Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതോടെ അക്‌സായി ചിൻ കൈവിടേണ്ടി വരുമോ എന്ന ഭീതിയിൽ ചൈന; ഏകപക്ഷീയമായ നടപടികൾ പാടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം; ഇന്ത്യൻ നടപടി ഇന്ത്യാ-പാക് സംഘർഷത്തിന് കാരണമാകും എന്ന് പറയുമ്പോഴും ലഡാക്കിനെ കുറിച്ച് മിണ്ടാതെ കമ്മ്യൂണിസ്റ്റ് രാജ്യം; അയൽരാജ്യങ്ങൾ കയ്യേറിയ ഭൂവിഭാഗങ്ങൾ മോദിയും സംഘവും തിരിച്ച് പിടിക്കുമോ എന്ന് ഉറ്റുനോക്കി ലോകം

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതോടെ അക്‌സായി ചിൻ കൈവിടേണ്ടി വരുമോ എന്ന ഭീതിയിൽ ചൈന; ഏകപക്ഷീയമായ നടപടികൾ പാടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം; ഇന്ത്യൻ നടപടി ഇന്ത്യാ-പാക് സംഘർഷത്തിന് കാരണമാകും എന്ന് പറയുമ്പോഴും ലഡാക്കിനെ കുറിച്ച് മിണ്ടാതെ കമ്മ്യൂണിസ്റ്റ് രാജ്യം; അയൽരാജ്യങ്ങൾ കയ്യേറിയ ഭൂവിഭാഗങ്ങൾ മോദിയും സംഘവും തിരിച്ച് പിടിക്കുമോ എന്ന് ഉറ്റുനോക്കി ലോകം

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്: കശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ രണ്ടായി വിഭജിച്ച കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് ചൈന. ഏകപക്ഷീയമായ നടപടികൾ പാടില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യയുടെ നടപടി ഇന്ത്യാ-പാക് സംഘർഷത്തിന് വഴിയൊരുക്കും എന്നും ചൈനീസ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി. കശ്മീരിനെ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച ഇന്ത്യാ ഗവൺമെന്റിന്റെ നടപടിയാണ് ചൈനയുടെ അതൃപ്തിക്ക് പിന്നിൽ.

കശ്മീരിലെ ലഡാക്ക് അതിർത്തിയിൽ പാൻഗോങ് തടാകത്തിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ചൈന പലപ്പോഴും ശ്രമിച്ചിട്ടുമുണ്ട്. ഏറ്റവുമൊടുവിൽ പാൻഗോങ് തടാകക്കരയിൽ ഇന്ത്യചൈന സൈനികർ വാക്കേറ്റത്തിലേർപ്പെടുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ലഡാക്കിൽ സ്ഥിതിചെയ്യുന്ന പാൻഗോങ് തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യൻ അതിർത്തിക്കുള്ളിലും 90 കിലോമീറ്റർ ചൈനീസ് പക്ഷത്തുമാണ്. 2014ൽ കിഴക്കൻ ലഡാക്കും തടാകത്തിന്റെ വടക്കേ തീരവും കേന്ദ്രീകരിച്ചും ചൈനയുടെ കടന്നുകയറ്റ ശ്രമവുമുണ്ടായിരുന്നു.

ജമ്മു കശ്മീരിലെ സിയാച്ചിൻ മഞ്ഞുമല (ഗ്ളേഷ്യർ)മുതൽ കാറക്കോറം മലനിര വരെയും തെക്ക് ഹിമാലയം വരെയും നീണ്ടുകിടക്കുന്ന ജമ്മുകശ്മീരിലെ ഭൂ വിഭാഗമാണ് ലഡാക്ക്. ടിബറ്റുമായി ചേർന്നു കിടക്കുന്ന ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാണ്. അതാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. ചൈന അവകാശം ഉന്നയിക്കുന്ന അക്സായി ചിൻ ഇവിടെ അതിർത്തിക്കടുത്താണ്. ലഡാക്കിലെ ഏറ്റവും വലിയ നഗരമാണ് ലേ. രണ്ടാമത്തെ നഗരമാണ് കാർഗിൽ.

ജമ്മു കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക്ക് ഇനി ദാമൻ ദിയു പോലെ കേന്ദ്രഭരണപ്രദേശമാണ്. കേന്ദ്രമാണ് ഇവിടം ഇനി ഭരിക്കുക, ജമ്മു കശ്മീർ സർക്കാരല്ല. മാനം മൂടുന്ന ഗിരിശൃംഗങ്ങളിൽ പടർന്നു കിടക്കുന്ന ഇവിടത്തെ വികസനത്തിന് കേന്ദ്രത്തിന്റെ ഭാഗമായിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ലഡാക്കിന്റെ മറുവശത്താണ് പാക്കിസ്ഥാന്റെ കൈവശമുള്ള ബാൾട്ടിസ്ഥാൻ. ഇന്ത്യക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്നവരുടെ നാടാണ് ബാൾട്ടിസ്ഥാൻ.

ലക്ഷദ്വീപ്, ചണ്ഡീഗഡ്, ആൻഡമാൻ, നിക്കോബാർ, ദാമൻ ദിയു തുടങ്ങിയവയ്ക്കു സമാനമായിരിക്കും ഇനി ലഡാക്കിലെ കേന്ദ്ര ഭരണം. ജമ്മു കശ്മീരിലാകട്ടെ ഡൽഹി, പുതുച്ചേരി എന്നിവിടങ്ങളിലുള്ളതു പോലെയും. ഇവിടങ്ങളിൽ ഗവർണർ പദവി ലഫ്. ഗവർണർ സ്ഥാനമായി മാറും. റൺബീർ സിങ് രാജാവിന്റെ കാലത്തു രൂപം കൊടുത്ത കശ്മീരിന്റെ 'സ്വന്തം' റൺബീർ പീനൽ കോഡ് (ആർപിസി) മാറി ഇനി ഇന്ത്യൻ പീനൽ കോഡിനു കീഴിലായിരിക്കും സംസ്ഥാനം. കശ്മീരിലെ സ്ഥിരതാമസക്കാർ, പുറത്തു നിന്നുള്ളവർ എന്നീ വേർതിരിവും ഇനി അപ്രത്യക്ഷമാകും.

ഇതുവരെ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ കീഴിലുള്ള പ്രദേശമായിരുന്നു ലഡാക്ക്. ലേ, കാർഗിൽ ജില്ലകൾ ഉൾപ്പെടുന്ന ലഡാക്ക് അതിശൈത്യം മൂലം ഇതരപ്രദേശങ്ങളുമായി വർഷത്തിൽ ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖലയാണ്. ജനസംഖ്യ വളരെ കുറവ്. ഇക്കഴിഞ്ഞ സെൻസസ് പ്രകാരം 2.74 ലക്ഷമാണ് ലഡാക്കിലെ ജനസംഖ്യ. 39.7 ശതമാനം ബുദ്ധമതക്കാരും 12.1 ശതമാനം ഹിന്ദുക്കളും 46.4 ശതമാനം മുസ്ലിങ്ങളുമാണ് ഇവിടെ. മലനിരകൾ നിറഞ്ഞ് സഞ്ചാരത്തിനുൾപ്പെടെ ഏറെ ബുദ്ധിമുട്ടുള്ള മേഖലയുമാണിത്. ലഡാക്കിലെ കേന്ദ്രഭരണ പ്രദേശമാക്കുന്നതിന് വർഷങ്ങളായി ഇവിടത്തെ ജനം ആവശ്യപ്പെടുന്നുണ്ടെന്നാണ് അമിത് ഷാ വ്യക്തമാക്കുന്നത്. ജനങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിന്റെ ഭാഗമായാണ് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായി ലഡാക്കിനെ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഫെബ്രുവരിയിൽ ലഡാക്കിനു പ്രത്യേക റവന്യു ഡിവിഷൻ രൂപീകരിച്ചിരുന്നു. ഇതുവരെ കശ്മീർ ഡിവിഷന്റെ ഭാഗമായിരുന്നു. ഫെബ്രുവരി മുതൽ ജമ്മു, കശ്മീർ, ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തു 3 ഡിവിഷനുകളായി. ലേയും കാർഗിലും ഉൾപ്പെടുന്ന തന്ത്രപ്രധാന മേഖലകൾ ലഡാക്കിനു കീഴിലാണ്.

പാക് അധീന കശ്മീരും അക്‌സായ് ചിന്നും ഉൾപ്പെടുന്നതാണ് കശ്മീർ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ലോക്‌സഭയിൽ യാതൊരു സംശയത്തിനും ഇട നൽകാതെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനീസ് പ്രതികരണം. കശ്മീർ എന്നത് ഒഴിച്ചു കൂടാനാവാത്ത വിഷയമാണോ അതോ ഉഭയകക്ഷി വിഷയാണോ എന്ന് അധീർ രഞ്ജൻ ചൗധരിയുടെ ചോദ്യത്തിനാണ് അമിത് ഷാ മറുപടി നൽകിയത്. 'നിങ്ങൾ പറയുന്നു ഇത് ആഭ്യന്തര കാര്യമാണെന്ന്. പക്ഷെ 1948 മുതൽ ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്ന വിഷയമാണത്. അതെങ്ങനെ ആഭ്യന്തര വിഷയമാകും. നമ്മൾ സിംല ഉടമ്പടിയും ലാഹോർ ഉടമ്പടിയും ഒപ്പുവെച്ചു. ഇതെല്ലാം ആഭ്യന്തര കാര്യമാണോ അതോ ഉഭയകക്ഷി വിഷയമാണോ', എന്നായിരുന്നു ചൗധരിയുടെ ചോദ്യം.

'കശ്മീർ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. ഞാൻ വ്യക്തമായി പറയാനാഗ്രഹിക്കുകയാണ് പാക് അധീന കശ്മീരും അക്സായ് ചിന്നും ഉൾപ്പെടുന്നതാണ് ജമ്മുകശ്മീർ. അതിൽ ഒരു സംശയത്തിന്റെയും ആവശ്യമില്ല. മുഴുവൻ ജമ്മുകശ്മീരും ഐക്യ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്', അമിത് ഷാ പറഞ്ഞു. കശ്മീർ അതിർത്തിയിൽ പാക് അധീന കശ്മീരും വരുന്നുണ്ട്. പാക് അധീന കശ്മീരിനായി മരിക്കാനും ഞങ്ങൾ തയ്യാറാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഇതോടെയാണ് അയൽ രാജ്യങ്ങൾ കയ്യേറിയ ഇന്ത്യൻ ഭൂപ്രദേശങ്ങൾ തിരിച്ച് പിടിക്കും എന്ന പ്രചരണം ശക്തമായത്.

പാക് അധീന കശ്മീരിനായി മരിക്കാനും തയ്യാറാണെന്ന് ലോകസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 'ഇത് ഒരു രാഷ്ട്രീയ നീക്കമല്ല. രാജ്യത്തിനായി നിയമങ്ങൾ നിർമ്മിക്കാനുള്ള എല്ലാ അധികാരവും പാർലമെന്റിനുണ്ട്. ഇന്ത്യൻ ഭരണഘടനയും ജമ്മുകശ്മീർ ഭരണഘടനയും അതിനുള്ള അനുമതി നൽകുന്നുണ്ട്', എന്നായിരുന്നു ലോക്സഭയിൽ കശ്മീർ വിഷയം ചർച്ചക്കെടുത്തിട്ടപ്പോൾ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് ഷാ സംസാരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP