Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

മലയാളിയായ ബഡാ രാജന്റെ ശിഷ്യനായി അധോലോകത്തിൽ തുടക്കം; ദാവൂദുമായി സഖ്യത്തിൽ ഏർപ്പെട്ടപ്പോൾ ചോട്ടാരാജൻ ബഡാ രാജനായി; ദാവൂദിനെ ഒറ്റിയത് രാജൻ തന്നെ; കൊലപാതകങ്ങളുടെ ഉസ്താദായ അധോലക നായകൻ പിടിയിലായത് റോ-ഇന്റർപോൾ സംയുക്ത നീക്കത്തിലൂടെ

മലയാളിയായ ബഡാ രാജന്റെ ശിഷ്യനായി അധോലോകത്തിൽ തുടക്കം; ദാവൂദുമായി സഖ്യത്തിൽ ഏർപ്പെട്ടപ്പോൾ ചോട്ടാരാജൻ ബഡാ രാജനായി; ദാവൂദിനെ ഒറ്റിയത് രാജൻ തന്നെ; കൊലപാതകങ്ങളുടെ ഉസ്താദായ അധോലക നായകൻ പിടിയിലായത് റോ-ഇന്റർപോൾ സംയുക്ത നീക്കത്തിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കൊലപാതകം, കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ് ഇന്തോനേഷ്യയിൽ അറസ്റ്റിലായ നാന എന്ന് വിളിപ്പേരുള്ള രാജേന്ദ്ര സദാശിവ നികൽജി എന്ന ചോട്ടാരാജൻ. ഇന്ത്യയിൽ ഭീകരവാദികൾക്ക് കാലുറപ്പിക്കാൻ എല്ലാ സഹായവും നൽകിയ ദാവൂദ് ഇബ്രാഹിമിന്റെ മിത്രവും പിന്നീട് ശത്രുവുമായി മാറിയ ക്രിമിനൽ. അതുകൊണ്ട് കൂടിയാണ് ചോട്ടാ രാജന്റെ അറസ്റ്റ് നിർണ്ണായകമാകുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ പിന്നണി കഥകളറിയാവുന്ന വ്യക്തി കൂടിയാണ് ചോട്ടാ രാജൻ. മുംബൈ അധോലകത്തിലെ പ്രധാന കണ്ണി. ഇന്റർപോൾ അറസ്റ്റ് ചെയ്ത ഇയാളെ ഉടൻ വിട്ടുകിട്ടാൻ സിബിഐ ശ്രമിക്കുന്നതും ഇതു കൊണ്ടാണ്. ചെറുകിട അടിപടികളുമായി നടന്ന ചോട്ടാ രാജന്റെ അധോലോകത്തെ വളർച്ച ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

മുംബൈ സ്‌ഫോടനത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിന്റെയും ഡി കമ്പനിയുടെയും സുപ്രധാന വിവരങ്ങൾ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജൻസികൾക്ക് നൽകിയ ചോട്ടാ രാജൻ റോയുടെ ചാരനായി പ്രവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്. ദാവൂദിന്റെ ആളുകളിൽ നിന്ന് പല തവണ ഇയാളെ രക്ഷിച്ചതിന് പിന്നിൽ റോ ആയിരുന്നുവത്രേ. 2000 സെപ്റ്റംബറിൽ ബാങ്കോക്കിലെ ഹോട്ടൽ മുറിയിൽ തലനാരിഴ വ്യത്യാസത്തിനാണ് ചോട്ടാ രാജൻ രക്ഷപ്പെട്ടത്. ഈ ബന്ധം കാരണമാണ് ചോട്ടാ രാജന്റെ അറസ്റ്റ് വൈകാൻ കാരണമെന്നും സൂചനയുണ്ട്. എന്നാൽ നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെ ചോട്ടാ രാജനേയും ദാവൂദിനേയും കുടുക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കരുക്കൾ നീക്കി. റോയുടെ ഉദ്യോഗസ്ഥനായിരിക്കെ രാജന്റെ പ്രവർത്തനങ്ങളെ സസൂക്ഷ്മം വീക്ഷിച്ച വ്യക്തിയായിരുന്നു. അത് തന്നെയാണ് ചോട്ടാ രാജനെ കുടുക്കുന്നത്. മുംബൈ സ്‌ഫോടനത്തിൽ ദാവൂദിന്റെ പങ്ക് പുറത്തുവരാൻ കാരണം ചോട്ടാ രാജനെന്നാണ് സൂചന.

കൊലപാതക കേസിൽ കാൻബാറ പൊലീസ് ചോട്ടാ രാജന് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിൽ 20 കൊലപാതകക്കേസുകളിൽ പ്രതിയായ ഛോട്ടാരാജൻ നിരവധി തീവ്രവാദ കേസുകളിലും പ്രതിയാണ്. സിഡ്‌നിയിൽ നിന്ന് ബാലിയിലെത്തിയപ്പോഴാണ് ഛോട്ടാരാജൻ പിടിയിലായത്. ഏതാനും ദിവസങ്ങളായി ഓസ്‌ട്രേലിയയിൽ താമസിക്കുകയായിരുന്ന ഛോട്ടാരാജനെ പിടികൂടാൻ ഇന്ത്യ ഓസ്‌ട്രേലിയയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓസ്‌ട്രേലിയൻ അധികൃതർ നൽകിയ വിവരങ്ങൾക്കനുസരിച്ചാണ് ഇന്റർപോൾ ഛോട്ടാ രാജനെ പിടികൂടിയത്. പ്രതികളെ പരസ്പരം കൈമാറാൻ ഓസ്‌ട്രേലിയയുമായി കരാറുകൾ ഉള്ള സ്ഥിതിക്ക് ഛോട്ടാരാജനെ വിട്ടുകിട്ടാൻ കാര്യമായ തടസ്സങ്ങളുണ്ടാവില്ലെന്നാണ് സൂചന. ഈ സാഹചര്യമൊരുക്കിയത് റോയുടെ കൃത്യമായ വിവരം നൽകലാണ്. ചോട്ടാ രാജന്റെ വിവരങ്ങൾ കൃത്യമായി തന്നെ അന്വേഷിച്ച് കണ്ടെത്തി റോ, ഇന്റർപോളിന് കൈമാറിയിരുന്നു. ഇതു തന്നെയാണ് അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത്. മാസങ്ങളായി രാജന്റെ നീക്കങ്ങളെല്ലാം ഇന്റർപോളും നിരീക്ഷിക്കുകയായിരുന്നു. അതിനിടെ ചോട്ടാ രാജനെ മുംബൈയിലെത്തിക്കണമെന്നു മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടു. ജ്യോയിമോയ് ഡേ വധക്കേസിലടക്കം രാജനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി രാം ഷിൻഡേ പറഞ്ഞു. രാജന്റെ പേരിലുള്ള കേസുകളെക്കുറിച്ചു വ്യക്തമായ കണക്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

രാജേന്ദ്ര സദാശിവ് രാജേന്ദ്ര സദാശിവ് നികാൽജെ എന്നാണു ചോട്ടാ രാജന്റെ യഥാർഥ പേര്. ഇപ്പോൾ പ്രായം 55 വയസ്. പതിനാറാം വയസ്സിലാണ് മുംബൈ അധോലകത്തിന്റെ കണ്ണിയായി വരവ്. മലയാളിയായ ബഡാരാജനായിരുന്നു ആദ്യ കാല നേതാവ്. രണ്ട് രാജന്മാരും ചേർന്ന് സിനിമാ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തി തുടക്കം. ബഡാ രാജന്റെ കണ്ണിൽപ്പെട്ടതോടെയാണു അധോലോകത്ത് ചോട്ടാ രാജൻ ശ്രദ്ധേയനായത്. മലയാളി ദമ്പതികളുടെ മകനായി തിലക് നഗറിലാണു ബഡാരാജൻ(രാജൻ മഹാദേവ് നായർ) ജനിച്ചത്. മഹാരാഷ്ട്രക്കാരനായ ചോട്ടാ രാജൻ എഴുപതുകളിലും എൺപതുകളുടെ തുടക്കത്തിലും തിലക് നഗറിലെ സഹകാർ തിയേറ്ററിൽ ബഡാ രാജനോടൊപ്പം സിനിമാ ടിക്കറ്റ് കരിഞ്ചന്തയ്ക്ക് വിറ്റും കൂലിത്തല്ലിനിറങ്ങിയും ഹഫ്ത പിരിച്ചും കഴിയുകയായിരുന്നു. അതിനിടെയാണ് 1983 ൽ ബഡാ രാജൻ കൊല്ലപ്പെട്ടത്. സമദ് സംഘമാണു ബഡാ രാജനെ വധിച്ചത്. വൈകാതെ ചോട്ടാ രാജൻ ഈ സംഘത്തിന്റെ തലപ്പത്ത് എത്തി. ഗുരുവിനെ കൊന്നവരെ വകവരുത്തി വാർത്തകളിലെത്തി. ഇതോടെ ദാവൂദ് ഇബ്രാഹിം സംഘവുമായി ചോട്ടാ രാജനും സംഘവും ധാരണയിലായി. പിന്നീട് മുംബൈ അധോലോകം ഡി കമ്പനിയുടെ പിടിയിലായി.

അങ്ങനെ ഡി കമ്പനിയുടെ രണ്ടാമനെന്ന പദവയിലേക്ക് എത്തി. ഹാജിമസ്താൻ, വരദരാജ മുതലിയാർ, കരിംലാല എന്നീ ത്രിമൂർത്തികളുടെ അധോലാക വാഴ്ചയും ഇതോടെ അവസാനിച്ചു. ദാവൂദും ചോട്ടാരാജനും പുതു മാതൃകയുമായി മുന്നേറി. അങ്ങനെയാണ് 1992ലെ മുംബൈ ഭീകരാക്രമണം. ഇതേ കാലഘട്ടത്തിലാണ് മുംബൈയിലെ ഗുണ്ടാസംഘങ്ങൾ വാളും വടിവാളും കത്തിയും സോഡാക്കുപ്പിയുമൊക്കെ ഉപേക്ഷിച്ച് തോക്കുപയോഗിക്കാൻ തുടങ്ങിയത്. ബഡാ രാജനും ദാവൂദ് ഇബ്രാഹിമുമായി അടുപ്പമുണ്ടായിരുന്നു. തന്റെ ശത്രുവായ അമീർസാദയെ വകവരുത്താൻ ദാവൂദ് ബഡാ രാജന്റെ സഹായം തേടി. അങ്ങനെ ബഡാരാജന്റെ കൂട്ടാളിയായ ഡേവിഡ് പരദേശി 1983 സപ്തംബറിൽ മുംബൈ സെഷൻസ് കോടതിക്ക് പുറത്തു വച്ച് അമീർസാദയെ കൊലപ്പെടുത്തി. ബഡാ രാജന്റെ ചെമ്പൂരിലെ ശത്രുവായിരുന്നു മറ്റൊരു മലയാളിയായ അബ്ദുൾ കുഞ്ഞ്. അമീർസാദയുടെ കൊലപാതകംനടന്ന് ഏതാനും ദിവസങ്ങൾക്കുശേഷം മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ അബ്ദുൾ കുഞ്ഞ് കണക്കുതീർത്തു. നാവികോദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ വാടകക്കൊലയാളി ചന്ദ്രശേഖർ സഫാലിക ബഡാ രാജനെ വെടിവച്ചു വീഴ്‌ത്തി. ഇതോടെ ബഡാ രാജൻ എന്ന രാജൻ നായരുടെ ഗുണ്ടാസംഘം നാഥനില്ലാതായി.

അതുവരെ ബഡാ രാജന്റെ വലംകൈ ആയി നടന്ന ചോട്ടാരാജൻ ആ സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 1985ൽ അബ്ദുൾ കുഞ്ഞ് ഒരു ക്രിക്കറ്റ് മത്സരത്തിൽ കളിച്ചു കൊണ്ടിരിക്കെ മൂന്നു കൂട്ടാളികളോടൊപ്പം എത്തിയ ചോട്ടാരാജൻ തൊട്ടടുത്ത് നിന്ന് അയാളെ വെടിവച്ചു വീഴ്‌ത്തി. ബഡാ രാജനെ കൊന്നശേഷം ഒളിവിൽ പോയ ചന്ദ്രശേഖർ സഫാലികയെ റാഞ്ചി ദാവൂദിന്റെ സങ്കേതത്തിൽ കൊണ്ടുപോയതും ചോട്ടാ രാജനായിരുന്നു. സഫാലികയും പിന്നീട് കൊല്ലപ്പെട്ടു. ഇതോടെയാണ് ദാവൂദിന്റെ ശ്രദ്ധ ചോട്ടാ രാജനിലെത്തുന്നത്. എന്നാൽ 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയെ തുടർന്നാണു ദാവൂദ് ഇബ്രാഹിമും രാജനുമായി തെറ്റിയതെന്നാണു റിപ്പോർട്ടുകൾ. ദാവൂദിനെക്കുറിച്ച് ഇന്ത്യൻ ഏജൻസികൾക്ക് ചോട്ടാ രാജൻ നിർണായക വിവരം നൽകിയെന്നാണു റിപ്പോർട്ട്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ഇനിയും വ്യക്തമല്ല. നിരപരാധികളെ കൊല്ലുന്നതിന് ചോട്ടാ രാജൻ എതിരാണെന്ന വാദമുണ്ട്. എന്നാൽ ചോട്ടാ ഷ്‌ക്കീലിനെ ദാവൂദ് കൂടുതൽ ഉയർത്തിക്കാട്ടിയതാണ് പ്രശ്‌നമായതെന്നും വിലയിരുത്തലുകൾ.

ദാവൂദ് ദുബായിലേക്ക് കടന്ന ശേഷം 1988ൽ ചോട്ടാ രാജനും അവിടെയെത്തിയിരുന്നു. ദുബായിലും രാജൻ ദാവൂദിന്റെ വിശ്വസ്തനായി തുടർന്നു. എന്നാൽ, ഇത് ദാവൂദ് ഗ്രൂപ്പിലെ മറ്റുനേതാക്കളായ ചോട്ടാ ഷക്കീൽ ഉൾപ്പെടെയുള്ളവർക്കിടയിൽ അസ്വസ്ഥത വളർത്തി .മുംബൈ സ്‌ഫോടനത്തിന് ശേഷം രാജൻ ദാവൂദുമായി പിരിഞ്ഞു. ഇതോടെ ദാവൂദ് ചോട്ടാ രാജനെ ലക്ഷ്യമിട്ടു. വിട്ടുകൊടുക്കാൻ രാജനും തയ്യാറായിരുന്നില്ല. ചോട്ടാ രാജനെ വധിക്കാനുള്ള പദ്ധതികൾ ദാവൂദ് തയ്യാറാക്കി വരികയാണെന്ന് കേന്ദ്ര ഇന്റലിജൻസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. മുൻപ് രാജനെ വധിക്കാൻ ദാവൂദ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രാജന്റെ അനുയായിയെ പാട്ടിലാക്കി നീക്കങ്ങൾ മനസിലാക്കി വധിക്കാനായിരുന്നു പദ്ധതി. ഇരു വിഭാഗവും തമ്മിൽ പലതവണ ഏറ്റുമുട്ടി. ദാവൂദിനെ ഉന്മൂലനം ചെയ്യാതെ മരണത്തിന് കീഴടങ്ങില്ലെന്ന് രാജൻ പ്രതിജ്ഞയെടുത്തിരുന്നത്രേ. ഈ സാധ്യതകൾ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗവും നന്നായി ഉപയോഗിച്ചു. ദാവൂദിന്റെ ഗാംഗിലെ പ്രമുഖന്മാരായിരുന്ന ചോട്ടാ ഷക്കീൽ, ശരദ് ഷെട്ടി, വിനോദ് ഷെട്ടി, സുനിൽ സാവന്ത് തുടങ്ങിയവരുടെ കൊലക്കു പിന്നിൽ ചോട്ടാ രാജൻ ആയിരുന്നു.

ദാവൂദാകട്ടേ തിരിച്ചടികൾ നൽകാൻ കാത്തിരിക്കുകയായിരുന്നു. തെറ്റിപ്പിരിഞ്ഞ ചോട്ടാ രാജനെ വധിക്കാൻ ദാവൂദ് പല തവണ കരുക്കൾ നീക്കി. രാജന്റെ അടുപ്പക്കാർ ചിലർ കൊല്ലപ്പെട്ടു. പക്ഷേ രാജൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടുകൊണ്ടിരുന്നു. 2000 ൽ ബാങ്കോക്കിലെ ഒരു ഹോട്ടലിൽവച്ച് ചോട്ടാ രാജനെ വധിക്കാൻ ദാവൂദ് സംഘം ശ്രമിച്ചതും പുറംലോകമറിഞ്ഞു. അന്നു രാജന്റെ വലംകൈ രോഹിത് വർമയും ഭാര്യയും കൊല്ലപ്പെട്ടു. ദാവൂദ് സംഘാംഗങ്ങളെ വെടിവച്ചുകൊന്നായിരുന്നു രാജന്റെ പകരം വീട്ടൽ. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയ ശരദ് ഷെട്ടിയുടെ മരണമായിരുന്നു ഇതിൽ ശ്രദ്ധേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP