Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ എപ്പോഴും എ സി ബസിൽ യാത്ര ചെയ്യാം; ആലപ്പുഴ വഴിയും കോട്ടയം വഴിയും ഓരോ അര മണിക്കൂറിലും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ബസുകൾ; എറണാകുളത്തിന് നിന്നും കോഴിക്കോട്ടേക്കും കോഴിക്കോട് നിന്ന് പാലക്കാടിനും കാസർഗോഡിനും സർവ്വീസ്; രാത്രിയിൽ രണ്ട് മണിക്കൂറിൽ ഓരോ ബസ്; സ്വകാര്യ ബസുകളുടെ കുത്തക തകർക്കാൻ ദുരുപയോഗിക്കുന്ന വോൾവോ ബസുകൾ പ്രധാന റൂട്ടുകളിൽ ഓടിച്ച് തച്ചങ്കരി; ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ചിൽ ബസുകളുടെ കഥ

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ എപ്പോഴും എ സി ബസിൽ യാത്ര ചെയ്യാം; ആലപ്പുഴ വഴിയും കോട്ടയം വഴിയും ഓരോ അര മണിക്കൂറിലും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ബസുകൾ; എറണാകുളത്തിന് നിന്നും കോഴിക്കോട്ടേക്കും കോഴിക്കോട് നിന്ന് പാലക്കാടിനും കാസർഗോഡിനും സർവ്വീസ്; രാത്രിയിൽ രണ്ട് മണിക്കൂറിൽ ഓരോ ബസ്; സ്വകാര്യ ബസുകളുടെ കുത്തക തകർക്കാൻ ദുരുപയോഗിക്കുന്ന വോൾവോ ബസുകൾ പ്രധാന റൂട്ടുകളിൽ ഓടിച്ച് തച്ചങ്കരി; ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ചിൽ ബസുകളുടെ കഥ

ആവണി ഗോപാൽ

തിരുവനന്തപുരം: ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടം. വിമാനത്താവളങ്ങളിൽ നിന്ന് ഫ്ളൈ ബസ്. എല്ലാ ജീവനക്കാർക്കും മാസ അവസാനം കൃത്യമായ ശമ്പളം. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് കെ എസ് ആർ ടി സിയെ നേർ വഴിക്ക് നയിക്കുന്ന സിഎംഡി ടോമിൻ തച്ചങ്കരിയുടെ പുതിയ പദ്ധതിയും ചർച്ചയാവുകയാണ്. കെഎസ്ആർടിസിയുടെ പുതിയ 'ചിൽ ബസ്സ്'. ഒരു ചില്ലിക്കാശ് മുടക്കാതെ പുതിയ ബസുകൾ വാങ്ങാതെ ആനവണ്ടിയുടെ പുതിയ പദ്ധതി. ഇത് വിജയകരമായാൽ അത് കെ എസ് ആർ ടി സിയുടെ തലകുറി തന്നെ മാറ്റി മറിക്കും. സ്വകാര്യ ബസ് ലോബിയുടെ കുത്തക തകർക്കാൻ കേരളമൊട്ടുക്ക് എസി ബസുകൾ ഓട്ടിക്കാൻ ഒരുങ്ങുകയാണ് തച്ചങ്കരി. കെ എസ് ആർ ടി സിയിലെ ബുക്കിംഗിലൂടെ ഇടനിലക്കാരായി കോടികൾ നേടിയ ഊരാളുങ്കൽ സൊസൈറ്റിയേയും മാറ്റി പുതിയ രീതി അവതരിപ്പിച്ച തച്ചങ്കരിയുടെ ആവനാഴിയിലെ അടുത്ത അടുത്ത അസ്ത്രമാണ് ചിൽ ബസ്.

കേരളത്തിന്റെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ദേശീയ പാതിയിലൂടെ എം.സി. റോഡിലൂടെയും ഒരുമണിക്കൂർ ഇടവേളകളിൽ ശീതീകരിച്ച ആധുനിക ബസ്സുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ചിൽ ബസ്. അതായത് തിരുവനന്തപുരത്ത് നിന്ന് ഓരോ അര മണിക്കൂർ ഇടവിട്ട് എറണാകുളത്തേക്ക് എൻ എച്ചിലൂടേയും എംസി റോഡിലൂടേയും എസി ബസ്. സാമാന രീതിയിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും. ഈ ബസിൽ യാത്ര ചെയ്ത് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നവർക്ക് വടക്കോട്ട് യാത്ര തുടരാൻ അവിടെ നിന്നും എല്ലാ അര മണിക്കൂറിലേക്കും കോഴിക്കോട്ടേക്ക് ബസ് സർവ്വീസ്. കോഴിക്കോട് നിന്ന് കാസർഗോട്ടേയ്ക്കും പാലക്കാട്ടേക്കും എസി യാത്ര. അങ്ങനെ കേരളത്തിന്റെ ബസ് റൂട്ടിനെ മൂന്ന് മേഖലകളായി തിരിച്ച് എല്ലാ ഭാഗത്തേയ്ക്കും എല്ലായ്‌പ്പോഴും എസി ബസ്. അതാണ് ചിൽ ബസ് സർവ്വീസുകൾ.

കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, എറണാകുളം എന്നിവടങ്ങൾ കേന്ദ്രീകരിച്ച് തിരുവനന്തപുരത്തേക്ക് എസി സർവ്വീസുകൾ സ്വകാര്യ ബസ് ഉടമകൾ നടത്തുന്നുണ്ട്. കോഴിക്കോട് നിന്ന് തിരുവനന്തുപരത്തേക്ക് എണ്ണൂറു മുതൽ 1500 രൂപ വരെ ഇവർ ഈടാക്കുന്നു. രാത്രി കാലങ്ങളിലും സ്വകാര്യ ബസുകളാണ് നേട്ടമുണ്ടാക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ദീർഘ ദൂര സർവ്വീസുകൾ സജീവമാക്കി കെ എസ് ആർ ടി സിയുടെ വരുമാനം കുത്തനെ ഉയർത്താനുള്ള തച്ചങ്കരിയുടെ പദ്ധതി. ഇതിനായി പുതുതായി ബസുകളൊന്നും വാങ്ങുന്നില്ല. കെ എസ് ആർ ടി സിക്ക് ഇപ്പോൾ തന്നെ 250 ഓളം എസി ബസുകളുണ്ട്. തോന്നും പടി തോന്നുന്ന റൂട്ടിൽ ഓടുകയാണ് ഇവയെല്ലാം. ഇത് ശാസ്ത്രീയമായി ക്രമീകരിച്ചും ഗാരേജിൽ കിടക്കുന്ന എസ് ബിസുകൾ നന്നാക്കിയെടുത്തുമാണ് ചിൽ പദ്ധതിയുടെ മുന്നോട്ട് പോക്ക്. അതുകൊണ്ട് തന്നെ അധിക ചെലവൊന്നും ഈ പദ്ധതിയിലൂടെ വരുന്നതുമില്ല.

ഏപ്രിൽ 16-ന് ചുമതലയേറ്റത് മുതലുള്ള നേട്ടങ്ങളും ഭാവിയിലേക്കുള്ള നിർദ്ദേശങ്ങളുമായി എല്ലാ ജീവനക്കാർക്കും തച്ചങ്കരി കത്തയച്ചിരുന്നു. ചുമതലയേറ്റെടുത്ത് 84 ദിവസത്തിനകം കരസ്ഥമാക്കിയ പത്ത് സുപ്രധാന നേട്ടങ്ങളാണ് കത്തിന്റെ ആദ്യഭാഗത്ത്. എം.ഡി. എന്നനിലയിൽ കെ.എസ്.ആർ.ടി.സി.യോട് ഓരോ ദിവസവും ഇഷ്ടം കൂടിവരികയാണെന്ന് പറഞ്ഞാണ് തുടക്കം. ഇലക്ട്രിക് ബസ്, വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഫ്ളൈ ബസ്, കൃത്യമായി ശമ്പളവും പെൻഷനും, ടയറില്ലാതെയും മറ്റും ഓടാതിരുന്ന ആയിരത്തോളം ബസുകൾ നിരത്തിലിറക്കി തുടങ്ങിയവയാണ് നേട്ടങ്ങളായി പറയുന്നത്. ഇതിലേക്ക് പുതിയൊരണ്ണം കൂടിയെത്തുകയാണ് ചിൽ ബസ്. യാത്രക്കാരിലേക്ക് നവ്യയാത്രാ അനുഭൂതി എത്തിക്കുകയാണ് തച്ചങ്കരിയുടെ ലക്ഷ്യം. സുരക്ഷിത യാത്രയ്ക്കുള്ള മലയാളിയുടെ ഇഷ്ട വാഹനമായി കെ എസ് ആർ ടി സിയെ മാറ്റുകയാണ് ലക്ഷ്യം.

ദീർഘദൂര സർവ്വീസുകളിലൂടെ മാത്രമേ കെ എസ് ആർ ടി സിക്ക് വരുമാനം ഉയർത്താനാകൂ. ഇത് മനസ്സിലാക്കിയാണ് ഈ പദ്ധതി. തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ച് മണി മുതൽ രാത്രി പത്ത് വരെ ഓരോ അര മണിക്കൂറിലും എസി സർവ്വീസുണ്ടാകും. രാത്രി പത്ത് മണി കഴിഞ്ഞാൽ പുലർച്ചെ അഞ്ച് വരെ ഇത് രണ്ട് മണിക്കൂറിൽ ഒരിക്കലാകും. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കും കോഴിക്കോട് നിന്ന് കാസർഗോട്ടേക്കും ഇതേ രീതിയിൽ തന്നെയാകും സമയക്രമം. കോഴിക്കോട് നിന്ന് പാലക്കാട്ടേക്കും ഈ സമയക്രമത്തിൽ ബസുണ്ടാകും. എറണാകുളത്ത് നിന്ന് മൂന്നാറിലേക്കും എറണാകുളത്ത് നിന്ന് കുമിളിയിലേക്കും ഇതേ ചിൽ സർവ്വീസ് എല്ലായ്‌പ്പോഴും ഉണ്ടാകും. ഇതിലൂടെ കേരളത്തെ മുഴുവൻ കണക്ട് ചെയ്യുന്ന സർവ്വീസായി ചിൽ ബസുകൾ മാറും. യാത്രക്കാരുടെ എണ്ണം കൂട്ടിയാൽ മാത്രമേ ആനവണ്ടിക്ക് ലാഭം ഉണ്ടാകൂവെന്ന തിരിച്ചറിവാണ് ഇതിന് കാരണം.

ടയർ ഇല്ലാത്തതു കൊണ്ടും ചെറിയ കേടുപാടു കൊണ്ടും കേരളത്തിലുടനീളം നിരവധി എ സി ബസുകൾ ഗാരേജിൽ കിടക്കുകയായിരുന്നു. ഇതെല്ലാം കുട്ടപ്പനാക്കിയെടുത്താണ് തച്ചങ്കരിയുടെ പുതിയ പദ്ധതി. ഇതിന് 250 ബസുകൾ മതിയാകുമെന്നാണ് കെ എസ് ആർ ടി സിയുടെ വിലയിരുത്തൽ. ജീവനക്കാരെല്ലാം ഇപ്പോൾ കൃത്യമായി ജോലിക്കും വരുന്നുണ്ട്. മാസ ശമ്പളം കൃത്യമായി കൊടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഇത്. ഇതിനൊപ്പം യൂണിയൻ നേതാവെന്ന് പറഞ്ഞ് ജോലി ചെയ്യാതിരുന്നവരെല്ലാം ബസുകളിൽ ഡ്രൈവറും കണ്ടക്ടറുമായി. ഇതെല്ലാം അദർ ഡ്യൂട്ടി വേണ്ടെന്ന തച്ചങ്കരിയുടെ കടുംപിടിത്തത്തിന്റെ ഭാഗമായിരുന്നു. ആദ്യ സമയത്ത് യൂണിയൻ നേതാക്കൾ എതിർപ്പുമായെത്തിയങ്കിലും ശമ്പളം കൃത്യമായി കൊടുക്കുന്ന എംഡിക്കൊപ്പം ജീവനക്കാർ നിലയുറപ്പിച്ചു. ഈ ആത്മവിശ്വാസവുമായാണ് ചിൽ ബസുകളുമായി തച്ചങ്കരി എത്തുന്നത്. ഓഗസ്റ്റ് 1ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രനാകും സർവ്വീസിന് തുടക്കമിടുക.

തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ നാലര മണിക്കൂറിൽ എസി ബസുകൾ ഓടിയെത്തും. അവിടെ നിന്ന് തിരുവനന്തപുരത്തേക്കും ഉടൻ ഈ ബസ് മടങ്ങും. അതുകൊണ്ട് തന്നെ ഡ്രൈവർക്കും കണ്ടക്ടർക്കും 9 മണിക്കൂറിലധികം ബസ് ഓട്ടിക്കേണ്ടി വരുന്നതുമില്ല. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേയ്ക്കും അവിടെ നിന്ന് കാസർഗോട്ടേയ്ക്കും നാലരമണിക്കൂർ യാത്രയേ ഉള്ളൂ. അതിനാൽ ഒരു ബസ് പുറപ്പെടുന്ന സ്ഥലത്ത് തിരിച്ചെത്താൻ 9 മണിക്കൂർ മതിയാകും. അതുകൊണ്ട് തന്നെ ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി നൽകേണ്ടിയും വരില്ല. ട്രാഫിക് കുരുക്കിലെങ്കാനും പെട്ട് ബസ് താമസിച്ചാൽ മാത്രമേ കൂടുതൽ സമയം വേണ്ടി വരൂ. ഇതിന് സാഹചര്യമൊരുക്കാത്ത വണ്ണം ജീവനക്കാരുടെ സഹകരണവും എംഡി പ്രതീക്ഷിക്കുന്നു. ഡബിൾ ഡ്യൂട്ടി പരമാവധി സിംഗിൾ ഡ്യൂട്ടിയാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് നാലര മണിക്കൂർ ദൈർഘ്യത്തിലോടുന്ന തരത്തിലെ വിഭജനം.

യാത്രക്കാരായിരിക്കണം കോർപറേഷന്റെ പ്രഥമ പരിഗണന. എന്നാൽ, ജീവനക്കാരുടെ സൗകര്യത്തിനനുസരിച്ചാണ് ഇപ്പോൾ ഷെഡ്യൂളുകളടക്കം തീരുമാനിക്കുന്നത്. ഷെഡ്യൂൾ ഇടുന്നതിൽ യാത്രക്കാർക്കോ എം.ഡിക്കോ പോലും റോൾ ഇല്ല. 70 ശതമാനം സീറ്റുകളെങ്കിലും നിറയാതെ ബസുകൾ പുറപ്പെടരുത്. അതിന്റെ പേരിലുള്ള പ്രശ്നങ്ങൾ താൻ പരിഹരിക്കും. 250ഓളം ബസുകൾ ഡ്രൈവറും കണ്ടക്ടറുമില്ലാതെ നിരത്തിലിറങ്ങാത്ത സാഹചര്യമുണ്ട്. 17,000 കണ്ടക്ടർമാരും അത്രതന്നെ ഡ്രൈവർമാരും ഉള്ളപ്പോഴാണിത്. 5,000 ബസുകൾ ദിവസവും നിരത്തിലിറക്കുന്ന കെ.എസ്.ആർ.ടി.സിക്ക് 180 കോടിയാണ് മാസത്തിൽ ലഭിക്കുന്നത്. ഇതിൽ 95 കോടിയോളം ഡിസൽ ഇനത്തിൽ ചെലവഴിക്കുന്നു. ഡീസൽ വില വർധിച്ചത് ഇരുട്ടടിയായതിനാൽ ഇപ്പോൾ 100 കോടിയോളം ഇന്ധന ഇനത്തിൽ മാത്രം നൽകണം. 40 കോടി പലിശ അടക്കാനും വേണം. 86 കോടിയോളം പെൻഷനും ശമ്പളവും നൽകാൻ ചെലവാകുന്നു. അലവൻസുകൾക്കും മറ്റു ചെലവുകൾക്കും വേറെ തുക കണ്ടെത്തണം. 50 മുതൽ 60 ലക്ഷം വരെ രൂപയാണ് ഒരുമാസം അലവൻസായി ജീവനക്കാർ വാങ്ങുന്നത്.

ഈ സാഹചര്യത്തിൽ വായ്പയെടുത്ത് ബസുകൾ നിരത്തിലിറക്കുന്നത് സ്ഥാപനത്തെ കടക്കെണിയിലേക്ക് തള്ളിവിടുമെന്ന അഭിപ്രായം തച്ചങ്കരിക്കുണ്ട്. എന്നാൽ സർവ്വീസുകൾ കൂട്ടേണ്ടതുമുണ്ട്. ഈ സാഹചര്യത്തിലാണ് കട്ടപ്പുറത്ത് ഇരിക്കുന്ന ബസുകളെ ശരിയാക്കിയെടുത്തുള്ള പരീക്ഷണം. രണ്ടരമാസത്തിനുള്ളിൽ ഒരാളെപ്പോലും നിയമവിരുദ്ധമായി പിരിച്ചുവിട്ടിട്ടില്ല, തൊഴിലാളികൾക്കും യാത്രക്കാർക്കും ദോഷകരമായ ഡ്യൂട്ടി പാറ്റേൺ നടപ്പാക്കില്ല, ശാരീരിക അവശത അനുഭവിക്കുന്നവരെ മെഡിക്കൽ ബോർഡ് പരിശോധിച്ച് അർഹരെങ്കിൽ ലഘുവായ ജോലിയിലേക്ക് മാറ്റുകയും ചെയ്തു. ഇത്തരത്തിലെ പരീക്ഷണങ്ങൾ ജീവനക്കാർക്ക് വേണ്ടി നടപ്പാക്കാൻ ചിൽ ബസ് പോലുള്ള പരീക്ഷണങ്ങൾ അനിവാര്യതയാണെന്ന് തച്ചങ്കരി തിരിച്ചറിയുന്നു.

ഗതാഗതമന്ത്രി എകെ ശശീന്ദ്രനെ വിശ്വാസത്തിലെടുത്താണ് ഈ നീക്കമെല്ലാം. മുഖ്യമന്ത്രി പിണറായി വിജയനും കെ എസ് ആർ ടി സിയെ രക്ഷിക്കാനുള്ള തച്ചങ്കരിയുടെ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. ഈ കരുത്തിലാണ് തച്ചങ്കരിയുടെ യാത്ര. പണിയെടുക്കാത്തവർക്ക് ഇനിമുതൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളമുണ്ടാകില്ലെന്ന് തച്ചങ്കരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോലി ചെയ്താലും ഇല്ലെങ്കിലും ശമ്പളം ലഭിക്കുന്ന കാലം കഴിഞ്ഞു. ഇതിന്റെ പേരിൽ സംഘടിത പ്രതികരണമുണ്ടായാലും അത് അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP