Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിവർഷം 30 ലക്ഷം പാമ്പുകളെ വളർത്തി വിറ്റിരുന്ന ​ഗ്രാമം പാമ്പ് കൃഷി ഉപേക്ഷിച്ചു; പേരുകേട്ട റസ്റ്റോറന്റുകളും പാമ്പിറച്ചിയുടെ വിഭവങ്ങൾ ഒഴിവാക്കി; പാമ്പിനെ വളർത്തുന്നതിനുള്ള പെർമിറ്റ് റദ്ദാക്കി ഭരണകൂടവും; വെറ്റ് മാർക്കറ്റുകൾ പൂട്ടിയില്ലെങ്കിലും പാമ്പിറച്ചിയെ പേടിയോടെ നോക്കി ചൈനീസ് ജനത; കൊവിഡ്19നെ മനുഷ്യർക്ക് തന്നത് പാമ്പ് തന്നെയോ?

പ്രതിവർഷം 30 ലക്ഷം പാമ്പുകളെ വളർത്തി വിറ്റിരുന്ന ​ഗ്രാമം പാമ്പ് കൃഷി ഉപേക്ഷിച്ചു; പേരുകേട്ട റസ്റ്റോറന്റുകളും പാമ്പിറച്ചിയുടെ വിഭവങ്ങൾ ഒഴിവാക്കി; പാമ്പിനെ വളർത്തുന്നതിനുള്ള പെർമിറ്റ് റദ്ദാക്കി ഭരണകൂടവും; വെറ്റ് മാർക്കറ്റുകൾ പൂട്ടിയില്ലെങ്കിലും പാമ്പിറച്ചിയെ പേടിയോടെ നോക്കി ചൈനീസ് ജനത; കൊവിഡ്19നെ മനുഷ്യർക്ക് തന്നത് പാമ്പ് തന്നെയോ?

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്: കൊവിഡ്19 ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയും വുഹാൻ ന​ഗരവും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. ഇപ്പോഴും ലോകത്തിന് മുന്നിൽ ഉത്തരമില്ലാത്ത രണ്ട് ചോദ്യങ്ങളാണ് ഈ മാരക വൈറസ് എങ്ങനെ ഉത്ഭവിച്ചു എന്നും ഇതിനെ പ്രതിരോധിക്കാനുള്ള വാക്സിൻ എന്ന് കണ്ടെത്തും എന്നും. കൊറോണയെ പ്രതിരോധിക്കാൻ ഹൈഡ്രോക്സി ക്ലോറിക്വിൻ പോലുള്ള ചില മരുന്നുകളും എയ്ഡസ് രോ​ഗികൾക്ക് നൽകുന്ന മരുന്നുകളും ഒക്കെയാണ് ഇപ്പോൾ നൽകുന്നത്. വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും നടക്കുന്നുമുണ്ട്. എന്നാൽ, എങ്ങിനെ ഈ വൈറസ് മനുഷ്യരിലേക്കെത്തി എന്ന ചോദ്യം ഇപ്പോഴും ബാക്കിയാകുന്നു. പ്രധാനമായും വവ്വാലിൽ നിന്നാണ് കൊറോണ വൈറസ് ഉൽഭവിച്ചതെന്ന് ഒരു വിഭാഗം ആരോ​ഗ്യ വിദ്ഗധർ പറയുന്നുണ്ട്. എന്നാൽ പാമ്പിറച്ചിയിൽ നിന്നോ ഈനാംപേച്ചിയിൽ നിന്നോ ആണ് ഈ വൈറസ് ഉത്ഭവിച്ചതെന്ന വാദവും ചൈനയിൽ ഉയരുന്നുണ്ട്. ഇവയിലേതായാലും ഈ മൂന്ന് ജീവികളുടെയും മാംസം കൊവിഡ് ഉത്ഭവിച്ചു എന്ന് സംശയിക്കുന്ന വുഹാനിലെ മാംസവിൽപ്പനകടകളിൽ ഉണ്ടായിരുന്നു.

ഇപ്പോൾ, കൊവിഡിന് ശേഷമുള്ള രണ്ടാം വരവിൽ ചൈനീസ് ജനത പാമ്പിറച്ചി ഉപേക്ഷിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. കൊവിഡ്-19 ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിൽ പാമ്പുകളുടെ കച്ചവടത്തിൽ കാര്യമായ ഇടിവ് സംഭവിച്ചു. ഭക്ഷണത്തിനും മരുന്നിനുമായി പാമ്പുകളെ വലിയ രീതിയിൽ ഉൽപാദിപ്പിച്ച് വിൽക്കുന്ന സിസിക്വോ എന്ന ഗ്രാമത്തിൽ ഇപ്പോൾ പാമ്പു കൃഷി തന്നെ നിലച്ചിരിക്കുകയാണ്. ഒരു വർഷം 30 ലക്ഷം പാമ്പുകളെ വളർത്തി കച്ചവടം ചെയ്തിരുന്ന ഗ്രാമത്തിലാണ് പാമ്പു കൃഷി നിലച്ചത്. ഈ ഗ്രാമത്തിലെ പാമ്പിറച്ചിക്ക് പേരുകേട്ട ഒരു റെസ്റ്റോറന്റിലെ ബോർഡിലെഴുതിയ പാമ്പുകൾ എന്ന വാക്കും മാറ്റിയിട്ടുണ്ട്.

ഈ ഗ്രാമത്തിൽ പാമ്പുകളെ വളർത്താനുള്ള പെർമിറ്റ് അധികൃതർ റദ്ദാക്കിയിട്ടുണ്ട്. ഈ ഗ്രാമത്തിന്റെ വരുമാന സ്രോതസ്സുകളിലൊന്നാണ് പാമ്പിറച്ചി വിൽപ്പന. റസ്‌റ്റോറന്റുകളിലേക്കും മെഡിക്കൽ ആവശ്യത്തിനും ഗ്രാമവാസികൾ വളർത്തുന്ന പാമ്പിനെയായിരുന്ന വാങ്ങാറ്. നാലു പതിറ്റാണ്ടായി ഈ ഗ്രാമം തുടർന്നു വരുന്ന വ്യവസായമാണ് കൊവിഡോടെ നിലച്ചു പോയിരിക്കുന്നത്. കൊവിഡ് പൂർണമായും തുടച്ചു നീക്കിയാലും വന്യജീവികളുടെ മാംസ വിൽപ്പനയ്ക്ക് ചൈനയിൽ നിയന്തണം ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ കൊവിഡ് പരന്നത് പാമ്പിറച്ചിയിലൂടെയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് വന്നിരുന്നു. ഈ വാർത്ത പ്രചരിച്ചതിനു പിന്നാലെയാണ് ഇവിടെ പാമ്പുവിൽപ്പന നിലച്ചത്. ഒപ്പം ജനുവരി 23 മുതൽ ചൈനയിൽ വന്യജീവികളുടെ മാംസ വിൽപ്പനയ്ക്ക് താൽക്കാലിക നിയന്ത്രണം കൊണ്ടു വന്നതും കച്ചവടത്തെ ബാധിച്ചു. ഇതിനു പുറമെ ചൈനയിൽ 13 പ്രദേശങ്ങളിൽ വന്യജീവി മാസംവിൽപ്പനയെ നിയന്ത്രിക്കുന്ന നിയന്ത്രണവും നടപ്പാക്കിയിട്ടുണ്ട്.

ചൈനയിലെ നാഷണൽ ജിയോഗ്രാഫിക് റിപ്പോർട്ട് പ്രകാരം 54 വർഗത്തിലുള്ള ജീവികളെ ഭക്ഷണത്തിനായി വളർത്താൻ അനുവദിക്കുന്നു. നീർനായ്, ഒട്ടകപക്ഷി, ഹാംസ്റ്റെർ ( എലി വർഗത്തിലുള്ള ഒരു ജീവി), കടലാമകൾ, മുതലകൾ, പാമ്പുകൾ, പക്ഷികൾ എന്നിവയെയാണ് വളർത്താൻ അനുമതിയുള്ളത്. ഈ ജന്തുക്കളെ വില്ക്കുന്ന നൂറിലധികം വൻകിട വെറ്റ് മാർക്കറ്റുകൾ ചൈനയിൽ ഉണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.ചൈനയിലെ വുഹാനിലെ വെറ്റ് മാർക്കറ്റിൽ നിന്നാണ് വൈറസ് വ്യാപനം ആരംഭിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ചൈനയിലെ വെറ്റ് മാർക്കറ്റുകൾ എന്നും പകർച്ച വ്യാധികളുടെ ഒരു പ്രഭവ കേന്ദ്രമെന്നാണ് ശാസ്ത്ര സമൂഹത്തിന്റെ കണക്കുകൂട്ടൽ. ഭക്ഷണത്തിനായി ജീവനുള്ളതും ചത്തതും കൊന്നതുമായ ജീവികളെ വിൽക്കുന്ന സ്ഥലമാണ് വെറ്റ് മാർക്കറ്റ്. മത്സ്യം, വിവിധയിനം പക്ഷികൾ, നീർനായ്, തുരപ്പൻ കരടി ( ബാഡ്ജേഴ്സ്), വവ്വാലുകൾ, ഈനാംപേച്ചി (പാംഗോളിൻസ്), ആമകൾ എന്നിവയുടെ ഇറച്ചി വിൽക്കുന്ന സ്ഥലമാണ് വെറ്റ് മാർക്കറ്റ്. ഇവിടെനിന്നും ഒഴുകുന്ന കശാപ്പ് മാലിന്യങ്ങൾ, മലിനജലം എന്നിവയിലൂടെയാണ് വൈറസുകൾ പരക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് അമേരിക്കൻ പത്രമായ ദി ഹിൽ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള വെറ്റ് മാർക്കറ്റുകൾ എന്നും വളരെ കുപ്രസിദ്ധമാണ്.

കൊറോണ വൈറസ് വ്യാപനത്തിന് കാരണം വുഹാനിലെ വെറ്റ് മാർക്കറ്റാണെന്ന വാദം ശക്തമായി ഇപ്പോഴുമുണ്ട്. ചൈനയിലെ ഇത്തരത്തിലുള്ള വെറ്റ് മാർക്കറ്റുകൾ ലോകത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. തികച്ചും സുരക്ഷിതമില്ലാത്തതും ശുചിത്വമില്ലാത്ത സാഹചര്യങ്ങളിലുമാണ് ഈ മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP