Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് മുഖ്യമന്ത്രി വിദേശത്തിരുന്ന് ഫയൽ കൈകാര്യം ചെയ്യുന്നുണ്ട്; സെപ്റ്റംബർ മൂന്നു മുതൽ ഒമ്പതു വരെയുള്ള ദിവസങ്ങളിൽ 316 ഫയലുകളിൽ തീർപ്പ് കൽപ്പിച്ചു; മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ആശയ വിനിമയം നടത്തുകയും ചെയ്യുന്നുണ്ട്; ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല; സംസ്ഥാനത്ത് ഭരണ സ്തംഭനമെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് മുഖ്യമന്ത്രി വിദേശത്തിരുന്ന് ഫയൽ കൈകാര്യം ചെയ്യുന്നുണ്ട്; സെപ്റ്റംബർ മൂന്നു മുതൽ ഒമ്പതു വരെയുള്ള ദിവസങ്ങളിൽ 316 ഫയലുകളിൽ തീർപ്പ് കൽപ്പിച്ചു; മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ആശയ വിനിമയം നടത്തുകയും ചെയ്യുന്നുണ്ട്; ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല; സംസ്ഥാനത്ത് ഭരണ സ്തംഭനമെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കു പോയതുകൊണ്ട് കേരളത്തിൽ ഭരണം സ്തംഭിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്തകുറിപ്പിൽ അറിയിച്ചൂ. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.

പ്രളയദുരിതാശ്വാസം, പുനരധിവാസം എന്നീ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി അതിന്റെ പ്രവർത്തനം നല്ല നിലയിൽ നിർവഹിച്ചുവരുന്നു. കഴിഞ്ഞ ആഴ്ച ഉപസമിതി യോഗം ചേരുകയുണ്ടായി. സപ്തംബർ 12 ബുധനാഴ്ചയും സമിതി ചേരുന്നുണ്ട്. ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ ഈ കമ്മിറ്റി നല്ല രീതിയിൽ അവലോകനം ചെയ്യുകയും ഏകോപിപ്പിക്കുയും ആവശ്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്. ദുരിതാശ്വാസത്തിന്റെ ഭാഗമായുള്ള 10,000 രൂപ ധനസഹായത്തിന് അർഹരായ 6,05,555 പേരിൽ 4,95,000 പേർക്ക് ഇന്ന് ഉച്ചയോടെ തുക ലഭ്യമാക്കി. ബാക്കിയുള്ളവർക്ക് ബുധനാഴ്ചയോടെ സഹായം ലഭിക്കും. കിറ്റ് വിതരണം ഇതനികം തന്നെ പൂർത്തിയായി. 7,18,674 കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ലഭിച്ചിട്ടുള്ള സാധനങ്ങൾ അർഹരായവർക്ക് വിതരണം ചെയ്യുന്നതിന് മാർഗരേഖ ഉണ്ടാക്കി. മന്ത്രിസഭാ ഉപസമിതി അംഗീകരിച്ച മാർഗരേഖ പ്രകാരം നിശ്ചയിച്ച വസ്തുക്കൾ വിതരണം ചെയ്യുകയാണ്.

പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസം, തകർന്ന കേരളത്തിന്റെ മെച്ചപ്പെട്ട നിലയിലുള്ള പുനർനിർമ്മാണം എന്നിവയാണ് ഇനി സർക്കാരിന്റെ മുമ്പിലുള്ള പ്രധാന അജണ്ട. ഇത് സംബന്ധിച്ച വ്യക്തമായ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം രൂപം നൽകിയിരുന്നു. അതനുസരിച്ചുള്ള നടപടികൾ യുദ്ധകാലടിസ്ഥാനത്തിൽ മുന്നോട്ടുപോകുകയാണ്. സ്ഥലത്തില്ലെങ്കിലും അപ്പപ്പോൾ ഉയർന്നുവരുന്ന പ്രധാന കാര്യങ്ങളിൽ മുഖ്യമന്ത്രി തന്നെ തീരുമാനം എടുക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല.

വിദേശത്തുപോയ ശേഷം ഓഗസ്റ്റ് മൂന്നു മുതൽ ഒമ്പതു വരെയുള്ള ദിവസങ്ങളിൽ 316 ഫയലുകളിൽ മുഖ്യമന്ത്രി തീർപ്പ് കൽപ്പിച്ചു. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ഫയൽ കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. അത് സുഗമമായി നടക്കുകയും ചെയ്യുന്നു.പ്രളയക്കെടുതിയിൽ തകർന്ന പമ്പയുടെ പുനർനിർമ്മാണം യുദ്ധകാലടിസ്ഥാനത്തിൽ ആരംഭിച്ചുകഴിഞ്ഞു. പ്രളയത്തിൽ നഷ്ടപ്പെട്ട രേഖകൾ അദാലത്ത് സംഘടിപ്പിച്ച് നൽകിവരുന്നു. വീട്ടുസാധനങ്ങൾ നശിച്ച കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം പലിശരഹിത വായ്പ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കൂട്ടുത്തരവാദിത്വത്തിലാണ് മന്ത്രിസഭ പ്രവർത്തിക്കുന്നത്. മുഖ്യന്ത്രി സ്ഥലത്തില്ലെങ്കിലും മന്ത്രിമാർ കൂട്ടായി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നു. വിവിധ ജില്ലകളിൽ വിഭവസമാഹരണത്തിന്റെ ചുമതലയിലാണ് ഇപ്പോൾ മന്ത്രിമാർ. മന്ത്രിസഭാ ഉപസമിതിയിൽ അംഗങ്ങളല്ലാത്ത മന്ത്രിമാർ നാളെയും വിവിധ ജില്ലകളിൽ ഈ ചുമതലകൾ നിർവഹിക്കും. കേരളത്തെ പുനർനിർമ്മിക്കുന്നതിനുള്ള സഹായ പദ്ധതികളുമായും സ്പോൺസർഷിപ്പുമായും വിവിധ സ്ഥാപനങ്ങളും ഏജൻസികളും സർക്കാരിനെ സമീപിക്കുന്നുണ്ട്. അതെല്ലാം ശരിയായ വിധത്തിൽ ക്രമീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന സംഭാവനകൾ സ്വീകരിക്കാനുള്ള ക്രമീകരണവും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ലോകബാങ്ക്, എ.ഡി.ബി, ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ എന്നീ ഏജൻസികളുടെ പ്രതിനിധികൾ ഓഗസ്റ്റ് 29-ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ലോകബാങ്ക്-എ.ഡി.ബി സംഘം കേരളത്തിൽ വന്ന് നാശനഷ്ടം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടുമൂന്ന് ദിവസത്തിനകം ഈ വിലയിരുത്തൽ പൂർത്തിയാകും. അതിനുശേഷമായിരിക്കും സംസ്ഥാനത്തിനുള്ള സഹായം സംബന്ധിച്ച് തീരുമാനം എടുക്കുക. സപ്തംബർ 20-നകം ലോകബാങ്ക്-എ.ഡി.ബി സംഘം അവരുടെ വിലയിരുത്തൽ സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുപോലുള്ള എല്ലാ കാര്യങ്ങളും ഒരു തടസ്സവുമില്ലാതെ സർക്കാർ നിർവഹിച്ചുപോരുന്നുണ്ട്.- മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്തകുറപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP