Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരത്തിന്റെ നിറവിൽ സിയാൽ; ലോകത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളത്തെ തേടിയെത്തിയത് 'ചാമ്പ്യൻ ഓഫ് എർത്ത്' പുരസ്‌ക്കാരം; സെപ്റ്റംബർ 26 ന് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി സമ്മേളനത്തിൽ പുരസ്‌ക്കാരം സമ്മാനിക്കും; കേരളത്തിന്റെ അഭിമാന സ്ഥാപനത്തെ തേടി യുഎൻ പുരസ്‌ക്കാരം എത്തുമ്പോൾ അഭിമാനത്തോടെ വി ജെ കുര്യൻ

ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരത്തിന്റെ നിറവിൽ സിയാൽ; ലോകത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളത്തെ തേടിയെത്തിയത് 'ചാമ്പ്യൻ ഓഫ് എർത്ത്' പുരസ്‌ക്കാരം; സെപ്റ്റംബർ 26 ന് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി സമ്മേളനത്തിൽ പുരസ്‌ക്കാരം സമ്മാനിക്കും; കേരളത്തിന്റെ അഭിമാന സ്ഥാപനത്തെ തേടി യുഎൻ പുരസ്‌ക്കാരം എത്തുമ്പോൾ അഭിമാനത്തോടെ വി ജെ കുര്യൻ

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശ്ശേരി: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌ക്കാരമായ 'ചാമ്പ്യൻ ഓഫ് എർത്ത്' കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്. സമ്പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന നൂതനാശയം പ്രാവർത്തികമാക്കിയതിനാണ് സിയാൽ ഈ വിശിഷ്ട ബഹുമതിക്ക് അർഹമായത്. സെപ്റ്റംബർ 26 ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിൽ സിയാൽ ലോകത്തിലെ ഏറ്റവും വിശിഷ്ടമായ പരിസ്ഥിതി പുരസ്‌ക്കാരം ഏറ്റുവാങ്ങും.

പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്കുള്ള നോബൽ പുരസ്‌ക്കാരമെന്ന് വിളിപ്പേരുള്ള ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരം 2005-മുതലാണ് ഐക്യരാഷ്ട്ര സഭ നൽകിത്തുടങ്ങിയത്. സിയാലിന്റെ പരിസ്ഥിതി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ യു.എൻ.ആഗോള പരിസ്ഥിതി മേധാവിയും യു.എൻ.ഇ.പി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സ്ലോഹെമിന്റെ നേതൃത്വത്തിലുള്ള യു.എൻ.സംഘം ഇക്കഴിഞ്ഞ മേയിൽ കൊച്ചി വിമാനത്താവളം സന്ദർശിച്ചിരുന്നു. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം എന്ന നിലയ്ക്ക് സിയാലിന് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക അംഗീകാരം നൽകുമെന്ന് സന്ദർശന വേളയിൽ എറിക് സ്ലോഹെം മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.

സിയാലിന്റെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനുമായി യു.എൻ.പരിസ്ഥിതി മേധാവി അന്ന് ചർച്ച നടത്തിയിരുന്നു. പരിസ്ഥിതി സൗഹാർദ ആശയങ്ങൾ നടപ്പിലാക്കുന്നതിന് നാല് വിഭാഗങ്ങളിലായാണ് ഐക്യരാഷ്ട്ര സഭ ഓരോ വർഷവും ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരം നൽകുന്നത്. ഇതിൽ, 'ധീരവും പ്രചോദനാത്മകവുമായ പരിസ്ഥിതി സൗഹാർദ പ്രവർത്തനം നടപ്പിലാക്കി ലോകത്തിന് മാതൃകയാകുന്ന പദ്ധതി ' എന്ന വിഭാഗത്തിലാണ് 2018-ലെ പുരസ്‌ക്കാരം സിയാലിനെ തേടിയെത്തിയത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഈ വിഭാഗത്തിൽ ഒരു സ്ഥാപനം ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം നേടുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന നിലയിൽ സിയാൽ അസാധാരണമായൊരു മാതൃകയാണ് കാഴ്ച വച്ചതെന്നും മറ്റുള്ളവർ ഇനി ഇത് പിന്തുടരുമെന്നും പുരസ്‌ക്കാര നേട്ടം അറിയിച്ചുകൊണ്ട് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യന് അയച്ച കത്തിൽ എറിക് സ്ലോഹെം വ്യക്തമാക്കി.

ചിലി പ്രസിഡന്റ് മൈക്കേൽ ബാഷ്‌ലെറ്റ്, ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ബൈക്ക് ഷെയറിങ് ആപ് ഉടമസ്ഥരായ മോബൈക്ക്, അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ഗോദാർദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്റർ, ചൈനയിലെ വനവത്ക്കരണ പ്രസ്ഥാനമായ സൈഹാൻബ തുടങ്ങിയ വ്യക്തികളും സ്ഥാപനങ്ങളുമാണ് കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരത്തിന് അർഹരായത്.  2015 മുതൽ സമ്പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സിയാലിന്റെ വിവിധ പ്ലാന്റുകളുടെ മൊത്തം സ്ഥാപിത ശേഷി നിലവിൽ 30 മെഗാവാട്ടാണ്.

അടുത്തമാസത്തോടെ ഇത് 40 മെഗാവാട്ടായി ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. സുസ്ഥിരവും പരിസ്ഥിതി സൗഹാർദവുമായ പദ്ധതികൾ നടപ്പിലാക്കിയതിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം നേടിയതിൽ അഭിമാനമുണ്ടെന്ന് വി.ജെ.കുര്യൻ പറഞ്ഞു. 'ആഗോളതലത്തിൽ ഹരിത ആശയങ്ങൾക്ക് പ്രസക്തിയേറുന്ന കാലമാണ്. വിമാനത്താവളം പോലെ വൻതോതിൽ ഊർജാവശ്യം വേണ്ടിവരുന്ന സ്ഥാപനങ്ങൾ പരിസ്ഥിതി സൗഹാർദ ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് പ്രായോഗികമാണെന്ന് തെളിയിക്കാൻ സിയാലിനായി. നാളിതുവരെ സിയാലിന്റെ സൗരോർജ പ്ലാന്റുകൾ അഞ്ച് കോടി യൂണിറ്റ് ഹരിതോർജം ഉത്പാദിപ്പിച്ചുകഴിഞ്ഞു. പരിസ്ഥിതിക്ക് ദോഷകരമായി ബാധിക്കുന്ന ഹരിതഗേഹ വാതകമായ കാർബൺ ഡൈ ഓക്‌സൈഡ് അരലക്ഷം ടൺ അന്തരീക്ഷത്തിലേയ്ക്ക് ബഹിർഗമിക്കുന്നത് തടയാൻ സിയാലിന്റെ പ്ലാന്റുകൾക്ക് കഴിഞ്ഞിട്ടുണ്ട് 'കുര്യൻ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ സമുന്നത പരിസ്ഥിതി പുരസ്‌ക്കാരമായ ചാമ്പ്യൻ ഓഫ് എർത്തിന് അർഹമായതുകൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മുന്നോട്ടുവയ്ക്കുന്ന വികസന മാതൃകയുടെ പുതിയ വിജയമാണെന്ന് കുര്യൻ പറഞ്ഞു. പരമാവധി പ്രവർത്തനച്ചെലവ് കുറച്ച് കാര്യക്ഷമമായി പ്രവർത്തിക്കുക എന്നതാണ് സിയാൽ മാതൃകയുടെ അന്ത:സത്ത. സർക്കാരിന്റേയും പൊതുജനങ്ങളുടേയും കാശെടുത്ത് ചെലവിടുമ്പോൾ ഓരോ രൂപയ്ക്കും കൃത്യമായ ബജറ്റിങ് വേണം. നമ്മൾ ഈ സമൂഹത്തോട് ഉത്തരം പറയാൻ എന്നും ബാധ്യസ്ഥരാണ്.

വിമാനത്താവളം പണികഴിപ്പിച്ചതുപോലും ഈ സിദ്ധാന്തം മുറുകെപ്പിടിച്ചുകൊണ്ടാണ്. യഥാർത്ഥത്തിൽ കമ്പനി വൈദ്യുതിക്കുവേണ്ടി ചെലവിടുന്ന കാശ് എങ്ങനെ കുറയ്ക്കാം കഴിയുമെന്ന അന്വേഷണമാണ് സൗരോർജത്തിലേയ്ക്ക് ഞങ്ങളെ നയിച്ചത്. 2015-ൽ 12 കോടിയോളം രൂപയായിരുന്നു പ്രതിവർഷം സിയാലിന്റെ വൈദ്യുതി ബിൽ. മൂന്നാം ടെർമിനൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടതോടെ ഇന്നത് 31 കോടി രൂപയായി മാറി. സമ്പൂർണമായും വൈദ്യുതോർജം ഉത്പാദിപ്പിക്കാനായതോടെ ഇത്രയും കാശ് നമ്മുക്ക് അധികമായി കൈവന്നു. ഇങ്ങനെ അധികമായി കിട്ടുന്ന ഓരോ തുകയും പരോക്ഷമായി ഇവിടുത്തെ യാത്രക്കാരന്റെ ലാഭമായി മാറുകയാണ്.

1250 കോടി രൂപ ചെലവിട്ട് പുതിയ ടെർമിനൽ നിർമ്മിച്ചിട്ടുപോലും ഒരു രൂപ യൂസർ ഡെവലപ്‌മെന്റ് ഫീയായി സിയാൽ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നില്ല. ഇന്ത്യയിലെ വലിയ വിമാനത്താവളങ്ങളിലെല്ലാം യു.ഡി.എഫ് കൊടുത്തുമാത്രമേ നിങ്ങൾക്ക് യാത്രചെയ്യാനാകൂ. വിമാനത്താവളങ്ങളുടെ ആസ്തി വർധിക്കുന്നത് ആത്യന്തികമായി യാത്രക്കാരന്റെ കാശെടുത്താണ്. ഒരുപക്ഷേ 15 ലക്ഷം ചതുരശ്രയടി ടെർമിനലും പുതിയ നാലുവരിപ്പാതയും മേൽപ്പാതയുമൊക്കെ നിർമ്മിച്ചിട്ടും യാത്രക്കാരനെ ചൂഷണം ചെയ്യാതെ സ്വയം നവീകരിക്കാൻ സിയാലിന് കഴിഞ്ഞു. സൗരോർജ ഉത്പാദനം പോലുള്ള പദ്ധതികളുടെ സാമ്പത്തിക വശം അതാണ്. ഇപ്പോൾ 30 മെഗാവാട്ടാണ് സിയാലിന്റെ സൗരോർജ സ്ഥാപിതശേഷി. സെപ്റ്റംബറോടെ അത് 40 മെഗാവാട്ടായി വർധിക്കും. പ്രതിദിനം ഒന്നരലക്ഷം യൂണിറ്റിലധികം വൈദ്യുതി ഈ പ്ലാന്റുകളിലൂടെ ലഭിക്കും.

ഇനി പരിസ്ഥിതി സൗഹാർദത്തിന്റെ കാര്യം. പണം ലാഭിക്കാനാണ് സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചതെങ്കിലും അത് വളരെപ്പെട്ടെന്ന് തന്നെ ആഗോള ശ്രദ്ധയാകർഷിച്ചു. വിമാനത്താവളം പോലെ, വൻകിട ഊർജ ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങൾക്ക് പോലും പാരമ്പര്യേതര ഊർജ സ്രോതസ്സുകളെ ആശ്രയിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് സിയാൽ തെളിയിച്ചു. വമ്പിച്ച ഇന്ധന ഉപയോഗം, വായുമലിനീകരണം, ശബ്ദ മലിനീകരണം, അടിസ്ഥാന സൗകര്യവികനസത്തിന് വേണ്ടിവരുന്ന ഊർജച്ചെലവ് എന്നിവ അടിസ്ഥാനമാക്കി നോക്കിയാൽ ലോകത്തിൽ ഏറ്റവുമധികം പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന മേഖലയാണ് വ്യോമയാനം.

അത്തരമൊരു മേഖല സൃഷ്ടിക്കുന്ന ആഘാതത്തിന് എങ്ങനെ നമ്മുടേതായ രീതിയിൽ നഷ്ടപരിഹാരം ചെയ്യാൻ കഴിയുമെന്നതിന് ഉത്തരമാണ് വിമാനത്താവളങ്ങളിലെ സൗരോർജ പദ്ധതികൾ. ലോകത്തിലെ എല്ലാ വിമാനത്താവളങ്ങൾക്കും സ്ഥലമുണ്ട്. അല്ലെങ്കിൽ കെട്ടിടങ്ങളുണ്ട്. നിലവിലുള്ള സാങ്കേതിക വിദ്യയിൽ സൂര്യപ്രകാശം കിട്ടുന്ന എവിടെ വേണമെങ്കിലും സോളാർ പാനലുകൾ പിടിപ്പിക്കാം. ഫിലിമിന്റെ രൂപത്തിൽ പോലും ഇന്നത് ലഭ്യമാണ്. തുറസ്സുകളിലും കെട്ടിടങ്ങൾക്ക് മുകളിലും കനാലിന് കുറുകെയും പാർക്കിങ് മേൽക്കൂരയ്ക്ക് മുകളിലുമെല്ലാം സിയാൽ സോളാർ പാനലുകൾ സ്ഥാപിച്ചു. സാധാരണ തെക്കോട്ടാണ് പാനലുകൾ ചരിച്ചുവയ്ക്കുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത് സാധ്യമാകില്ല. ഈ പ്രശ്‌നം പരിഹരിക്കാൻ സൂര്യന്റെ ചലനത്തിനൊപ്പം ദിശമാറുന്ന ട്രാക്കിങ് പാനലുകളും മധ്യ-വടക്ക് ദിശകളിലുള്ള പാനലുകളും സിയാൽ സ്ഥാപിച്ചിട്ടുണ്ട്.

കേരളത്തിലെ ഒരു വിമാനത്താവളത്തിന് ഇത് ചെയ്യാമെങ്കിൽ എന്തുകൊണ്ട് ഇത് മറ്റിടങ്ങളിലും അനുകരിച്ചുകൂടാ എന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആഗോള പരിസ്ഥിതി മേധാവി എറിക് സ്ലോഹെം സിയാൽ വന്നപ്പോൾ ആരാഞ്ഞത്. ഇതാദ്യമായി ലോകം ഊർജ ഉത്പാദനത്തിന് ഫോസിൽ ഇന്ധനങ്ങളെക്കാൾ സൗരോർജം ഉപയോഗിച്ച വർഷം കൂടിയാണ് കടന്നുപോയത്. ഈ സാഹചര്യത്തിൽ സിയാലിന്റെ പരീക്ഷണം കൂടുതൽ സ്ഥാപനങ്ങളിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും എത്തിക്കേണ്ടതിന്റെ പ്രസക്തി മനസ്സിലാക്കിയാണ് ഞങ്ങൾക്ക് ഐക്യരാഷ്ട്രസഭ ഇത്തവണ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരം നൽകിയത്-കുര്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP