Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

പാർലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാൻ വിസമ്മതിച്ചാൽ സർക്കാറിനെ അങ്ങുപിരിച്ചു വിടുമെന്ന് അമിത്ഷായുടെ മുന്നറിയിപ്പ്; പൗരത്വ നിയമത്തിനെതിരെ വാളെടുത്ത സംസ്ഥാനങ്ങളെല്ലാം ആശങ്കയിൽ; വോട്ടുബാങ്കിന് വേണ്ടി അമിതാവേശം കാട്ടിയതിൽ പിണറായിക്കും പശ്ചാത്താപം; ഭരണഘടന സംരക്ഷണ വാദം ഉയർത്തുന്നവർ ലംഘിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 265 നെ

പാർലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാൻ വിസമ്മതിച്ചാൽ സർക്കാറിനെ അങ്ങുപിരിച്ചു വിടുമെന്ന് അമിത്ഷായുടെ മുന്നറിയിപ്പ്; പൗരത്വ നിയമത്തിനെതിരെ വാളെടുത്ത സംസ്ഥാനങ്ങളെല്ലാം ആശങ്കയിൽ; വോട്ടുബാങ്കിന് വേണ്ടി അമിതാവേശം കാട്ടിയതിൽ പിണറായിക്കും പശ്ചാത്താപം; ഭരണഘടന സംരക്ഷണ വാദം ഉയർത്തുന്നവർ ലംഘിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 265 നെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൗരത്വനിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇത് മുസ്ലിം വോട്ടുബാങ്കിനെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന കാര്യവും പൊതുവേ എല്ലാവർക്കും അറിയാം. ഈ വിഷയത്തിൽ കേന്ദ്രം പാസാക്കിയ നിയമത്തോട് മുഖം തിരിഞ്ഞു നിൽക്കാൻ പിണറായിക്ക് സാധിക്കില്ലെന്ന വാദവും ഉയർന്നു കഴിഞ്ഞു. മുഖ്യമന്ത്രിയുടേത് വെറും രാഷ്ട്രീയ നിലപാട് മാത്രമാണ്. അതിനപ്പുറം യാതൊരു നിലനിൽപ്പും ഈ പ്രസ്താവനക്കില്ല.

Stories you may Like

രാഷ്ട്രപതി ഒപ്പുവെച്ചതോടെ പൗരത്വ നിയമഭേദഗതി പ്രാബല്യത്തിക്കഴിഞ്ഞു. ഇനി നടപ്പാക്കില്ലെന്ന നിലപാടുമായി കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളാണ് രംഗത്തുള്ളത്. പൗരത്വം കേന്ദ്രസർക്കാറിന്റെ അധികാരപരിധിയിൽപെട്ട വിഷയമായതിനാൽ സംസ്ഥാനങ്ങൾക്ക് തടയാൻ കഴിയില്ലെന്ന് കേന്ദ്രം. അതേസമയം, കേന്ദ്രവുമായി സംസ്ഥാന സർക്കാറുകൾ ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചാൽ നിയമഭേദഗതി നടത്തിപ്പ് അഴിയാക്കുരുക്കാകും. പശ്ചിമബംഗാൾ, കേരളം, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരാണ് പൗരത്വനിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്. അതതു സംസ്ഥാനങ്ങളിലെ ജനവികാരവും കേന്ദ്രത്തെ പോലെതന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളും അതിനുപിന്നിലുണ്ട്. അതേസമയം, കേന്ദ്രനിയമം സംസ്ഥാനം നടപ്പാക്കാതിരുന്നാൽ സംസ്ഥാന സർക്കാറിനെ പിരിച്ചു വിടാൻ പോലും കേന്ദ്രസർക്കാറിന് സാധിക്കും.

പാർലമെന്റ് പാസാക്കുന്ന നിയമം സംസ്ഥാനങ്ങൾക്ക് ബാധകമാണെന്ന് ഭരണഘടനയുടെ 256-ാം അനുച്ഛേദം നിഷ്‌കർഷിക്കുന്നു. 257-ൽ കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാനഭരണം തടസ്സംനിൽക്കാൻ പാടില്ലെന്നും വ്യക്തമാക്കുന്നു. ഏതെങ്കിലും കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാനം തടസ്സംനിൽക്കുകയോ അത് നടപ്പാക്കാൻവരുന്ന ഉദ്യോഗസ്ഥനെ തടയുകയോ ചെയ്താൽ സംസ്ഥാനത്തിന് കർശന നിർദ്ദേശം നൽകാൻ കേന്ദ്രത്തിന് അധികാരമുണ്ട്. എന്നിട്ടും തടസ്സംതുടർന്നാൽ സംസ്ഥാനസർക്കാരിനെ പിരിച്ചുവിടാൻപോലും ഇത് കാരണമാക്കാമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കേന്ദ്രനിയമം നടപ്പാക്കില്ലെന്ന നിലപാട് സത്യപ്രതിജ്ഞാലംഘനവും ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാകുമെന്ന വ്യാഖ്യാനവും നിയമജ്ഞർ ഉയർത്തുന്നു. പൗരത്വത്തിനായുള്ള അപേക്ഷയ്ക്ക് സംസ്ഥാനസർക്കാർ തടസ്സംനിന്നാൽ അപേക്ഷകന് കോടതിവഴി നിയമപരമായ പരിരക്ഷ ലഭിക്കുകയും ചെയ്യും.

ഭരണഘടനയുടെ മൗലികസ്വഭാവംതന്നെ ഇല്ലാതാക്കുന്നതാണ് പൗരത്വനിയമമെന്നാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായം. ഈ നിയമത്തിലെ ഭരണഘടനാവിരുദ്ധ വ്യവസ്ഥയ്‌ക്കെതിരേ കോടതിയെ സമീപിക്കാൻ സംസ്ഥാനസർക്കാരിന് അവകാശമുണ്ട്. പുതിയ പൗരത്വനിയമത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കേണ്ട ഒരു കേസ് ഉടനടി കേരളത്തിൽ വരാനുള്ള സാധ്യതയില്ലെന്നാണു വിലയിരുത്തൽ. അയൽരാജ്യങ്ങളിൽനിന്ന് മതപരമായ വിവേചനംമൂലം പലായനം ചെയ്യേണ്ടിവന്ന നിശ്ചിത ന്യൂനപക്ഷവിഭാഗങ്ങൾ കേരളത്തിൽ വന്ന് താമസിക്കുന്നില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള വിഷയമായതിനാൽ കേരളത്തിൽ പൗരത്വനിയമത്തെ അടിസ്ഥാനമാക്കി ഇതിനോടകം പോരാട്ടമുഖം തുറന്നുകഴിഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും പൗരത്വനിയമത്തിനെതിരേ ഒന്നിച്ചുള്ള പോരാട്ടത്തിനുവരെ തയ്യാറായി.

കേന്ദ്രനിയമം നടപ്പാക്കാൻ ഏതെങ്കിലും സംസ്ഥാനം തടസ്സംനിന്നാൽ സംസ്ഥാനസർക്കാരിനെ പിരിച്ചുവിടാനുള്ള 356-ാം വകുപ്പ് പ്രയോഗിക്കാനുള്ള കാരണമായിപ്പോലും അത് മാറാം. അമിത്ഷായെ പോലൊരു ഭരണാധികാരി അതിന് മടിക്കില്ലെന്ന കാര്യവും ഉറപ്പാണ്. പാർലമെന്റ് പാസാക്കുന്ന നിയമം സംസ്ഥാനങ്ങൾക്കു ബാധകമാണെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ല. ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ നൽകേണ്ടത് കളക്ടർക്കാണ്. സ്ഥിരതാമസക്കാരനാണെന്നു തെളിയിക്കുന്ന രേഖകളടക്കം പരിശോധിച്ച് കളക്ടർ സംസ്ഥാന സർക്കാരിന് ശുപാർശ നൽകണം. സംസ്ഥാനസർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് ഇതയക്കും. കേന്ദ്രസർക്കാർ അപേക്ഷ സ്വീകരിക്കുകയും പൗരത്വത്തിന് അർഹതയുണ്ടെന്നു വ്യക്തമാക്കി കത്തുനൽകുകയും ചെയ്താൽ മറ്റേതെങ്കിലും രാജ്യത്തെ പൗരത്വമുണ്ടെങ്കിൽ അതുപേക്ഷിക്കണം. ഇതിന്റെ രേഖ ഹാജരാക്കിക്കഴിയുമ്പോഴാണ് ഇന്ത്യൻ പൗരനാണെന്ന സർട്ടിഫിക്കറ്റ് ലഭിക്കുക.

അപേക്ഷയിലുള്ള തീരുമാനം നീട്ടിക്കൊണ്ടുപോകാനാകില്ല. ഓരോഘട്ടത്തിനും സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന് അപേക്ഷ താമസിപ്പിക്കാനോ നിരസിക്കാനോ കഴിയില്ല. ഭരണഘടനയുടെ ഏഴാം പട്ടികയിൽപെട്ട വിഷയമാണ് പൗരത്വം. കേന്ദ്രനിയമം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാണ്. സംസ്ഥാനത്തിന്റെ എതിർപ്പ് അവഗണിച്ച് മുന്നോട്ടുപോകാൻ പക്ഷേ, കേന്ദ്രത്തിന് കഴിയില്ല. പൗരത്വം പോലുള്ള സുപ്രധാന കാര്യങ്ങളിൽ കേന്ദ്രനിയമം അവഗണിച്ച് ജനതാൽപര്യം സംരക്ഷിക്കാൻ സംസ്ഥാനത്തിന് പൂർണമായി കഴിയുകയുമില്ല. കോടതി കയറിയാൽ കേന്ദ്രത്തിന് അനുകൂലമാണ് ഭരണഘടന വ്യവസ്ഥ. അതേസമയം, നിയമനടപടിയുടെ കുരുക്ക് അഴിച്ചെടുക്കാൻ സമയമെടുക്കും.

പൗരത്വം സ്ഥാപിച്ച് അനുബന്ധ രേഖകൾ സമ്പാദിക്കേണ്ട പൊതുജനമാണ് ഇതിനിടയിൽ ശരിക്കും പ്രശ്‌നക്കുരുക്കിലാവുക. സംസ്ഥാനത്തു കഴിയുന്ന ഒരൊറ്റയാളെപ്പോലും പുറന്തള്ളുകയോ അവകാശങ്ങൾ നിഷേധിക്കുകയോ ചെയ്യില്ലെന്ന് സംസ്ഥാന സർക്കാറിന് നിലപാട് എടുക്കാം. എന്നാൽ, കേന്ദ്രം നൽകേണ്ട പാസ്‌പോർട്ട്, ആധാർ, പാൻ കാർഡ് തുടങ്ങിയ ആധികാരിക രേഖകളുടെ കാര്യം പ്രശ്‌നത്തിലാവും. ദേശീയ പൗരത്വ രജിസ്റ്റർകൂടി തയാറാക്കാനുള്ള പുറപ്പാടിലാണ് കേന്ദ്രം.

വിദേശകാര്യ മന്ത്രാലയമാണ് പാസ്‌പോർട്ട് നൽകേണ്ടത്. അതിന്റെ വെരിഫിക്കേഷൻ നടത്തേണ്ടത് സംസ്ഥാന സർക്കാറാണ്. റേഷൻ കാർഡ് പോലുള്ള രേഖകൾ ആധാരമാക്കി വെരിഫിക്കേഷൻ പൂർത്തിയാക്കാം. എന്നാൽ, ഇങ്ങനെ സമ്പാദിക്കുന്ന രേഖകളുമായി ബന്ധപ്പെട്ട് ഭാവിയിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാനത്തിന്റെ തോളിലാവും. ഇത്തരത്തിലാണ് ഓരോ കുരുക്ക്. സംസ്ഥാനവും കേന്ദ്രവും സഹകരിച്ചു നീങ്ങിയാലും ഇല്ലെങ്കിലും പൗരത്വത്തിന്റെ ഗുണഭോക്താക്കൾ പ്രശ്‌നത്തിലാവുമെന്ന് ചുരുക്കം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP