Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നമ്മൾ കഴിക്കുന്ന ചിക്കൻ ഭക്ഷ്യയോഗ്യമായത് തന്നെയാണോ? സംസ്ഥാനത്ത് അംഗീകാരമുള്ള കോഴിയിറച്ചി വിൽപ്പന ശാലകൾ ഒന്നുപോലുമില്ല; ജീവനുള്ള കോഴികളെ തൂക്കി വിൽക്കാനുള്ള അനുമതി മാത്രം; 27,000 കോഴിക്കടകൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായി

നമ്മൾ കഴിക്കുന്ന ചിക്കൻ ഭക്ഷ്യയോഗ്യമായത് തന്നെയാണോ? സംസ്ഥാനത്ത് അംഗീകാരമുള്ള കോഴിയിറച്ചി വിൽപ്പന ശാലകൾ ഒന്നുപോലുമില്ല; ജീവനുള്ള കോഴികളെ തൂക്കി വിൽക്കാനുള്ള അനുമതി മാത്രം; 27,000 കോഴിക്കടകൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായി

രഞ്ജിത് ബാബു

കണ്ണൂർ: അംഗീകാരമുള്ള ഒരു കോഴിയിറച്ചി വില്പനശാലയും കേരളത്തിലില്ലെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണർ തന്നെ അറിയിച്ചതായി മുൻ മീറ്റ് പ്രോഡക്ട്സ് ഇന്ത്യാ ഡയറക്ടർ ഡോ. പി.വി. മോഹനൻ വെളിപ്പെടുത്തി. നാളിതുവരെ ഒരറവുശാലക്ക് അപേക്ഷയുമായി ഒരു കച്ചവടക്കാരനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമീപിച്ചിട്ടില്ല.

അതിനാൽ തന്നെ ആർക്കും മാംസവിൽപ്പനക്ക് ലൈസൻസുമില്ലെന്ന് പ്രമുഖ വെറ്ററിനറി സർജനായിരുന്ന മോഹനൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സംസ്ഥാനത്ത് 27,000 ത്തിലേറെ കോഴിയിറച്ചി വിൽപ്പന ശാലകളുണ്ട്. ഇവയൊന്നും നിയമപരമായി അറവുശാലകളല്ല. ജീവനുള്ള കോഴികളെ തൂക്കി വിൽക്കാനുള്ള അനുമതി മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നൽകുന്നുള്ളൂവെന്നാണ് സത്യം. മാംസാഹാരികളുടെ ആരോഗ്യത്തിന് ദോഷകരമായ രീതിയിലാണ് അറവു ശാലകളും മാംസവിൽപ്പനശാലകളും നിലകൊള്ളുന്നത്. അണുവിമുക്തമായ അന്തരീക്ഷത്തിലല്ലാത്തതിനാൽ ഒട്ടേറെ രോഗങ്ങളും ഇതുമൂലം ഉണ്ടാവാമെന്ന് ഡോക്ടർ പറയുന്നു.

കത്തിയും ഒരു മരക്കുറ്റിയും പെട്ടിയുമുണ്ടായാൽ ആർക്കും ഇന്നൊരു കോഴിക്കട തുടങ്ങാം. പാറക്കൂട്ടങ്ങൾക്കിടയിലും ദേശീയ പാതയോരത്തും കുറ്റിക്കാട്ടിലും ശ്മശാനങ്ങളിലും ഇന്ന് അറവ് നടക്കുന്നുണ്ട്. അവിടെനിന്ന് മലിനമായ സാഹചര്യത്തിലാണ് ചിക്കനും ബീഫും ഒക്കെ ഹോട്ടലുകളിലെ തീന്മേശയിലെത്തുന്നത്. ഹോട്ടലുകളിൽ മാംസാഹാരം വിൽപ്പന നടത്തുമ്പോൾ അത് എവിടെനിന്ന് വാങ്ങിയെന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ വൻകിട ഹോട്ടലുകളിൽപോലും എത്തുന്ന മാംസങ്ങൾ ലൈസൻസുള്ള കടകളിൽ നിന്നല്ലെന്നതാണ് വസ്തുത. മലിനമായ ചുറ്റുപാടിലാണ് കേരളത്തിലെ മാംസവിൽപ്പന നടക്കുന്നത്.

മാംസാഹാര പ്രിയരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡോക്ടർ വെളിപ്പെടുത്തിയത്. ആകെയുള്ള 889 അനധികൃത അറവുശാലകൾ വഴി ഒരു മാസം ശരാശരി 88,600 കാളകളും 52,000 പോത്തുകളും 6,000 ആടുകളും മാംസത്തിനായെത്തുന്നുണ്ട്. ചെക്കു പോസ്റ്റുകൾ വഴി അന്യസംസ്ഥാനങ്ങളിൽനിന്നും എത്തുന്നതിന്റെ കണക്കുകളാണിത്. സംസ്ഥാനത്തിനകത്തുള്ളവ ഇതിനു പുറമേയാണ്.

അനധികൃത അറവുശാലകൾ വഴി മറ്റൊരു പ്രശ്നം കൂടി കേരളം നേരിടുകയാണ്. അറവ് അവശിഷ്ടങ്ങളുടെ മാലിന്യം സംസ്ഥാനത്തിനേറെ ഭീഷണിയായിരിക്കയാണ്. പാതയോരങ്ങളിലും പുഴകളിലും തള്ളിവിടുകയാണ് ഈ മാലിന്യങ്ങൾ. മണൽ മാഫിയക്ക് സമാനമായി മാംസ കച്ചവടം നിയന്ത്രിക്കുന്ന മാഫിയയും സംസ്ഥാനത്ത് സജീവമായിരിക്കുകയാണ്. ശരാശരി 225 മെട്രിക് ടൺ മാലിന്യം കോഴി മാംസത്തിന്റേയും ആടുമാടുകളുടേതുമായി മാസം പ്രതി ഓരോ ജില്ലയിൽ നിന്നും ഉണ്ടാവുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് ഇരുട്ടിന്റെ മറവിൽ ഇവ റോഡരികിലും പുഴകളിലുമാണ് നിക്ഷേപിക്കുന്നത്. ഇതിനുള്ള കരാറിൽ വൻ തുകയാണ് മാറി മറിയുന്നത്.

ഒരു ജില്ലയിൽ നിന്നും ഈ മാലിന്യം നീക്കാൻ ദിനം പ്രതി ലക്ഷങ്ങളുടെ ഇടപാടും നടക്കുന്നുണ്ട്. എന്നാൽ നിർദേശിച്ച സ്ഥലത്ത് മാലിന്യം തള്ളാതെ നഗരത്തിന് സമീപം തന്നെ പാതയോരത്തും കുടിവെള്ള സ്രോതസ്സിലും തള്ളുകയാണ് പതിവ്. ഇതൊന്നും നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ശാസ്ത്രീയരീതിയിലുള്ള അറവുശാലകൾക്കു വേണ്ടി കർശനനിയമങ്ങൾ നിലവിലുണ്ടെങ്കിലും അത് നടപ്പാക്കുന്നതിൽ അധികൃതർ കണ്ണടക്കുകയാണ്. അതുകൊണ്ടു തന്നെ അനാരോഗ്യ സാഹചര്യത്തിൽ അറവും മാംസവിൽപ്പനയും അനുദിനം വളരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP