Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചട്ടങ്ങൾ പാലിച്ചാണ് ആനയിറങ്കൽ ക്യാമ്പ് റിസോർട്ട് ഏറ്റെടുത്തതെന്നും ഉദ്യോഗസ്ഥരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നടപടികൾ വേഗത്തിലാക്കിയതെന്നും സബ് കളക്ടർ പ്രേംകൃഷ്ണൻ; ചിന്നക്കനാലിൽ വെള്ളൂക്കുന്നേൽ കുടുംബം കൈയേറിയ കെട്ടിടങ്ങളും ഭൂമിയും ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു; കെട്ടിടങ്ങൾ സർക്കാർ ഏജൻസിക്ക് കൈമാറിയേക്കും

ചട്ടങ്ങൾ പാലിച്ചാണ് ആനയിറങ്കൽ ക്യാമ്പ് റിസോർട്ട് ഏറ്റെടുത്തതെന്നും ഉദ്യോഗസ്ഥരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നടപടികൾ വേഗത്തിലാക്കിയതെന്നും സബ് കളക്ടർ പ്രേംകൃഷ്ണൻ; ചിന്നക്കനാലിൽ വെള്ളൂക്കുന്നേൽ കുടുംബം കൈയേറിയ കെട്ടിടങ്ങളും ഭൂമിയും ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു; കെട്ടിടങ്ങൾ സർക്കാർ ഏജൻസിക്ക് കൈമാറിയേക്കും

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ചിന്നക്കനാലിൽ വെള്ളൂക്കുന്നേൽ കുടുംബം കൈയേറി നിർമ്മിച്ച റിസോർട്ട് കെട്ടിടങ്ങളും ഭൂമിയും സർക്കാർ ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. റവന്യൂവകുപ്പിന്റെ നടപടിക്കെതിരെ കെട്ടിട ഉടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇനി ലാന്റ് റവന്യൂകമ്മീഷണർ അടക്കമുള്ള ഉദ്യഗസ്ഥർക്ക് പരാതി സമർപ്പിക്കുന്നതിനാണ് കോടതി ഹർജിക്കാരോട് നിർദ്ദേശിച്ചിട്ടുള്ളത്.ഇതോടെ പിടിച്ചെടുത്ത കൂറ്റൻ ബ്ലംഗ്ലാവും 16 കെട്ടിടങ്ങളും സർക്കാരിന്റെ ആസ്തി കണക്കിലായി. അടുത്ത കാലത്ത് മൂന്നാറിൽ നടന്ന ഏറ്റവും വലിയ ഏറ്റെടുക്കൽ നപടിയായിരുന്നു ഇതെന്നാണ് റവന്യൂവകുപ്പ് അധികൃതർ വിശദീകരിക്കുന്നത്.

ഇത് വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളിൽ ആർക്കെങ്കിലും കൈമാറുന്നതിനാണ് നീക്കം നടക്കുന്നത്.കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷനെയും ഇക്കാര്യത്തിൽ സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. കോടികൾ വിലവരുന്ന കെട്ടിടസമുച്ചയം ഏറ്റെടുക്കുന്നതിന് നേതൃത്വം നൽകിയ ദേവികുളം സബ്ബ്കളക്ടർ പ്രേംകൃഷ്ണനെ റവന്യൂവകുപ്പ് മന്ത്രി അഭിനന്ദിച്ചു. ചട്ടങ്ങൾ പാലിച്ചാണ് റിസോർട്ട് ഏറ്റെടുത്തതെന്നും തക്കസമയത്ത് ഉദ്യോഗസ്ഥരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നടപടികൾ വേഗത്തിലാക്കിയതെന്നും സബ്ബ്കളക്ടർ പ്രേംകൃഷ്ണൻ മറുനാടനോട് വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ ആരംഭിച്ച നടപടികൾ രാത്രിയിലാണ് പൂർത്തിയായത്.ചിന്നക്കനാൽ ആനയിറങ്കൽ ഡാമിന് സമീപം സർവേ നമ്പർ 34/1,509ൽപ്പെട്ട 9.53 ഏക്കർ ഭൂമിയാണ് വെള്ളൂക്കുന്നേൽ ജിമ്മി സക്കറിയ കൈയേറി റിസോർട്ടും ടെന്റ് ക്യാമ്പുകളും സ്ഥാപിച്ചിരുന്നത്. ഭൂമിയിൽ നിർമ്മിച്ച കൂറ്റൻ ബംഗ്ലാവ്, ആനയിറങ്കൽ ക്യാമ്പ് എന്ന പേരിലുള്ള റിസോർട്ട് പ്രവർത്തിച്ചിരുന്ന 16 കെട്ടിടങ്ങൾ, കലിപ്‌സോ എന്ന പേരിൽ നടത്തിയിരുന്ന ടെന്റ് ക്യാമ്പിംങ് എന്നിവയാണ് റവന്യൂ സംഘം ഏറ്റെടുത്തത്.

സബ്ബ് കളക്ടറെ കൂടാതെ ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ, ഭൂരേഖാ തഹസിൽദാർ കെ.എസ്.ജോസഫ്, ചിന്നക്കനാൽ വില്ലേജ് ഓഫീസർ സുനിൽ കെ.പോൾ, സ്പെഷ്യൽ വില്ലേജ് ഓഫീസർ ശ്രീനിവാസ്, താലൂക്ക് സർവേ സംഘാംഗങ്ങൾ, ഭൂസംരക്ഷണ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഏറ്റെടുക്കൽ. മൂന്നാർ എ.എസ്‌പി. സ്വപ്നിൽ എം.മഹാജന്റെ നേതൃത്വത്തിൽ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.

വെള്ളിയാഴ്ച ഏറ്റെടുക്കൽ സംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നു.ശനിയാഴ്ച കെട്ടിടമൊഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസും നൽകി.ഏതാനും ദിവസംകൂടി കഴിഞ്ഞിട്ട് നടപടികളിലേയ്ക്ക് കടക്കാമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ.ഇതിനിടയിലാണ് തിങ്കളാഴ്ച കെട്ടിട ഉടമകൾ കോടതിയെ സമീപിക്കാൻ നീക്കം നടത്തുന്നതായി സബ്ബ്കളക്ടർ ഉൾപ്പെടെയുള്ളവർക്ക് സൂചന ലഭിക്കുന്നത്.തുടർന്ന് ഞായറാഴ്ച രാവിലെ തന്നെ കെട്ടിടം ഏറ്റെടുക്കാൻ ഉദ്യോഗസ്ഥ സംഘം തീരുമാനിക്കുകയായിരുന്നു.

നാല് വർഷം നീണ്ട നിയമ നടപടികൾക്കൊടുവിലാണ് ഇക്കാര്യത്തിൽ സർക്കാർ നീക്കം വിജയിച്ചത്.സബ് കളക്ടർ നടത്തിയ പരിശോധനയിൽ വ്യാജ രേഖകൾ ചമച്ച് സർക്കാർ ഭൂമി കൈയേറുകയാണ് ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. പ്രകൃതിമനോഹരമായ പ്രദേശത്തെ ടൂറിസം സാധ്യതകൾ കണ്ട് അവിടെനിന്നും അരക്കിലോമീറ്റർ ദൂരത്തുള്ള ഭൂമിക്ക് ലഭിച്ച പട്ടയത്തിന് സമാനമായ വ്യാജരേഖ സൃഷ്ടിച്ചാണ് കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി കൈയേറിയത്.

മൂന്നാർ ദൗത്യസംഘത്തിന്റെ അന്വേഷണത്തിൽ പോലും കണ്ടെത്താൻ കഴിയാത്ത തട്ടിപ്പാണ് സബ്ബ് കളക്ടറുടെ നേതൃത്വത്തിൽ കണ്ടെത്തിയത്.ജിമ്മി സക്കറിയായ്ക്കെതിരേ കേസെടുക്കാനും സബ് കളക്ടർ ഉത്തരവിട്ടു. ജിമ്മി സക്കറിയുടെ മൂത്ത സഹോദരൻ ടോം സക്കറിയ പാപ്പാത്തിച്ചോലയിൽ ഭൂമി കൈയേറി സ്ഥാപിച്ച കൂറ്റൻ കുരിശ് രണ്ടുവർഷം മുമ്പ് അന്നത്തെ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ നീക്കിയിരുന്നു.

ജിമ്മി സക്കറിയ കൈയേറിയ സർക്കാർ ഭൂമി പട്ടയ സ്‌കെച്ചിന്റെ അടിസ്ഥാനത്തിൽ അളന്നു തിട്ടപ്പെടുത്താൻ 2016-ൽ തഹസിൽദാർ താലൂക്ക് സർവേയരായിരുന്ന എം.എസ്.അനൂപിന് നിർദ്ദേശം നൽകിയിരുന്നു.എന്നാൽ, ഇയാൾ കൃത്യമായി അളവ് നടത്താതെ ഒത്തുകളിച്ചതായി സബ് കളക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.

സ്പിരിറ്റ് ഇൻ ജീസസ് മേധാവി ടോം സക്കറിയയുടെ കുടുംബം നടത്തിയ കയ്യേറ്റങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ചിന്നക്കനാലിൽ സർക്കാർ ഭൂമി സ്വന്തമാക്കാൻ ഇവർ വില്ലേജ് ഓഫിസിൽ അതിക്രമിച്ചു കയറി ഭൂമിപതിവ് രേഖകൾ അപഹരിച്ചിരുന്നു. വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി രേഖകൾ സ്വന്തമാക്കിയ ടോം സക്കറിയയുടെ സഹോദരൻ ബോബി സക്കറിയ, അപഹരിച്ച രേഖകളിൽ കൃത്രിമം കാട്ടി ഏക്കർകണക്കിനു ഭൂമിയും സ്വന്തമാക്കി.ഇക്കാര്യത്തിൽ ഇടത് - വലത് മുന്നണി നേതാക്കളെ സ്വാധീനിച്ച് കയ്യേറ്റമാഫിയ അന്വേഷണവും അട്ടിമറിച്ചതായുള്ള വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP