Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടിയാനക്കുട്ടനെ രക്ഷിക്കാൻ എത്തിയത് ആനക്കൂട്ടം ! പിണവൂർകുടി ആദിവാസി മേഖലയിലെ കിണറ്റിൽ വീണ കുട്ടിക്കൊമ്പനെ രക്ഷപെടുത്തിയത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ; 'കുഞ്ഞനാന' തുള്ളിച്ചാടി ഓടിയടുത്തപ്പോൾ നാട്ടുകാർ കരുതിയത് അക്രമിക്കാനെന്ന്; ചിന്നം വിളിച്ച് 'കുഞ്ഞനെ' വരവേറ്റ് ആനക്കൂട്ടത്തിന്റെ കിടിലൻ മടക്കയാത്ര

കുട്ടിയാനക്കുട്ടനെ രക്ഷിക്കാൻ എത്തിയത് ആനക്കൂട്ടം ! പിണവൂർകുടി ആദിവാസി മേഖലയിലെ കിണറ്റിൽ വീണ കുട്ടിക്കൊമ്പനെ രക്ഷപെടുത്തിയത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ; 'കുഞ്ഞനാന' തുള്ളിച്ചാടി ഓടിയടുത്തപ്പോൾ നാട്ടുകാർ കരുതിയത് അക്രമിക്കാനെന്ന്; ചിന്നം വിളിച്ച് 'കുഞ്ഞനെ' വരവേറ്റ് ആനക്കൂട്ടത്തിന്റെ കിടിലൻ മടക്കയാത്ര

മറുനാടൻ ഡെസ്‌ക്‌

കോതമംഗലം: നിറുത്താത്ത ചിന്നം വിളി കേട്ട് നാട്ടുകാർ തപ്പി നോക്കിയപ്പോൾ കണ്ടത് കിണറ്റിൽ വീണു കിടക്കുന്ന കുട്ടി കൊമ്പനെ. എന്തു ചെയ്യണമെന്നറിയാതെ പകച്ച് നിന്നിരുന്ന പിണവൂർകുടി ആദിവാസി മേഖലയിലെ നാട്ടുകാർക്കിടയിലേക്ക് രക്ഷാപ്രവർത്തനത്തിനായി ആദ്യം 'ആനക്കൂട്ടവും' പിന്നീട് വനപാലകരും എത്തി. കരയ്ക്ക് കയറിയ സന്തോഷത്തിൽ നാട്ടുകാർക്കിടയിലേക്ക് കുട്ടിക്കൊമ്പൻ കുറുമ്പുമായി ഓടിയടുത്തപ്പോൾ ഏവരും കരുതിയത് ആക്രമിക്കാനെന്ന്.

എന്നാൽ മിണ്ടാപ്രാണിയുടെ ഉള്ളിൽ നിറഞ്ഞൊഴുകിയ നന്ദി നിറഞ്ഞ സ്‌നേഹത്തിന്റെ അണപൊട്ടിയൊഴുകിയ രംഗങ്ങളായിരുന്നു അത്. നേര്യമംഗലം റേഞ്ച് ഇഞ്ചത്തൊട്ടി സ്റ്റേഷൻ പരിധിയിൽപ്പെടുന്ന വെളിയത്തുപറമ്പ് ഭാഗത്ത് വനത്തോട് ചേർന്ന പ്രദേശത്ത് താമസിക്കുന്ന മുളക്കുളത്ത് കുര്യാക്കോസിന്റെ റബ്ബർത്തോട്ടത്തിൽ കാടുമൂടിയ ഉപയോഗശൂന്യമായ കിണറ്റിലാണ് അഞ്ചു വയസ്സുള്ള കുട്ടിക്കൊമ്പൻ വീണത്.  തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

ചുറ്റുമതിലില്ലാത്ത ഉദ്ദേശം ഏഴ് അടിയോളം താഴ്ചയുള്ള കിണറ്റിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. അസാധാരണമായി ആനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ട് പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ ആന വീണത് കണ്ടെത്തിയത്. സമീപത്ത് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നതു കാരണം സമീപത്തേക്ക് ആളുകൾക്ക് അടുക്കാനായില്ല.

ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷനിൽ ഉടൻ വിവരം അറിയിച്ച് വനപാലകർ എത്തിയെങ്കിലും ഇരുട്ടും പരിസരത്ത് ആനകളുടെ സാന്നിധ്യവും കാരണം രക്ഷാപ്രവർത്തനശ്രമം ഉപേക്ഷിച്ചു.
കിണറ്റിൽ വീണ കുട്ടിക്കൊമ്പനാകട്ടെ സ്വയം കരയ്ക്കുകയറാനായി കിണറിന്റെ അരികിടിച്ചും വെള്ളം കലക്കി മറിച്ചുകൊണ്ടുമിരുന്നു. ആനക്കുട്ടന്റെ പരാക്രമവും ചിന്നംവിളിയും കേട്ട് പലകുറി ആനക്കൂട്ടം കിണറിന് സമീപത്തെത്തി കരയ്ക്കുകയറ്റാൻ നടത്തിയ ശ്രമവും വിഫലമായി.

ആനക്കൂട്ടം കൈകൊണ്ട് കിണറിന്റെ അരിക് ഇടിച്ചിടുമ്പോൾ തുമ്പിക്കൈ നീട്ടി കൈകൾ മുന്നോട്ടാഞ്ഞും ഉയർത്തിയും കുട്ടിക്കൊമ്പനും ഉത്സാഹത്തോടെ ശ്രമം നടത്തിയെങ്കിലും പാഴായി. രാത്രി കൃഷിയിടങ്ങളിൽ ആനക്കൂട്ടമിറങ്ങുന്നത് പ്രദേശത്ത് പതിവാണ്. ഇങ്ങനെയെത്തിയ കൂട്ടത്തിൽപ്പെട്ട ആനയാണ് കിണറ്റിൽ വീണത്.കരയ്ക്ക് കയറാനുള്ള ആനയുടെ വെപ്രാളത്തിൽ കിണർ ചെളിക്കുണ്ടായി മാറി. രാവിലെയായതോടെ ആന ക്ഷീണിതനുമായി. തിങ്കളാഴ്ച ഉച്ചയോടെ വനപാലകരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. കിണറിന്റെ ഒരുവശം ഇടിച്ച് ആനയ്ക്ക് കയറാവുന്നവിധം വഴിച്ചാലുണ്ടാക്കുകയായിരുന്നു.

ആളുകൾ കിണറിന്റെ വശമിടിക്കുമ്പോൾ കുട്ടിക്കൊമ്പൻ ക്ഷമയോടെ കാത്തിരുന്നു. ഇടയ്ക്ക് തുമ്പിക്കൈ ഉയർത്തി എങ്ങനെയും കരയ്ക്കുകയറാൻ ധൃതിപിടിച്ച് ശ്രമം നടത്തുന്നത് കാണാമായിരുന്നു. ഉച്ചയ്ക്ക് 1.30-ന് മണ്ണിടിച്ചുണ്ടാക്കിയ ചാലിലൂടെ കൈകൾ കയറ്റി മുന്നോട്ടാഞ്ഞ് അൽപ്പം ക്ലേശിച്ചാണെങ്കിലും ഒടുവിൽ കരയ്ക്കുകയറാൻ കൊമ്പന് കഴിഞ്ഞു. ആന കരയ്ക്ക് കയറും മുമ്പ് വനപാലകർ ജനക്കൂട്ടത്തെ മാറ്റിനിർത്തിയിരുന്നു. കരയ്ക്കുകയറിയ കൊമ്പൻ തുമ്പിക്കൈ ഉയർത്തി ചിന്നംവിളിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞു.

ആനക്കുട്ടന്റെ വരവു കാത്തുനിന്ന ആനക്കൂട്ടം ഇതോടെ കാടിന് വെളിയിലേക്ക് ഇറങ്ങിവന്ന് ചിന്നംവിളിച്ച് വരവേറ്റ് കാട്ടിലേക്ക് മടങ്ങി. ആനക്കുട്ടൻ കിണറിന് മുകളിലേക്ക് കയറി ജനക്കൂട്ടത്തിന് നേരെ തിരിഞ്ഞത് ആക്രമിക്കാനാണെന്ന് കരുതി രക്ഷാപ്രവർത്തകർ ഉൾപ്പെടെ ചിതറിയോടി. എന്നാൽ, ആക്രമണത്തിനൊന്നും മുതിരാതെയാണ് ആന ഓടിയത്. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷൻ ഫോറസ്റ്റർ ടി.കെ. മുഹമ്മദ് അഷറഫ്, ബി.എഫ്.ഒ. ഉമ്മർ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP