Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം പുകയുന്നു; സ്ഥിതിഗതികൾ വഷളായതിന് പിന്നാലെ അജിത് ദോവലും ബിപിൻ റാവത്തും മൂന്ന് സൈനിക തലവന്മാരുമായി കൂടിയാലോചിച്ച് പ്രധാനമന്ത്രി; ലഡാക്കിന് സമീപത്തെ വ്യോമതാവളവുമായി ചൈന മുന്നോട്ട് പോകുന്നത് ഭീഷണി; മൂന്നാഴ്ച കൊണ്ട് വൻതോതിൽ നിർമ്മാണ പ്രവർത്തനങ്ങളും സദാസജ്ജമായ നാല് പോർവിമാനങ്ങളും; ചൈനയുടെ സന്നാഹങ്ങൾക്ക് ചുട്ട മറുപടി കൊടുക്കാൻ കൂടുതൽ സൈനികരെ ഇറക്കും; സംഘർഷം നീണ്ടുപോകുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, സംയുക്ത സൈനിക മേധാവി ബിപിൻ റാവത്, മൂന്ന് സേനാവിഭാഗങ്ങളുടേയും മേധാവികൾ എന്നിവരുമായി ചർച്ച നടത്തി.പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് സൈനിക മേധാവിമാരുമായി ചർച്ച നടത്തിയിരുന്നു. അതിർത്തിയിലെ സാഹചര്യങ്ങൾ കരസേനാ മേധാവി ജനറൽ എംഎം നരവനേ പ്രതിരോധ മന്ത്രിയോട് വിശദീകരിച്ചിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നതതലയോഗം ചേർന്ന് സ്ഥിതി വിലയിരുത്തിയത്. വിദേശകാര്യ സെക്രട്ടറിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) സംബന്ധിച്ച തർക്കങ്ങളാണ് രൂക്ഷമായത്. തുടർന്ന് ഗുൽദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിധ്യം വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചു.

മെയ് ആദ്യവാരം മുതൽ സിക്കിം അതിർത്തിക്ക് സമീപം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യൻ സേന തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് ചൈന കൂടുതൽ സൈന്യത്തെ വിന്യസിച്ചതെന്നും ചൈന അറിയിച്ചു. നിയന്ത്രണരേഖയിലെ പട്രോളിങിനെ ചൈന തടസ്സപ്പെടുത്തുന്നുവെന്ന് ഇന്ത്യയും ആരോപിച്ചിരുന്നു. അതിർത്തിയിൽ ചൈനയുമായി ഇന്ത്യ തുടരുന്ന സംഘർഷം അനുദിനം വഷളാകുകയാണ്. അതിർത്തിയിൽ തർക്കം തുടരുന്ന പാംങ്കോംഗ് തടാകത്തിൽ നിന്നു വെറും 200 കിലോമീറ്റിനടുത്തുള്ള ചൈനയുടെ നഗാഡി കുൻഷ സൈനിക വിമാനത്താവളത്തിൽ കഴിഞ്ഞ മൂന്നാഴ്ച കൊണ്ടു വൻതോതിൽ നിർമ്മാണ പ്രവർത്തനങ്ങളും തയ്യാറെടുത്തു നിർത്തിയിരിക്കുന്ന നാലു പോർവിമാനങ്ങളും സാറ്റലൈറ്റ് ചിത്രങ്ങൾ കണ്ടെത്തി.

അതിർത്തിക്കടുത്ത് ഭൂതലത്തിൽ നിന്നു വളരെ ഉയർന്ന പ്രദേശത്തുള്ള വിമാനത്താവളത്തിൽ സമീപകാലത്ത് ആദ്യമായാണ് പോർവിമാനങ്ങൾ ചൈന സജ്ജമാക്കി നിർത്തിയിരിക്കുന്നതായി കണ്ടത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) 5,000 സൈനികരെയെങ്കിലും കിഴക്കൻ ലഡാക്ക് അതിർത്തിയിൽ വിന്യസിച്ചിട്ടുമുണ്ട്. 1999ലെ കാർഗിൽ യുദ്ധത്തിനു ശേഷം ആദ്യമാണ് ഈ പ്രദേശത്ത് ഇത്രയേറെ വലിയ സൈനിക നീക്കം നടക്കുന്നത്. നിയന്ത്രണരേഖയ്ക്ക് അഞ്ചു കിലോമീറ്ററിനുള്ളിൽ ഇന്ത്യ റോഡ് നിർമ്മാണം തുടങ്ങിയതിന്റെ പേരിലാണ് ചൈനയുടെ പുതിയ സമ്മർദ്ദനീക്കം.

നിയന്ത്രണ രേഖയിൽ രണ്ടാഴ്ചയായി തുടരുന്ന സംഘർഷം അയവില്ലാതെ തുടരുന്നതിനിടെയാണ് ചൈന കൂടുതൽ യുദ്ധ സന്നാഹങ്ങൾ ഇന്ത്യൻ അതിർത്തിയിൽ ഒരുക്കിയിതായി കണ്ടെത്തിയത്. കിഴക്കൻ ലഡാക്കിലെ പല മേഖലകളിലും ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ പലതവണ സംഘർഷങ്ങളുണ്ടായി. ചൈനയുടെ പിഎൽഎ സൈനികർ ഇന്ത്യൻ അതിർത്തിയിലേക്കു കടന്നുകയറാൻ നടത്തിയ ശ്രമങ്ങളെ ഇന്ത്യ ചെറുത്തതോടെയായിരുന്നു സംഘർഷം. അതിർത്തിയിലെ നിയന്ത്രണരേഖ ഇന്ത്യ ലംഘിച്ചതായുള്ള ചൈനയുടെ ആരോപണം ഇന്ത്യ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ് അഞ്ച്, ആറ് തീയതികളിലാണു ലഡാക്കിനടുത്തുള്ള പാങ്കോംഗ് തടാകപ്രദേശത്ത് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ സംഘർഷം തുടങ്ങിയത്. ഏപ്രിൽ ആറിന് ഇന്ത്യൻ വ്യോമസേന പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രത്തിൽ നിന്നു വലിയ തോതിലുള്ള വ്യത്യാസമാണ് മെയ് 21ലെ സാറ്റലൈറ്റ് ചിത്രത്തിലുള്ളത്. ചൈനയുടെ പഴയ റൺവേയുടെ സമീപത്തായി ഹെലികോപ്റ്ററുകൾക്കും മറ്റും പാർക്കു ചെയ്യാവുന്ന രണ്ടാമതൊരു റൺവേ കൂടി പുതുതായി നിർമ്മിച്ചിട്ടുണ്ട്.

വിമാനത്താവളത്തിൽ പുതിയ കെട്ടിടങ്ങളും മറ്റു നിരവധി പ്രധാന റൺവേയുടെ തുടക്കത്തിൽ നാലു ചൈനീസ് പോർ വിമാനങ്ങളാണ് ഏതു സമയവും പറന്നുയരാൻ സജ്ജമാക്കി പാർക്കു ചെയ്തിരിക്കുന്നത്. ജെ 11 അല്ലെങ്കിൽ ആറ് വിഭാഗത്തിൽ പെട്ട ചൈനയിൽ നിർമ്മിക്കുന്ന റഷ്യൻ സുഖോയി 27, 30 പോർവിമാനങ്ങളുടെ പുതിയ പതിപ്പിലുള്ളതാണ് പോർവിമാനങ്ങളെന്ന് ആകാശചിത്രത്തിൽ വ്യക്തമായിട്ടുണ്ട്.

കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ് യീ നടത്തിയ നൂറു മിനിറ്റു നീണ്ട പത്രസമ്മേളനത്തിൽ പക്ഷേ ഇന്ത്യയെക്കുറിച്ചു പരാമർശിച്ചതേയില്ല. മുമ്പ് ദോക്ലാം അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ തുടങ്ങിയ സംഘർഷം മാസങ്ങളോളം നീണ്ടിരുന്നു. ഇന്ത്യൻ സൈനികർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിനു വേണ്ടിയാണ് അതിർത്തിയിൽ നിന്ന് അഞ്ചു കിലോമീറ്ററോളം അടുത്ത് ഇന്ത്യ റോഡ് നിർമ്മിക്കുന്നത്. മറുവശത്ത് ചൈനയാകട്ടെ 500 മീറ്റർ വരെയടുത്തു നിരവധി റോഡുകളും നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടുമുണ്ട്.സിക്കിം, ലഡാക്ക് മേഖലകളിൽ ചൈനീസ് കടന്നുകയറ്റമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഡൽഹിയിലെ ഉന്നതതല യോഗങ്ങൾ. ലഡാക്കിനു സമീപം ചൈന വ്യോമതാവളം നിർമ്മിച്ചതിന്റെ ദൃശ്യങ്ങൾ ഒരു ദേശീയ മാധ്യമം പുറത്തുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP