Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഭരണനേതൃത്വത്തിൽ ആശങ്ക; പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ സമ്പർക്കപ്പട്ടികയിൽ

ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഭരണനേതൃത്വത്തിൽ ആശങ്ക; പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ സമ്പർക്കപ്പട്ടികയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഭരണനേതൃത്വത്തിലും ആശങ്ക. ചീഫ് സെക്രട്ടറിയെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ സമ്പ‍ർക്ക പട്ടികയിൽ ഉണ്ട്. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഇടംപിടിച്ച പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

വേങ്ങോട് സ്വദേശിയായ 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് സ്രവ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. നാലാം തീയതി വരെ സെക്രട്ടറിയേറ്റിൽ ജോലിക്ക് വന്നിട്ടുള്ള ഇദ്ദേഹത്തിന് യാതൊരു വിധ യാത്രാ പശ്ചാത്തലവുമില്ല. രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഈ പശ്ചാത്തലത്തിൽ ഡ്രൈവർക്ക് രോഗം ബാധിച്ചതിനെ ആരോ​ഗ്യ പ്രവർത്തകരും ഭരണനേതൃത്വവും  ഗൗരവത്തോടെയാണ് കാണുന്നത്.

നാലാംതീയതി വരെ ഇദ്ദേഹം സെക്രട്ടറിയേറ്റിൽ ജോലിക്ക് വന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ കുടുംബാംഗങ്ങളുടെയും സ്രവ സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്. മുഖ്യന്ത്രിയും ആരോഗ്യമന്ത്രിയും ഡിജിപിയും രണ്ടാം നിര സമ്പർക്കപ്പട്ടികയിലാണ്. ചീഫ്​ സെക്രട്ടറിയുടെ ​സ്രവം പരിശോധനക്കായി ശേഖരിക്കുകയും അദ്ദേഹം നിരീക്ഷണത്തിൽ പോകുകയും ചെയ്​തു.മുഖ്യമന്ത്രിയുമായി നിരന്തരം ചീഫ്​ സെക്രട്ടറി ചർച്ച നടത്തിയിരുന്നു. സെക്കൻഡറി പട്ടികയിലുള്ളവർ നിരീക്ഷണത്തിൽ പോകണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ആദ്യമായി മുന്നൂറിലധികം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഒപ്പം സമ്പർക്കം വഴിയുള്ള കോവിഡ് ബാധയും വർധിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 301 പേരിൽ 90 പേരാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. നാല് ദിവസമായി സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായി വർദ്ധിക്കുകയാണ്. ജൂലൈ 5 ഞായറാഴ്ച ആകെ കോവിഡ് സ്ഥിരീകരിച്ചത് 225 പേർക്കാണെങ്കിൽ അതിൽ 38 പേർക്കായിരുന്നു സമ്പർക്കത്തിലൂടെ രോഗബാധ. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 191 പേരിൽ 35 പേർക്കായിരുന്നു സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവർ. ചൊവ്വാഴ്ച ഇത് 272 കോവിഡ് ബാധിതരിൽ 68 പേർ സമ്പർക്കത്തിലൂടെ രോഗം പകർന്നവരെന്ന നിലയിലേക്ക് ഉയർന്നു.

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്നലെ സമ്പർക്ക രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിൽ 60 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജില്ലയിലെ തീരദേശമായ പൂന്തുറയിലാണ് നിലവിൽ രോഗവ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളത്. പ്രദേശത്ത് കോവിഡ് സൂപ്പർ സ്പ്രെഡ് നടന്നതായി മേയർ ശ്രീകുമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP