Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കോടതി ഉത്തരവുകൾ നടപ്പിലാക്കി പള്ളി പിടിക്കുന്നത് കോവിഡ് കാലത്ത്; പതിറ്റാണ്ടുകളായി കൈവശം വെച്ച പള്ളികൾ ഓർത്തഡോക്‌സ് സഭ കൈവശപ്പെടുത്തുമ്പോൾ കണ്ണീരുമായി യാക്കോബായ സഭയിലെ വിശ്വാസികൾ; മുളന്തുരുത്തി പള്ളിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം; ഓർത്തഡോക്‌സ് സഭയുമായി കൂദാശാബന്ധവും അവസാനിപ്പിക്കാൻ യാക്കോബായ സഭ; ബലപ്രയോഗത്തിലൂടെ പള്ളി പിടിക്കുന്നതിനെതിരെ മറ്റു സഭക്കാരും

കോടതി ഉത്തരവുകൾ നടപ്പിലാക്കി പള്ളി പിടിക്കുന്നത് കോവിഡ് കാലത്ത്; പതിറ്റാണ്ടുകളായി കൈവശം വെച്ച പള്ളികൾ ഓർത്തഡോക്‌സ് സഭ കൈവശപ്പെടുത്തുമ്പോൾ കണ്ണീരുമായി യാക്കോബായ സഭയിലെ വിശ്വാസികൾ; മുളന്തുരുത്തി പള്ളിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം; ഓർത്തഡോക്‌സ് സഭയുമായി കൂദാശാബന്ധവും അവസാനിപ്പിക്കാൻ യാക്കോബായ സഭ; ബലപ്രയോഗത്തിലൂടെ പള്ളി പിടിക്കുന്നതിനെതിരെ മറ്റു സഭക്കാരും

മറുനാടൻ ഡെസ്‌ക്‌

കോലഞ്ചേരി: കോടതി ഉത്തരവിന്റെ മറവിൽ ന്യൂനപക്ഷം വരുന്ന ഓർത്തഡോക്‌സ് സഭക്കാർ യാക്കോബായ സഭക്കാർ പതിറ്റാണ്ടുകളോളം കൈവശം വെച്ചിരുന്ന പള്ളികൾ പിടിച്ചെടുക്കുമ്പോൾ പലയിടങ്ങളിൽ നിന്നും പ്രതിഷേധം. യാക്കോബായ സഭക്കാർ തങ്ങളുടെ ആരാധനാലയങ്ങൾ നഷ്ടമാകുന്നതിൽ കടുത്ത അമർഷത്തിലാണ്. വർഷങ്ങളായി പ്രാർത്ഥിച്ചിരുന്ന ഇടങ്ങളിലേക്ക് ഇനി കയറാൻ പോലും സാധിക്കാതെ വരുന്നത് പലരെയും മാനസികമായി തർക്കുന്നുണ്ട്. പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ചു നിയമം നടപ്പിലാക്കുമ്പോൾ അതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കുന്നു. യാക്കാബോയ സഭക്കാരുടെ ഓരോ പള്ളികളും കോടതി ഉത്തരവ് പ്രകാരം ഏറ്റെടുക്കുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഓർത്തഡോക്‌സ് സഭയുമായി കൂദാശാ ബന്ധങ്ങൾ അവസാനിപ്പിക്കാൻ യാക്കോബായ സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു. 1975ൽ പരിശുദ്ധ ഇഗ്‌നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കൽപന പ്രകാരം മുടക്കിയ ഓർത്തഡോക്‌സ് സഭയുമായി ആരാധനയിലോ പ്രാർത്ഥനയിലോ കൂദാശകളിലോ ഇനി ബന്ധപ്പെടില്ല.

ആ സഭയിൽ നിന്നു യാക്കോബായ സഭയിലേക്കു വരുന്നവർക്കു മൂറോൻ അഭിഷേകം നിർബന്ധമായിരിക്കും. യാക്കോബായ സഭയുടെ പള്ളികൾ പിടിച്ചെടുത്തു വിശ്വാസികളെ പുറത്താക്കുന്നതിൽ പ്രതിഷേധിച്ചും ദേവാലയങ്ങൾ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ടും തിരുവനന്തപുരത്ത് മെത്രാപ്പൊലീത്തമാർ ഉപവാസമിരിക്കും. കോടതികളിൽ നിന്നും അധികാരികളിൽ നിന്നും യാക്കോബായ സഭയ്ക്കു നീതി ലഭിക്കുന്നില്ല.

മുളന്തുരുത്തി പള്ളിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. മെത്രാപ്പൊലീത്തമാരെയും വൈദികരെയും വിശ്വാസികളെയും പൊലീസ് മർദിച്ചതിൽ സുന്നഹദോസ് പ്രതിഷേധിച്ചു. ഉത്തരവാദികളായ റവന്യു ഉദ്യോഗസ്ഥനും പൊലീസിനുമെതിരെ നടപടി വേണം. എല്ലാ പള്ളികളിലും അടുത്ത ഞായറാഴ്ച പ്രതിഷേധ പരിപാടികൾ നടത്തും. റിലേ നിരാഹര സത്യഗ്രഹം തുടങ്ങും.

പള്ളി കയ്യേറ്റം അവസാനിപ്പിച്ചാൽ മാത്രമേ ഓർത്തഡോക്സ് സഭയുമായി ചർച്ചയുള്ളൂ എന്നു യോഗം വ്യക്തമാക്കി. സുന്നഹദോസിൽ അധ്യക്ഷത വഹിച്ച മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, യാക്കോബായ സഭാ വിശ്വാസികൾക്കു ലഭിക്കേണ്ട നീതി ഉറപ്പുവരുത്താൻ സർക്കാർ നിയമ നിർമ്മാണത്തിനു തയാറാകണമെന്ന് ആവശ്യപ്പെട്ടു.

ചരിത്ര സ്മാരകമായ പള്ളികൾ സർക്കാർ ഏറ്റെടുത്തു സംരക്ഷിക്കണം. 2 സഭകൾക്കും ആരാധനയ്ക്കു സൗകര്യമൊരുക്കണം. ഓർത്തഡോക്സ് സഭയുടെ നീതിപൂർവമല്ലാത്ത നിലപാടിൽ പ്രതിഷേധിച്ച് സഭാ ഐക്യ വേദികളിൽ നിന്നു യാക്കോബായ സഭ വിട്ടു നിൽക്കും. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കെ പള്ളി കയ്യേറ്റം വ്യാപകമായതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏറ്റെടുത്തു. ട്രസ്റ്റി കെ. ജിജോ ജേക്കബ്, താക്കോൽ പട്ടാമ്പി തഹസിൽദാർ എസ്. ശ്രീജിത്ത്, ഷൊർണൂർ ഡിവൈഎസ്‌പി എൻ. മുരളീധരൻ എന്നിവർക്കു കൈമാറി. വൈകിട്ട് ഓർത്തഡോക്‌സ് സഭാംഗം ഫാ. മാത്യു ജേക്കബ് പുതുശ്ശേരി താക്കോൽ സ്വീകരിച്ചു. തുടർന്നു പ്രാർത്ഥന നടന്നു.പള്ളി ഓഡിറ്റോറിയവും ക്വാർട്ടേഴ്‌സും പൊലീസ് വിട്ടുകൊടുത്തിട്ടില്ല. രണ്ടു കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം സംബന്ധിച്ചു കോടതി ഉത്തരവിൽ കൃത്യമായി പരാമർശിച്ചിട്ടില്ലെന്നും തീരുമാനമുണ്ടാകും വരെ കസ്റ്റഡിയിൽ വയ്ക്കുമെന്നും ചാലിശ്ശേരി സിഐ എ. പ്രതാപ് പറഞ്ഞു.

യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികൾ ഏറ്റെടുക്കുമ്പോൾ സംഘർഷവും ബലപ്രയോഗവും കോവിഡ് ചട്ടലംഘനവും ഉണ്ടാകുന്നതു നിർഭാഗ്യകരമെന്ന് സിറോ മലബാർ സഭാ സിനഡും വ്യക്തമാക്കി. കോടതി ഉത്തരവ് നടപ്പാക്കണം. എന്നാൽ, പൊതു നന്മയെയും സമാധാനത്തെയും കരുതി കക്ഷികൾ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. അതു ക്രൈസ്തവ മൂല്യമാണ്. നിയമ വ്യാഖ്യാനവും നടപ്പാക്കലും സ്‌നേഹവും സമാധാനവും ഉറപ്പു വരുത്തണം. നിയമം നടപ്പാക്കാൻ പ്രായോഗിക പ്രശ്‌നമുണ്ടെങ്കിൽ സാവകാശം നൽകണം. കൂടുതൽ സമയം വേണമെങ്കിൽ കോടതിയെ ബോധ്യപ്പെടുത്താൻ അധികാരികൾക്കും കക്ഷികൾക്കും ചുമതലയുണ്ട്. കോവിഡ് ദുരിത നാളുകളിൽ സമാധാനാന്തരീക്ഷം പുലർത്താനും അനുരഞ്ജനം സ്വീകരിക്കാനും എല്ലാവരും സഹകരിക്കണം.

അതേസമയം കോടതിവിധി അനുസരിക്കാത്തവരുമായി ചർച്ച നടത്തുന്നതിൽ അർഥമില്ലെന്നാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറയുന്നത്. 1934ലെ ഭരണഘടന ഇന്ത്യയിലെ പരമോന്നത നീതിപീഠം ആവർത്തിച്ച് അംഗീകരിച്ചിട്ടുള്ളതാണ്. ഇതിന്റെ നിഷേധം ദൈവിക നീതിയോടും രാജ്യത്തിന്റെ നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്. ഇരുവിഭാഗവും തമ്മിൽ തർക്കം ആരംഭിച്ച കാലം മുതൽ പല തലത്തിലുള്ള ചർച്ചകൾ നടത്തിയിട്ടുണ്ട്. 1995ൽ സുപ്രീംകോടതി തന്നെ ചർച്ചയിൽക്കൂടി പ്രശ്നപരിഹാരത്തിന് പദ്ധതി തയാറാക്കിയതാണ്. ജസ്റ്റിസ് മളീമഠിന്റെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിന് ഇരുവിഭാഗങ്ങളും സമിതികളെ നിയോഗിച്ചെങ്കിലും ചർച്ചകൾ പൂർത്തിയാക്കാതെ യാക്കോബായ സഭ പിന്മാറുകയാണ് ചെയ്തത്. ഒത്തുതീർപ്പിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സുവർണാവസരമായിരുന്നു അത്. സുപ്രീംകോടതിയിൽ 2017 ജൂലൈ മൂന്നിന് അവസാനിച്ച കേസ് യാക്കോബായ സഭ നൽകിയതാണ്.

ഇടവകക്കാരുടെ അവകാശങ്ങൾക്ക് ഒരു മുടക്കവും ഓർത്തഡോക്‌സ് സഭ വരുത്തിയിട്ടില്ല, വരുത്താൻ ആഗ്രഹിക്കുന്നുമില്ല. വിശ്വാസികളെ പള്ളികളിൽ നിന്ന് ഇറക്കിവിട്ടിട്ടില്ല. മുളന്തുരുത്തി പള്ളിയിലും മറ്റു ദേവാലയങ്ങളിലും ബലപ്രയോഗം നടത്തി എന്നു പറയപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചത് യാക്കോബായ സഭയാണ്. 1970ൽ 203-ാം നമ്പർ കൽപനയിൽ യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവാ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായ്ക്ക് പട്ടത്വമില്ല എന്നു പറഞ്ഞത് വേദവിപരീതമാണ്. അന്ത്യോക്യ പാത്രിയർക്കീസിനെ ഉപയോഗിച്ച് ഇതര ക്രൈസ്തവ സമൂഹങ്ങളുടെ ഇടയിൽ ഓർത്തഡോക്‌സ് സഭയെ കരിതേച്ചു കാണിക്കാമെന്നും ഓർത്തഡോക്‌സ് സഭയെ മറ്റു സഭാ കൂട്ടായ്മകളിൽ നിന്നു പുറത്താക്കാമെന്നുമുള്ള ചിന്തകൾ വിലകുറഞ്ഞവയും വ്യാമോഹങ്ങളും മാത്രമാണെന്ന് കാതോലിക്കാ ബാവാ പറഞ്ഞു.

ഇന്നലെ പുലർച്ചെ തിരുവാർപ്പ് മർത്തശ്മൂനി പള്ളി ഏററെുക്കാൻ ശ്രമച്ചതും സംഘർഷ സാഹചര്യത്തിന് വഴിവെച്ചിരുന്നു. കോട്ടയം ഡിവൈഎസ്‌പിയുടെയും 9 സിഐമാരുടെയും നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് ഇന്നലെ പുലർച്ചെ തിരുവാർപ്പ് മർത്തശ്മൂനി പള്ളി ഏറ്റെടുക്കൽ നടപടികൾക്ക് സ്ഥലത്തെത്തിയത്. റവന്യു സംഘത്തിനൊപ്പം ആരോഗ്യ വകുപ്പിലെയും അഗ്‌നിരക്ഷാസേനയിലും അംഗങ്ങളുമുണ്ടായിരുന്നു.

പള്ളിക്കു മുന്നിൽ പ്രതിഷേധവുമായെത്തിയ വിശ്വാസികളെ നീക്കം ചെയ്യാൻ പിപിഇ കിറ്റ് ധരിച്ചാണ് പൊലീസ് സംഘം എത്തിയത്. വിശ്വാസികൾ സഹകരിക്കണം എന്ന് ആദ്യം പൊലീസ് മൈക്ക് അനൗൺസ്‌മെന്റ് നടത്തി. സ്ത്രീകൾ അടക്കമുള്ളവർ പിന്മാറാതെ പള്ളിക്കു മുന്നിൽ കുത്തിയിരുന്നു പ്രാർത്ഥിക്കാനും മുദ്രാവാക്യം വിളിക്കാനും തുടങ്ങി. ഇവരെ പൊലീസ് അവിടെനിന്നു പള്ളി മതിൽക്കെട്ടിനു പുറത്തിറക്കി.

തുടർന്നായിരുന്നു പള്ളിമേടയിൽ എത്തി തോമസ് മാർ അലക്‌സന്ത്രയോസ് താമസിച്ചിരുന്ന മുറിയുടെ പൂട്ട് പൊളിച്ച് അകത്തുകയറിയത്. മെത്രാപ്പൊലീത്തയെ പൊലീസ് ജീപ്പിലേക്ക് കൊണ്ടുപോയി. വിശ്വാസികൾ പൊലീസ് ജീപ്പിന്റെ അടുത്തേക്ക് ഓടിയെത്തി. ഇതിനിടയിൽ നിലത്തുവീണ ഇരുപത്തിയേഴിൽച്ചിറ ബിജു ചാണ്ടിയുടെ കൈക്കു പരുക്കേറ്റു. ഇദ്ദേഹത്തെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പള്ളിയും പരിസരവും പൂട്ടി സൂക്ഷിക്കാനും ഹർജിക്കാരനായ ഓർത്തഡോക്‌സ് സഭയിലെ ഫാ.എ.വി.വർഗീസിന് എന്നു കൈമാറാൻ സാധിക്കുമെന്ന് അറിയിക്കാനുമായിരുന്നു ഹൈക്കോടതി ജില്ലാ കലക്ടർക്കു നൽകിയ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP