Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയേക്കാൾ ഭീകരമായിരുന്നു കോളറ; രാവിലെ സംസാരിച്ച് കൊണ്ടിരുന്ന ആൾ വൈകിട്ടാകുമ്പോഴേക്ക് ഛർദിച്ച് മരിച്ചുവീഴും; രോഗികളെ ഒഴിഞ്ഞ പ്രദേശങ്ങളിൽ പായയിൽ പൊതിഞ്ഞ് ഉപേക്ഷിക്കും; വസൂരി പടർന്നപ്പോഴും സമാനമായ അവസ്ഥയായിരുന്നു; ക്ഷാമം ഉണ്ടായതോടെ ജനം കപ്പയുടെ തൊലിവരെ വേവിച്ച് കഴിക്കാൻ തുടങ്ങി; കോളറയെും വസൂരിയെയും ക്ഷാമത്തെയും അതിജീവിച്ച കേരളമാണിത്; നാം കോവിഡിനെയും അതിജീവിക്കും; ഓർമ്മകളിൽ നിന്ന് മായാതെ നാൽപ്പതുകളിലെ മഹാമാരിക്കാലം

കൊറോണയേക്കാൾ ഭീകരമായിരുന്നു കോളറ; രാവിലെ സംസാരിച്ച് കൊണ്ടിരുന്ന ആൾ വൈകിട്ടാകുമ്പോഴേക്ക് ഛർദിച്ച് മരിച്ചുവീഴും; രോഗികളെ ഒഴിഞ്ഞ പ്രദേശങ്ങളിൽ പായയിൽ പൊതിഞ്ഞ് ഉപേക്ഷിക്കും; വസൂരി പടർന്നപ്പോഴും സമാനമായ അവസ്ഥയായിരുന്നു; ക്ഷാമം ഉണ്ടായതോടെ ജനം കപ്പയുടെ തൊലിവരെ വേവിച്ച് കഴിക്കാൻ തുടങ്ങി; കോളറയെും വസൂരിയെയും ക്ഷാമത്തെയും അതിജീവിച്ച കേരളമാണിത്; നാം കോവിഡിനെയും അതിജീവിക്കും; ഓർമ്മകളിൽ നിന്ന് മായാതെ നാൽപ്പതുകളിലെ മഹാമാരിക്കാലം

ജാസിം മൊയ്തീൻ

കോഴിക്കോട്: കേരളം അടുത്ത കാലത്തായി വളരെയേറെ പകർച്ചവ്യാധികളുടെയും പ്രകൃതി ദുരന്തങ്ങളുടെയും ഇടയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രണ്ട് പ്രളയങ്ങൾ, നിപ്പ, ഇപ്പോൾ കൊറോണയും. ഇതെല്ലാം കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിന്റെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. ഇതിന് സമാനമായതോ ഇന്നത്തേതിനേക്കാൾ ഭീകരമായതോ ആയ പ്രശ്‌നങ്ങളുണ്ടായിരുന്ന കാലഘട്ടമായിരുന്നു കേരളത്തെ സംബന്ധിച്ച് 1939 മുതൽ 1955 വരെയുള്ള 15 വർഷങ്ങൾ. കോളറയും വസൂരിയും പകർച്ചവ്യാധികളായി വന്ന് കേരളത്തെ പ്രതിസന്ധിയിലാക്കിയപ്പോൾ 1941ന്റെ അന്ത്യത്തിൽ നൂറ്റാണ്ടിലെ വലിയ പ്രളയവും കേരളത്തിൽ സംഭവിച്ചു. ഏതാണ്ട് ഇതിനോട് സമാനമായ രീതിയിലാണ് കേരളം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അക്കാലത്തെ അപേക്ഷിച്ച് ഇന്ന് അസുഖങ്ങൾക്ക് മികച്ച ചികിത്സാരീതികളും, പ്രകൃതി ദുരന്തങ്ങളിൽ നിന്ന് മനുഷ്യജീവനുകളെ രക്ഷിച്ചെടുക്കാനുള്ള ആധുനിക സൗകര്യങ്ങളും കേരളത്തിലുണ്ട്. അതൊന്നുമില്ലാത്തൊരു കാലത്ത് കേരളം എങ്ങനെയാണ് ഇത്തരം ദുരന്തങ്ങളെ അതിജീവിച്ചത് എന്ന് വിവരിക്കുകയാണ് മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കാഞ്ഞിരത്തിങ്ങൽ മൊയ്തീൻ. അതിനെയൊക്കെ അതിജീവിച്ച നമ്മുടെ നാട് ഈ കോവിഡ് മഹാമാരിയെയും അതിജീവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൊറോണയേക്കാൾ ഭീകരമായിരുന്നു കോളറ

നാൽപതുകളിലാണ് കോളറ കേരളത്തിൽ പടർന്നു പിടിക്കുന്നത്. അതൊരു ചെറിയ ഓർമ്മ മാത്രമാണ് എനിക്ക്. എങ്കിലും രക്ഷിതാക്കൾ അതിന്റെ ഭീകരതയെ കുറിച്ച് സംസാരിച്ചത് ഇന്നും ഓർമ്മയുണ്ട്. ഇന്നത്തെ കൊറോണയേക്കാൾ ഭീകരമായിരുന്നു അത്. രാവിലെ സംസാരിച്ച് കൊണ്ടിരുന്ന ആൾ വൈകിട്ടാകുമ്പോഴേക്ക് മരിച്ചുവീഴുന്ന കാഴ്ചയായിരുന്നു കോളറ. രണ്ടോ മൂന്നോ തവണ ഛർദ്ദിക്കും അത്രയും തവണ വയറിളക്കവുമുണ്ടാകും. പൊടുന്നനെ മരണം സംഭവിക്കുന്നു. ഇതായിരുന്നു കോളറ. മരുന്നോ ചികിത്സകളോ പ്രതിരോധ മാർഗ്ഗങ്ങളോ ഇല്ല. ശരീരത്തിൽ നിർജ്ജലീകരണം നടക്കുന്നതായിരുന്നു കോളറയുടെ അവസ്ഥയെന്നത്. ഇതിന് പ്രതിവിധിയായ ധാരാളം വെള്ളം കുടിക്കാൻ മുതിർന്നവർ പറയുമായിരുന്നു. എന്നാൽ ഒരിക്കൽ ഛർദ്ദിയനുഭവപ്പെട്ടയാൾ പിന്നെ എത്ര വെള്ളം കുടിച്ചിട്ടും കാര്യമില്ല. അത്തരം ആളുകൾ കുടിക്കുന്ന വെള്ളം അപ്പാടെ പുറത്തേക്ക് ഛർദ്ദിക്കും. ഏതെങ്കിലും തരത്തിലുള്ള പ്രതിവിധികളെ കുറിച്ച് വൈദ്യന്മാർ പറഞ്ഞാൽ തന്നെ ആരും അത് മുഖവിലക്കെടുക്കാറുണ്ടായിരുന്നില്ല.

പലരും അവരുടെ മതവിശ്വാസങ്ങൾക്കനുസരിച്ചായിരുന്നു ഇതിനെ സമീപിച്ചിരുന്നത്. പ്രതിവിധികളെ കുറിച്ച് അന്നത്തെ സാഹചര്യത്തിനനുസരിച്ച് ഉദ്യോഗസ്ഥർ പറയുമെങ്കിലും ഭൂരിഭാഗം ആളുകളും അത് അനുസരിക്കാത്തവരായിരുന്നു. ചില തൈലങ്ങൾ ശരീരത്തിൽ പുരട്ടിയാൽ വൈറസ് ബാധയേൽക്കില്ലന്നൊക്കെ അന്ന് പ്രചരണമുണ്ടായിരുന്നു. പക്ഷെ അതൊന്നും എല്ലാവരിലേക്കും എത്തിയിരുന്നില്ല. ഇത്തരത്തിൽ വിതരണം ചെയ്ത തൈലങ്ങൾ പോലും പലരും പുരട്ടിയിരുന്നില്ല. ഇന്ന് കാണുന്ന രീതിയിലുള്ള അണുനശീകരണ പ്രക്രിയകളും അന്ന് സാധ്യമായിരുന്നില്ല. അതിനുള്ള സൗകര്യങ്ങളോ സാഹചര്യങ്ങളോ അന്നുണ്ടായിരുന്നുമില്ല. വളരെ പെട്ടെന്നാണ് കോളറ പടർന്നുപിടിച്ചത്. പ്രത്യേകിച്ച് മലബാറിൽ. രോഗം ബാധിച്ചവരെ ചികിത്സിക്കാനോ പരിചരിക്കാനോ ബന്ധുക്കൾ പോലും തയ്യാറാകാത്ത സ്ഥിതി വിശേഷമായിരുന്നു. പലരും രോഗികളെ വീടുകളിൽ ഉപേക്ഷിച്ച് പോയി. അല്ലെങ്കിൽ രോഗികളെ ഒഴിഞ്ഞ പ്രദേശങ്ങളിൽ പായയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച സംഭവങ്ങളുമുണ്ടായി. ഒരു വീട്ടിൽ തന്നെ ഒന്നിലേറെ ആളുകൾ ഒരേ ദിവസം മരിച്ചുവീഴുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. മൃതദേഹങ്ങൾ കാണാനും ബന്ധുക്കൾ പോലും കൂട്ടാക്കിയില്ല. 42ന്റെ അവസാനത്തിലാണ് കോളറ വ്യപകമായി പടർന്നത്. - മൊയ്തീർ ഓർക്കുന്നു.

പാമ്പുകൾ വന്ന് വസൂരിപ്പാടുകൾ നക്കുമെന്നും വിശ്വാസം

കോളറ ഭീതി പൂർണ്ണമായും ഒഴിയുന്നതിന് മുമ്പ് തന്നെ വസൂരിയും ടൈഫോയ്ഡും വന്നു. അത് ഏതാണ്ട് അറുപതുകളുടെ തുടക്കം വരെ നീണ്ടു നിന്നു. കോളറയുമായി താരതമ്യം ചെയ്യുമ്പോൾ ടൈഫോയ്ഡ് വലിയ രീതിയിലുള്ള സാമൂഹിക പ്രശ്‌നങ്ങളുണ്ടാക്കിയില്ലെങ്കിലും വസൂരി കോളറെയപ്പോലെ തന്നെ പ്രശ്‌നമായിരുന്നു. ഇന്ന് കൊറോണ വന്നാൽ നമുക്ക് ആശുപത്രിയിൽ പോകാനുള്ള സൗകര്യമുണ്ട്. വീണ്ടും ജീവിക്കാമെന്ന പ്രതീക്ഷയുണ്ട്. എന്നാൽ അന്ന് വസൂരി വന്നാൽ മരിച്ചു എന്ന് തന്നെയാണ് അർ്ത്ഥം. രക്ഷപ്പെടുമെന്ന് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ രോഗികൾ മാനസികമായും വളരെ പ്രയാസത്തിലാകും. വീട്ടുകാർ പോലും തിരിഞ്ഞു നോക്കില്ല. കോളറക്കാലത്തെന്ന പോലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ രോഗികളെ ഉപേക്ഷിച്ച് പോകും. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന രോഗികളെ പാമ്പുകൾ വന്ന് വസൂരിപ്പാടുകളിൽ നക്കി വൃത്തിയാക്കുമെന്നും അത് അസുഖം മാറാൻ കാരണമാകുമെന്നും വിശ്വാസവുണ്ടായിരുന്നു. വസൂരി വന്ന് മരിച്ചവരെ സംസ്്കരിക്കുന്നത് വളരെ ദൂരത്ത് നിന്ന് മാത്രമേ കാണാനാകൂ. നാടൻ ചികിത്സകളൊക്കെ അന്നുണ്ടായിരുന്നു. പക്ഷെ അതിനേക്കാളേറെ ആളുകൾ ആശ്രയിച്ചിരുന്നത് പ്രാർത്ഥനകളെയാണ്. മഹാന്മാരുടെ ശവകുടീരങ്ങൾ സന്ദർശിച്ച് പ്രാർത്ഥനകൾ നടത്തുമായിരുന്നു.

നാട്ടിൽ വിവിധയിടങ്ങളിൽ വസൂരിപ്പുരകളുണ്ടായിരുന്നു. വീടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും ഉപേക്ഷിപ്പെട്ട രോഗികളെ ഇത്തരം വസൂരിപ്പുരകളിൽ കൊണ്ടാക്കലായിരുന്നു പതിവ്. ഇന്നത്തെ ഐസൊലേഷൻ സമ്പ്രദായം പോലെതന്നെ. ഇത്തരം വസൂരിപ്പുരകളിൽ നിന്നും രക്ഷപ്പെട്ട നിരവധി പേരുമുണ്ട്. ഇപ്പോഴും മുഖത്ത് വസൂരിക്കലകളുമായി ജീവിക്കുന്നവർ. വസൂരി പിടിപെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ മറ്റൊരു ആശങ്ക മുഖത്തും ശരീരത്തിലും അവശേഷിക്കുന്ന പാടുകളായിരുന്നു. പാടുകൾ അവരുടെ സൗന്ദര്യത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്നതായിരുന്നില്ല ആശങ്ക, മറിച്ച് രോഗം വീണ്ടും വരുമോ എന്നതായിരുന്നു. നിരവധിപേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്്തിട്ടുണ്ട്. പക്ഷെ അറുപതുകളുടെ തുടക്കത്തോടെ തന്നെ വസൂരിക്കെതിരായ കുത്തിവെപ്പുകൾ കണ്ടുപിടിച്ചു. നാട്ടിൽ ചെറിയ ഡിസ്‌പെൻസറികളും ആരംഭിച്ചു തുടങ്ങി. അതുകൊണ്ട് തന്നെ കോളറക്കാലത്തും വസൂരിയുടെ തുടക്കകാലത്തുമുണ്ടായത്ര മരണങ്ങൾ അറുപതുകളിലുണ്ടായില്ല. പിന്നീട് എഴുപതുകളോട് കൂടി ദേശീയ തലത്തിൽ തന്നെ വസൂരി നിർമ്മാർജ്ജനത്തിനുള്ള പദ്ധതികൾ വ്യാപകമായി സർക്കാർ നടപ്പിലാക്കിത്തുടങ്ങി. അപ്പോഴും ലോകത്തിലെ തന്നെ വസൂരി ബാധിതരിൽ പകുതിയിലേറെപ്പേരും ഇന്ത്യയിലായിരുന്നു.

വളണ്ടിയർമാരും മയ്യത്ത് സംഘങ്ങളും

കോളറയും വസൂരിയുമെല്ലാം പിടിപെടുന്നവരെയും, മരണപ്പെടുന്നവരെയും വീട്ടുകാർ പോലും തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ് കമ്യൂണിസ്റ്റ് പാർട്ടി മൂൻകൈയെടുത്ത് ഇമ്പിച്ചിബാവയുടെയും കൃഷണപ്പിള്ളയുടെയുമെല്ലാം നേതൃത്വത്തിൽ മയ്യത്ത് സംഘങ്ങളും വളണ്ടിയർമാരും രംഗത്ത് വരുന്നത്. കോളറക്കാലത്തെ പ്രവർത്തനങ്ങളിൽ ഞാൻ പങ്കാളിയായിട്ടില്ലെങ്കിലും വസൂരിക്കാലത്ത് ഇത്തരം സംഘങ്ങളുടെ കൂടെ പ്രവർത്തിച്ചിരുന്നു. വസൂരി ബാധിച്ച നിരവധിയാളുകൾക്ക് സഹായങ്ങൾ ചെയ്ത് നൽകിയിട്ടുണ്ട്. രോഗത്തെകുറിച്ചുള്ള ഭീതിയും മരണഭയവുമുണ്ടായിരുന്നെങ്കിലും അതൊന്നും അത്തരം പ്രവർത്തികളിൽ നിന്ന് ആരെയും പിറകോട്ട് നിർത്തിയില്ല. മറ്റുള്ളവരെ സഹായിക്കലാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിത ദൗത്യമെന്ന് അക്കാലത്ത് എല്ലാവരെയും പഠിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ രോഗികൾക്കാവശ്യമായ സഹായങ്ങളുമായി വളണ്ടിയർമാർ രംഗത്തിറങ്ങി. പ്രതിരോധ മരുന്നുകളുടെ വിതരണവും പലയിടങ്ങളിൽ നിന്നായി പിരിച്ചെടുത്ത അരിയും മറ്റും വീടുകളിൽ എത്തിക്കലുമായിരുന്നു വളണ്ടിയർമാരുടെ ദൗത്യം.

കോളറക്കാലത്തും വസൂരിക്കാലത്തും മയ്യത്ത് സംഘങ്ങളുടെ പ്രവർത്തനങ്ങൾ സജീവമായിരുന്നു. രോഗം ബാധിച്ച് മരണമടഞ്ഞവരെ സംസ്‌കരിക്കലായിരുന്ന പണി. മുസ്ലിംമേഖലകളിലായിരുന്നു മയ്യത്ത് സംഘങ്ങളുടെ പ്രവർത്തനങ്ങൾ. ബന്ധുക്കൾ പോലും മൃതദേഹത്തെ പരിപാലിക്കാൻ തയ്യാറാകാത്ത ഇടങ്ങളിലേക്ക് മയ്യത്ത് സംഘങ്ങൾ കയറിച്ചെന്നു. പരിമിതമായ സൗകര്യങ്ങളായിരുന്നു ഇത്തരത്തിലുള്ള സംഘങ്ങൾക്കുണ്ടായിരുന്നത്. ഇന്ന് കൊറോണ ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുമ്പോഴും കഴിഞ്ഞ വർഷം നിപ്പ ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുമ്പോഴും കണ്ട തരത്തിലുള്ള മുൻകരുതൽ മാർഗ്ഗങ്ങളൊന്നും അന്നത്തെ മയ്യത്ത് സംഘങ്ങളിലെ പ്രവർത്തകർക്കുണ്ടായിരുന്നില്ല. ധൈര്യം മാത്രമായിരുന്നു അവരുടെ മുൻകരുതൽ. ബന്ധുക്കൾ പോലും മീറ്ററുകളോളം ദൂരത്ത് നിന്നാണ് സംസ്‌കാര ചടങ്ങുകൾ കണ്ടിരുന്നത്. മതാചാരങ്ങൾ പ്രകാരം തന്നെയാണ് അന്ന് മയ്യത്തുകൾ ഖബറടക്കിയിരുന്നത്. അതിന് പ്രാവീണ്യം ലഭിച്ചവരും സംഘങ്ങളിലുണ്ടായിരുന്നു. വിവിധ സംഘങ്ങളായി ഓരോ മേഖലകൽലേക്കും ഇത്തരം ഗ്രൂപ്പുകൾ പോയി. പരിമിതമെങ്കിലും അവർക്കാവശ്യമായ തമസ, ഭക്ഷണ സൗകര്യങ്ങൾ എത്തിപ്പെടുന്ന പ്രദേശത്തെ രാഷ്്ട്രീയ പാർട്ടികളും തൊഴിലാളി സംഘടനകളും ചെയ്തു നൽകി. മയ്യത്ത് സംഘങ്ങളിൽ പ്രവർത്തിച്ചിരുന്നവരും വളണ്ടിയർമാരും പലരും വീടുകളിൽ പറയാതെയായിരുന്ന ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നത്.

വേവിച്ച് കഴിച്ചത് കപ്പയുടെ തൊലിവരെ

ദാര്യദ്ര്യത്തിന്റെ നാളുകൾ കൂടിയായിരുന്നു മഹാമാരികൾക്കും പ്രകൃതി ദുരന്തങ്ങൾക്കും ശേഷമുള്ള കേരളത്തിന്റേത്. അരിയുടെ ഉത്പാദനം തീരെ കുറഞ്ഞു. ലോകമഹായുദ്ധത്തിന്റെ അനന്തരഫലമായി കുറച്ചുകാലത്തേക്ക് അരിയുടെ ഇറക്കുമതിയും നിന്നു. ഇതോടെ ആളുകൾ മുഴുപ്പട്ടിണിയിലായി. കപ്പയും മറ്റ് കിഴങ്ങുകളുമായിരുന്നു പ്രധാന ഭക്ഷണം. കപ്പയുടെ തൊലിവരെ വേവിച്ച് കഴിച്ചിട്ടുണ്ട്. വാഴയുടെ അടിയിലെ വിത്തൊക്കെ പറമ്പുകളിൽ പോയി കിളച്ച് കൊണ്ടുവന്നു കഴിക്കുമായിരുന്നു. കപ്പ പുഴുങ്ങി നിരത്തുകളിൽ വിൽപനക്ക് വെച്ചിരുന്നു. പണമുള്ളവർ അത് വാങ്ങിക്കഴിക്കും. കൃഷി നിലച്ചതോടെ ആളുകൾക്ക് ജോലിയുമില്ലാതായി. മറ്റു വരുമാനമാർഗ്ഗങ്ങളുമില്ല. അക്കാലത്ത് തന്നെയാണ് ഇന്ന് കാണുന്ന തരത്തിലുള്ള റേഷൻ സമ്പ്രദായത്തിന് തുടക്കം കുറിക്കുന്നത്. കൺട്രോൾ എന്നായിരുന്നു അന്ന് റേഷൻ സമ്പ്രദായത്തെ വിളിച്ചിരുന്നത്.പണക്കാരുടെ വീടുകളിലെ വിവാഹങ്ങളായിരുന്നു മറ്റൊരു ആശ്വാസം. വിവാഹത്തിനായിരിക്കും പലരും കാലങ്ങൾക്ക് ശേഷം സമൃദ്ധമായി ഭക്ഷണം കഴിക്കുക.

മഹാമാരികളും പ്രകൃതി ദുരന്തങ്ങളും നാട്ടിൽ ബാക്കിയാക്കിയത് നിരവധി അനാഥ ബാല്യങ്ങളെയാണ്. ഈ കുട്ടികളെല്ലാം നാടിന്റെ നൊമ്പരമായി. അന്ന് മലബാറിൽ പ്രധാനമായുണ്ടായിരുന്ന അനാഥശാല ജെഡിടിയായിരുന്നു. അവിടെ ഉൾക്കൊള്ളാൻ കഴിയുന്നതിലധികം കുട്ടികൾ അനാഥരായി. പിന്നീട് തിരൂരങ്ങാടിയിലും, തിരൂരും, പൊന്നാനിയിലും, ഒളവട്ടൂരുമെല്ലാം വിവിധ സംഘങ്ങൾക്ക് കീഴിൽ യത്തീംഖാനകൾ ആരംഭിച്ചു. ഇത്തരം കുട്ടികളുടെ പുനരധിവാസം സാധ്യമാക്കി.- കാഞ്ഞിരത്തിങ്ങൽ മൊയ്തീൻ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP