Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202412Friday

കണ്ണൂരിലെ ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും അഗ്‌നിക്കിരയാക്കി; സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആരോപണം; എടാട്ടു നിന്നും വർഷങ്ങൾക്കു മുൻപെ തുടങ്ങിയ ദളിത് പീഡനം കാട്ടാമ്പള്ളിയിലും തുടരുന്നു; ഉമ്മൻ ചാണ്ടിയുടെ കാരുണ്യ തുണയിൽ നിർമ്മിച്ച വീടിന് നേരെ ആക്രമണം പുലർച്ചെ; ഓണം ചിത്രലേഖയ്ക്ക് മറ്റൊരു പ്രതിസന്ധിക്കാലം

കണ്ണൂരിലെ ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും അഗ്‌നിക്കിരയാക്കി; സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആരോപണം; എടാട്ടു നിന്നും വർഷങ്ങൾക്കു മുൻപെ തുടങ്ങിയ ദളിത് പീഡനം കാട്ടാമ്പള്ളിയിലും തുടരുന്നു; ഉമ്മൻ ചാണ്ടിയുടെ കാരുണ്യ തുണയിൽ നിർമ്മിച്ച വീടിന് നേരെ ആക്രമണം പുലർച്ചെ; ഓണം ചിത്രലേഖയ്ക്ക് മറ്റൊരു പ്രതിസന്ധിക്കാലം

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂരിലെ വനിതാ ഓട്ടോഡ്രൈവറും ദളിത് യുവതിയുമായ ചിത്രലേഖയ്ക്കെതിരെ വീണ്ടും അതിക്രമം. കാട്ടാമ്പള്ളിയിൽ താമസിക്കുന്ന ദളിത് ഓട്ടോ ഡ്രൈവർ ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും കത്തിച്ചതായാണ് പരാതി. തന്റെ ഓട്ടേ റിക്ഷ കത്തിച്ചത് സിപിഎമ്മുകാരാണെന്ന് ചിത്രലേഖ ആരോപിച്ചു.
പുതുതായി നിർമ്മിച്ച വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിച്ചത്. വെള്ളിയാഴ്‌ച്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഓട്ടോ കത്തുന്നത് ചിത്രലേഖയുടെയും ഭർത്താവിന്റെയും ശ്രദ്ധയിൽപെട്ടത്. സംഭവത്തിൽ ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചിട്ടുണ്ട്.

ജാതിവിവേചനം സംബന്ധിച്ച പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വർഷങ്ങളായി സിപിഎം പ്രവർത്തകരുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്നു. നേരത്തെ പയ്യന്നൂരിലായിരുന്നു ചിത്രലേഖ താമസിച്ചിരുന്നത്. പയ്യന്നൂർ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെ സി. ഐ.ടി.യു പ്രവർത്തകർ തടഞ്ഞതോടെയാണ് ചിത്രലേഖയുടെ വിഷയം ചർച്ചയാവുന്നത്. ചിത്രലേഖയുടെ ഓട്ടോ കത്തിച്ചതുൾപ്പെടെ വിവാദങ്ങൾ ദേശീയ തലത്തിൽ ചർച്ചയായിരുന്നു. ഏതാനും വർഷം മുൻപ് എടാട്ടു നിന്ന് കാട്ടാമ്പള്ളിയിലേക്ക് താമസം മാറുകയായിരുന്നു.

വീടിന് സ്ഥലം ആവശ്യപ്പെട്ട് നടത്തിയ സമരത്തിനൊടുവിൽ ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് ഇവർക്ക് വീടുവെക്കാൻ അഞ്ചു സെന്റ് ഭൂമിയും അഞ്ചുലക്ഷം രൂപയും അനുവദിച്ചിരുന്നു. വീടുപണി പാതിവഴിയിൽ നിൽക്കെ, ചിത്രലേഖയ്ക്ക് അനുവദിച്ച സഹായം പിണറായി സർക്കാർ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ചില സംഘടനകളുടെ സഹായത്തോടെയാണ് ചിത്രലേഖ വീടുനിർമ്മാണം പൂർത്തിയാക്കിയത്.

പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായ ചിത്രലേഖക്ക് സിപിഎമ്മിൽ നിന്ന് നേരിട്ട ദുരനുഭവവും ജാതി വിവേചനവും കേരളം പലതവണ ചർച്ച ചെയ്തതാണ്. ജോലി ചെയ്തു ജീവിക്കാൻ സിപിഎമ്മുകാർ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കഴിഞ്ഞ 20 വർഷമായി ചിത്രലേഖ മലയാളിയുടെ മനസ്സിൽ നൊമ്പരമായി. വടകര സ്വദേശി ശ്രീഷ്‌കാന്തുമായുള്ള വിവാഹത്തെ തുടർന്നാണു പ്രശ്നം തുടങ്ങിയത്. ഇതോടെ സിപിഎം തങ്ങൾക്ക് എതിരായതെന്നു ചിത്രലേഖ പറയുന്നു. ദലിത് വിഭാഗത്തിൽപെട്ട ചിത്രലേഖയെ വിവാഹം ചെയ്ത ശ്രീഷ്‌കാന്ത് മറ്റൊരു സമുദായക്കാരനാണ്. ഇതായിരുന്നു പ്രശ്നത്തിന് കാരണം.

പാർട്ടി എതിരായതോടെ വടകരയിൽ നിന്ന് ശ്രീഷ്‌കാന്തിനു ചിത്രലേഖയുടെ നാടായ പയ്യന്നൂർ എടാട്ടേക്കു മാറേണ്ടി വന്നു.ഓട്ടോ ഡ്രൈവറായ ശ്രീഷ്‌കാന്തിനു പുറമേ ചിത്രലേഖയും സർക്കാർ പദ്ധതിയിൽ ഓട്ടോ വാങ്ങി. എടാട്ട് ഓട്ടോ ഓടിക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ സിഐടിയു തൊഴിലാളികൾ ഇവർക്ക് എതിരായി. ചിത്രലേഖയുടെ ഓട്ടോ തീയിട്ടു നശിപ്പിച്ചു. ജാതി അധിക്ഷേപത്തിനും ഇരയായി. പിന്നെ നടന്നതെല്ലാം സമാനതകളില്ലാത്ത പ്രതികാരം. ഇതിനെ ചിത്രലേഖ മനസ്സിലെ കരുത്തുമായി നേരിട്ടു. ചിത്രലേഖയുടെ ഭർത്താവ് ശ്രീഷ്‌കാന്തിനെ ഗൂണ്ടാ ലിസ്റ്റിൽ കയറ്റി മുപ്പത്തി രണ്ടു ദിവസം ജയിലിൽ അടച്ചു. അവിടെയും തീർന്നില്ല അക്രമം, അജിത്തിന്റെ നേതൃത്വത്തിൽ ശ്രീഷ്‌കാന്തിനെ കൊല്ലാൻ വടിവാളുമായി ചിത്രലേഖയുടെ വീട്ടിലെത്തി. പക്ഷെ ആളുമാറി വെട്ടുകൊണ്ടത്, ശ്രീഷ്‌കാന്തിന്റെ അനിയനും.

തൊഴിലെടുത്തു ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 122 ദിവസം കണ്ണൂർ കലക്ടറേറ്റിനു മുൻപിലും പിന്നീട് 47 ദിവസം സെക്രട്ടേറിയറ്റിനു മുന്നിലും ചിത്രലേഖയ്ക്കു സമരം ചെയ്യേണ്ടി വന്നു. എടാട്ടു നിന്നു കണ്ണൂർ കാട്ടമ്പള്ളിയിൽ വാടക വീട്ടിലേക്കു മാറേണ്ടി വന്നു. ഇപ്പോൾ കണ്ണൂർ നഗരത്തിലാണു ചിത്രലേഖ ഓട്ടോ ഓടിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP