Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202302Saturday

വാഴക്കുലയുമായി ബന്ധപ്പെട്ട പരാമർശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല; അത് സാന്ദർഭികമായ ഉദാഹരണം; നോട്ടപ്പിശക് ഉണ്ടായി; മാനുഷികമായ തെറ്റ് പറ്റി; ചൂണ്ടിക്കാണിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി; കോപ്പിയടിച്ചിട്ടില്ല; പിഎച്ച്ഡി വിവാദത്തിൽ വിശദീകരണവുമായി ചിന്ത ജെറോം

വാഴക്കുലയുമായി ബന്ധപ്പെട്ട പരാമർശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല; അത് സാന്ദർഭികമായ ഉദാഹരണം; നോട്ടപ്പിശക് ഉണ്ടായി; മാനുഷികമായ തെറ്റ് പറ്റി; ചൂണ്ടിക്കാണിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി; കോപ്പിയടിച്ചിട്ടില്ല; പിഎച്ച്ഡി വിവാദത്തിൽ വിശദീകരണവുമായി ചിന്ത ജെറോം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിഎച്ച്ഡി വിവാദത്തിൽ വിശദീകരണവുമായി ചിന്ത ജെറോം. പിശക് ചൂണ്ടിക്കാട്ടിയവർക്കും വിമർശിച്ചവർക്കും നന്ദിയുണ്ടെന്ന് ചിന്ത ജെറോം പറഞ്ഞു. സംഭവിച്ചത് സാന്ദർഭികമായ പിഴവാണ്. മനുഷ്യ സഹജമായ തെറ്റാണതെന്നും പുസ്തക രൂപത്തിലാക്കുമ്പോൾ പിശക് തിരത്തുമെന്നും ചിന്ത പറഞ്ഞു. ഒരു വരിപോലും മറ്റൊരിടത്ത് നിന്നും പകർത്തിയെഴുതിയിട്ടില്ലെന്നും ചില ലോഖനങ്ങളുടെ ആശയം ഉൾക്കൊള്ളുക മാത്രമാണ് ചെയ്തതെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് പറഞ്ഞു. വാക്കുകൾ പലപ്പോഴും ഇടറി. ഇക്കാര്യത്തിൽ തനിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടെന്നും മാനുഷികമായ തെറ്റ് പറ്റിയെന്നും ചിന്ത പറഞ്ഞു. തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തലെന്ന് പറഞ്ഞ ചിന്ത വിമർശകർക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും പത്രസമ്മേളനത്തിൽ പറഞ്ഞു.

'വാഴക്കുലയുമായി ബന്ധപ്പെട്ട പരാമർശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല. സാന്ദർഭികമായ ഉദാഹരണമായാണ് അത് ഉപയോഗിച്ചത്. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മാനുഷികമായ തെറ്റ് പറ്റി. ചൂണ്ടിക്കാണിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി. പുസ്തകരൂപത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തിൽ അത് ശ്രദ്ധിക്കും. പർവതീകരിച്ചുകൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധമായ പരാമർശങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തുന്നത്. വിമർശകർക്ക് ഹൃദയം നിറഞ്ഞ നന്ദി.'- ചിന്ത പറഞ്ഞു.

പ്രബന്ധത്തിൽ കോപ്പിയടിയുണ്ടെന്ന ആരോപണത്തോടും അവർ പ്രതികരിച്ചു. മോഷണം ഉണ്ടായിട്ടില്ലെന്നും ആശയം ഉൾക്കൊണ്ടിട്ടുണ്ടെന്നും അവർ അറിയിച്ചു. ഇത് റഫറൻസിൽ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ബോധി കോമൺസിൽ നിന്ന് ഉൾപ്പെടെ നിരവധി ആർട്ടിക്കിളുകൾ വായിച്ചാണ് പ്രബന്ധം പൂർത്തീകരിച്ചത്. ഒരു വാക്യം പോലും പകർത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. വിവാദങ്ങൾക്ക് പിന്നാലെ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം പരിശോധിക്കാനൊരുങ്ങുകയാണ് കേരള സർവകലാശാല. നാലംഗ വിദഗ്ധ സംഘം പ്രബന്ധം പരിശോധിക്കും. പ്രബന്ധത്തിനെതിരെ വന്ന പരാതി വിശദ്ധമായി പരിശോധിക്കാനാണ് തീരുമാനം. വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് എഴുതിയതും ഓൺലൈൻ മാധ്യമത്തിൽ വന്ന ലേഖനം കോപ്പിയടിച്ചെന്ന പരാതിയുമാണ് സമിതി അന്വേഷിക്കുക.

പ്രബന്ധത്തിലെ തെറ്റുകളും കോപ്പിയടിയും റിപ്പോർട്ടിൽ ശരിവച്ചാൽ ചിന്ത ജെറോമിന് നൽകിയ ഡോക്ടറേറ്റ് റദ്ദാക്കി പ്രബന്ധം വീണ്ടും സമർപ്പിക്കാൻ നിർദ്ദേശിക്കേണ്ടി വരും. ഇതിനൊപ്പം ഫെലോഷിപ്പ് തിരികെ പിടിക്കുന്നതുൾപ്പെടെയുള്ള നടപടികളുമെടുക്കാം. ഇതിനിടെയാണ് വിശദീകരണവുമായി ചിന്ത എത്തിയത്. ചിന്തയുടെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗവർണർക്കും കേരള സർവകലാശാല വിസിക്കും നൽകിയ നിവേദനത്തിലാണ് ആവശ്യമുയർത്തിയത്. നവ ലിബറല് കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം.

ഇംഗ്ലീഷ് സാഹിത്യത്തിൽ ചിന്ത ഗവേഷണം പൂർത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളിയെന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി.

പിന്നാലെ ബോധി കോമൺസ് എന്ന വെബ്സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയർന്നു. ബോധി കോമൺസ് എന്ന വെബ്സൈറ്റിൽ മലയാള സിനിമയെ കുറിച്ചുള്ള ദ് മൈൻഡ് സ്പേസ് ഓഫ് മെയിൻസ്ട്രീം മലയാള സിനിമ എന്ന ലേഖനം കോപ്പിയടിച്ചെന്നാണ് പരാതി. പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളെ നിശിതമായി വിമർശിച്ചിക്കുന്നതാണ് ലേഖനം. സമാന ആശയവും വരികളുമാണ്, നവലിബറൽ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയ ശാസ്ത്ര അടിത്തറ എന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലും ഉള്ളതെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിയുടെ പരാതിയിൽ പറയുന്നത്.

ആര്യൻ സിനിമ പറയുന്നതിടത്താണ് വാഴക്കുല പരാമർശവുമുള്ളത്. എന്നാൽ ആര്യനിൽ മോഹലാലിന്റെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവാരെന്ന് പറയുന്നുമുണ്ട്. സിനിമ പോലും കാണാതെയാണോ പ്രബന്ധം തയ്യാറാക്കിയതെന്നതടക്കമുള്ള ആരോപണങ്ങളാണ് ചിന്തക്കെതിരെ ഉയർന്നത്. ഇതിന്റെ പേരിൽ ചിന്തയുടെ ഗൈഡിനെതിരെവരെ നടപടിയെടുക്കാനുള്ള വകുപ്പുകൾ യൂണിവേഴ്‌സിറ്റിയുടെ നിയമാവലിയിലുണ്ട്. കേരള സർവകലാശാല പി.വി സി.യായിരുന്നു ചിന്തയുടെ ഗൈഡ്.

തെറ്റ് കണ്ടെത്താൻ ഗൈഡായിരുന്ന മുൻ പി.വി സി. പി.പി. അജയകുമാറിനും മൂല്യനിർണയം നടത്തിയവർക്കും കഴിയാത്തതിനെതിരെയും പരാതികളുണ്ട്. ഓപ്പൺ ഡിഫൻസിൽ പോലും ഒരു ചർച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്ടറേറ്റ് നൽകുന്നതെന്ന ചോദ്യമാണ് കേരള സർവകലാശാല നേരിടുന്നത്. സർവകലാശാല മൂല്യനിർണയരീതിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP