Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ നിയമം റദ്ദാക്കാൻ പ്രത്യേക സമ്മേളനം വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടാൻ പ്രതിപക്ഷം; കത്തിപടരുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ പ്രസിഡന്റിനെ ധരിപ്പിക്കുന്നതിനൊപ്പം നിയമപോരാട്ടവും; ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊപ്പം നിൽക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും; അലിഗഡിലും പ്രതിഷേധം ശക്തം; ക്യാമ്പസിലെ പൊലീസ് അതിക്രമങ്ങൾ രാജ്യത്തെ എല്ലാ ക്യാമ്പസുകളേയും പ്രതിഷേധത്തിൽ മുക്കുന്നു; പൗരത്വ നിയമത്തിൽ പ്രതിപക്ഷം ഒരുമിച്ച് മുമ്പോട്ട്

പൗരത്വ നിയമം റദ്ദാക്കാൻ പ്രത്യേക സമ്മേളനം വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടാൻ പ്രതിപക്ഷം; കത്തിപടരുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ പ്രസിഡന്റിനെ ധരിപ്പിക്കുന്നതിനൊപ്പം നിയമപോരാട്ടവും; ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊപ്പം നിൽക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും; അലിഗഡിലും പ്രതിഷേധം ശക്തം; ക്യാമ്പസിലെ പൊലീസ് അതിക്രമങ്ങൾ രാജ്യത്തെ എല്ലാ ക്യാമ്പസുകളേയും പ്രതിഷേധത്തിൽ മുക്കുന്നു; പൗരത്വ നിയമത്തിൽ പ്രതിപക്ഷം ഒരുമിച്ച് മുമ്പോട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധവുമായി മുമ്പോട്ട് പോകാൻ പ്രതിപക്ഷ തീരുമാനം. ജാമിയ, അലിഗഡ് സർവകലാശാലകളിലെ പ്രശ്‌നത്തിൽ സർക്കാരുകൾ എടുക്കുന്ന നിലപാട് ജനവിരുദ്ധമാണെന്ന നിലപാടുമായി മുമ്പോട്ട് പോകും. കത്തിപ്പടരുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കാണാൻ പ്രതിപക്ഷം സമയം ചോദിച്ചു. പ്രതിഷേധം തടയാൻ കേന്ദ്ര സർക്കാരിനാവുന്നില്ലെന്നും രാഷ്ട്രപതി ഇടപെടണമെന്നും കക്ഷികൾ ആവശ്യപ്പെടും. നിയമം റദ്ദാക്കുന്നതിന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാരിനു നിർദ്ദേശം നൽകാനും ആവശ്യപ്പെടും. പൗരത്വ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട് പല സംഘടനകളും. ഈ നിയമ പോരാട്ടം അതിശക്തമായി പ്രതിപക്ഷം മുമ്പോട്ട് കൊണ്ടുപോകും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രക്ഷോഭം തുടരുന്നു. ഞായറാഴ്ച രാത്രി പൊലീസ് നടപടിയിൽ സർവകലാശാലയിലെ ലൈബ്രറി തല്ലിത്തകർത്ത നിലയിലാണ്. ക്യാംപസിൽ കയറി അക്രമം നടത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും കള്ളക്കേസുകൾ പിൻവലിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. അമിത് ഷാ രാജിവയ്ക്കാതെ സമരം നിർത്തില്ലെന്നും വിദ്യാർത്ഥിനികളിലൊരാൾ വിളിച്ചു പറഞ്ഞു. 'കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അനുവാദമില്ലാതെ ക്യാംപസിനകത്തു കയറി പൊലീസ് പെൺകുട്ടികളടക്കമുള്ളവരെ ഭീകരമായി മർദിച്ചു. ലൈബ്രറിയിലും ശുചിമുറികളിലും കയറി അഴിഞ്ഞാടിയെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇതിനിടെ, ജനുവരി 6 വരെ അടച്ച ക്യാംപസിൽ നിന്ന് വിദ്യാർത്ഥികൾ ഒഴിഞ്ഞു തുടങ്ങി.

ജാമിയ മില്ലിയ സർവകലാശാലയിലെ അദ്ധ്യാപക സമൂഹം വിദ്യാർത്ഥികളുടെ സമരത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു. പൊലീസ് കാണിച്ച അതിക്രമങ്ങളെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും യോഗം അപലപിച്ചു. അനുവാദമില്ലാതെ ക്യാംപസിനകത്തു കയറിയ പൊലീസ് വിദ്യാർത്ഥികളെ തല്ലിച്ചതച്ചുവെന്ന് വൈസ് ചാൻസലർ നജ്മ അക്തർ പറഞ്ഞു. അതിനിടെ അക്രമം അവസാനിച്ചശേഷം ജാമിയ, അലിഗഡ് സർവകലാശാലകളിലെ പ്രശ്‌നത്തിൽ ഇടപെടാമെന്നു സുപ്രീം കോടതി. സ്ഥിതി ശാന്തമായാൽ പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള പരാതികൾ ഇന്നു പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ആരുടെ ഭാഗത്താണു തെറ്റെന്നും ആരുടേതാണു ശരിയെന്നും പറയുന്നില്ല. ഏതു ഭാഗത്തുനിന്നുള്ളതാണെങ്കിലും അക്രമം അവസാനിപ്പിക്കണം കോടതി വിശദീകരിച്ചു.

ജാമിയ സർവകലാശാല സന്ദർശിച്ച പ്രതിപക്ഷ കക്ഷികൾ പൊലീസ് നടപടിയെ അപലപിച്ചു. അക്രമ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കും. ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ പ്രക്ഷോഭം തുടങ്ങാനും കക്ഷികളുടെ അടിയന്തരയോഗം തീരുമാനിച്ചു. കോൺഗ്രസ്, തൃണമൂൽ, ഇടത് കക്ഷികൾ, സമാജ്വാദി പാർട്ടി, ലോക്താന്ത്രിക് ജനതാദൾ, ആർജെഡി, ഡിഎംകെ, മുസ്‌ലിം ലീഗ്, എൻസിപി, ആർഎസ്‌പി എന്നീ കക്ഷികളെ ഒരുമിച്ചു നിർത്തിയുള്ള പ്രതിഷേധമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിൽ സഖ്യകക്ഷിയായ ശിവസേനയുമായി കോൺഗ്രസ് ബന്ധപ്പെടും. സംസ്ഥാനങ്ങളിൽ സ്വന്തം നിലയിലും കക്ഷികൾ പ്രതിഷേധം സംഘടിപ്പിക്കും. ബിഹാറിൽ 21ന് ആർജെഡി ഹർത്താൽ പ്രഖ്യാപിച്ചു. ഇടതു കക്ഷികൾ 19നു രാജ്യവ്യാപക പ്രതിഷേധം നടത്തും.

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളും മാതാപിതാക്കളും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. ഞായറാഴ്ച സർവകലാശാലയിൽ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു മാതാപിതാക്കളും രക്ഷിതാക്കളും ഉൾപ്പെടെ ക്യാംപസിലേക്കു സംഘടിച്ചെത്തിയത്. ക്യാംപസിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ മാതാപിതാക്കളാണ് എത്തിയവരിലേറെയും. അൻപത്തിയഞ്ചുകാരിയായ സൈറ ബാനുവിന്റെ രണ്ടു മക്കളും സർവകലാശാല വിദ്യാർത്ഥികളാണ്. 'ഒരമ്മയ്ക്കും സഹിക്കാനാകില്ല, ജാമിയയിലെ വിദ്യാർത്ഥികൾക്കു നേരെ നടന്ന അതിക്രമങ്ങൾ'- സൈറ പറയുന്നു. 'വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ മകൾക്കൊപ്പം പോരാടാനാണ് ഞാനെത്തിയത്'- ഇതു പറഞ്ഞത് ഡൽഹി സ്വദേശി സഹീർ അഹമ്മദ്. അറുപതുകാരനായ ഇദ്ദേഹത്തിന്റെ മകൾ ഇവിടെ വിദ്യാർത്ഥിയാണ്. വനിതകളുടെ സംഘത്തെ നയിച്ചായിരുന്നു അൻപത്തിരണ്ടുകാരിയായ ഷഹീൻ കൗസർ ക്യാംപസിലേക്കു വന്നത്. 'വിദ്യാർത്ഥികളെ അവർ വലിച്ചിഴച്ചു, തള്ളിമാറ്റി, മർദിച്ചു, ലാത്തികൊണ്ടടിച്ചു...'-ഇങ്ങനെയാണ് പൊലീസിനെതിരെ ആരോപണങ്ങൾ.

അതിനിടെ സമരം മറ്റ് സർവ്വകലാശാലകളിലേക്കും ബാധിക്കുകയാണ്. ഡൽഹി സർവകലാശാലയിൽ പരീക്ഷ ബഹിഷ്‌കരിച്ചു പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കു നേരെ പൊലീസ് അക്രമം നടത്തി. മറ്റുള്ള വിദ്യാർത്ഥികളെ തടഞ്ഞതിനാലാണു നടപടിയെടുത്തതെന്നു പൊലീസ് പറഞ്ഞു. ലക്‌നൗവിലെ നദ്വത്തുൽ ഉലമ സർവകലാശാലയിൽ പ്രകടനത്തിനിടെ കല്ലേറുണ്ടായി. മുംബൈയിലെ ടിസിൽ (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്) നൂറുകണക്കിനു വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌കരിച്ചു പ്രകടനം നടത്തി. ബെംഗളൂരുവിലെ ഐഐഎസ്സി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) വിദ്യാർത്ഥികളും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബെംഗളൂരു (ഐഐഎംബി) വിദ്യാർത്ഥികളും പ്രതിഷേധിച്ചു. വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിലും കൊൽക്കത്തയിലെ ജാദവ്പുർ സർവകലാശാലയിലും പ്രക്ഷോഭം നടന്നു. മദ്രാസ് ഐഐടി, ലയോള കോളജ് വിദ്യാർത്ഥികളും പ്രതിഷേധം സംഘടിപ്പിച്ചു. തിരുവണ്ണാമല സർക്കാർ ആർട്‌സ് കോളജ് വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌കരിച്ചു.

ഹൈദരാബാദിലെ മൗലാന ആസാദ് സർവകലാശാലയിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്നു പ്രക്ഷോഭകർ ആവശ്യപ്പെട്ടു. ക്യാംപസിൽ വൻ പൊലീസ് സന്നാഹമുണ്ട്. ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ വിദ്യാർത്ഥികൾ പൗരത്വ നിയമഭേദഗതി ബിൽ കത്തിച്ചു. പോണ്ടിച്ചേരി സർവകലാശാലയിലും വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ചു. ഉത്തർപ്രദേശിലെ അലിഗഡ് സർവകലാശാലയിൽ പ്രതിഷേധിച്ച 21 വിദ്യാർത്ഥികൾ അറസ്റ്റിലായി. 56 പേർക്കെതിരെ കേസെടുത്തതായി ലക്‌നൗ പൊലീസ് സൂപ്രണ്ട് ആകാശ് കൽഹാരി പറഞ്ഞു. സംഘർഷത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 70 പേർക്കു പരുക്കേറ്റു. ഒഴിപ്പിച്ച ഹോസ്റ്റലിൽ നിന്നു വിദ്യാർത്ഥികൾക്കു വീടുകളിലേക്കു പോകാൻ 40 ബസുകൾ തയാറാക്കിയിട്ടുണ്ട്. മീററ്റ്, അലിഗഡ്, സഹാറൻപുർ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിഛേദിച്ചു. സർവകലാശാലയുടെ പരിസരത്തുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP