Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ചെറുവള്ളിയിൽ തന്നെ വിമാനത്താവളം പണിയണമെന്ന് സർക്കാറിന് എന്തിനാണ് ഇത്ര വാശി? കൈവശക്കാരന് നേരിട്ട് പണം നൽകിയാൽ ഉടമാവകാശം അംഗീകരിക്കപ്പെടുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതോടെ സർക്കാറിന് ആശയക്കുഴപ്പം; ഓർഡിനൻസ് ഇറക്കി പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തം

ചെറുവള്ളിയിൽ തന്നെ വിമാനത്താവളം പണിയണമെന്ന് സർക്കാറിന് എന്തിനാണ് ഇത്ര വാശി? കൈവശക്കാരന് നേരിട്ട് പണം നൽകിയാൽ ഉടമാവകാശം അംഗീകരിക്കപ്പെടുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതോടെ സർക്കാറിന് ആശയക്കുഴപ്പം; ഓർഡിനൻസ് ഇറക്കി പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ വിമാനത്താവളം പണിയണം എന്ന സംസ്ഥാന സർക്കാറിന് എന്തിനാണ് ഇത്ര വാശി? സർക്കാറിന് പണം കൊടുക്കാതെ തന്നെ ഭൂമി ഏറ്റെടുക്കാൻ സാധിക്കുമെന്നിരിക്കേ സർക്കാർ കള്ളക്കളി തുടരുകയാണ്. ബിലീവേഴ്‌സ് ചർച്ചിന് പണം കൊടുത്തു ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ഇടയാക്കിയേക്കും. ശബരിമല വിമാനത്താവള പദ്ധതിക്ക് വേണ്ടിയാണ് സർക്കാർ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുകക്കാൻ കോടതിയിൽ പണം കെട്ടിവെക്കാൻ തുനിഞ്ഞത്. ഇത് ഹൈക്കോടതി തടഞ്ഞതോടെ സർക്കാറിന് ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്.

ഈ ഭൂമിയിൽ ഇത് മൂന്നാം വട്ടമാണ് സർക്കാരിന് കോടതികളിൽനിന്ന് തിരിച്ചടി കിട്ടുന്നത്. കോടതിയിൽ പണം കെട്ടിവെക്കുന്ന വ്യവസ്ഥ ഹൈക്കോടതി ഒഴിവാക്കിയെങ്കിലും ഭൂമി ഏറ്റെടുക്കലിൽ ഇടപെട്ടില്ല. ഇതോടെ കൈവശക്കാരെന്ന് സർക്കാർ പറയുന്ന ഇപ്പോഴത്തെ ഉടമയ്ക്ക് പണം നൽകി, 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം മുന്നോട്ടുപോകണോ മറ്റ് നിയമനടപടി വേണോ എന്നതിലാണ് ആശയക്കുഴപ്പം. പണം നേരിട്ട് നൽകിയാൽ ഉടമാവകാശം അംഗീകരിക്കുന്നതിന് തുല്യമാകും. ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണിൽനിന്ന് വിലയ്ക്ക് വാങ്ങിയ ബിലീവേഴ്‌സ് ചർച്ചിനാണ് നിലവിൽ 2263.18 ഏക്കർ ഭൂമിയുടെ ഉടമാവകാശം.

സമാനമായ വിധത്തിൽ പണം നൽകി സർക്കാർ ഭൂമി ഏറ്റെടുത്താൽ പാട്ടഭൂമി കൂടുതലും സർക്കാറിന് കൈമോശം വരുന്ന അവസ്ഥ ഉണ്ടായേക്കും. രാജമാണിക്യം കമ്മിഷൻ ചെറുവള്ളി അടക്കമുള്ളവ സർക്കാരിന്റെ ഭൂമിയാണെന്ന് കണ്ടെത്തിയിരുന്നു. 2014 ഡിസംബർ ഒന്നിനാണ് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കമ്പനി കൈവശം വെച്ചിരിക്കുന്ന 29,185 ഏക്കർ സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നും ഭൂമി സർക്കാർ ഏറ്റെടുക്കുകയാണെന്നും കാണിച്ച് രാജമാണിക്യം ഉത്തരവിറക്കിയത്. ചെറുവള്ളിയും ഇതിൽ വരും.

സ്‌പെഷ്യൽ ഓഫീസറുടെ നിയമനത്തിനെതിരേ ഹാരിസൺ കോടതിയിൽ പോയി. കമ്മിഷൻ നടപടിക്ക് എതിരേ ചർച്ചും ഹൈക്കോടതിയെ സമീപിച്ചു. 2015-ൽ ഈ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. ഭൂമി ഏറ്റെടുക്കുന്നത് സിവിൽ നിയമപ്രകാരം മാത്രമേ പറ്റൂ എന്ന് കോടതി കണ്ടെത്തി. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഭൂമിയിൽ അവകാശം ഉണ്ടെങ്കിൽ സിവിൽ കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്.

അതുപ്രകാരമാണ് ചെറുവള്ളി ഭൂമിക്കായി പാലാ സിവിൽ കോടതിയിൽ 2019-ൽ ഹർജി നൽകിയത്. ഈ ഹർജി കോടതി മുമ്പാകെ ഇരിക്കുമ്പോഴാണ് ജൂണിൽ പണം കോടതിയിൽ കെട്ടിവെച്ച് ചെറുവള്ളി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടത്. വിധി സർക്കാരിന് അനുകൂലമായാൽ കെട്ടിവെച്ച പണം സർക്കാരിന് മടക്കിക്കിട്ടും. മറിച്ചായാൽ ഉടമയ്ക്കും. ഈ ഉത്തരവിലും വ്യക്തത ഇല്ലായിരുന്നു. ഭൂമിയുടെയല്ല അതിലെ മരം, കെട്ടിടം എന്നിവയുടെ വിലയാണ് കെട്ടിവെക്കുന്നതെന്ന് പിന്നീട് സർക്കാർ വിശദമാക്കിയിരുന്നു. ഈ കെട്ടിവെക്കൽ തടഞ്ഞതാണ് ഇപ്പോഴത്തെ തിരിച്ചടി.

അതിനിടെ ബിലീവേഴ്‌സ് ഈസ്‌റ്റേൺ സഭയുടെയും അനുബന്ധ ട്രസ്റ്റുകളുടെയും ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്‌റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്ന നടപടി ഹൈക്കോടതി റദ്ദാക്കുകയും സർക്കാർ അപ്പീൽ പോകാനൊരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിൽ ബിലീവേഴ്‌സ് ഈസ് റ്റേൺ ചർച്ച് സേവ് ഫോറം തടസ്സഹരജി നൽകിയിട്ടുണ്ട്.

പാലാ കോടതിയിലുള്ള സിവിൽ കേസിലും ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് സേവ് ഫോറം കക്ഷി ചേർന്നിട്ടുണ്ട്. ബിലീവേഴ്‌സ് ഈസ്‌റ്റേൺ സഭയുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിൽ സഭാ വിശ്വാസികളുടെ ഭാഗംകൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഫോറം പ്രസിഡന്റ് അഡ്വ. സ്റ്റീഫൻ ഐസക് തടസ്സഹരജി നൽകിയത്. ഫോറത്തിനുവേണ്ടി പ്രസിഡന്റ് അഡ്വ. സ്റ്റീഫൻ ഐസക്, വിശ്വാസികൾക്കുവേണ്ടി ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവരാണ് പാലാ കോടതിയിൽ പ്രത്യേകം ഹരജി സമർപ്പിച്ചിട്ടുള്ളത്. സഭയുടെ സ്വത്ത് എന്ന് അംഗീകരിച്ചുകൊണ്ടുള്ള ക്രയവിക്രയങ്ങൾക്ക് മാത്രമേ നിയമസാധുത നൽകാവൂ എന്നും ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് സേവ് ഫോറം ആവശ്യപ്പെട്ടു.

അതേസമയം സർക്കാർ ഇപ്പോൾ ബിലീവേഴ്‌സ് ചർച്ചിന് വേണ്ടി നടത്തുന്നത് കള്ളക്കളി ആണെന്ന ആരോപണവും ശക്തമാണ്. ഓർഡിനൻസ് ഇറക്കി പാട്ടഭൂമി തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന എല്ല വഴികളും സർക്കാറിന് മുന്നിൽ തുറന്നു കിടക്കുന്നുണ്ട്. എന്നാൽ, ഇതിന് സർക്കാർ തയ്യാറാകുന്നില്ലെന്നാണ് -സർക്കാരിന്റെ മുൻ അഭിഭാഷക സുശീലാ ഭട്ട് പ്രതികരിച്ചത്.

സ്വന്തം ഭൂമിയാണോ എന്ന് ചോദിച്ചാൽ കാണിക്കാൻ രേഖകൾ കൈവശമുള്ളത് അന്വേഷിച്ചാൽ സർക്കാരിന് കിട്ടുമെന്നണ് അവർചൂണ്ടിക്കാട്ടുന്നത്. മുൻ ഉടമകളായ വഞ്ഞിപ്പുഴ മഠത്തിൽനിന്ന് പണം കൊടുത്ത് സർക്കാർ ചെറുവള്ളി ഭൂമി വാങ്ങിയതിന്റെ രേഖ അടക്കമുണ്ട്. ചെറുവള്ളിയിൽ വിമാനത്താവളം എന്നത് നടക്കുക പ്രയാസം. ഈ വിഷയം തീരുമാനം ആകാതെ ഇനിയും നീളും. അതേസമയം ഹൈക്കോടതി വിധി പഠിച്ചിട്ടില്ല. അതിൽ എന്താണ് വ്യക്തമാക്കുന്നതെന്ന് മനസ്സിലാക്കണം. അതിന് ശേഷമേ എന്ത് വേണമെന്ന് നിശ്ചയിക്കൂവെന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP