Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202229Tuesday

വീരവണക്കം... ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ റോഡുകളിൽ കാത്തുനിന്നു തമിഴ് മക്കൾ; കുന്നൂരിൽ നിന്നും സുലൂർ എത്തും വരെ വഴിയോരങ്ങളിൽ പതിനായിരങ്ങൾ; ആംബുലൻസ് കടന്നു പോകുമ്പോൾ സല്യൂട്ട് നൽകി കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള ജനസഞ്ചയം; ഡൽഹിയിലേക്ക് കൊണ്ടുപോകുന്ന ഭൗതികദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കളെയും തലസ്ഥാനത്ത് എത്തിക്കും

വീരവണക്കം... ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ റോഡുകളിൽ കാത്തുനിന്നു തമിഴ് മക്കൾ; കുന്നൂരിൽ നിന്നും സുലൂർ എത്തും വരെ വഴിയോരങ്ങളിൽ പതിനായിരങ്ങൾ; ആംബുലൻസ് കടന്നു പോകുമ്പോൾ സല്യൂട്ട് നൽകി കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള ജനസഞ്ചയം; ഡൽഹിയിലേക്ക് കൊണ്ടുപോകുന്ന ഭൗതികദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കളെയും തലസ്ഥാനത്ത് എത്തിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദർശനത്തിനുവച്ചശേഷം മൃതദേഹങ്ങൾ വിലാപയാത്രയായാണ് സുലൂരിലെ വ്യോമതാവളത്തിൽ എത്തിച്ചത്. ഇവിടെനിന്നു പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു കൊണ്ടുപോയി. വൈകിട്ട് ഏഴരയോടെ അവിടെയെത്തും. രാജ്യതലസ്ഥാനത്തും പൊതുദർശനമുണ്ടാകും. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കളെയും ഡൽഹിയിലെത്തിക്കും. ഇവർ മൃതദേഹം തിരിച്ചറിഞ്ഞശേഷമാകും വിട്ടുനൽകുക.സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാരം വെള്ളിയാഴ്ച ഡൽഹിയിൽ നടത്തും.

വെല്ലിംങ്ങ്ടൺ സൈനിക പരേഡ് ഗ്രൗണ്ടിൽ നിന്ന് റോഡ് മാർഗമായിരുന്നു വിലാപയാത്ര. പരേഡ് ഗ്രൗണ്ടിൽ പൂർണ്ണ ബഹുമതികൾ നൽകിയാണ് സൈനിക ഉദ്യോഗസ്ഥരെ യാത്രയാക്കിയത്. തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വ്യോമസേന മേധാവി വി ആർ ചൗധരി, തമിഴ്‌നാട് മന്ത്രിസഭയിലെ അംഗങ്ങൾ, മറ്റു സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ വെല്ലിങ്ടണിൽ വച്ച് അന്ത്യാഞ്ജലി അർപ്പിച്ചു. ജില്ലാ ഭരണാധികാരികളും പങ്കെടുത്തു.

വിലാപ യാത്രയ്ക്ക് വഴിനീളെ പുഷ്പ വൃഷ്ടി നടത്തിയാണ് തമിഴ് മക്കൾ ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചത്. കുനൂർ മുതൽ സുലൂർ വരെയുള്ള പാതയുടെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞത് പതിനായിരങ്ങളാണ്. ആംബുലൻസ് കടന്നു പോകുമ്പോൾ കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ളവർ പാതയോരങ്ങളിൽ നി്ന്നും സല്യൂട്ട് നൽകിയും പുഷ്പ വൃഷ്ടി നടത്തിയുമാണ് ആദരം അർപ്പിച്ചത്. സുലൂരിലെ വ്യോമ താവളത്തിലെത്തിച്ച ഭൗതിക ശരീരങ്ങൾ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് തിരിച്ചത്.

 

ജനറൽ ബിപിൻ റാവത്തിന് ഏറെ ഹൃദയബന്ധമുള്ള വെല്ലിംങ്ങ്ടൺ സൈനിക പരേഡ് ഗ്രൗണ്ടിൽ നടന്ന പൊതുദർശനം ഏറെ വൈകാരികമായിരുന്നു. വെല്ലിംങ്ങ്ടണിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ പലവട്ടം സല്യൂട്ട് നൽകുകയും പിന്നീട് സല്യൂട്ട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടാവണം ബിപിൻ റാവത്ത്. അതേ ഗ്രൗണ്ടിൽ എം ഐ 17 വി 5 ഹെലിക്കോപ്ടറിലെ സഹയാത്രികരായിരുന്ന 13 പേർക്കൊപ്പം അദ്ദേഹം അന്ത്യാഭിവാദ്യം സ്വീകരിച്ചു. ജ്വലിക്കുന്ന ഓർമ്മകളുടെ അകമ്പടിയോടെ നടന്ന അന്ത്യാഭിവാദ്യം ഏറെ വൈകാരികമായിരുന്നു.

ഊട്ടിയിലെ വെല്ലിംങ്ങ്ടൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്ന് രാവിലെ സൈനികവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് വെല്ലിംങ്ടണിലെ പരേഡ് ഗ്രൗണ്ടിൽ എത്തിച്ചത്. സംയുക്ത സൈനിക മേധാവിയെ യാത്രയാക്കാൻ പാതയുടെ ഇരുവശങ്ങളിലും നൂറുകണക്കിനാളുകളാണ് കാത്തിരുന്നത്. പട്ടാള വണ്ടിയിൽ ഒരുമിച്ചാണ് ജനറൽ ബിപിൻ റാവത്തിന്റേയും പത്‌നി മധുലിക റാവത്തിന്റേയും മൃതദേഹങ്ങൾ എത്തിച്ചത്. പിന്നാലെ മറ്റ് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളും സൈനികതാവളത്തിലേക്ക് എത്തിച്ചു.

ബിപിൻ റാവത്തടക്കം 14 പേർ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടർ ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീഴുകയായിരുന്നു. ബിപിൻ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, ഹവിൽദാർ സത്പാൽ, നായികുമാരായ ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായികുമാരായ വിവേക് കുമാർ, ബി.സായ് തേജ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

വ്യോമസേനയുടെ മികവുറ്റ ഹെലികോപ്ടറുകളിലൊന്നായ എംഐ- 17വി5 ആയിരുന്നു അപകടത്തിൽ പെട്ടത്. മി-എട്ട് ഹെലികോപ്ടറുകളുടെ റഷ്യൻ നിർമ്മിത സൈനിക-ഗതാഗത പതിപ്പാണ് എംഐ- 17വി5. സൈനിക വിന്യാസം, ആയുധ വിതരണം, അഗ്‌നിശമന സഹായം, പട്രോളിങ്, സെർച്ച് ആൻഡ് റെസ്‌ക്യൂ ദൗത്യങ്ങൾ തുടങ്ങി വിവിധോപയോഗ ഹെലികോപ്ടറാണിത്. ലോകത്തിലെ ഏറ്റവും നൂതനമായ സൈനിക ഗതാഗത ഹെലികോപ്ടറുകളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP