Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ആദ്യമായി പടർന്ന ചൈന സാധാരണ ജീവിതത്തിലേക്ക്; അടുത്ത ആഴ്‌ച്ച മുതൽ സ്കൂളുകൾ പൂർണമായും തുറക്കും; മാസ്‌കും സാമൂഹ്യ അകലവും ഇപ്പോഴും നിർബന്ധം; രാജ്യത്ത് ഇനി ആകെയുള്ളത് 288 കോവിഡ് രോഗികൾ മാത്രം

കോവിഡ് ആദ്യമായി പടർന്ന ചൈന സാധാരണ ജീവിതത്തിലേക്ക്; അടുത്ത ആഴ്‌ച്ച മുതൽ സ്കൂളുകൾ പൂർണമായും തുറക്കും; മാസ്‌കും സാമൂഹ്യ അകലവും ഇപ്പോഴും നിർബന്ധം; രാജ്യത്ത് ഇനി ആകെയുള്ളത് 288 കോവിഡ് രോഗികൾ മാത്രം

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ തയ്യാറെടുത്ത് ചൈന. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട രാജ്യം വൈറസിനെ പൂർണമായും വരുതിയിലാക്കിയാണ് അൺ ലോക്ക് പ്രക്രിയ പൂർണമാക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാ​ഗമായി രാജ്യത്തെ സ്‌കൂളുകൾ അടുത്തയാഴ്ചയോടെ പൂർണമായും തുറക്കും. മാസ്‌ക് നിർബന്ധമാക്കിയും സാമൂഹ്യ അകലം ഉറപ്പാക്കിയുമാവും സ്‌കൂളുകളുടെ പ്രവർത്തനം. കോളേജുകളിലെ അണ്ടൻഗ്രാജ്വേറ്റ് കോഴ്‌സുകളും അടുത്തയാഴ്ചയോടെ സാധാരണ നിലയിലാകും. ഇപ്പോഴും സ്കൂളിൽ പോകാൻ സാഹചര്യമില്ലാത്ത 25 ശതമാനം വിദ്യാർത്ഥികളും തിങ്കളാഴ്ച ക്ലാസുകളിലേക്ക് മടങ്ങും. കോളേജ് ബിരുദധാരികളും അടുത്തയാഴ്ച കാമ്പസിലേക്ക് മടങ്ങും. ബീജിങ് നഗരത്തിലെ സ്ഥാപനങ്ങളിൽ 600,000 പേർക്കും പരീക്ഷകൾ നടത്താനും ഭരണകൂടം ഉത്തരവിട്ടു.

ഒൻപത് പേർക്ക് മാത്രമാണ് വെള്ളിയാഴ്ച ചൈനയിൽ കോവിഡ് സ്ഥിരീകരിച്ചത്. പുറത്തുനിന്ന് വന്നവരാണ് ഇവരെല്ലാം. 288 കോവിഡ് രോഗികൾ മാത്രമാണ് നിലവിൽ ചൈനയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 361 പേർ ഐസൊലേഷനിൽ കഴിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയിലെ സ്‌കൂളുകൾ തിങ്കളാഴ്ചയോടെ പൂർണമായും തുറക്കാനൊരുങ്ങുന്നത്. ചൈനയിലെ വുഹാൻ നഗരത്തിൽനിന്നാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. 85,013 പേർക്ക് ചൈനയിൽ കോവിഡ് ബാധിച്ചു. 4634 പേർ കോവിഡ് ബാധിച്ച് മരിച്ചു.

ചൈന സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതായി രണ്ടാഴ്‌ച്ച മുമ്പ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൊറോണ വൈറസ് പകർച്ചവ്യാധിയെ മറികടക്കാൻ ഇപ്പോഴും പാടുപെടുന്ന ലോകത്തിലെ മിക്ക രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി അടിപൊളി ജീവിതവുമായി ചൈന വീണ്ടും സജീവമായിരിക്കുകയാണ്. വൈറസ് ബാധ ലോകത്ത് തന്നെ ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനീസ് ന​ഗരമായ വുഹാനിൽ നടന്ന പാർട്ടി ഒരാഴ്‌ച്ച മുമ്പാണ് ലോകം ചർച്ച ചെയ്തത്. ഓഗസ്റ്റ് 15 ന് വുഹാനിലെ വുഹാൻ മയ ബീച്ച് വാട്ടർ പാർക്കിൽ 2020 ഹോഹ വാട്ടർ ഇലക്ട്രിക്കൽ മ്യൂസിക്കൽ ഫെസ്റ്റിവൽ നടന്നു. ആയിരക്കണക്കിന് ആളുകളാണ് മാസ്കോ ശാരീരിക അകലമോ ഇല്ലാതെ പാർട്ടിയിൽ പങ്കെടുത്തത്.

കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി, ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവലിന്റെ സംഘാടകർ വനിതാ വിനോദ സഞ്ചാരികൾക്ക് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിരുന്നു. തീം പാർക്ക് ഹാപ്പി വാലി വുഹാന്റെ ഉടമസ്ഥതയിലുള്ളതാണ്. കേവിഡിനെ തുടർന്ന് അത് 2020 ജൂൺ 25 ന് വീണ്ടും തുറന്നെങ്കിലും സന്ദർശകർ കുറവായിരുന്നു. ഇതോടെയാണ് സംഘാടകർ ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചത്. മയ ബീച്ച് വാട്ടർ പാർക്കിലെ ഈ കാഴ്ച വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ലോകരാജ്യങ്ങൾ കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കിക്കൊണ്ടിരിക്കെയാണ് വുഹാനിലെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്ന വാർത്ത പ്രതീക്ഷ നൽകുന്നത്. 2020 ജൂലൈ 11 ന് ആരംഭിച്ച 2020 ഹോഹ വാട്ടർ ഇലക്ട്രിക്കൽ മ്യൂസിക്കൽ ഫെസ്റ്റിവൽ 2020 ഓഗസ്റ്റ് 30 ന് അവസാനിക്കും.

2019 ഡിസംബറിലായിരുന്നു വുഹാനിൽ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. ഡിസംബർ 30ന് വുഹാൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ പ്രിവൻഷൻ സെന്ററിൽ അകാരണമായുള്ള ന്യുമോണിയ ബാധിച്ച് ഒരാൾ എത്തിയതിനെത്തുടർന്ന് ന്യുമോണിയ ബാധിച്ച് എത്തുന്നവർക്ക് അടിയന്തര ശ്രദ്ധ നല്കി പ്രത്യേകം ചികിത്സിക്കണമെന്ന് ഡിസംബർ 30ന് വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു.

ആദ്യ കേസ് റിപ്പോർട്ട് ചെയ്തതു മുതൽ മൂന്ന് മാസം കർശന ലോക്ഡൗൺ ആണ് ചൈനയിൽ ഏർപ്പെടുത്തിയത്. മൂന്ന് മാസത്തിനു ശേഷം രോഗവ്യാപനം നിയന്ത്രിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും ചൈനയ്ക്ക് കഴിഞ്ഞു. 2020 ജനുവരി 23 നാണ് വുഹാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. പതിനേഴ് പേർ കോവിഡ് ബാധിച്ച് മരിക്കുകയും 400 ലധികം പേർക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ലോക്ഡൗൺ പ്രാബല്യത്തിൽ വന്നത്. ഒരാഴ്ചയ്ക്ക് ശേഷം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗമാണ് കോവിഡ് എന്നും നിയന്ത്രണങ്ങൾ ലോകരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടി വരുമെന്ന കണ്ടെത്തലിൽ എത്തുകയും ചെയ്തു. പിന്നീടങ്ങോട്ട് പ്രതിരോധത്തിന്റെ നാളുകളായിരുന്നു.

ഏകദേശം 11 ലക്ഷത്തോളം പേർ പൂർണ്ണമായും നിയന്ത്രണങ്ങളിലാക്കി. പതിനായിരക്കണക്കിന് പേർ കർശന ക്വാറന്റീനിലാക്കി, പൊതുസ്ഥലങ്ങളിലെ കൂട്ടം ചേരലുകൾ ഒഴിവാക്കി- ഇതായിരുന്നു വുഹാനിലെ കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള ചൈനയുടെ പ്രധാന തന്ത്രം. ഇതിന്റെ ഫലമായി രോഗവ്യാപനം കുറയാൻ തുടങ്ങി. മാർച്ച് എട്ടു മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിത്തുടങ്ങി. പിന്നീട് ഏപ്രിൽ ആയപ്പോഴെക്കും ലോക്ഡൗൺ പൂർണ്ണമായും ഒഴിവാക്കി. അതോടെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നു.

സ്‌കൂൾ , സിനിമ തിയേറ്ററുകൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ വീണ്ടും പുനരാരംഭിച്ചു. പ്രതിരോധ സംവിധാനങ്ങളായ മാസ്‌കുകൾ ധരിച്ചും സാമൂഹിക അകലം പാലിച്ചും വുഹാനിലെ ജനത കൊവിഡിനെ അകറ്റി നിർത്തി. ഇന്ന് വുഹാനിൽ ജനജീവിതം സാധാരണനിലയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP