൻ മാനദണ്ഡങ്ങൾ ലഘൂകരിക്കാനും ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. ഇന്ത്യൻ പൗരത്വം തെളിയിക്കാൻ ജനനരേഖകളും പരിഗണിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനന സമയം, സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകൾ മതിയാകും. ഒരു പൗരനെപ്പോലും ഇതിന്റെ പേരിൽ ബുദ്ധിമുട്ടിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ പൗരന്മാർ അവരുടെ പഴയ തലമുറയിൽപെട്ടവരുടെ തിരിച്ചറിയൽ കാർഡുകൾ, ജനന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കേണ്ടതില്ല. സ്വന്തമായി ഒരു രേഖയും കൈവശമില്ലാത്ത നിരക്ഷരരായ ആൾക്കാർക്കു സാക്ഷികളെയും പ്രാദേശികമായ തെളിവുകളും ഹാജരാക്കാൻ അധികൃതർ തയാറാകണമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പ്രതികരിച്ചു.

ഭേദഗതി നിയമത്തിനും പൗരത്വപ്പട്ടികയ്ക്കുമെതിരെ ദേശീയ പ്രതിഷേധം പടരുന്ന പശ്ചാത്തലത്തിൽ പൗരത്വനിയമ ഭേദഗതിക്ക് തുടർച്ചയായി ദേശീയതലത്തിൽ എൻ.ആർ.സി. നടപ്പാക്കുന്നത് വൈകുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. പൗരത്വനിയമത്തെയും എൻ.ആർ.സി.യെയും രണ്ടായിക്കാണണമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യാഴാഴ്ച പ്രസ്താവിക്കുകയും ചെയ്തിരുന്നു. പൗരത്വനിയമവും എൻ.ആർ.സി.യും നടപ്പാക്കില്ലെന്ന് കേരളം അടക്കം ഒട്ടേറെ സംസ്ഥാനങ്ങൾ നിലപാടെടുത്തിട്ടുണ്ട്.

മത നേതാക്കളുമായി സർക്കാർ പ്രതിനിധികൾ കൂടിക്കാഴ്ച നടത്താനുള്ള നിർദ്ദേശവും ആഭ്യന്തരമന്ത്രാലത്തിന്റെ പരിഗണനയിലുണ്ട്. നിയമത്തെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. അതേ സമയം പ്രതിഷേധങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

അതെ സമയം രാജ്യത്ത് മാറ്റങ്ങൾ നടപ്പാക്കുമ്പോൾ ഒരുപാട് എതിർപ്പ് നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കുറെ ആരോപണങ്ങങ്ങളും അധിക്ഷേപവും കേൾക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എൻപിആർ കേരളം നിർത്തിവെച്ചു

അതേസമയം, ദേശീയ ജനസംഖ്യ രജിസ്റ്ററിലേക്കുള്ള കണക്കെടുപ്പിനുള്ള നടപടികൾ നിർത്തി വയ്ക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ. സംസ്ഥാന സർക്കാരിന് വേണ്ടി പൊതുഭരണവകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി കെ.ആർ.ജ്യോതിലാലാണ് ഉത്തരവിറക്കിയത്. പുതുക്കിയ ദേശീയ പൗരത്വ നിയമം ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങൾ പൗരത്വ പട്ടികയിലേക്കും ഉപയോഗിക്കാൻ അനുമതി നൽകുന്ന സാഹചര്യത്തിൽ പൊതുജനങ്ങളിലുണ്ടായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.

ദേശീയ ജനസംഖ്യ രജിസ്റ്ററിനുള്ള നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു. പിന്നാലെ ബംഗാൾ സർക്കാർ അവിടെ ജനസംഖ്യ രജിസ്റ്റിന്റെ നടപടികൾ നിർത്തിവച്ചിരുന്നു. ഇതേ മാതൃകയാണ് ഇപ്പോൾ കേരളവും സ്വീകരിച്ചിരിക്കുന്നത്. 2021-ലാണ് അടുത്ത സെൻസസ് നടക്കേണ്ടത്. ഇതിലേക്കുള്ള നടപടികളാണ് ഇപ്പോൾ സംസ്ഥാന സർക്കാർ നിർത്തി വച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP